Follow Us On

28

October

2020

Wednesday

വണക്കമാസ തണലില്‍

വണക്കമാസ തണലില്‍

ബാല്യത്തില്‍ മാതാവിന്റെ വണക്കമാസം എന്നത് വലിയ ആഘോഷമായിരുന്നു.  ഏപ്രില്‍ മാസം വീടുകളില്‍ അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. തൃശൂര്‍ മണ്ണമ്പേട്ട ഇടവകക്കാരിയായ എന്റെ ഇടവകയിലെ എല്ലാ വീടുകളിലും മാതാവിന്റെ വണക്കമാസം നിര്‍ബന്ധമാണ്. അന്നത്തെ എല്ലാ മാതാപിതാക്കള്‍ക്കും ഇക്കാര്യത്തില്‍ അതീവ തീക്ഷ്ണത ഉണ്ടായിരുന്നു. മാതാവിന്റെ രൂപത്തില്‍ വയ്ക്കുവാന്‍ പൂക്കള്‍ പറിക്കുമ്പോഴും മാതാവിനെ സ്തുതിച്ചുവേണം പറിക്കുവാനെന്ന് അമ്മ പഠിപ്പിച്ചു. ഓരോ ദിവസവും വായിക്കുന്നത് നേരത്തെതന്നെ വായിച്ച് വ്യക്തത വരുത്തിയിരിക്കും.

സംശയങ്ങള്‍ അമ്മ പറഞ്ഞുതന്ന് തിരുത്തും. അന്ന് ദൃഷ്ടാന്തം, സംഭവം, സല്‍ക്രിയ എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്. പ്രാര്‍ത്ഥന കഴിഞ്ഞ് ദൃഷ്ടാന്തത്തെക്കുറിച്ചും സംഭവത്തെക്കുറിച്ചും മാതാപിതാക്കള്‍ ചോദിക്കും. അപ്പോള്‍ കൃത്യമായി മറുപടി പറയണം. അതുപോലെ പരമാവധി ചെയ്യാന്‍ കഴിയുന്ന സല്‍കൃത്യങ്ങള്‍ അതാത് ദിവസം നിര്‍ബന്ധമായും ചെയ്യണം. വണക്കമാസം കാലം കൂടുമ്പോള്‍ പള്ളിയില്‍ വലിയ ആഘോഷമായിരിക്കും. ആഘോഷമായ കുര്‍ബാന, പ്രാര്‍ത്ഥന, നേര്‍ച്ച, പടക്കം എന്നിവയുണ്ടാകും.

മാതാവിനോടുള്ള വണക്കമാസത്തിന്റെ പ്രാധാന്യം മനസിലാക്കിക്കൊണ്ടുതന്നെ ഇന്നും അത് തുടരുന്നു. ക്രിസ്തീയ ജീവിതത്തിന്റെ ശ്രേഷ്ഠത ഉറപ്പിക്കുവാനും വിശ്വാസം കച്ചവടമാക്കുന്ന ഈ കാലഘട്ടത്തില്‍ മാതാവിന്റെ വണക്കമാസത്തിന് ഏറെ പ്രാധാന്യമുണ്ട്. കുഞ്ഞുങ്ങള്‍ ഉണ്ടാകാത്ത ദമ്പതികള്‍ക്ക് മെയ്മാസ വണക്കമാസം ഏറ്റവും അനുഗ്രഹീതമായി കണ്ടിട്ടുണ്ട്. മുപ്പതു ദിവസത്തെ ദമ്പതികളുടെ സമര്‍പ്പണ പ്രാര്‍ത്ഥനയിലൂടെ കുട്ടികള്‍ ഉണ്ടായതായി അറിയാം. വണക്കം ആരാധനയല്ല എന്നാല്‍ പലപ്പോഴും കണ്ടുവരുന്നത് അങ്ങനെയാണ്.

ലൗകീകജീവിത വ്യഗ്രതയില്‍ വിശ്വാസത്തകര്‍ച്ച അതിന്റെ മൂര്‍ധന്യാവസ്ഥയിലാണിന്ന്. പരിശുദ്ധ അമ്മയോടുള്ള വണക്കം കുറഞ്ഞുപോകാതെ സംരക്ഷിക്കണം. വണക്കമാസത്തിന്റെ മാത്രമല്ല പ്രാര്‍ത്ഥനാ ജീവിതത്തിന്റെതന്നെ പ്രാധാന്യം പല മാതാപിതാക്കളും മക്കള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നില്ല. ഇത് ഭാവിയില്‍ അപകടം സൃഷ്ടിക്കും. തന്റെ കഴിഞ്ഞകാല ജീവിതത്തില്‍ ഒട്ടനവധി പ്രതിസന്ധികളും അപകീര്‍ത്തികളും നാശനഷ്ടങ്ങളും ഉണ്ടായിട്ടുപോലും പിടിച്ചു നില്‍ക്കുവാന്‍ കഴിഞ്ഞത് ഈ പ്രാര്‍ത്ഥനയിലൂടെയും വിശുദ്ധ കുര്‍ബാനയിലൂടെയുമാണ്.

ലൗകികജീവിതത്തില്‍നിന്നും നാം എന്തൊക്കെ ഉപേക്ഷിക്കുന്നുവോ അതൊക്കെ ആത്മീയ സന്തോഷത്തിന് കാരണമാകുന്നു. ഒരു ക്രിസ്ത്യാനിയുടെ ഐഡിന്റിറ്റി എപ്പോഴും മുറിപ്പാടാണ്. ഈശോയ്ക്കുവേണ്ടിയുള്ള ഒരു മുറിപ്പാട് ഉണ്ടാകണം. അതിനായി നമുക്ക് വേണ്ടത് സഹനം ഉണ്ടാവുക എന്നതാണ്. മറ്റുള്ളവരോട് ക്ഷമിക്കുക എന്നതാണ്.  രക്തം ചിന്തിയ രക്തസാക്ഷിത്വം ഇന്ന് പല രാജ്യങ്ങളിലും ഉയര്‍ന്നുവരുകയാണ്.

മാനുഷികമായ കാഴ്ചപ്പാടില്‍ ഏറെ ആശങ്കാകുലമാണെങ്കിലും ദൈവരാജ്യപ്രാപ്തിക്കുള്ള വഴി തുറക്കുകയാണിവിടെ. ഇതിന് മോചനം പ്രാര്‍ത്ഥന മാത്രമാണ്. 1998 മാര്‍ച്ച് ഒന്നിന് മാതാവ് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്, ദൈവാലയങ്ങള്‍ നശിപ്പിക്കപ്പെടും, ബലികള്‍ നിലയ്ക്കപ്പെടും, പുരോഹിതര്‍ നാടുകടത്തപ്പെടും. വിലാപത്തെക്കാള്‍ പ്രാര്‍ത്ഥനയാണിവിടെ ആവശ്യം. ഒരു ദ്വിതീയ പന്തക്കുസ്തായ്ക്ക് സഭ തേജസ്വിനിയായി ഒരുങ്ങണം. എല്ലാ കാര്യങ്ങളിലും നെഗറ്റീവായി കാണുന്ന ഇന്നത്തെ അവസ്ഥ മാറണം.

വിശ്വാസത്തിന് ക്ഷതം സംഭവിച്ചിരിക്കുന്നതുമൂലം മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഇവയില്‍നിന്നെല്ലാം ശുദ്ധീകരിക്കുവാന്‍ മാതാവിന്റെ സഹായം ആവശ്യമാണ്. അതിന് ജപമാലഭക്തി വിശ്വാസികളില്‍ ഉണ്ടാകണം. ഭൂമിയിലെ വസ്തുക്കള്‍ക്ക് വിലയില്ലാതായിത്തീരുമ്പോഴാണ് ദൈവത്തെമാത്രം ലക്ഷ്യംവയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുക. ഇത് സാധ്യമാക്കുന്നവനാണ് യഥാര്‍ത്ഥ ക്രിസ്ത്യാനി.

മാതാവിനോടുള്ള ഭക്തി നിത്യജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ്. എല്ലാ പുണ്യങ്ങളുടെയും വിളനിലമാണമ്മ. ജീവിതവിശുദ്ധിയിലും ദൈവസ്‌നേഹത്തിലും പക്വമതിയായി നിത്യരക്ഷ പ്രാപിക്കുവാനുള്ള പരിശ്രമങ്ങളില്‍ പരിശുദ്ധ അമ്മയെപ്പോലെ നമ്മെ സഹായിക്കാന്‍ മറ്റൊരു സാന്നിധ്യത്തിനും സാധിക്കില്ല. ദൈവമാതാവ് ദിവ്യകാരുണ്യ ഈശോവഴി സ്വര്‍ഗം നേടിത്തരുമെന്ന കാര്യത്തില്‍ സംശയത്തിന് ഇടയില്ല.


റാണി ജോണ്‍ കഞ്ചിക്കോട്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?