Follow Us On

15

November

2019

Friday

പരിശുദ്ധാത്മാവിനാല്‍ വാരിയെല്ലു തകര്‍ക്കപ്പെട്ടവന്‍

പരിശുദ്ധാത്മാവിനാല്‍ വാരിയെല്ലു തകര്‍ക്കപ്പെട്ടവന്‍

ഒരാള്‍ക്ക് എന്തുമാത്രം ശാന്തത കൈവരിക്കാനാകും എന്നതിന്റെ പര്യായമാണ് വിശുദ്ധ ഫിലിപ്പ് നേരി. ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ 1515-ല്‍ ജനിച്ച വിശുദ്ധ ഫിലിപ്പ്‌നേരി ഒരിക്കലും കോപിക്കാത്ത വ്യക്തിയായിരുന്നു. ബാല്യം മുതല്‍ മാതാപിതാക്കള്‍ക്ക് പൂര്‍ണമായ വിധേയത്വത്തില്‍ ജീവിച്ച വിശുദ്ധന്‍ തന്നെത്തന്നെ ശാന്തതയുടെ മകുടമായി പടുത്തുയര്‍ത്തുകയായിരുന്നു.

മാതാപിതാക്കള്‍ എന്ത് ആവശ്യപ്പെടുന്നുവോ അത് ചെയ്യുന്നതിലായിരുന്നു അദ്ദേഹം ആനന്ദം കണ്ടെത്തത്. തന്റെ അമ്മയുടെ മരണശേഷം പിതാവ് രണ്ടാമതും വിവാഹം കഴിച്ചിരുന്നു. എന്നാല്‍ തന്റെ രണ്ടാനമ്മയെയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുവാനും അവള്‍ക്ക് വിധേയപ്പെട്ട് ജീവിക്കുവാനും വിശുദ്ധന് കഴിഞ്ഞു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

പരിശുദ്ധാത്മാവിനെ സ്വീകരിക്കണമെന്ന അതിയായ ആഗ്രഹവും അതിനുവേണ്ടി തീവ്രമായ പ്രാര്‍ത്ഥനയും നടത്തിയ വ്യക്തിയായിരുന്നു വിശുദ്ധ ഫിലിപ്പ് നേരി. വിശുദ്ധന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി അദ്ദേഹത്തിനുമുമ്പില്‍ സ്വര്‍ഗം തുറന്നു. സ്വര്‍ഗത്തില്‍നിന്നിറങ്ങി വന്ന തീഗോളം അദ്ദേഹത്തിന്റെ വായിലൂടെ പ്രവേശിച്ച് ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ ഹൃദയം സ്‌നേഹാഗ്നിയാല്‍ നിറഞ്ഞു.

പരിശുദ്ധാത്മാവിന്റെ ചൂടില്‍ അദ്ദേഹത്തിന്റെ ശരീരതാപനില കൂടിയിരുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഹൃദയഭാഗം എപ്പോഴും ചൂടുള്ളതായിരുന്നു. കൊടും ശൈത്യത്തില്‍പോലും പുതയ്ക്കാതെ അദ്ദേഹം ഉറങ്ങിയിരുന്നു. പല അമ്മമാരും അവരുടെ കുഞ്ഞുങ്ങള്‍ക്ക് ഈ ചൂടു ലഭിക്കുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ വക്ഷസിനോട് ചേര്‍ത്ത് കിടത്തുമായിരുന്നുവത്രേ. പരിശുദ്ധാത്മാവിന്റെ സ്‌നേഹാഗ്നിയാല്‍ നിറഞ്ഞ വിശുദ്ധന്‍ ‘മതി കര്‍ത്താവേ മതി, എനിക്കിത്രയും മതി’ എന്ന് നിലത്ത് കിടന്നുരുണ്ട് പ്രാര്‍ത്ഥിച്ചു.

ചിലപ്പോഴൊക്കെ ഹൃദയം പറിഞ്ഞുപോകുന്ന വേദനയും അദ്ദേഹത്തിന് അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം നടത്തിയ പരിശോധനയില്‍ വ്യക്തമാക്കപ്പെട്ട കാര്യം ഏറെ ആശ്ചര്യകരമാണ്: സാധാരണ മനുഷ്യഹൃദയത്തെക്കാള്‍ ഇരട്ടി വലുപ്പമുണ്ടായിരുന്നത്രെ വിശുദ്ധന്റെ ഹൃദയത്തിന്. പരിശുദ്ധാത്മാവ് വന്നു നിറഞ്ഞ ആ ഹൃദയവലുപ്പം താങ്ങാനാവാതെ അദ്ദേഹത്തിന്റെ രണ്ടു വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ടായിരുന്നു. ആത്മാവിന്റെ നൊമ്പരവും സ്‌നേഹവും ഒരുപോലെ ശരീരത്തിലും മനസിലും സ്വന്തമാക്കിയ മറ്റൊരു വിശുദ്ധനില്ലെന്നുവേണം കരുതുവാന്‍.

ദൈവാനുഭവത്തില്‍ നിലനില്‍ക്കുന്നതിനും ജഡികാസക്തികളെ ചെറുക്കുവാനുമുള്ള കരുത്താര്‍ജിക്കുന്നതിനുമായി റോമിലുള്ള ഏഴ് പ്രമുഖ ദൈവാലയങ്ങളിലേക്ക് 12 മൈലുകളോളം നടന്ന് യാത്ര ചെയ്തിരുന്ന വ്യക്തിയായിരുന്നു ഫിലിപ്പ് നേരി. ഇന്ന് നമ്മുടെ നാട്ടിലുള്ള വിവിധ പള്ളികളിലേക്കുള്ള തീര്‍ത്ഥാടനത്തിന്റെ പ്രാരംഭകനാണ് ഈ വിശുദ്ധന്‍ എന്നുവേണം മനസിലാക്കുവാന്‍. വിശുദ്ധ സെബസ്റ്റ്യാനോസിന്റെ നാമത്തിലുള്ള ഭൂഗര്‍ഭ അറകളില്‍ പത്തുവര്‍ഷത്തോളം താമസിച്ച് അപ്പവും ചെടികളുടെ വേരുകളും മാത്രം ഭക്ഷിച്ച് തപസിന്റെയും പ്രായശ്ചിത്തത്തിന്റെയും ജീവിതം നയിച്ചവനാണ് വിശുദ്ധ ഫിലിപ്പ് നേരി.

ഒരു പുരോഹിതനായ അദ്ദേഹം തന്റെ ശാരീരികവിശുദ്ധി അഭംഗുരം കാത്തുപാലിച്ചു. പാപകരമായ എല്ലാ സാഹചര്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുവാന്‍ അദ്ദേഹം പരിശ്രമിച്ചു. എന്നാല്‍ പലപ്പോഴും പല ദുഷ്ചര്യതമായ സ്ത്രീകളാല്‍ അദ്ദേഹം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹവുമായി പാപം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സ്വയം രോഗം അഭിനയിച്ച് ഒരു സ്ത്രീ അദ്ദേഹത്തെ തന്റെ ഭവനത്തിലേക്ക് ക്ഷണിച്ചു. തനിക്ക് കുമ്പസാരിച്ച് വിശുദ്ധിയില്‍ മരിക്കണമെന്ന ആഗ്രഹവുമായി അവള്‍ ഒരു വ്യക്തിയെ വിശുദ്ധന്റെ അരികിലേക്ക് അയക്കുകയായിരുന്നു.

അവളുടെ അരികില്‍ വന്നപ്പോള്‍ അവളിലെ പൈശാചിക ഉദ്ദേശം മനസിലാക്കിയ വിശുദ്ധന്‍ അവളില്‍നിന്നും തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. സ്വന്തം നെറ്റിയില്‍ കുരിശു വരച്ച് വിശുദ്ധ കുരിശിന്റെ സംരക്ഷണം ആവശ്യപ്പെട്ട് അദ്ദേഹം പ്രാര്‍ത്ഥിച്ചു. ഇതിനിടയില്‍ ആ സ്ത്രീ അക്രമാസക്തയായെങ്കിലും ദൈവികശക്തിയാല്‍ ഫിലിപ്പ് നേരി അവിടെനിന്നും രക്ഷപ്പെട്ടു.

പാവപ്പെട്ടവരോടും രോഗികളോടും പ്രത്യേക കരുണയും മമതയും പ്രകടിപ്പിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. സാധുക്കളായ വ്യക്തികള്‍ രോഗികളായി ഉണ്ടെന്നറിഞ്ഞാല്‍ സ്വമേധയാ അവരെ ചെന്ന് കാണുകയും അവര്‍ക്കുവേണ്ട ശുശ്രൂഷകളും സഹായങ്ങളും ചെയ്യുകയും പതിവായിരുന്നു. അത്യാസന്ന നിലയിലുള്ള രോഗികളോട് അമിതഭാഷണം നടത്തരുത്, അവര്‍ക്കരികില്‍ ഇരുന്ന് മൗനമായി പ്രാര്‍ത്ഥിക്കുക ഇതായിരുന്നു വിശുദ്ധന്റെ രീതി.

ജീവന്‍ തന്നത് ദൈവമാണെങ്കില്‍ മനുഷ്യന് അത് ഇല്ലാതാക്കുവാന്‍ അവകാശമില്ലെന്ന് അദേഹം ജനങ്ങളെ പഠിപ്പിച്ചു, രോഗികളായ ചിലര്‍ താന്‍ ഉടന്‍ മരിക്കുമെന്നും ഇത്രനാള്‍ ജീവിക്കുമെന്നുമൊക്കെ പ്രവചിക്കുന്ന ഒരു ശൈലി അന്നുണ്ടായിരുന്നു. എന്നാല്‍ വിശുദ്ധ ഫിലിപ്പ് നേരി അതിനെ കര്‍ക്കശമായി എതിര്‍ത്തു. ഇത്തരം പ്രവചനങ്ങള്‍ ദൈവഹിതത്തോട് ചേരുന്നതല്ലെന്ന് അദേഹം രോഗികളോടും അവരെ ശുശ്രൂഷിക്കുന്നവരോടും പറഞ്ഞു. നമ്മുടെ സാമീപ്യവും പ്രാര്‍ത്ഥനയും രോഗിക്ക് ആത്മീയ ഉന്മേഷം നല്‍കുന്നതായിരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

വ്യക്തിപരമായി ഈശോയോട് പ്രത്യേക ബന്ധം പുലര്‍ത്തിയ ഈ വിശുദ്ധന്‍ ഒരുക്കമില്ലാതെ മരണപ്പെട്ട ഒരു ബാലനെ തിരിച്ച് ജീവനിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. പാലോ എന്നു പേരായ ബാലന്‍ അത്യാസന്ന നിലയിലായി മരണത്തോടു മല്ലടിക്കുമ്പോള്‍ വിശുദ്ധന്‍ ദിവ്യബലിയര്‍പ്പിക്കുകയായിരുന്നു. വിശുദ്ധ കുര്‍ബാന കഴിഞ്ഞപ്പോള്‍ മരണവാര്‍ത്തയറിഞ്ഞ അദ്ദേഹം ആ മകന്റെ ഭവനത്തിലെത്തി. അവന്റെ മൃതശരീരത്തിനരികില്‍ കുറച്ചുനേരം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അത്ഭുതമെന്നു പറയട്ടെ, മരണമടഞ്ഞവന്‍ മിഴിതുറന്നു.

അധരം തുറന്ന് അവന്‍ ഇങ്ങനെ പറഞ്ഞു: ”അച്ചാ എന്റെ പാപങ്ങള്‍ എല്ലാം ഏറ്റുപറഞ്ഞ്, എനിക്കൊന്ന് കുമ്പസാരിക്കണം.” ഫിലിപ്പ് നേരി അവനെ കുമ്പസാരിപ്പിച്ചു. പാപമോചനം ലഭിച്ചപ്പോള്‍ ആ ബാലന്‍ ഇങ്ങനെ ചോദിച്ചു: ഞാന്‍ എന്റെ അമ്മയുടെയും സഹോദരങ്ങളുടെയും അടുത്തേക്ക് പോകട്ടെ?” സമാധാനമായി പോകുക, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ അവന്‍ വീണ്ടും മൃതിയടഞ്ഞു. അതും വിശുദ്ധന്റെ കരങ്ങളില്‍ കിടന്ന്.

പല വിശുദ്ധര്‍ക്കും ലഭിച്ചതുപോലുള്ള ഒരു അത്യപൂര്‍വ കൃപയും ഈ വിശുദ്ധന് ലഭിച്ചിരുന്നു. തന്റെ മരണസമയം ദൈവം അദേഹത്തിന് വെളിപ്പെടുത്തി. മരണമടയുന്നതിന്റെ തലേന്ന് അദ്ദേഹം കുമ്പസാരിച്ചു. താന്‍ മരിക്കുന്ന സമയം ഒപ്പംനിന്നവരെ അറിയിച്ചു. 1529 മെയ് 26-ന് പിതാവിന്റെ പക്കലേക്ക് മുന്‍കൂട്ടി അറിയിച്ചതുപോലെ യാത്രയായി.

റോമിന്റെ ചരിത്രത്തില്‍ അപ്പസ്‌തോലനായ പത്രോസ്-പൗലോസ് എന്നിവര്‍ക്കുശേഷം ഇത്രയും പരിശുദ്ധാത്മ നിറവോടെ ശുശ്രൂഷ ചെയ്ത മറ്റൊരു വ്യക്തിയില്ലത്രെ. വിശ്വാസം സംരക്ഷിക്കുന്നതിനും വചനം പഠിപ്പിക്കുന്നതിനും റോമില്‍ അദ്ദേഹം ഓറട്ടറികള്‍ സ്ഥാപിച്ചു.

തീക്ഷ്ണമതിയായ ഈ വൈദികനെ റോമിന്റെ രണ്ടാം അപ്പസ്‌തോലന്‍ എന്നാണ് സഭ വിശേഷിപ്പിക്കുന്നത്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട വിശുദ്ധ ഫിലിപ്പ് നേരി ആധുനിക കാലഘട്ടത്തില്‍ പരിശുദ്ധാത്മാവിനോട് ഏവര്‍ക്കും തുറവിയുണ്ടാകണമെന്ന് ഓര്‍മപ്പെടുത്തുന്നു. ആ ആത്മാവിന്റെ നിറവിനുവേണ്ടി, അതേ ഹൃദയം വലുതായി വാരിയെല്ലുകള്‍ തകര്‍ക്കപ്പെടുന്ന നിറവിനുവേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.

ഫാ. ജെന്‍സന്‍ ലാസലൈറ്റ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?