Follow Us On

05

December

2023

Tuesday

സഭ നേരിടുന്ന വെല്ലുവിളി ആത്മീയ ജീവിതത്തിലുള്ള പാപ്പരത്തം

സഭ നേരിടുന്ന വെല്ലുവിളി  ആത്മീയ ജീവിതത്തിലുള്ള പാപ്പരത്തം

”ഇന്ന് സഭ നേരിടുന്ന വെല്ലുവിളി ആത്മീയ ജീവിതത്തിലുള്ള പാപ്പരത്തമാണ്. ഭൗതികതലക്ഷ്യംവച്ച് വളരുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും കുടുംബവും സമൂഹവും ദൈവത്തെ മറക്കുന്നു. ഇന്ന് ഇതിന്റെ കുറവ് വ്യക്തികളിലും ഇടവകകളിലും സമൂഹങ്ങളിലും നിഴലിക്കുന്നതായി കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ വൈസ് ചെയര്‍മാനും പത്തനംതിട്ട മെത്രാനുമായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം പറയുന്നു.

എഴുപത്തഞ്ച് വയസ് പിന്നിട്ട മാര്‍ ക്രിസോസ്റ്റം സണ്‍ഡേശാലോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
”ഇന്ന് രാഷ്ട്രീയ, സാമൂഹിക തലങ്ങളിലുള്ളവര്‍ സഭാശുശ്രൂഷയെ സംഘടനാപരമായ രീതിയില്‍ കാണുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവസഭയ്ക്ക് ഒരു വലിയ പ്രതിബദ്ധത, ഈ സമൂഹത്തോടുണ്ട്. സമൂഹത്തിലെ അനാചാരങ്ങള്‍, അനീതികള്‍, കുടുംബത്തകര്‍ച്ചകള്‍ ഇവയൊക്കെ വര്‍ധിച്ചുവരുന്നു. ഉപദേശങ്ങള്‍കൊണ്ടുമാത്രം ഇത് മാറ്റിയെടുക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് തോന്നുന്നു. സുവിശേഷവല്‍ക്കരണം നടത്തുന്നതിന് സഭതന്നെ സുവിശേഷമായിത്തീരണം.” അദേഹം പറഞ്ഞു.

? എഴുപത്തഞ്ച് വയസ് പൂര്‍ത്തിയായല്ലോ. തിരിഞ്ഞുനോക്കുമ്പോള്‍ എന്ത് തോന്നുന്നു
0  ദൈവത്തിന്റെ അനുഗ്രഹവും കൃപകളും മാത്രമാണ് കാണുന്നത്. നിത്യപുരോഹിതനായ യേശുവിന്റെ പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചിട്ട് 46 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് പിതാവില്‍നിന്നും വൈദികപട്ടം സ്വീകരിച്ചത് അനുഗ്രഹമായി കരുതുന്നു. കഴിഞ്ഞ കാലഘട്ടത്തില്‍ പൗരോഹിത്യത്തിലൂടെ ദൈവത്തിനും തിരുസഭയ്ക്കും ശുശ്രൂഷ ചെയ്യാന്‍ സാധിച്ചു.

നാം അറിയാത്ത മാര്‍ഗത്തിലൂടെ ദൈവകരങ്ങള്‍ വഴിനടത്തുന്നത് അനുഭവിക്കാന്‍ കഴിഞ്ഞു. പുരോഹിതന്‍ എന്ന നിലയില്‍ തിരുവനന്തപുരം മേജര്‍അതിരൂപതയുടെ തെക്കന്‍ പ്രദേശങ്ങളില്‍, വിശേഷിച്ച് മിഷന്‍ കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യാന്‍ സാധിച്ചത് പൗരോഹിത്യജീവിതത്തെ ഒരുപാട് ബലപ്പെടുത്തിയിട്ടുണ്ട്. സഭാപിതാക്കന്മാരും വൈദികരും സന്യാസിനീ-സന്യാസികളും ഉപരിയായി ദൈവജനവുമാണ് എന്റെ ബലം.

? മറക്കാനാവാത്ത അനുഭവം
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലുണ്ടായ കേരളക്കരയെ നടുക്കിയ പ്രളയദുരന്തം മറക്കാനാകുന്നില്ല. പ്രളയത്തിന്റെ തീരാക്കെടുതികളില്‍ യാതനയനുഭവിക്കുന്ന മക്കളെ ഇന്നും കാണാന്‍ കഴിയുന്നുണ്ട്. എന്റെ രൂപത ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയും ഈ പ്രളയദുരന്തത്തില്‍ ധാരാളം നഷ്ടം സഹിച്ചു. ആ ദിവസങ്ങളില്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളിലുണ്ടായിരുന്ന പുനരധിവാസ ക്യാമ്പുകളില്‍ നമ്മുടെ സഹോദരങ്ങള്‍ ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞ അനുഭവം നമ്മുടെ നഷ്ടപ്പെട്ടുപോകുന്ന മാനവികതയുടെ ഉണര്‍ത്തുപാട്ടായിരുന്നു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍, ഉപജീവനമാര്‍ഗം, കൃഷിയിടം, വീട്ടുപകരണങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ സമ്പാദ്യങ്ങള്‍ എല്ലാം നഷ്ടപ്പെട്ട അനേകം മക്കളുടെ ദുരിതം പേറുന്ന ജീവിതാനുഭവങ്ങള്‍ മനഃസാക്ഷിയെ പൊള്ളിച്ചുവെന്ന് വേണം പറയാന്‍.

? പത്തനംതിട്ട രൂപതയിലെ അങ്ങയുടെ ശുശ്രൂഷകളെക്കുറിച്ച്.
0 തിരുവനന്തപുരം അതിരൂപതയുടെ വടക്കേഭാഗം വിഭജിച്ച് പത്തനംതിട്ട കേന്ദ്രമാക്കി പുതിയ ഭദ്രാസനത്തിന് 2010-ലാണ് പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനുവാദം നല്‍കിയത്. അത്യുന്നത കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സഭാപിതാക്കന്മാരും കൂടിയ സിനഡില്‍ എന്നെ പത്തനംതിട്ട ഭദ്രാസനത്തിന്റെ പ്രഥമ മെത്രാനായി നിയമിച്ചു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഈ രൂപതയില്‍ അതിന്റെ ആത്മീയ-ഭൗതിക കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനും സഭാമക്കള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനും സാധിക്കുന്നു.

75 വയസ് തികയുന്ന ഈ അവസരത്തില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. മലങ്കര സഭയുടെ തനിമയും പൈതൃകവും കാത്തുസൂക്ഷിക്കുന്ന സഭാമക്കളുടെ ഇടയില്‍ കൂടുതല്‍ തീക്ഷ്ണമായി സഭാപാരമ്പര്യങ്ങള്‍ പഠിപ്പിക്കുന്നതിനും കാത്തുപരിപാലിക്കുന്നതിനും അത് നമ്മുടെ ദേശത്തും ഭവനങ്ങളിലും വ്യക്തികളിലും പകര്‍ന്നു കൊടുക്കുന്നതിനും സാധിച്ചിട്ടുണ്ട്. രൂപതയുടെ പ്രാരംഭകാലം മുതല്‍തന്നെ ആത്മീയമായി രൂപത വളരെയധികം വളര്‍ച്ച പ്രാപിച്ചു. വിവിധ സംഘടനകള്‍, വിശ്വാസ പരിശീലന കേന്ദ്രങ്ങള്‍, സമൂഹത്തിലെ അശരണരെയും വേദന അനുഭവിക്കുന്നവരെയും സംരക്ഷിക്കുവാനും പരിപാലിക്കുവാനുമുള്ള ആതുരാലയങ്ങള്‍ ഇവയിലൂടെയെല്ലാം ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ ഈ നാളുകളില്‍ സാധിച്ചു.

കൂടാതെ പുതിയ ദൈവാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ആരംഭിച്ചു. രോഗബാധിതര്‍ക്കുള്ള ശുശ്രൂഷാകേന്ദ്രങ്ങളോടൊപ്പം സാമ്പത്തിക സഹായവും ചികിത്സയും നല്‍കുന്ന പദ്ധതികളും നടപ്പിലാക്കി. യുവതീയുവാക്കന്മാര്‍ക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതിയും നടന്നുകൊണ്ടിരിക്കുന്നു. രൂപതയുടെ ആരംഭം മുതല്‍ കുട്ടികളുടെ വിശ്വാസപരിശീലനത്തില്‍ വളരെ ശ്രദ്ധേയമായ കരുതല്‍ ഉണ്ടായിട്ടുണ്ട്. കുഞ്ഞുമക്കളുടെ ഇടയിലും യുവതീയുവാക്കന്മാരുടെ ഇടയില്‍ എം.സി.വൈ.എം സംഘടനയിലൂടെയും പിതൃവാത്സല്യത്തോടെ ഇടപെടുവാനും സംരക്ഷിക്കുവാനും സാധിച്ചു. എം.സി.എ, മാതൃസമാജം തുടങ്ങിയ സംഘടനകളിലൂടെ ആത്മീയമായി വിശ്വാസികളെ വളര്‍ത്താന്‍ കഴിഞ്ഞു. വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും അധ്യാപകരുടെയും നിര്‍ലോഭമായ സഹകരണം ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

? മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ഇന്നത്തെ പ്രസക്തി.
0 പുനരൈക്യപ്രസ്ഥാനം ദൈവനിവേശിതമാണെങ്കില്‍ അത് തുടര്‍ന്നും വളരേണ്ടത് ആവശ്യമാണ്. ക്രൈസ്തവ സമൂഹം ഒരു കൂട്ടമായി നിന്നുകൊണ്ട് യേശുവിനെ പ്രഘോഷിക്കുന്നതിനും ഒരേ വിശ്വാസത്തില്‍ വളരുന്നതിനും സാധിക്കണം. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു മാമോദീസയുമാണല്ലോ ഉള്ളത്. നമ്മുടെ കൂട്ടായ്മ ഛിന്നഭിന്നമാക്കാതെ ഐക്യത്തിലാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എങ്കില്‍ മാത്രമേ ക്രൈസ്തവ ജീവിതത്തിന് അര്‍ത്ഥവും വ്യാപ്തിയും ഉണ്ടാകൂ. നമ്മുടെ ഐക്യം യേശുവില്‍ ഒന്നാകുവാന്‍ സഹായിക്കും എന്നുള്ളത് തീര്‍ച്ചയാണ്. പുനരൈക്യപ്രസ്ഥാനം വഴി കേരളത്തിലെ സുറിയാനി സഭാമക്കള്‍ ഒരു കൂട്ടായ്മയില്‍ ആയിത്തീരുവാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്ന് നാം മനസിലാക്കുകയാണ്. അതിന്റെ പ്രസക്തി മറ്റേതൊരു കാലത്തെക്കാളും കൂടിവരികയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

? മാര്‍ത്താണ്ഡം രൂപതയില്‍ മെത്രാനായി സേവനമനുഷ്ഠിച്ച കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍.
0 ഞാന്‍ അമേരിക്കയില്‍ ശുശ്രൂഷ ചെയ്തു വരുമ്പോഴാണ് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എന്നെ മാര്‍ത്താണ്ഡം ബിഷപ്പായി നിയമിക്കുന്നത്. ലോറന്‍സ് മാര്‍ അപ്രേം പിതാവിന്റെ മരണത്തോടുകൂടി ആ രൂപതയുടെ തുടക്കത്തില്‍ തന്നെ നേതൃത്വം ഏറ്റെടുക്കേണ്ടിവന്നു. അവിടെ എനിക്ക് ധാരാളം നല്ല അനുഭവങ്ങളാണ് ഉണ്ടായത്. ദൈവവിളി, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാം സംതൃപ്തി നല്‍കുന്നതായിരുന്നു. സഭയുടെ വിശ്വാസം സ്വീകരിച്ചവര്‍ക്ക് നന്മ ചെയ്യുവാന്‍ കിട്ടിയ അവസരങ്ങളിലെ ഓര്‍മകള്‍ എനിക്ക് ആനന്ദത്തോടെ അയവിറക്കുവാന്‍ കഴിയുന്നു. കേരളത്തിലെ മലങ്കര സഭയുടെ മക്കള്‍ക്ക് ലഭിച്ചിട്ടുള്ള ക്രിസ്തീയ വിശ്വാസത്തില്‍ മാര്‍ത്താണ്ഡത്തെ ആളുകളും ശക്തി പ്രാപിച്ചുവരികയാണ്.

പതിമൂന്ന് വൈദികര്‍ മാത്രമുണ്ടായിരുന്ന മാര്‍ത്താണ്ഡം രൂപതയില്‍ ഇന്ന് അമ്പതില്‍പരം വൈദികര്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. ധാരാളം ദൈവാലയങ്ങള്‍, ശുശ്രൂഷാകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക ക്ഷേമപ്രവര്‍ത്തനരംഗങ്ങള്‍ എന്നിവയോടൊപ്പം രൂപതാടിസ്ഥാനത്തില്‍ മറ്റിതര മതസ്ഥരോട് ചേര്‍ന്നും ആ പ്രദേശത്തെ വളര്‍ത്തിയെടുക്കാന്‍ സഭ ശ്രമിച്ചിട്ടുണ്ട്.

ഇന്ന് അവിടുത്തെ വിദ്യാഭ്യാസക്രമീകരണത്തില്‍ യുവജനങ്ങള്‍ക്ക് നല്ലൊരു വിദ്യാഭ്യാസം (പ്രൊഫഷണല്‍ എജ്യുക്കേഷന്‍) കിട്ടത്തക്കവിധം ധാരാളം കോളജുകളും പരിശീലനകേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതിന് സാധിച്ചിട്ടുണ്ട്. ദൈവം മലങ്കര സഭയ്ക്ക് നല്‍കിയ വലിയ ദാനമായി ഈ മിഷന്‍കേന്ദ്രത്തെ ഞാന്‍ കാണുന്നു. ഇപ്പോള്‍ വിന്‍സെന്റ് മാര്‍ പൗലോസ് തിരുമേനിയുടെ നേതൃത്വത്തില്‍ മാര്‍ത്താണ്ഡം രൂപതയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നു.

? 1985 മുതല്‍ 1998 വരെ അമേരിക്കയിലെ മലങ്കര സുറിയാനി കത്തോലിക്കാ സമൂഹ ത്തിന്റെ കോ-ഓര്‍ഡിനേറ്ററായിരുന്നല്ലോ. അമേരിക്കയിലെ മലങ്കര സഭയെക്കുറിച്ച്.
0 1985-ല്‍ പുണ്യശ്ലോകനായ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയാണ് എന്നെ അമേരിക്കയിലേക്കയക്കുന്നത്. മലങ്കര മക്കളെ കണ്ടുപിടിച്ച് കൂട്ടായ്മ ശക്തിപ്പെടുത്തുകയായിരുന്നു എന്റെ ചുമതല. ആസ്ഥാനമായി വാഷിംഗ്ടണ്‍ ഡി.സിയും. ആര്‍ച്ച് ബിഷപ് ജയിംസ് ഹിക്കി (പിന്നീട് കര്‍ദിനാള്‍) വലിയൊരു പ്രചോദനമായിരുന്നു. മലങ്കര സഭയ്ക്ക് അദ്ദേഹം നല്ല പ്രോത്സാഹനമാണ് നല്‍കിയത്.

പ്രധാന പട്ടണങ്ങളിലെ മലങ്കരമക്കളെ കണ്ടുപിടിക്കുവാനും അവിടെ മലങ്കര കൂട്ടായ്മയും പ്രാര്‍ത്ഥനാസമൂഹവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടത്തുന്നതിനും സാധിച്ചു. പിന്നീടത് എക്‌സാര്‍ക്കേറ്റായി രൂപപ്പെട്ടു. 2016 ജനുവരിയില്‍ അമേരിക്ക-കാനഡ സെന്റ് മേരി സമാധാന രാജ്ഞി രൂപതയായി ഉയര്‍ത്തപ്പെട്ടു. അവിടുത്തെ ആളുകളുടെ ജീവിതരീതി വലിയൊരു അനുഭവമായിരുന്നു. സമ്പദ്‌സമൃദ്ധിയുണ്ട്. എന്നാല്‍ അതോടൊപ്പം നല്ല ദൈവഭക്തിയുള്ള ആളുകള്‍. നമ്മുടെ വിശ്വാസത്തെ വളര്‍ത്താനും ആരാധനാക്രമം ക്രമീകരിക്കുന്നതിനും സാമ്പത്തികമായും സാമൂഹികമായും വലിയ ത്യാഗം മലങ്കര മക്കള്‍ ചെയ്തിട്ടുണ്ട്.

ഒരു കാലത്ത് വൈദികരുടെ ക്ഷാമംകൊണ്ട് വിശുദ്ധ കുര്‍ബാനയില്ലാതെ വന്നിട്ടുണ്ട്. അതൊക്കെ ഇന്ന് മാറി; നല്ല അന്തരീക്ഷമായി. ധാരാളം വൈദികര്‍ ശുശ്രൂഷ നടത്തുന്നതിന് ആ രാജ്യത്തുണ്ട്. ഇന്നും അവിടെയുള്ള ലത്തീന്‍സഭയുടെ പിതാക്കന്മാര്‍ സഭ വളരുന്നതിനുവേണ്ട പ്രോത്സാഹനം തന്നുകൊണ്ടിരിക്കുന്നു. ഇന്ന് മലങ്കര സഭ അമേരിക്കയില്‍ ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. മൂന്നാമത്തെ തലമുറയും അവിടെ വളര്‍ച്ചയുടെ പാതയില്‍തന്നെ. അവരും നമ്മുടെ പൈതൃകത്തില്‍ വളരുന്നതിനുവേണ്ട സംവിധാനങ്ങള്‍ സഭയിലൂടെ ക്രമീകരിക്കുന്നതില്‍ സന്തോഷമനുഭവിക്കുന്നു. ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് പിതാവാണ് അമേരിക്ക-കാനഡ രൂപതയെ ഇന്ന് നയിക്കുന്നത്.

? പൗരോഹിത്യ ശുശ്രൂഷ  തെരഞ്ഞെടുക്കാനുള്ള കാരണം.
0 ബാല്യത്തില്‍ തന്നെ ദൈവത്തിന്റെ വിളി കേള്‍ക്കുവാനും അതിനെ അനുധാവനം ചെയ്യുവാനും സാധിച്ചു. ചെറുപ്പത്തില്‍ത്തന്നെ വൈദികരോടും സന്യസ്തരോടും വലിയ ബഹുമാനമാണ് തോന്നിയത്. ക്രിസ്തുവിനെ പിന്തുടരുന്നതിനായി മനസൊരുക്കണമെന്നും തീരുമാനിച്ചു. സഭാത്മകമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും മാതാപിതാക്കന്മാര്‍ അനുവദിക്കുകയും അതിനായി എല്ലാ പിന്തുണയും പ്രോത്സാഹനവും അവര്‍ നല്‍കുകയും ചെയ്തു.

വൈദികരുടെ ജീവിതവിശുദ്ധി എന്നെ ആകര്‍ഷിച്ചൊരു ഘടകമായിരുന്നു. അവരെപ്പോലെയായിത്തീരാനുള്ള വ്യഗ്രത ആ നാളുകളില്‍ മനസില്‍ അങ്കുരിച്ചു. ദൈവവിളിക്ക് പ്രോത്സാഹനം തന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും ഇടവകക്കാരെയും ഇപ്പോള്‍ ഏറ്റം നന്ദിയോടെ ഓര്‍ക്കുന്നു. ഫാ. ജേക്കബ് ജോണ്‍ ആണ് എന്നെ സെമിനാരിയിലേക്ക് അയച്ചത്. ജോഷ്വാ പീടികയിലച്ചനെ മറക്കാനാവുന്നില്ല. അച്ചന്റെ വാത്സല്യത്തോടെയുള്ള പെരുമാറ്റം, എളിയവരോടുള്ള സഹാനുഭൂതി എന്നിവയൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാം. ദൈവജനത്തിന് പ്രാര്‍ത്ഥനയുടെ അന്തരീക്ഷം പകര്‍ന്നു കൊടുക്കുവാനും ദൈവത്തിലേക്ക് നയിക്കാനും ജോഷ്വാ അച്ചന്റെ പരിശ്രമം എനിക്ക് ഗുണപാഠമായിരുന്നുവെന്ന് വേണം പറയാന്‍.

കഴിഞ്ഞ രണ്ടര വര്‍ഷമായി കെ.സി.ബി.സിയുടെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കേരള കത്തോലിക്കാ സഭയുടെ പൊതുവായ വളര്‍ച്ചയിലും അതിന്റെ പ്രവര്‍ത്തനങ്ങളിലും വിശ്വസ്തതാപൂര്‍വം പ്രവര്‍ത്തിക്കുവാന്‍ ദൈവം അനുവദിച്ചതില്‍ നന്ദി പറയുകയാണ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം. അല്മായ സഹോദരങ്ങളുടെ നേതൃത്വത്തിന്റെ വിവിധ തലങ്ങളില്‍ ശക്തി പകരുന്നതിനും സന്യാസ സമൂഹങ്ങളുടെ ആത്മീയവളര്‍ച്ചയില്‍ ശ്രദ്ധിക്കുവാനും ഈ കാലയളവില്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയില്‍ കല്ലൂര്‍ പുത്തന്‍വീട്ടില്‍ മാത്തന്‍ എബ്രഹാമിന്റെയും ആച്ചിയമ്മയുടെയും മകനായി 1944 മെയ് 19-ന് ജനിച്ച ജോണ്‍ 1998 ജൂണ്‍ 29-നാണ് മാര്‍ത്താണ്ഡം രൂപതയുടെ രണ്ടാമത്തെ മേല്‍പ്പട്ടക്കാരനായി അഭിഷിക്തനാകുന്നത്.  പുരോഹിതനായിരിക്കുമ്പോള്‍ തിരുവനന്തപുരം അതിരൂപതയിലെ വിവിധ ഇടവകകളില്‍ വികാരിയായും പിരപ്പന്‍കോട് കുഷ്ഠരോഗാശുപത്രിയുടെ പ്രധാന ചുമതലക്കാരനായും ശുശ്രൂഷ ചെയ്തു.
അമേരിക്കയിലും മാര്‍ത്താണ്ഡത്തും ശുശ്രൂഷ നിര്‍വഹിച്ചശേഷം പത്തനംതിട്ട രൂപതയുടെ പ്രഥമ അമരക്കാരനായി.

മലങ്കര കത്തോലിക്കാ സഭയ്ക്ക്, പ്രത്യേകിച്ച് തിരുവനന്തപുരം അതിരൂപതയ്ക്ക് എന്നും ഊര്‍ജസ്രോതസായിരുന്നു പത്തനംതിട്ട. കഠിനാധ്വാനികളായ മലയോരജനത മണ്ണില്‍ പൊന്നു വിളയിക്കാന്‍ പരിശ്രമിക്കുമ്പോള്‍, ജീവിതം പടുത്തുയര്‍ത്തുവാനായി അന്യനാടുകളിലേക്കു പോയവര്‍ ഏറെയുള്ള പ്രദേശം. ക്രൈസ്തവൈക്യത്തെ പരിപോഷിപ്പിക്കുന്ന എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങളും എല്ലാവരെയും സാഹോദര്യത്തോടെ കാണുന്ന മതദര്‍ശനവും സ്വന്തമാക്കിയിട്ടുള്ള ഈ ആത്മീ യ ആചാര്യന്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ പത്തനംതിട്ടയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് പിന്‍തുടര്‍ച്ചാവകാശമുള്ള ബിഷപ്പിന് ശുശ്രൂഷയുടെ ദീപശിഖ കൈമാറുകയാണ്.

 ജയ്‌സ് കോഴിമണ്ണില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?