Follow Us On

28

October

2020

Wednesday

ഹൃദയമിടിപ്പുകള്‍ എണ്ണിയാല്‍ മതിയമ്മേ…

ഹൃദയമിടിപ്പുകള്‍  എണ്ണിയാല്‍ മതിയമ്മേ…

പരിശുദ്ധ അമ്മയുടെ വണക്കമാസം എന്നെ സംബന്ധിച്ചിടത്തോളം ബാല്യത്തിലെ ഏറ്റവും മനോഹരമായ ഓര്‍മ്മയാണ്. സത്യം പറഞ്ഞാല്‍ അമ്മയെ അടുത്തറിഞ്ഞതിനു ശേഷമാണ് കൂദാശകള്‍ ഞാന്‍ കൂടുതല്‍ രുചിച്ചറിയുന്നത്.  ഓരോ കുര്‍ബ്ബാനയും ഞാനര്‍പ്പിച്ചിട്ടുള്ളത് മറിയത്തോടൊപ്പമാണ്. മറിയത്തെ ലോകത്തിനു കൂടുതല്‍ വെളിവാക്കിയതുകൊണ്ടാണ് വിശുദ്ധ ജോണ്‍ പോള്‍ മാര്‍പ്പാപ്പയെ ഞാനിത്ര സ്‌നേഹിക്കുന്നതും.

മറിയത്തിന്റെ മിഴികളിലൂടെ ഈശോയെ ധ്യാനിക്കുകയെന്നത് എനിക്കും വളരെ ഇഷ്ടമാണ്. തീയിലേക്ക് ഒരു മണിക്കൂര്‍ കണ്ണെടുക്കാതെ നോക്കിയാല്‍ നമ്മുടെ കണ്ണ് തീക്കട്ട പോലെ ചെമക്കുമെന്ന് പറയാറില്ലേ? എങ്കില്‍ പിന്നെ ആയുസുമുഴുവന്‍ തന്റെ മകനെ നോക്കിയ അമ്മയുടെ മിഴികളില്‍ ഈശോ പ്രതിഫലിക്കാതിരിക്കുമോ? ഈശോ മുഖം നോക്കുന്ന നിര്‍മ്മല ദര്‍പ്പണമാണ് മറിയത്തിന്റെ മിഴികള്‍.

മറ്റൊന്നുകൂടി ഉണ്ട്. പെറ്റമ്മയും മറിയവും തമ്മിലുള്ള സമാനത എന്നെ വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്. കുറ്റവും കുറവും ഉണ്ടായിരുന്ന എന്റെ അമ്മ എന്നെ കാത്തിരുന്നതും, വില വെച്ചതും, മാനിച്ചതും, ഉരുകിയതും മറക്കാനാവില്ല. കുറവുള്ള എന്റെ പെറ്റമ്മ, ഇത്രയും സ്‌നേഹിച്ചാല്‍ കുറവില്ലാത്തവന്റെ അമ്മ അതായത് മറിയം എന്ന കറയില്ലാത്ത അമ്മ എന്റെ പൂര്‍ണമാനസാന്തരം എത്രമാത്രം കൊതിക്കും! ഞാനാകും മുള്‍പടര്‍പ്പില്‍ ദൈവസ്‌നേഹമാകുന്ന തീ പടര്‍ന്നാല്‍ ഏറ്റവും കൊതിച്ചു സ്വര്‍ഗ്ഗത്തിന്റെ ഉമ്മറപ്പടിക്കല്‍ മറിയമുണ്ട്. അതൊരു സുഖകരമായ ഓര്‍മ്മ ആയി ഞാന്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്നു.

കാനായിലെ കല്യാണത്തിന്റെ രംഗം വായിക്കുമ്പോള്‍ ഞാന്‍ മറിയത്തെ കുമ്പിടാറുണ്ട്. അത്ര മതിപ്പു തോന്നിയിട്ടുണ്ട് എനിക്ക്. അവിടെ കുടുംബനാഥന്‍പോലും കാണാത്ത കുറവ് കണ്ടെത്തിയത് മറിയമാണ്. സഹായിക്കുവാന്‍ തത്രപ്പെട്ടതും അവളാണ്. അവളതു ചെയ്യും. കാരണം അവള്‍ സഹായകന്റെ ‘പറോക് ലേഥാ’യുടെ പ്രിയമണവാട്ടിയാണ്. മറിയം നിത്യ സഹായകമായി മാറുന്നതങ്ങനെയാണ്.

മരിയന്‍ ഗാനങ്ങള്‍ എഴുതി തുടങ്ങിയത് ഈ ആദരവില്‍ നിന്നാണ്. ഒരു കാര്യം ഉറപ്പാണ്. മരിയന്‍ ഗാനങ്ങള്‍ എഴുതി തുടങ്ങിയപ്പോള്‍ എനിക്കു ലഭിച്ച ഉള്‍ക്കാഴ്ച പറഞ്ഞറിയിക്കാന്‍ വയ്യ. ഒരു കാര്യം മാത്രം കുറിക്കാം. ഒരിക്കല്‍ യാത്രയില്‍ എനിക്കൊരു ചിന്തയുണ്ടായി.. എന്റെ ഹൃദയം എത്ര തവണ സ്പന്ദിക്കുന്നുണ്ടോ അത്രയും തവണ അത് അമ്മേ എന്നു വിളിച്ചാണ് സ്പന്ദിക്കുന്നത് എന്ന്. മെല്ലെ ഒരു പാട്ടു വന്നു:

”അമ്മേ മാതാവേ എന്നു ഞാനെന്നുള്ളില്‍ എത്ര വിളിച്ചെന്നറിയാന്‍
ഹൃദയമിടിപ്പുകള്‍ എണ്ണിയാല്‍ മതിയമ്മേ….അത്രമേല്‍ സ്‌നേഹിച്ചു നിന്നെ…
പാട്ടും സംഗീതവും ഒരുമിച്ചു വന്നു. ഞാന്‍ മെല്ലെ ഒന്നു തേങ്ങി. പക്ഷേ ഈ പാട്ടിന്റെ ബാക്കി ഭാഗം എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. വീണ്ടും വീണ്ടും ഞാന്‍ ശ്രമിച്ചു. അവസാനം എന്റെ മുറിക്കുള്ളിലിരുന്ന് പ്രാര്‍ത്ഥനയോടെ പാടിയപ്പോള്‍ ആദ്യം എനിക്ക് ലഭിച്ച നാല് വരി ഒരു സംഗീതത്തോടെ എനിക്ക് കിട്ടി. അപ്പോള്‍ കണ്ണുനിറഞ്ഞു. നോക്കിയപ്പോള്‍ അതാ ജനാലയ്ക്ക ല്‍ വികാരിയച്ചനെ കാണാന്‍ വന്ന അമ്മമാരുടെ മുഖം. ഞാന്‍ കരഞ്ഞത് അവര്‍ കണ്ടു. കരഞ്ഞത് അറിയാതിരിക്കുവാന്‍ മുഖം തുടച്ചു. അപ്പോള്‍ അനുപല്ലവി വന്നു.

”കരയുന്നത് ആരുമേ കാണാതിരിക്കാന്‍………….കൈതലം കൊണ്ടു മറയ്ക്കവേ………………കുരിശിന്റെ പൂഞ്ചിറകേറിവന്നമ്മ…….സ്‌നേഹതൂവാല നീട്ടി…
പിന്നെ ഒരു ഉള്‍ക്കാഴ്ച ലഭിച്ചു.
”വേച്ചു വീഴാതെ താങ്ങേകുന്ന കൃപയുടെ……
വേലിക്കെട്ടാണു സ്ലീവായെന്ന്
നെറുകയില്‍ പൊന്നുമ്മ തന്നുകൊണ്ടമ്മ ……സ്വര്‍ഗ്ഗീയ ജ്ഞാനമേകി…
സ്ലീവായെ വേലിക്കെട്ടിനോട് എന്തുകൊണ്ട് ഉപമിച്ചു എന്ന് പി ന്നീട് പലരും എന്നെ കാണുമ്പോള്‍ ചോദിക്കുമായിരുന്നു. പള്ളിയിലിരുന്നപ്പോള്‍ അതിനു ഉത്തരം കിട്ടി.

പല കുരിശുകള്‍ ഒന്ന് ഒന്നിനോട് ചേര്‍ത്തു വെയ്ക്കുമ്പോള്‍ ഉള്ളിലൊരു ചിന്ത തോന്നി. അത്ഭുതം നാലഞ്ചു കുരിശുകള്‍ ചേര്‍ന്നിരിക്കുമ്പോള്‍ ഒരു വേലിക്കെട്ടു രൂപപ്പെടുന്നു…. അമ്മ എന്നോടു പറയുന്നതു പോലെ തോന്നി. മകനേ ചെറിയ ചെറിയ കുരിശു കൊണ്ടു തീര്‍ത്ത വേലിക്കെട്ടുകൊണ്ടാണ് നീ വീഴാതിരിക്കാന്‍ സ്വര്‍ഗ്ഗം താങ്ങ് ഏര്‍പ്പെടുത്തിയത്. ഞാന്‍ വീണ്ടും സന്തോഷം കൊണ്ട് കരഞ്ഞു. മറിയം എന്നെ എത്രയോ വളര്‍ത്തി… ഉയര്‍ത്തി. അത് അത്രവേഗം ഒന്നും പറഞ്ഞു തീരില്ല. പറഞ്ഞുതീര്‍ക്കുകയാണ്. ആ കടപ്പാട് തുടരട്ടെ!


ഫാ. ഷാജി തുമ്പേച്ചിറയില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?