Follow Us On

28

October

2020

Wednesday

മാതാവിന്‍ വണക്കമാസം വരും നാളില്‍ വീട്ടിലെന്താഘോഷമായിരുന്നു…

മാതാവിന്‍ വണക്കമാസം വരും നാളില്‍ വീട്ടിലെന്താഘോഷമായിരുന്നു…

ഞങ്ങളുടെ രൂപതയിലെ (കോതമംഗലം) വന്ദ്യവൈദികനായിരുന്ന മാത്യു മുണ്ടയ്ക്കല്‍ അച്ചനെ ഓര്‍ത്തുപോവുകയാണ്. എപ്പോഴും ‘ഈശോ ഈശോ’ എന്ന് മന്ത്രിച്ചു നടക്കുന്ന അച്ചനെ ജനങ്ങള്‍ ‘ഈശോ അച്ചന്‍’ എന്നു വിളിച്ചുപോന്നു. എന്റെ അയല്‍ ഇടവകയായ പന്നിമറ്റം പള്ളിയില്‍ നിയമിതനായി വന്ന അച്ചന്‍ ആത്മീയ നിറവാര്‍ന്ന സമീപനങ്ങളാല്‍ ഇടവകജനങ്ങള്‍ക്ക് വളരെ പെട്ടെന്ന് പ്രിയങ്കരനായിത്തീര്‍ന്നു.

അന്ന്, അല്‍പം പാട്ടും കവിതയുമൊക്കെയായി നടന്നിരുന്ന എന്നോട് അച്ചന് ഏറെ വാത്സല്യമായിരുന്നതിനാല്‍ അച്ചന്റെ പ്രാര്‍ത്ഥനകള്‍ക്കായും ഉപദേശങ്ങള്‍ക്കായും പലപ്പോഴും ഞാന്‍ അദ്ദേഹത്തിനരികില്‍ എത്താറുണ്ടായിരുന്നു. ഒരിക്കല്‍ അച്ചന്‍ പറഞ്ഞു: ”മോനേ, ഈശോ നമുക്ക് തിരുസഭയിലൂടെ നല്‍കുന്ന സ്‌നേഹാനുഗ്രഹങ്ങള്‍ക്ക് അളവുകളില്ല. കൂദാശകളിലൂടെ നമ്മിലേക്ക് പരിശുദ്ധാത്മാവിന്റെ നിറവ് അവിടുന്ന് ഒഴുക്കുന്നു. അതുപോലെതന്നെ സഭയുടെ വിശ്വാസപാരമ്പര്യ സുകൃതവഴികളും നമുക്കായി അവിടുന്ന് തെളിച്ചുതരുന്നു.

അവ നമ്മെ കൃപകളില്‍ വളര്‍ന്നു മുന്നേറാന്‍ സഹായിക്കുന്നു. ഉദാഹരണമായി, ജപമാലഭക്തി, ഉത്തരീയഭക്തി, തിരുഹൃദയഭക്തി, വണക്കമാസ ആചരണം, സുകൃതജപ പ്രാര്‍ത്ഥനകള്‍… ഇവയ്‌ക്കൊക്കെ വലിയ മൂല്യങ്ങളുണ്ട്. എന്നാല്‍ പുണ്യസുകൃതങ്ങളില്‍ നാം വളരാന്‍ ഈശോ ഒരുക്കുന്ന ഈ സമ്മാനങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നാം കൊടുക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്.”

”മെയ്മാസ വണക്കത്തെപ്പറ്റി ഒന്നു ചിന്തിക്കാം” അച്ചന്‍ തുടര്‍ന്നു. മെയ്മാസം വന്നു കഴിഞ്ഞാല്‍ പ്രാര്‍ത്ഥനാമുറി അലങ്കരിച്ച്, പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തില്‍ പൂമാല ചാര്‍ത്തി, അമ്മയ്ക്ക് പ്രത്യേക വണക്കം നല്‍കിക്കൊണ്ടായിരുന്നു വണക്കമാസം ആചരണം. ഇന്ന് പ്രാധാന്യം കുറഞ്ഞു കാണുന്നു. മെയ് ഒന്നാം തിയതി മുതല്‍ 31 വരെ എന്ത് ആഘോഷമായിരുന്നു. പൂത്തിരി കത്തിച്ച് പടക്കം പൊട്ടിച്ച്, പാച്ചോര്‍ നേര്‍ച്ച നടത്തി ആനന്ദത്തോടെ കൊണ്ടാടിയിരുന്ന ആ പ്രാര്‍ത്ഥനകള്‍ ഇനിയുള്ള കാലം മങ്ങി മറഞ്ഞുകൊണ്ടേയിരിക്കും.

ഫലമെന്തായിരിക്കും അമ്മയെ നാം അവഗണിച്ചാല്‍, ദുഷ്ടാരൂപി നമ്മെ വഴിതെറ്റിക്കാന്‍ കടന്നുകയറും. നമ്മെ തിന്മയില്‍നിന്ന് കാത്തുപാലിക്കാന്‍ അമ്മയെയാണ് ഈശോ ഭരമേല്‍പിച്ചിരിക്കുന്നത്. മോന് പാട്ട് എഴുതാന്‍ കഴിവുണ്ടല്ലോ. ഈശോ തന്ന കഴിവല്ലേ. സഭയിലെ ഈ പാരമ്പര്യ സുകൃതങ്ങള്‍ ഒരു രചനയായി കുറിക്കാന്‍ ഈശോ ആഗ്രഹിക്കുന്നുണ്ട്. മോന്‍ ഒന്ന് ശ്രമിക്ക്.

ഞാന്‍ ശ്രമിക്കാമച്ചോ, അച്ചന്‍ പ്രാര്‍ത്ഥിച്ചാല്‍ മതി – ഞാന്‍ പറഞ്ഞു. ഓ അതിനെന്താ ഇപ്പോള്‍ പ്രാര്‍ത്ഥിക്കാമല്ലോ എന്നു പറഞ്ഞ് അച്ചന്‍ പള്ളിയില്‍ ഒരു ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന നിത്യസഹായ മാതാവിന്റെ മുന്നില്‍ എന്നെ നിര്‍ത്തി. എന്നിട്ട് അച്ചന്‍ മാതാവിനോട് പറഞ്ഞു: ”അമ്മേ ഈ മോന് വേണ്ട എല്ലാ ആശയങ്ങളും അമ്മ ഈശോയില്‍നിന്ന് വാങ്ങിക്കൊടുക്കണം.” പിന്നെ എന്റെ തലയില്‍ കൈകള്‍വച്ച് പ്രാര്‍ത്ഥിച്ചു.

ആ മാതൃസന്നിധിയിലിരുന്ന് ഞാന്‍ എഴുതാന്‍ ആരംഭിച്ചു. പരിശുദ്ധാത്മാവ് ആശയങ്ങള്‍ നല്‍കി. ഒരു ഗാനം പിറക്കുകയായിരുന്നു.
എത്രയും ദയയുള്ള മാതാവേ ചൊല്ലി
ബാല്യം മുതലേ ഞാന്‍ വളര്‍ന്നു
എന്നുടെ നിഴലായ് നിത്യ സഹായമായ്
മാതാവെന്നെന്നും കൂടെവന്നു……
മാതാവിന്‍ വണക്കമാസം വരും നാളില്‍
വീട്ടിലെന്താഘോഷമായിരുന്നു
പ്രാര്‍ത്ഥനാമുറിയെല്ലാം പൂമാല തൂക്കിടും
പ്രാര്‍ത്ഥനാഗീതങ്ങളാര്‍ത്തു പാടും..
ഇന്നും വണക്കമാസസമാപനത്തില്‍ ഈ ഗാനം ഏതെങ്കിലും ദൈവാലയത്തില്‍ ഉയരുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാറുണ്ട്…


ബേബി ജോണ്‍ കലയന്താനി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?