Follow Us On

13

November

2019

Wednesday

ദൈവദാസന്‍ ആന്റണി തച്ചുപറമ്പിലച്ചന്റെ 56-ാം ശ്രാദ്ധാചരണവും ദൈവദാസ പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികവും

ദൈവദാസന്‍ ആന്റണി തച്ചുപറമ്പിലച്ചന്റെ 56-ാം ശ്രാദ്ധാചരണവും ദൈവദാസ പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികവും

തൃശൂര്‍: അവിഭക്ത തൃശൂര്‍ രൂപതയുടെ ഭാഗമായിരുന്ന ചാലക്കുടിയ്ക്കടുത്ത് കോട്ടാറ്റ് ഗ്രാമത്തില്‍ 1894 ഡിസംബര്‍ എട്ടിന് തച്ചുപറമ്പില്‍ പൗലോസ്-റോസ ദമ്പതികളുടെ ഒമ്പതാമത്തെ മകനായി ജനിച്ച ആന്റണി തച്ചുപറമ്പില്‍ ‘ചേലക്കരയുടെ പ്രേഷിതന്‍’ എന്നറിയപ്പെടുന്നു. വിവിധ മേഖലകളിലെ സേവനത്തിനുശേഷം 1928-ല്‍ വടക്കാഞ്ചേരി ഇടവകയില്‍ വികാരിയായി. തുടര്‍ന്ന് 1930 മുതല്‍ 1963 വരെ ചേലക്കര വികാരിയായിരുന്നു.

1930 മെയ് 30-ന് തിരുക്കുടുംബ സന്യാസിനീ സമൂഹത്തിന്റെ മഠം അച്ചന്‍ ചേലക്കരയിലാരംഭിച്ചു. ഈ മഠത്തിന്റെ ഒരു ഭാഗത്ത് തയാറാക്കിയ വൈക്കോല്‍ പുരയിലാണ് അച്ചന്‍ അന്ത്യംവരെ നീണ്ട 33 വര്‍ഷക്കാലം താമസിച്ചത്. തിരുക്കുടുംബ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകനായിരുന്ന ധന്യന്‍ ജോസഫ് വിതയത്തിലച്ചന്റെ കുമ്പസാരക്കാരനായിരുന്നു ആന്റണിയച്ചന്‍.

1930-ല്‍ തന്നെ ചേലക്കരയില്‍ ഒരു പ്രൈമറി സ്‌കൂള്‍ അച്ചന്‍ സ്ഥാപിച്ചു. 1945-ല്‍ ഇത് ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. കുടിയേറ്റംമൂലം വര്‍ധിച്ചുവന്ന കത്തോലിക്കരുടെ ആധ്യാത്മികാവശ്യങ്ങള്‍ നിറവേറ്റാന്‍ 1942-ല്‍ മഠത്തിനോടനുബന്ധിച്ച് ദൈവാലയം അച്ചന്‍ പണി കഴിപ്പിച്ചു. ആതുരശുശ്രൂഷാ രംഗത്തെ ശോചനീയാവസ്ഥക്ക് പരിഹാരമെന്നോണം 1958-ല്‍ ആശുപത്രി സ്ഥാപിക്കുവാന്‍ മുന്‍കൈയെടുത്തു.

പാവപ്പെട്ടവരോടും അധഃകൃത വിഭാഗങ്ങളോടും പ്രത്യേക കരുണയും സ്‌നേഹവായ്പ്പും അച്ചന്‍ പ്രകടിപ്പിച്ചിരുന്നു. ഭവനരഹിതരെ പുനരധിവസിപ്പിക്കുവാന്‍ ചേലക്കര ടൗണിനടുത്ത് പുഷ്പഗിരിക്കുന്നിലെ ഗണ്യമായ സ്ഥലം അച്ചന്‍ വിലയ്ക്ക് വാങ്ങുകയും അവരെ അവിടെ പാര്‍പ്പിക്കുകയും ചെയ്തു. കത്തോലിക്കരുടെ എണ്ണം വര്‍ധിച്ചുവന്നതിനാല്‍ ചേലക്കര ടൗണില്‍ ഒരു ദൈവാലയം അച്ചന്‍ പണിയുകയും 1962 സെപ്റ്റംബര്‍ 15-ന് ആശീര്‍വദിക്കുകയും ചെയ്തു. തന്റെ പിതൃസ്വത്ത് വിറ്റുകിട്ടിയ പണം ചേലക്കരയിലെ പ്രേഷിത പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു. ദീര്‍ഘനാളത്തെ കഠിനാധ്വാനംമൂലം ക്ഷയരോഗിയായിത്തീര്‍ന്ന അദ്ദേഹം 1963 ജൂണ്‍ ഒമ്പതിന് ഇഹലോകവാസം വെടിഞ്ഞു.

2009 ജൂണ്‍ ഒമ്പതിന് തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആന്റണി തച്ചുപറമ്പിലച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചു. 2010 ഓഗസ്റ്റ് ഒമ്പതിന് ഹിസ്റ്റോറിക്കല്‍ കമ്മീഷന്റെയും 2019 മാര്‍ച്ച് 19-ന് നാമകരണ കോടതിയുടെയും പ്രവര്‍ത്തനമാരംഭിച്ചു. 56-ാം ശ്രാദ്ധാചരണത്തോടും ദൈവദാസ പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികത്തോടുമനുബന്ധിച്ച് 31 മുതല്‍ ജൂണ്‍ എട്ടുവരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് മഞ്ഞുമ്മല്‍ സി.ആര്‍.സിയുടെ ബൈബിള്‍ കണ്‍വന്‍ഷന്‍, ജൂണ്‍ രണ്ടിന് മുള്ളൂക്കരയില്‍ നിന്നാരംഭിച്ച് ചേലക്കരയില്‍ സമാപിക്കുന്ന തീര്‍ത്ഥാടന പദയാത്ര, നവനാള്‍ തിരുക്കര്‍മങ്ങള്‍, ശ്രാദ്ധാചരണ ദിനമായ ജൂണ്‍ എട്ടിന് റാസ, ശ്രാദ്ധ ഊട്ട് തുടങ്ങിയവയും സംഘടിപ്പിക്കുന്നു.

മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ പോള്‍ ആലപ്പാട്ട്, ഡോ. പോള്‍ പുളിക്കല്‍, ഫാ. ജോണ്‍സണ്‍ ഐനിക്കല്‍, ഫാ. ഫ്രാന്‍സിസ് തരകന്‍, ഫാ. ജോയി അടമ്പുകുളം, ഫൊറോന വികാരി ഫാ. തോമസ്, ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് നീലങ്കാവില്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?