Follow Us On

28

October

2020

Wednesday

എന്റെ അമ്മ എന്നെ നോക്കിയ നിമിഷം…

എന്റെ അമ്മ എന്നെ നോക്കിയ നിമിഷം…

ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിക്കാത്തതുകൊണ്ടുതന്നെ ഞാന്‍ യേശുവിനെ അറിയുന്നത് എന്റെ 25-ാമത്തെ വയസിലാണ്. ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍നിന്ന്. 1995-ല്‍ യേശുവിന്റെ സ്‌നേഹത്തിന്റെ ആഴവും നീളവും ഉയരവും അനുഭവിച്ചറിഞ്ഞെങ്കിലും പരിശുദ്ധ മാതാവിനെക്കുറിച്ച് ഒന്നും അറിവില്ലായിരുന്നു. എന്നാല്‍ 1997-ല്‍ കോഴിക്കോട് പ്രസന്റേഷന്‍ സ്‌കൂളില്‍ നടന്ന യുവജനധ്യാനത്തില്‍ പങ്കെടുക്കുവാന്‍ എനിക്കും ഭാഗ്യമുണ്ടായി.

യേശുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ കുടുംബത്തില്‍നിന്നും ബന്ധുമിത്രാദികളില്‍നിന്നും ഒരുപാട് സമ്മര്‍ദം ഏറ്റുവാങ്ങി തകര്‍ന്നു തരിപ്പണമായിരിക്കുന്ന ഞാന്‍ ധ്യാനദിവസങ്ങളില്‍ എന്റെ ഭാരങ്ങളൊന്ന് ഇറക്കിവയ്ക്കുവാന്‍ ധ്യാനഗുരുക്കന്മാരുടെ പുറകെ നടന്നു. എന്നാല്‍ എന്നെ കേള്‍ക്കാന്‍ ആര്‍ക്കും സമയമില്ല. അതും ഒരു ഭാരമായിരിക്കുമ്പോഴാണ് പരിശുദ്ധ മാതാവിനെക്കുറിച്ച് ഒരു ശുശ്രൂഷകന്‍ തന്റെ മാതൃഭക്തിയിലൂടെയും ജപമാല ഭക്തിയിലൂടെയും ലഭിച്ച ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങളെക്കുറിച്ച് പത്തുമിനിറ്റ് സംസാരിച്ചത്.

അതെന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. കാരണം ഞാന്‍ ആദ്യമായാണ് മാതാവിനെക്കുറിച്ച് കേള്‍ക്കുന്നത്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ സമയം. ചാപ്പലിലേക്ക് ഞങ്ങളെ വരിവരിയായി കൊണ്ടുപോകുന്ന സമയം. ആ വരാന്തയില്‍വച്ച് മനസുകൊണ്ട് ഞാന്‍ ആദ്യമായി മാതാവിനോട് പ്രാര്‍ത്ഥിച്ചു. ആ ചാപ്പലില്‍ മുട്ടുകുത്തി. ഞാന്‍ അറിയാതെ നോക്കിയത് മാതാവിന്റെ ഫോട്ടോയിലേക്കായിരുന്നു. ആ നിമിഷത്തെ നോട്ടം എന്നെ അത്ഭുതപ്പെടുത്തി. ‘മാതാവിന്റെ കണ്ണുകള്‍ക്ക് ജീവന്‍, ആ മുഖത്തുനിന്ന് മാതൃസ്‌നേഹം നിറഞ്ഞൊഴുകുന്നു – എന്നിലേക്ക്. എന്റെ കണ്ണുകളെ വിശ്വസിക്കാനാവാത്തവിധം ആ ചിത്രം എന്നെ കീഴ്‌പ്പെടുത്തി.’

എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരു കൊച്ചുകുട്ടിയെപ്പോലെ ആ മാതൃസ്‌നേഹം ഞാന്‍ ആവോളം അനുഭവിച്ചു. എന്റെ എല്ലാ ഭാരങ്ങളും തകര്‍ച്ചകളും എന്നെ വിട്ടുപോയതായി ഞാന്‍ തിരിച്ചറിഞ്ഞു. അന്നുമുതല്‍ തുടങ്ങിയ യാത്രയാണ്. ഇന്ന് ആയിരങ്ങളുടെ മുന്നില്‍നിന്ന് പ്രഘോഷിക്കുവാനും പാടുവാനുമുള്ള വരം ലഭിച്ചത് അമ്മയില്‍ നിന്നാണ്.

അനില്‍ ഫ്രാന്‍സിസ്, മലപ്പുറം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?