Follow Us On

15

July

2020

Wednesday

വെളിച്ചമായി കുട്ടികള്‍ക്ക്‌

വെളിച്ചമായി കുട്ടികള്‍ക്ക്‌

തലശേരി അതിരൂപതയിലെ ഹൈസ്‌കൂളുകളില്‍നിന്ന് 2018-19-ലെ മികച്ച പ്രധാനാധ്യാപികയ്ക്കുള്ള മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചത് വല്‍സമ്മ ജോസിനാണ്. കേരള പ്രൈവറ്റ് സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.എച്ച്.എ) നല്‍കിവരുന്ന മികച്ച ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡായ ചെറിയാന്‍ മെമ്മോറിയല്‍ എക്‌സലന്‍സ് പുരസ്‌കാരവും വല്‍സമ്മടീച്ചറിനെ തേടിയെത്തി.

തലശേരി അതിരൂപതയിലെ ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം പ്രധാനാധ്യാപികയാണ് വല്‍സമ്മ ജോസ്. 2015 ഏപ്രില്‍ ഒന്നിനാണ് ടീച്ചര്‍ ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മിസ്ട്രസായി ജോലിയില്‍ പ്രവേശിച്ചത്. കുറഞ്ഞ കാലയളവില്‍ ഈ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നേതൃത്വം നല്‍കി. അധ്യാപക-അനധ്യാപകരെ ഒരു കുടക്കീഴില്‍ നിര്‍ത്തി സ്‌കൂളിന്റെ സാരഥ്യം മാതൃകാപരമായി നിര്‍വഹിക്കാന്‍ ടീച്ചറിന് കഴിഞ്ഞു.

ഫസ്റ്റ് ക്ലാസുകളുടെ കൂട്ടുകാരി
അടിയുറച്ച ദൈവവിശ്വാസിയും മാതൃഭക്തയുമായ ടീച്ചര്‍ അധ്യാപനം ദൈവവിളിയായി കാണുകയും എല്ലാ അധ്യാപകരും സ്വന്തം വിദ്യാലയത്തിനുവേണ്ടി കൂട്ടായി പ്രവര്‍ത്തിക്കുന്ന സമര്‍പ്പിത സമൂഹമാകണമെന്ന കാഴ്ചപ്പാടനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഓഫിസ് റെക്കോര്‍ഡുകള്‍ കൃത്യനിഷ്ഠയോടെ പൂര്‍ത്തിയാക്കാനും സമയനിഷ്ഠ പാലിക്കാനും ശ്രദ്ധിക്കുന്നു. അധികാരികളെയും നിയമങ്ങളെയും ചട്ടങ്ങളെയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നത് ഏവര്‍ക്കും പ്രചോദനമായിട്ടുണ്ട്. പൊതുസമൂഹത്തിന്റെ മതിപ്പും പിന്തുണയും ആര്‍ജിക്കാനായി അവരുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പുതിയ സാധ്യതകള്‍ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള സാഹചര്യങ്ങള്‍ സഹ അധ്യാപകര്‍ക്ക് ഒരുക്കിക്കൊടുക്കുന്നു.

1958-ല്‍ പാലാ-ചേര്‍പ്പുങ്കല്‍നിന്ന് കണ്ണൂര്‍ ജില്ലയിലെ രയരോം ഇടവകയില്‍ കുടിയേറി പാര്‍ത്ത താരാമംഗലം ടി.ജെ. ജോസഫ്-അന്നമ്മ ദമ്പതികളുടെ ആറുമക്കളില്‍ അഞ്ചാമത്തെ മകളാണ് വല്‍സമ്മ. 1963-ലാണ് ജനനം. പഠനത്തില്‍ എന്നും മുമ്പിലായിരുന്നു. തേര്‍ത്തല്ലി മേരിഗിരി ഹൈസ്‌കൂളില്‍നിന്ന് 1979-ല്‍ ഫസ്റ്റ് ക്ലാസോടെ എസ്.എസ്.എല്‍.സി പാസായ വല്‍സമ്മ 1981-ല്‍ കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളജില്‍നിന്ന് പ്രീഡിഗ്രി ഒന്നാം ക്ലാസോടെ പാസായി. 1984-ല്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍നിന്ന് ബി.എസ്‌സി (ഫിസിക്‌സ്) ഫസ്റ്റ് ക്ലാസോടെ പാസായി.

1985-ല്‍ കണ്ണൂര്‍ ബി.എഡ് സെന്ററില്‍നിന്ന് ബി.എഡും പാസായി.1987-ല്‍ പുലിക്കുരുമ്പ സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായിട്ടാണ് അധ്യാപകജോലി ആരംഭിക്കുന്നത്. പിന്നീട് പാലാവയലിലും തേര്‍ത്തല്ലിയിലും പകരക്കാരിയായി. 1990-ല്‍ വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിലാണ് സ്ഥിരനിയമനം ലഭിക്കുന്നത്. ഈ സ്‌കൂളില്‍ ഇരുപതുവര്‍ഷം ഊര്‍ജതന്ത്രം, രസതന്ത്രം, ഐ.ടി വിഷയങ്ങളില്‍ അധ്യാപികയായി. 2015-ല്‍ ചെമ്പേരി നിര്‍മല എച്ച്.എസ്.എസില്‍ പ്രധാനാധ്യാപികയായി. ഇവിടെ സേവനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ കണ്ണൂര്‍ ഹൃദയാരാം കമ്യൂണിറ്റി കോളജില്‍നിന്ന് കൗണ്‍സലിങ്ങിലും സൈക്കോ തെറാപ്പിയിലും പി.ജി ഡിപ്ലോമ കരസ്ഥമാക്കി. കൂടാതെ തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് തിയോളജിയിലും ഡിപ്ലോമ നേടി.

ഉണര്‍വ്
2015-ല്‍ നടുവില്‍ പഞ്ചായത്ത് ‘സുകൃത കൗമാരം സുരക്ഷിത യൗവനം’ എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ ‘ഉണര്‍വ്’ എന്ന പ്രൊജക്ടിന്റെ ഭാഗമായി സെന്റ് മേരീസ് സ്‌കൂളില്‍ പത്തുദിവസം തുടര്‍ച്ചയായി കൗണ്‍സലിങ്ങ് നടത്തി. കൂടാതെ ഫാമിലി കൗണ്‍സലിങ്ങും നടത്തുന്നു. കേരള കൗണ്‍സിലേഴ്‌സ് ഫോറം ലൈഫ് മെമ്പറാണ് ടീച്ചര്‍.

പ്രളയത്തെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ പാണ്ടനാട് പഞ്ചായത്തില്‍ ദുരന്തശേഷമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കൗണ്‍സലിങ്ങ്, സൈക്കോ തെറാപ്പി പ്രോഗ്രാമുകളില്‍ നാഷണല്‍ ഹെല്‍ത്ത് മിഷനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ഹൃദയാരാം ടീമുമായി ചേര്‍ന്ന് പ്രളയത്തില്‍ മാനസികമായി തകര്‍ന്ന നിരവധി വ്യക്തികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

വായാട്ടുപറമ്പ് ഹൈസ്‌കൂളില്‍ പഠിപ്പിച്ചിരുന്ന കാലത്ത് ‘മാലിന്യം ഊര്‍ജമായാല്‍ പരിസരം മനോഹരം’ എന്ന പേരില്‍ ഒരു പ്രൊജക്ട് തയാറാക്കി, സ്‌കൂളില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം നടത്തി. പിന്നീട് ഊര്‍ജസംരക്ഷണ ക്ലബിലെ കുട്ടികളെക്കൊണ്ട് ഈ പ്രൊജക്ട് അവതരിപ്പിക്കുകയും അങ്ങനെ എല്ലാവര്‍ക്കും മാലിന്യ സംസ്‌കരണത്തെക്കുറിച്ചും ഊര്‍ജസംരക്ഷണത്തെക്കുറിച്ചും അവബോധമുണ്ടാക്കുകയും സബ്ജില്ലാ ശാസ്ത്രമേളയില്‍ ഫസ്റ്റ് ‘എ’ ഗ്രേഡ് നേടുകയും ചെയ്തു.

പാഠ്യവിഷയങ്ങളില്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കാന്‍ വിദഗ്ധരെക്കൊണ്ട് ക്ലാസുകള്‍ എടുപ്പിക്കുകയും ക്ലാസ്മുറികളിലും സയന്‍സ് ലാബിലുമുള്ള പഠനപ്രവര്‍ത്തനങ്ങള്‍ക്കുപുറമേ ഊര്‍ജസംരക്ഷണവുമായി ബന്ധപ്പെട്ട ഫീല്‍ഡ് ട്രൂപ്പുകള്‍, സെമിനാറുകള്‍, സ്റ്റഡി ടൂറുകള്‍, ക്വിസ് മത്സരങ്ങള്‍, പ്രബന്ധമത്സരങ്ങള്‍, എക്‌സിബിഷനുകള്‍, ടീച്ചിംഗ് എയ്ഡ് നിര്‍മാണ മത്സരം എന്നിവയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.

മികച്ചൊരു സംഘാടകയാണ് ടീച്ചര്‍. രണ്ടുവര്‍ഷമായി തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല, എച്ച്.എം. ഫോറം ജോയിന്റ് കണ്‍വീനറാണ്. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല ഫിസിക്‌സ് റിസോഴ്‌സ് പേഴ്‌സണ്‍, കെ.പി.എസ്.എച്ച്.എ വനിതാ വിഭാഗം കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തക
തളിപ്പറമ്പ് സെന്റ് മേരീസ് ഇടവകാംഗമായ ടീച്ചര്‍ ‘ഹോം ഫോര്‍ ഹോംലസ്’ എന്ന പദ്ധതിപ്രകാരം 25 പേര്‍ക്ക് വീടുനിര്‍മിച്ചു നല്‍കാന്‍ വീടുവീടാന്തരം കയറിയിറങ്ങി പണം സ്വരൂപിച്ചു നല്‍കി. കൂടാതെ സംബ്ലാരിയില്‍ തളര്‍ന്നു കിടക്കുന്ന ഒരു പെണ്‍കുട്ടിക്ക് എല്ലാ വര്‍ഷവും അധ്യാപകരില്‍നിന്നും കുട്ടികളില്‍നിന്നും സ്വരൂപിക്കുന്ന തുക നല്‍കിവരുന്നു. കൂടാതെ പ്രളയ ദുരിതാശ്വാസമായി 20280 രൂപ, തലയില്‍ ട്യൂമറുള്ള കുട്ടിക്ക് 20,000 രൂപ, വൃക്കരോഗിയായ ഒരു സ്ത്രീക്ക് 15,000 രൂപ, കരുണാലയത്തിന് ധനസഹായം, സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ പിതാവിന് ചികിത്സാ സഹായമായി പതിനായിരം രൂപ എന്നിവ നല്‍കി. പ്രളയ ദുരന്തത്തില്‍പെട്ടവര്‍ക്ക് കൗണ്‍സലിങ്ങും നല്‍കി.

ചെമ്പേരി നിര്‍മല എച്ച്.എസ്.എസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായി പൊതു വിദ്യാലയ സംരക്ഷണ സമിതി രൂപീകരിച്ചു. 1960 മുതല്‍ 2005 വരെയുള്ള സംയുക്ത പൂര്‍വ അധ്യാപക വിദ്യാര്‍ത്ഥിസംഗമം വിളിച്ചുചേര്‍ത്തു. പൂര്‍വവിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കുകാരാക്കി. അവരുടെ സഹകരണം ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു കത്ത് പോസ്റ്റ് ചെയ്യുകയും സ്‌കൂളിന്റെ പുരോഗതിയുടെ ഘട്ടങ്ങള്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു.

പൂര്‍വ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അനധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ക്ലാസ് മുറികളെല്ലാം ഹൈടെക് ആക്കുകയും സ്മാര്‍ട്ട് ക്ലാസ്‌റൂമും കമ്പ്യൂട്ടറുകളും കണ്ണൂര്‍ എം.പി. ശ്രീമതിടീച്ചര്‍ മുഖേന സംഘടിപ്പിക്കുകയും ചെയ്തു. സ്‌കൂളിന്റെ കേടുവന്ന ഭാഗം പുതുക്കി. സ്‌കൂള്‍ അങ്കണത്തില്‍ മനോഹര പൂന്തോട്ടം നിര്‍മിച്ചു. ജൈവ വൈവിധ്യ ഉദ്യാനം നിര്‍മിച്ചു. സ്‌കൂളും പരിസരങ്ങളും ക്ലാസ്‌റൂമുകളുമെല്ലാം പുതുമയുള്ളതാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ്
പഠനം, പാഠ്യേതരം, സ്വഭാവം എന്നിവ വിലയിരുത്തി ഒരു ആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കും ബ്രൈറ്റ് സ്റ്റാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത് വല്‍സമ്മ ടീച്ചറാണ്. കൂടാതെ കുട്ടികളുടെ പഠന നിലവാരം, അച്ചടക്കം, കൃത്യനിഷ്ഠ, യൂണിഫോം, വൃത്തി എന്നിവയെ അടിസ്ഥാനമാക്കി ഓരോ പിരീഡിലും അധ്യാപകര്‍ മാര്‍ക്കിടുകയും മാസത്തിലൊരിക്കല്‍ ബെസ്റ്റ് ക്ലാസ് അവാര്‍ഡ് നല്‍കുകയും ചെയ്യുന്നു.

വിശേഷ പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും അതിന്റെ മഹത്വം ഉള്‍ക്കൊണ്ട് ആയിരിക്കുന്നതില്‍ ടീച്ചര്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ലഹരിവിരുദ്ധ ദിനം, ലോകജനസംഖ്യാദിനം, ചാന്ദ്രദിനം, സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റ് ദിനം, സ്വാതന്ത്ര്യദിനം, അധ്യാപകദിനം, സ്‌പോര്‍ട്‌സ് ദിനം, എന്‍.സി.സി. ദിനം തുടങ്ങിയവ ആചരിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നു. പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് പഠനത്തില്‍ താല്‍പര്യം വളര്‍ത്തുന്നതിനും പഠനനിലവാരം ഉയര്‍ത്തുന്നതിനുമായി ശ്രദ്ധ, നവപ്രഭ, മലയാളത്തിളക്കം എന്നീ പദ്ധതികള്‍ രൂപീകരിച്ച് കാര്യക്ഷമമായി നടത്തിവരുന്നു.

കുട്ടികള്‍ക്ക് പ്രത്യേക ടൈംടേബിള്‍ ഏര്‍പ്പെടുത്തിയത് വിജയകരമായി മാറി. പഠനയാത്ര ഒമ്പതാം ക്ലാസിലെ കുട്ടികള്‍ക്കായി പുനഃക്രമീകരിച്ചു. പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ ശ്രദ്ധ പഠനത്തില്‍മാത്രം കേന്ദ്രീകരിക്കുക എന്നതായിരുന്നു ഈ മാറ്റത്തിന് പ്രേരിപ്പിച്ച ഘടകം. തല്‍ഫലമായി വിജയശതമാനം ഉയര്‍ത്താന്‍ സാധിച്ചു.

പരിശീലനങ്ങള്‍
ക്ലാസ് അടിസ്ഥാനത്തില്‍ അസംബ്ലി നടത്തുകയും അതാതു ക്ലാസിലെ കുട്ടികള്‍ പ്രാര്‍ത്ഥന, പ്രതിജ്ഞ, പത്രവായന, ചിന്താവിഷയം, പുസ്തകാസ്വാദനം, വിവിധ കലാപരിപാടികള്‍ എന്നിവ അവതരിപ്പിക്കുകയും ചെയ്യുന്നതുവഴി ധൈര്യവും ആത്മവിശ്വാസവും വളര്‍ത്തുകയും സഭാകമ്പം അകറ്റുകയും ചെയ്യുന്നു. പൊതുവിജ്ഞാനപരീക്ഷ, സന്മാര്‍ഗ മതബോധന ക്ലാസുകള്‍, ഭിന്നശേഷി കുട്ടികള്‍ക്കുള്ള പരിശീലനം എന്നിവ നടത്താന്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു.
അര്‍ഹതയ്ക്ക് ആദരവ്

സമൂഹത്തില്‍ മാതൃകാപരമായി സേവനം ചെയ്യുന്നവരെ സ്‌കൂളില്‍ വിളിച്ചുവരുത്തി ആദരിക്കുന്നത് വല്‍സമ്മ ടീച്ചറിന്റെ പ്രത്യേകതയാണ്.
പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സ്വന്തം പുറം ചവിട്ടുപടിയായി നല്‍കി ജീവന്‍ രക്ഷിച്ച ജൈസലിനെ സ്‌കൂളില്‍ വിളിച്ചുവരുത്തി ആദരിക്കുകയും അയ്യായിരം രൂപ സമ്മാനമായി നല്‍കുകയും ചെയ്തു. ജില്ലയിലെ മികച്ച ഹോം ഗാര്‍ഡായി തിരഞ്ഞെടുക്കപ്പെട്ട, സ്‌കൂള്‍കുട്ടികളുടെ കാവലാളായി ജാഗ്രതയോടെ നില്‍ക്കുന്ന മാത്യു വരമ്പകത്തിനെ സ്‌കൂളില്‍വച്ച് മെമന്റോ നല്‍കി ആദരിച്ചു.

സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികളെ കൊണ്ടുവന്ന് ലൈഫ് ഗൈഡന്‍സ് ക്ലാസുകള്‍ നല്‍കുന്നതില്‍ വല്‍സമ്മടീച്ചര്‍ ബദ്ധശ്രദ്ധയാണ്. കൂടാതെ ‘സ്‌നേഹസ്പര്‍ശം’ എന്ന പേരില്‍ നാലുമുതല്‍ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കായി പഠനവൈകല്യ നിര്‍ണയ ക്യാമ്പും കരകൗശല നിര്‍മാണ പരിശീലനവും വ്യത്യസ്ത പരിശീലന പരിപാടികളും നടത്താനും മാതാപിതാക്കള്‍ക്ക് മനഃശാസ്ത്രപരമായ ക്ലാസുകള്‍ നല്‍കാനും ടീച്ചര്‍ പ്രത്യേകം ശ്രദ്ധിച്ചു.

ബൈബിള്‍ കുടുംബം
അഞ്ചു വര്‍ഷമായി പാരിഷ് കൗണ്‍സില്‍ മെമ്പര്‍, ഫൊറോന കൗണ്‍സില്‍ മെമ്പര്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. തലശേരി അതിരൂപത വൊക്കേഷന്‍ ബ്യൂറോയില്‍ അംഗമാണ്. അതിരൂപത എഡ്യുക്കേഷന്‍ കൗണ്‍സില്‍ മെമ്പറാണ്. മാര്‍ വള്ളോപ്പിള്ളി ഭവനനിര്‍മാണ പദ്ധതിയില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു. രയരോം ഇടവകയില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ചെറുപുഷ്പ മിഷന്‍ലീഗ് ശാഖ മേഖലാ തലങ്ങളില്‍ സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ പ്രസംഗം, കവിതാരചന എന്നിവയില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.

ലോഗോസ് ക്വിസില്‍ തുടര്‍ച്ചയായി സമ്മാനങ്ങള്‍ നേടുന്നുണ്ട്. 2011-ല്‍ കുടുംബസമേതം മത്സരിച്ച് ഒരു ബൈബിള്‍ കുടുംബമായി അതിരൂപതയില്‍ രണ്ടാം സ്ഥാനം നേടി. 2008-ല്‍ ലോഗോസ് ക്വിസില്‍ സംസ്ഥാനത്ത് അഞ്ചാം സ്ഥാനം ലഭിച്ചു. ചെമ്പേരി ഫൊറോന ബുള്ളറ്റിനില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ലേഖനങ്ങള്‍ എഴുതുന്നു.

ഇപ്പോള്‍ ടീച്ചര്‍ ഒരു വിദ്യാര്‍ത്ഥിനി കൂടിയാണ്. തളിപ്പറമ്പിലെ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിലെ പഠനവൈകല്യ മാനേജ്‌മെന്റ് കോഴ്‌സ് ചെയ്യുന്നു. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി എക്‌സലന്‍സ് പുരസ്‌കാരം, തലശേരി സാന്‍ജോസ് മെട്രോപ്പോളിറ്റന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ടില്‍നിന്ന് ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷത്തെ പ്രധാനാധ്യാപികയായുള്ള സ്തുത്യര്‍ഹമായ സേവനത്തിന്റെ മാത്രമല്ല, മുപ്പതുവര്‍ഷത്തെ അധ്യാപനത്തിന്റെ വിലയിരുത്തല്‍കൂടിയാണ് ഈ അവാര്‍ഡുകള്‍.

വല്‍സമ്മ ടീച്ചറിന്റെ ഭര്‍ത്താവ് അഡ്വ. ജോസ് മാത്യു മഠത്തിപ്പറമ്പിലാണ്. മൂന്ന് ആണ്‍മക്കള്‍: ജസ്വിന്‍, അശ്വിന്‍, ഗ്ലാഡ്‌വിന്‍. മരുമകള്‍: മരിയ.

വര്‍ഗീസ് മൂര്‍ക്കാട്ടില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?