Follow Us On

15

July

2020

Wednesday

എനിക്ക് ബൈബിള്‍ വായിക്കണം

എനിക്ക് ബൈബിള്‍ വായിക്കണം

ഒരു മഹാനഗരത്തില്‍ നടന്ന സംഭവമാണിത്. പത്ത് കൊലപാതകങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറി. ജനങ്ങളെല്ലാം പരിഭ്രാന്തരായി. കൊല ചെയ്യപ്പെട്ട എല്ലാ വ്യക്തികളും നിരപരാധികളായിരുന്നു. ഒരു കാരണവും കൂടാതെ ഈ നീചകൃത്യം ചെയ്തവര്‍ ആരാണ്? എല്ലാവരും ചോദിച്ച ചോദ്യമായിരുന്നു. കുറ്റവാളികളെ കണ്ടുപിടിക്കാനുള്ള ശ്രമം എല്ലാ ഭാഗത്തുനിന്നുമുണ്ടായി.

അവസാനം ഒരു വര്‍ഷത്തിനുശേഷം നാല് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. അവരായിരുന്നു ഈ നീചകൃത്യം ചെയ്തത്. ആഭിജാത്യവും പണവുമുള്ള കുടുംബങ്ങളിലെ യുവാക്കള്‍. എന്തുകൊണ്ടാണ് അവര്‍ ഈ കുറ്റകൃത്യങ്ങള്‍ ചെയ്തത്? തങ്ങള്‍ കേമന്മാരാണെന്നും കൊലക്കുറ്റം ചെയ്യുവാനുള്ള ചങ്കൂറ്റം തങ്ങള്‍ക്കുണ്ടെന്നും മറ്റുള്ളവരെ കാണിക്കുന്നതിനുവേണ്ടിയാണ് ഈ കൊലപാതകങ്ങള്‍ ചെയ്തത് എന്നായിരുന്നു യുവാക്കളുടെ ഭാഷ്യം. കോടതി ഇവര്‍ക്ക് വധശിക്ഷ നല്‍കി.

ഈ നാലു യുവാക്കളും മനുഷ്യരല്ല, മനുഷ്യരൂപമുള്ള രാക്ഷസന്മാരാണെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. വിധിവാചകം കേട്ട് ഒരു കൂസലും കൂടാതെ ചിരിക്കുകയാണ് അവരുടെ നേതാവ് ചെയ്തത്. വധശിക്ഷയും കാത്ത് അവര്‍ ജയിലില്‍ കഴിയുന്ന അവസരം. അവര്‍ക്ക് വായിക്കാനായി ബൈബിളും മറ്റു ഗ്രന്ഥങ്ങളും പലരും കൊണ്ടുപോയി കൊടുത്തു. അവരുടെ നേതാവ് ആദ്യം അതൊന്നും വായിച്ചുനോക്കാതെ മാറ്റിവച്ചു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ നേതാവായ ഈ ചെറുപ്പക്കാരന്‍ വിശുദ്ധ ഗ്രന്ഥം വായിക്കാന്‍ തുടങ്ങി.

സമയം കളയാനായിരുന്നു അവന്റെ വായന. അപ്രതീക്ഷിതമായതാണ് പിന്നീട് സംഭവിച്ചത്. ഈ ചെറുപ്പക്കാരന്‍ അവന്റെ അമ്മയ്ക്ക് എഴുതി: ”പ്രിയപ്പെട്ട അമ്മേ, ധാരാളം ആളുകള്‍ എനിക്ക് വായിക്കാനായി ധാരാളം പുസ്തകങ്ങള്‍ അയച്ചുതരുന്നുണ്ട്. എന്നെ മാനസാന്തരപ്പെടുത്താനായിരിക്കും. ഞാന്‍ വായിക്കുന്ന ഒരേയൊരു പുസ്തകം വിശുദ്ധ ബൈബിളാണ്.”

വധശിക്ഷ നടപ്പാക്കേണ്ട ദിവസം വന്നുചേര്‍ന്നു. വധിക്കാന്‍ കൊണ്ടുപോകുന്നതിനുമുമ്പ് ഈ ചെറുപ്പക്കാരനോട് ജഡ്ജി ചോദിച്ചു, അന്ത്യാഭിലാഷമായി എന്തെങ്കിലും ഉണ്ടോയെന്ന്. അവന്‍ പറഞ്ഞു: ‘എനിക്ക് ബൈബിള്‍ വേണം.’ അവന് അവര്‍ ഒരു ബൈബിള്‍ കൊടുത്തു. അവന്‍ അത് സാവധാനത്തില്‍ തുറന്നു. ലൂക്കായുടെ സുവിശേഷം 23-ാം അധ്യായം 42, 43 വാക്യങ്ങള്‍ ഉറക്കെ ഭക്തിയോടുകൂടെ വായിച്ചു.

”യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ. യേശു അവനോട് അരുള്‍ചെയ്തു, സത്യമായി ഞാന്‍ നിന്നോടു പറയുന്നു. നീ ഇന്ന് എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും.” ഈ വാക്യങ്ങള്‍ വായിച്ചശേഷം ആ ചെറുപ്പക്കാരന്‍ ബൈബിള്‍ അടച്ച് തിരിച്ചുകൊടുത്തു. വളരെ ശാന്തനായി മരണശിക്ഷയും വരിച്ചു.

അവനെ തൂക്കിക്കൊന്നതില്‍ നഗരത്തിലെ ഭൂരിഭാഗം ജനങ്ങളും സന്തോഷിച്ചു. ഒരു നീചനായ കുറ്റവാളിയുടെ ദയനീയമായ അന്ത്യമായിട്ടേ അവരതിനെ കണ്ടുള്ളൂ. എന്നാല്‍ അവന്റെ അന്ത്യനാളുകളില്‍ അവനെ അടുത്തറിയാന്‍ ഭാഗ്യമുണ്ടായ ചിലര്‍ക്ക് ബൈബിളിലെ നല്ല കള്ളന്റെ ഓര്‍മയാണ് ഉണ്ടായത്. നല്ല കള്ളന്‍ പശ്ചാത്തപിച്ച് പ്രാര്‍ത്ഥിച്ചതുപോലെ ഈ ചെറുപ്പക്കാരനും മാനസാന്തരപ്പെട്ട് ഹൃദയമുരുകി കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു.

അവന്റെ നിരവധിയായ തെറ്റുകള്‍ കര്‍ത്താവ് ക്ഷമിച്ചു കാണില്ലേ? ബൈബിളിലെ നല്ല കള്ളന്‍ ക്രിസ്തുവിന്റെ ഹൃദയം മാത്രമല്ല കവര്‍ന്നെടുത്തത്. സ്വര്‍ഗവും കവര്‍ന്നെടുത്തു എന്നാണല്ലോ പറയപ്പെടുന്നത്. ഇന്നുതന്നെ എന്നോടുകൂടെ പറുദീസയില്‍ ഉണ്ടായിരിക്കുമെന്നാണ് യേശുക്രിസ്തു അവനോടു പറയുന്നത്.
നീചകൃത്യങ്ങള്‍ ചെയ്യുന്നവരുണ്ട്. ഒരു തെറ്റില്‍നിന്ന് മറ്റൊരു തെറ്റിലേക്ക് വഴുതി വീഴുന്നവരുണ്ട്. എന്നാല്‍ അവര്‍ മാനസാന്തരപ്പെടുന്നുവെങ്കില്‍ നല്ല കള്ളനെപ്പോലെ സ്വര്‍ഗം കവര്‍ന്നെടുക്കാന്‍ കഴിയും എന്നാണ് ഈ വാക്യങ്ങള്‍ സൂചിപ്പിക്കുന്നത്.

മനുഷ്യന്റെ തെറ്റുകള്‍ വലുതാണ്. എന്നാല്‍ അതിനെക്കാള്‍ വലുതാണ് ദൈവത്തിന്റെ സ്‌നേഹം. മനുഷ്യന്റെ പരിമിതമായ തെറ്റുകള്‍ ദൈവത്തിന്റെ അപരിമിതമായ സ്‌നേഹത്തിന് കഴുകിക്കളയാന്‍ സാധിക്കും. ദൈവം വെറുമൊരു പിതാവല്ല. ധൂര്‍ത്തപുത്രനെ സ്വീകരിക്കുന്ന പിതാവാണ്. സ്‌നേഹത്തിന് ധൂര്‍ത്തനായ ദൈവം അകലെനിന്നു നടന്നുവരുന്ന നമ്മുടെയിടയിലേക്ക് പാഞ്ഞുവരുന്നു. ആലിംഗനം ചെയ്തു സ്വീകരിക്കുന്നു. അവന്റെ തിരിച്ചുവരവ് എല്ലാവരെയും അറിയിക്കുകയും ഗംഭീര സദ്യയൊരുക്കി ആഘോഷിക്കുകയും ചെയ്യുന്നു.

മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിച്ചു ചെല്ലാന്‍ ദൈവം നമുക്ക് നിരവധി അവസരങ്ങള്‍ നല്‍കുന്നുണ്ട്. ഓരോ അവസരവും സുവര്‍ണാവസരമാണ്. തെറ്റില്‍നിന്ന് തെറ്റിലേക്ക് വഴുതി വീഴാതെ തെറ്റു തിരുത്തി നന്മയില്‍നിന്നു നന്മയിലേക്കുള്ളതാകട്ടെ നമ്മുടെ ജീവിതം. കര്‍ത്താവിന്റെ ഹൃദയം കവര്‍ന്നെടുത്ത് സ്വര്‍ഗം നേടിയ നല്ല കള്ളന്റെ പ്രാര്‍ത്ഥന നമുക്കും ഉരുവിടാം. ”കര്‍ത്താവേ, അങ്ങയുടെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ.

ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?