Follow Us On

15

July

2020

Wednesday

സക്രാരിയെ പ്രണയിച്ച നിശബ്ദ പുഷ്പം

സക്രാരിയെ പ്രണയിച്ച നിശബ്ദ പുഷ്പം

അമ്മയാരെയും പഴിചാരിയില്ല. ആരോടും പരാതി പറഞ്ഞില്ല. പരിശുദ്ധ അമ്മയെപ്പോലെ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. സഹനങ്ങളാകുന്ന പവിഴമുത്തുകള്‍ മൗനമാകുന്ന സിന്ദൂര ചെപ്പിനുള്ളില്‍ അതിന്റെ നിറവും ഗുണവും നഷ്ടപ്പെടുത്താതെ അമ്മ കാത്തുസൂക്ഷിച്ചു. ഉള്ളില്‍ ദുഃഖങ്ങളുടെ പേമാരി ഇരമ്പുമ്പോഴും ചുറ്റും സംതൃപ്തിയുടെയും ആനന്ദത്തിന്റെയും ഇളംവെയില്‍ പരത്തുവാന്‍ അമ്മയ്ക്ക് കഴിഞ്ഞത് മുറിവുണക്കാനായി മുറിയപ്പെട്ട പരമ ദിവ്യകാരുണ്യത്തില്‍ ജീവിതം കെട്ടിയിട്ടതുകൊണ്ടാണ്.

ദിവ്യകാരുണ്യ ആരാധന സഭയുടെ സഹസ്ഥാപകയും പ്രഥമാംഗവുമായ ദൈവദാസി മേരി ഷന്താളമ്മയുടെ സുകൃതജീവിതം കുരിശുകള്‍ക്ക് മുമ്പില്‍ മുഖം വാടാതെ നിധിപോലെ അതിനെ നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്നവര്‍ക്കെല്ലാം മുകളില്‍, മഹത്വത്തിന്റെ കിരീടം ഒളിമിന്നുണ്ട് എന്ന സത്യത്തിന് അടിവരയിടുകയാണ്.

ക്രിസ്തുവിന്റെ ഉപാസകയാകുവാനുള്ള തീവ്രമായ ഹൃദയാഭിലാഷത്തെ സ്വന്തപ്പെട്ടവരുടെ ആഗ്രഹങ്ങള്‍ക്കായി മാറ്റിവയ്‌ക്കേണ്ടി വന്നപ്പോള്‍ ‘എന്റെ ഹിതമല്ല നിന്റെ ഹിതം മാത്രം എന്നില്‍ നിറവേറട്ടെ’ എന്ന ഹൃദയഭാവത്താല്‍ അവള്‍ സ്വയം വിനീതയായി. സ്‌നേഹനിധിയായ പിതാവിന്റെ, ഭര്‍ത്താവിന്റെ, മൂത്ത കുഞ്ഞിന്റെയെല്ലാം അകാലത്തിലുള്ള വേര്‍പാടിനെക്കുറിച്ച് അമ്മ തന്റെ ആത്മകഥയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. ”ദുഃഖാനുഭവങ്ങളുടെ കാസ മട്ടുവരെ കുടിക്കാന്‍ ദൈവം തിരുമനസായി… എങ്കിലും അവിടുത്തെ തിരുമനസിന് കീഴ്‌വഴങ്ങി എല്ലായ്‌പ്പോഴും ജീവിക്കുന്നതിന് ഞാന്‍ പ്രയത്‌നിച്ചു.”

സഹനങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. അരുമ സന്താനമായ ത്രേസ്യാക്കുട്ടിയെ ദൈവതൃക്കരങ്ങളില്‍ ഏല്‍പിച്ചുകൊടുത്ത് വീടിനോട് യാത്ര പറഞ്ഞ് ഇറങ്ങിത്തിരിച്ചത് സഹനങ്ങളുടെ മുള്ളു പതിപ്പിച്ച വിശുദ്ധിയുടെ ഒറ്റയടിപ്പാതയിലേക്കായിരുന്നു. ആരാധനാ സന്യാസ സമൂഹമാകുന്ന സഭാ ശിശുവിനെ ലാളിച്ചും മാനിച്ചും ക്ലേശിച്ചും വളര്‍ത്തി, അനേകശതം സഭാംഗങ്ങളുടെ മാതൃസ്ഥാനം വഹിക്കുവാന്‍ പ്രാപ്തയായിത്തീര്‍ന്ന ഒരു സന്യാസിനി എന്ന് ഷന്താളമ്മ വിശേഷിപ്പിക്കപ്പെടുമ്പോള്‍ ഈ വിശേഷണത്തിന്റെ ഓരോ പദത്തിന് പിന്നിലും ജീവന്‍ തുടിക്കുന്ന നന്മയുടെ നേരുകള്‍ ഒളിഞ്ഞു കിടപ്പുണ്ട്.

സക്രാരിയായിരുന്നു അമ്മയുടെ ശക്തികേന്ദ്രം. ഏതു പാതിരാവിലും ആ സക്രാരിയെ കെട്ടിപ്പിടിച്ച് അമ്മയുണ്ടാകും. സൂര്യകാന്തി പുഷ്പം സൂര്യനെ വലംവയ്ക്കുംപോലെ ഏതു സമയത്തും സാഹചര്യത്തിലും അമ്മയുടെ ഹൃദയം തിരുസന്നിധിയില്‍ സന്നിഹിതമായിരുന്നു. ”ദൈവമഹത്വം, ദൈവമഹത്വം” എന്ന് സദാ ആ അധരങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു. സ്രഷ്ടാവിനെ ആരാധിക്കുക എന്നതാണ് സൃഷ്ടിയുടെ ഏറ്റവും വലിയ ഭാഗ്യമെന്ന് അമ്മ പറയുമായിരുന്നു. 24 മണിക്കൂറും വിശുദ്ധ കുര്‍ബാനയെ ആരാധിക്കുന്ന 24 കന്യാമഠങ്ങള്‍ അമ്മയുടെ സ്വപ്‌നമായിരുന്നു.

‘അമ്മ’യായിരുന്നു അവള്‍. മുന്നിലെത്തുന്നവരെല്ലാം അമ്മയ്ക്ക് കുഞ്ഞുങ്ങള്‍. അവിടെ ജാതിക്കോ മതത്തിനോ പ്രായത്തിനോ ഭേദമില്ല. അവരുടെ ദുഃഖങ്ങള്‍ അമ്മയുടെ ദുഃഖങ്ങളായിരുന്നു. അവരുടെ ആവശ്യങ്ങള്‍ അമ്മയുടെ ആവശ്യങ്ങളായിരുന്നു. അവരുടെ സന്തോഷങ്ങളാകട്ടെ ആനന്ദങ്ങളും. പ്രായമായി ചെവിക്ക് കേള്‍വി കുറഞ്ഞപ്പോള്‍ ഒരു ദിവസം ഉല്ലാസസമയത്ത് ഒരു മൂലയില്‍ ഇരിക്കുന്ന അമ്മയോട് ഒരു സിസ്റ്റര്‍ ചോദിച്ചു, ”അമ്മയിവിടെ എന്തു ചെയ്യുകയാണ്?” ”എനിക്ക് ചെവി കേള്‍ക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് നിങ്ങള്‍ ചിരിക്കുന്നതും സന്തോഷിക്കുന്നതും കണ്ട് ആനന്ദിക്കുകയാണ്” എന്നായരുന്നു അമ്മയുടെ മറുപടി.

ഉള്ളതു മുഴുവന്‍ പങ്കുവച്ചു നല്‍കുക അമ്മയുടെ ബലഹീനതയായിരുന്നു. സ്വയം മുറിച്ചു നല്‍കിയ ദിവ്യകാരുണ്യനാഥന്റെ ഉപാസകയ്ക്ക് മറ്റുള്ളവര്‍ക്കായി ഹോമബലിയാവാതിരിക്കുവാന്‍ ആവില്ലല്ലോ. കണ്ടുമുട്ടുന്ന ഏതു കുഞ്ഞിനും അമ്മയുടെ പോക്കറ്റില്‍ സമ്മാനമുണ്ടായിരുന്നു. ഒരു ചാമ്പക്കയോ വൈകുന്നേരത്തെ ചായയുടെ ബിസ്‌ക്കറ്റോ അങ്ങനെ എന്തെങ്കിലും – അതെല്ലാം സ്‌നേഹത്തില്‍ ചാലിച്ച് സുകൃതങ്ങളായി പഠിപ്പിച്ച് അമ്മ കുഞ്ഞുങ്ങള്‍ക്ക് നല്‍കി. ആശയടക്കങ്ങളും സുകൃത ജപങ്ങളും അരൂപിക്കടുത്ത ദിവ്യകാരുണ്യ സ്വീകരണവും വഴി ആത്മാവിനെ പോഷിപ്പിക്കേണ്ടതെങ്ങനെയെന്ന് അവരറിയാതെ തന്നെ അവരുടെ ഹൃദയങ്ങളില്‍ അമ്മ കോറിയിട്ടു.

തണുത്തു വിറയ്ക്കുന്ന സാധുവിനായി തന്റെ സന്യാസ വസ്ത്രംപോലും ദാനം ചെയ്യാന്‍ മടി കാണിക്കാതിരുന്ന അമ്മ, ചെറുപ്പം മുതല്‍ രൂഢമൂലമായിരുന്ന ദാനശീലമെന്ന പുണ്യം മൂലം കടന്നുപോയ സഹനത്തിന്റെ തീച്ചൂളകള്‍ ചില്ലറയൊന്നുമല്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായ ദിവ്യകാരുണ്യത്തില്‍ അമ്മ തന്റെ എല്ലാ പ്രതിസന്ധികള്‍ക്കും ഉത്തരം കണ്ടെത്തിയിരുന്നു. തന്നെ സമീപിക്കുന്നവരുടെ നിസഹായതയും കണ്ണുനീരും നിസംഗതയോടെ നോക്കിക്കാണാന്‍ അമ്മയ്ക്കായില്ല. അവിഹിത ബന്ധത്തില്‍പെട്ട് ഗര്‍ഭിണിയായി, മുന്നില്‍ മരണത്തിന്റെ ഇരുട്ടുമാത്രം അവശേഷിപ്പിച്ച് തന്നെ തേടിയെത്തിയ ഒരു സ്ത്രീക്കു മുമ്പില്‍ പ്രത്യാശയുടെ തിരിനാളമായി തെളിയാന്‍ അമ്മയ്ക്ക് കഴിഞ്ഞത് ഉള്ളില്‍ കാരുണ്യത്തിന്റെ ഉറവയുള്ളതുകൊണ്ടുതന്നെയായിരുന്നു.

ജപമാല ആയുധവും ആഭരണവുമാക്കി – ദിവ്യകാരുണ്യം ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി ധീരതയും കാരുണ്യവും മുഖമുദ്രയാക്കി. വിനയവും വിധേയത്വവും ഹൃദയഭാവങ്ങളാക്കി. നിശബ്ദ സഹനങ്ങള്‍ നിത്യനിശബ്ദതയ്ക്കു മുമ്പില്‍ നിരാജനം ചെയ്ത് ജീവിതത്തിന് മിഴിവും സൗന്ദര്യവും പകര്‍ന്ന നന്മനിറഞ്ഞ വ്യക്തിത്വം എന്നല്ലാതെ മറ്റെന്താണ്, ഈ ജീവിതത്തെക്കുറിച്ച് പറയാനാകുക? അധിക്ഷേപങ്ങളില്‍ ചൂളിപോവുകയോ സ്തുതികളില്‍ പൊങ്ങിപോവുകയോ ചെയ്തിരുന്നില്ല ആ മഹത് വ്യക്തിത്വം എന്ന് അമ്മയെക്കുറിച്ച് സഹോദരിമാര്‍ സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു.

സമൂഹത്തിന്റെ സഹസ്ഥാപക എന്ന നിലയില്‍ സമൂഹത്തിന്റെ എല്ലാമായിരുന്നിട്ടും ചാപ്പലില്‍ വയ്ക്കാന്‍ പൂവിറുക്കുന്നതിന് ഒരു ജൂനിയര്‍ സിസ്റ്ററിന്റെ അനുവാദത്തിനായി കാത്തുനില്‍ക്കുന്ന അമ്മയുടെ എളിമ കാലത്തിന് മായ്ക്കാനാവില്ല. ഇന്നും ഏതൊരു ബലിയര്‍പ്പണ സമയത്തും ആ അള്‍ത്താരക്കു ചാരെ അമ്മയുടെ സാന്നിധ്യം അനേകര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ കാറ്റിനും കാലത്തിനും മായ്ക്കാനാവാതെ അമ്മ ഇന്നും ജനഹൃദയങ്ങളില്‍ നിലനില്‍ക്കുന്നു.

ഒരാളുടെ ജീവിതത്തിന്റെ മഹത്വം വെളിപ്പെടുന്നത് അയാളുടെ മരണശേഷമാണ് എന്നു പറയാറുള്ളതുപോലെ ഇന്ന് അമ്മയുടെ കബറിടം അനേകര്‍ക്ക് അനുഗ്രഹങ്ങളുടെ, കൃപയുടെ, ആശ്വാസത്തിന്റെ ഇടമാണ്. സ്വയം ഉരുകുമ്പോഴും ചുറ്റും വെളിച്ചം പകര്‍ന്ന, ആ നിശബ്ദ പുഷ്പത്തിന്റെ സ്‌നേഹസ്മരണകള്‍ക്കുമുമ്പില്‍ കൃതജ്ഞതയുടെ ഒരായിരം വെള്ളപ്പൂക്കള്‍ വിതറിക്കൊണ്ട് അമ്മയെ അള്‍ത്താരവണക്കത്തിനായി ഉയര്‍ത്തണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു.

സിസ്റ്റര്‍ മേരി മെറ്റില്‍ഡ SABS

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?