Follow Us On

28

March

2024

Thursday

മിസിസാഗ ഒരുങ്ങി; രൂപതാ ഉദ്ഘാടനവും മാർ ജോസ് കല്ലുവേലിലിന്റെ സ്ഥാനാരോഹണവും മേയ് 25ന്

തത്‌സമയം കാണാം 'ശാലോം അമേരിക്ക'യിൽ

മിസിസാഗ ഒരുങ്ങി; രൂപതാ ഉദ്ഘാടനവും മാർ ജോസ് കല്ലുവേലിലിന്റെ സ്ഥാനാരോഹണവും മേയ് 25ന്

മിസിസാഗ: ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിതമായ മൂന്നാമത്തെ സീറോ മലബാർ രൂപതയായ കാനഡയിലെ മിസിസാഗ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും പ്രഥമ ബിഷപ്പ് മാർ ജോസ് കല്ലുവേലിലിന്റെ സ്ഥാനാരോഹണവും മേയ് 25ന് നടക്കും. കാനഡയിലെ സീറോ മലബാർ സഭാംഗങ്ങൾക്കായി മിസിസാഗ കേന്ദ്രീകരിച്ച് 2015 ഓഗസ്റ്റ് ആറിന് അപ്പസ്‌തോലിക് എക്‌സാർക്കേറ്റ് രൂപീകരിച്ച ഫ്രാൻസിസ് പാപ്പ, 2018 ഡിസംബർ 22നാണ് മിസിസാഗയെയെ രൂപതയായി ഉയർത്തിയത്. പ്രത്യേക സാഹചര്യങ്ങളിൽ, രൂപത സ്ഥാപിക്കുംമുമ്പ് രൂപീകരിക്കുന്ന സംവിധാനമാണ് എക്‌സാർക്കേറ്റ്.

മിസിസാഗ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രലിൽ രാവിലെ 9.30ന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്കു സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന്, മാർ ജോസ് കല്ലുവേലിലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ കാനഡയിലെ അപ്പസ്‌തോലിക് നുൺഷ്യോ ആർച്ച്ബിഷപ്പ് ലൂയിജി ബൊണാസി, ടെറേന്റോ ആർച്ച്ബിഷപ്പ് കർദിനാൾ തോമസ് കോളിൻസ്, കനേഡിയൻ ബിഷപ്‌സ് കോൺഫറൻസ് വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. റിച്ചാർഡ് ഗാഗ്‌നോൺ, കാനഡയിലെ മുൻ അപ്പസ്‌തോലിക് വിസിറ്റേറ്ററും ചിക്കാഗോ സീറോ മലബാർ ബിഷപ്പുമായ മാർ ജേക്കബ് അങ്ങാടിയത്ത് തുടങ്ങിയവർക്കൊപ്പം നിരവധി വൈദികർ സഹകാർമികരാകും.

തുടർന്ന് മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ ആർച്ച്ബിഷപ്പ് ലൂയിജി ബൊണാസി പേപ്പൽ സന്ദേശം നൽകും. കർദിനാൾ തോമസ് കോളിൻസ്, ആർച്ച്ബിഷപ്പ് റിച്ചാർഡ് ഗാഗ്‌നോൺ, ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ഫാ. ഡാരിസ് മൂലയിൽ, എബ്ബി അലാറിക്, ഡോ. സാബു ജോർജ് എന്നിവർ പ്രസംഗിക്കും. ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ മറുപടിപ്രസംഗം നടത്തും. സോണി കയാണിയിൽ, ജോസഫ് അക്കരപ്പറ്റിയാക്കൽ എന്നിവർ നന്ദിപറയും.

1955 നവംബർ 15 ന് പാലാ രൂപതയിലെ കുറവിലങ്ങാടിനടുത്തുള്ള തോട്ടുവയിൽ ജനിച്ച മാർ ജോസ് കല്ലുവേലിലിന്റെ കുടുംബം ഇപ്പോൾ പാലക്കാട് രൂപതയിലെ ജെല്ലിപ്പാറ ഇടവകയിലാണ് താമസം. പാലക്കാടു രൂപതയ്ക്കുവേണ്ടി 1984 ഡിസംബർ 18നു പൗരോഹിത്യം സ്വീകരിച്ച മാർ കല്ലുവേലിൽ നിരവധി ഇടവകകളിൽ വികാരിയായിരുന്നു. അഗളിയിലെയും താവളത്തെയും ബോയ്‌സ് ഹോമുകൾ, രൂപത പാസ്റ്ററൽ സെന്റർ, വിശ്വാസ പരിശീലന കേന്ദ്രം, കെ.സി.എസ്.എൽ എന്നിവയുടെ ഡയറക്ടറായിരുന്നു.

റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽനിന്നു മതബോധനത്തിൽ ഡോക്ടറേറ്റു നേടി.കാനഡയിലെ ടൊറേൻറോയിൽ സീറോ മലബാർ വിശ്വാസികളുടെയിടയിൽ അജപാലന ശുശ്രൂഷ ചെയ്തു കൊണ്ടിരിക്കേയാണ് അപ്പസ്‌തോലിക് എക്‌സാർക്കായി നിയമിക്കപ്പെട്ടത്. 2015 സെപ്റ്റംബർ 19 നായിരുന്നു മെത്രാഭിഷേകം.

‘ശാലോം അമേരിക്ക’ ചാനലിലൂടെ സ്ഥാനാരോഹണ ശുശ്രൂഷകൾ തൽസമയം സംപ്രേഷണം ചെയ്യും. കൂടാതെ ശാലോം മീഡിയയുടെ വെബ്സൈറ്റിലൂടെയും (shalommedia.org/bpkalluvelil) ഫേസ്ബുക്ക് പേജിലൂടെയും (facebook.com/shalommedia.org) തൽസമയം കാണാൻ സൗകര്യമുണ്ടാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?