Follow Us On

29

March

2024

Friday

എപ്പോഴും ദൈവഹിതം തേടുന്നവരാകുക: മാര്‍ ജോസ് പുളിക്കല്‍

എപ്പോഴും ദൈവഹിതം തേടുന്നവരാകുക: മാര്‍ ജോസ് പുളിക്കല്‍

ഏതു സാഹചര്യത്തിലും ദൈവഹിതം അന്വേഷിക്കുന്നവരാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു. രൂപതയില്‍ ആരംഭിച്ച ശാലോം ശാന്തിവാഹിനി ശുശ്രൂഷകള്‍ സെന്റ് ഡൊമിനിക് കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശാന്തിവാഹിനി ശുശ്രൂഷയുടെ സായാഹ്ന ധ്യാനങ്ങള്‍ രോഗശാന്തിക്കുവേണ്ടിയോ ഭൗതികനന്മകള്‍ക്കുവേണ്ടിയോ ആകരുത്. വിശുദ്ധ മത്തായി 6:33-ല്‍ പറയുന്നതുപോലെ, ദൈവരാജ്യവും ദൈവനീതിയും അന്വേഷിക്കുന്നവരെ രൂപപ്പെടുത്തുന്നതാകണം. അങ്ങനെയുള്ളവര്‍ക്ക് സ്വര്‍ഗംതന്നെ എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്‍കിക്കൊള്ളും.

തുടര്‍ന്ന് അദ്ദേഹം വൈദികനായിരുന്നപ്പോള്‍ പ്രാര്‍ത്ഥനയ്ക്കായി വന്ന ഒരു യുവാവില്‍നിന്നും ലഭിച്ച ആത്മീകപ്രചോദനത്തെ അനുസ്മരിച്ചു. യുവാവിന്റെ പ്രാര്‍ത്ഥനാനിയോഗം എന്താണെന്ന് ചോദിച്ചപ്പോള്‍, ജ്ഞാനം, വിശുദ്ധി, എളിമ എന്നീ പുണ്യങ്ങള്‍ നിറയാന്‍ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് മറുപടി പറഞ്ഞത്. ഈ യുവാവ് തന്റെ ആത്മീയ ജീവിതത്തില്‍ അന്ന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

ഇതെല്ലാം ആവശ്യമായ എനിക്ക് സ്വകാര്യനിയോഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ ഞാന്‍ എന്തെല്ലാമാണ് നഷ്ടമാക്കുന്നതെന്ന് ദൈവം ആ യുവാവിലൂടെ തന്നെ ഓര്‍മിപ്പിച്ചവെന്നും ബിഷപ് പങ്കുവച്ചു.  എന്തായാലും ആ യുവാവിനെ കണ്ടുമുട്ടിയതിനുശേഷം എത്ര വലിയ ആവശ്യങ്ങളുണ്ടായാലും ജ്ഞാനത്തിനും വിശുദ്ധിക്കും എളിമയ്ക്കുമായുള്ള പ്രാര്‍ത്ഥന മുടക്കിയിട്ടില്ലെന്നും കൂട്ടത്തില്‍ ലാളിത്യംകൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ബിഷപ് സാക്ഷ്യപ്പെടുത്തി. എല്ലാ വിശ്വാസികളും ഈ പ്രാര്‍ത്ഥന ആവര്‍ത്തിക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ശാലോമിന്റെ സഞ്ചരിക്കുന്ന പുസ്തകശാലയായ ശാന്തിവാഹിനി ഓരോ ഇടവകയിലും രണ്ടു ദിവസമാണ് ക്രൈസ്തവ പുസ്തക പ്രദര്‍ശനത്തിനായി സന്ദര്‍ശിക്കുന്നത്. അതോടൊപ്പം സായാഹ്നധ്യാനവും നടത്തുന്നു. വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് ദിവ്യകാരുണ്യ ആരാധനയോടെ സമാപിക്കുന്ന ശുശ്രൂഷയില്‍ ഗാനശുശ്രൂഷ, സ്തുതി ആരാധന, വചനപ്രഘോഷണം, ടെലിഫിലിം പ്രദര്‍ശനം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഉദ്ഘാടന സമ്മേളനത്തിന് രൂപതാ കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ സ്വാഗതം ആശംസിച്ചു. രൂപതാ കരിസ്മാറ്റിക് കോ-ഓര്‍ഡിനേറ്റര്‍ എബ്രഹാം കുമ്പുക്കല്‍, റോബിന്‍ പുത്തന്‍പുരയില്‍ എന്നിവര്‍ പങ്കെടുത്തു. മാത്യു പി.ഡി, ബിജു ഡാനിയേല്‍, ലിജോ ജോണ്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?