Follow Us On

18

April

2024

Thursday

പരിശുദ്ധ അമ്മയുടെ വണക്കമാസം ആഘോഷമായ സമയം…

പരിശുദ്ധ അമ്മയുടെ വണക്കമാസം ആഘോഷമായ സമയം…

മെയ്മാസത്തെ മാതാവിന്റെ വണക്കമാസം ഞങ്ങളുടെ വീടിനെ സംബന്ധിച്ച് ഏറ്റവും ആര്‍ഭാടമായി കൊണ്ടാടുന്ന പതിവാണുള്ളത്. അന്ന് ഞങ്ങള്‍ മെയ് മാസമാകുമ്പോള്‍ ഒരു മേശയൊരുക്കി, മാതാവിന്റെ പടംവച്ച്, അതിനു ചുറ്റും പൂക്കള്‍വച്ച്, അലങ്കരിക്കും. ഞങ്ങള്‍ പത്തുമക്കളായതുകൊണ്ട് ഓരോരുത്തര്‍ക്കും മാറി മാറി അതിന്റെ ഡ്യൂട്ടി ഉണ്ടാകും. അങ്ങനെ മെയ്മാസം മുഴുവന്‍ മാതാവിന്റെ ഓര്‍മ, സുകൃതങ്ങളൊക്കെ ധ്യാനിക്കുന്ന മാസമാണ്.

മെയ് 31 – ഞങ്ങള്‍ ഒരിക്കലും മറക്കില്ല. കാരണം അന്ന് ഞങ്ങളുടെ അമ്മയുടെ ജന്മദിനമാണ്. ഈ വര്‍ഷം അമ്മ ഞങ്ങളുടെ കൂടെയുണ്ടെങ്കില്‍ നൂറുവയസ് ഉണ്ടാകും. ഞങ്ങള്‍ എല്ലാ മക്കളും മെയ് 31-ന് ഒന്നിച്ചുകൂടും. വണക്കമാസം കാലം കൂടാനായിട്ട്. അത് വളരെ പ്രധാനപ്പെട്ടതാണ്.  അമ്മയുടെ ജന്മദിനമായതുകൊണ്ടല്ല, മാതാവിന്റെ വിമലഹൃദയത്തിന് ഞങ്ങളെ പ്രതിഷ്ഠിക്കുന്ന ദിവസം. അതിനുശേഷം അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ചക്കയും പൊരിയും നേര്‍ച്ച ഞങ്ങള്‍ അയല്‍പക്കത്തെ വീടുകളിലൊക്കെ കൊണ്ടുപോയി കൊടുക്കും.

എല്ലാവരും വളരെ സന്തോഷമായി, ആര്‍ഭാടമായി ഒന്നുചേരുന്ന ദിവസമാണ് വണക്കമാസം കാലംകൂടല്‍. അതിന്റെ തലേന്ന് ഞങ്ങളെല്ലാവരും ഒന്നിച്ച് പള്ളിയില്‍ പോയി കുമ്പസാരിച്ച് കുര്‍ബാന സ്വീകരിക്കും. രാത്രി കുടുംബപ്രാര്‍ത്ഥനയ്ക്ക് മുമ്പ് മാതാവിന്റെ ലദീഞ്ഞ് പാടും.  മാതാവിന്റെ ജപമാല ആഘോഷമായിട്ട് ചൊല്ലും. മാതാവിന്റെ വിമലഹൃദയത്തിന് എല്ലാവരെയും പ്രതിഷ്ഠിക്കും. അതിനുശേഷം പൊരി, പാച്ചോറ്, ചക്കച്ചുള എന്നിവയാണ് നേര്‍ച്ചയായി കഴിക്കുക.
നമ്മുടെ കുടുംബത്തെ ഒന്നിച്ചു നിര്‍ത്തുന്ന ഏറ്റവും വലിയ ശക്തിയാണ് പരിശുദ്ധ അമ്മ.

എന്റെ അമ്മ എല്ലായ്‌പ്പോഴും പറഞ്ഞിരുന്ന ഈ വാക്കുകള്‍ ഇന്നും എന്റെ മനസിലുണ്ട്. എന്റെ മൂത്ത ജ്യേഷ്ഠന് 75 വയസ് പ്രായമുണ്ട്. എങ്കിലും ഞങ്ങളുടെ കുടുംബത്തില്‍ യാതൊരു അസ്വസ്ഥതകളുമില്ല. എന്റെ അമ്മ പറയാറുണ്ട്, പരിശുദ്ധ അമ്മയുടെ നേതൃത്വം സ്വീകരിക്കുന്ന ഒരു കുടുംബത്തിലും യാതൊരുവിധ വിഭാഗീയ ചിന്തകളോ അസ്വസ്ഥതകളോ ഒന്നുമുണ്ടാകില്ലെന്ന്. ചെറുപ്പകാലത്ത് സാമ്പത്തിക സുസ്ഥിതിയൊന്നുമില്ലാതിരുന്ന കുടുംബമായിരുന്നു എന്റേത്. സംഘര്‍ഷങ്ങളും വേദനകളുമൊക്കെ ഉണ്ടാകുമ്പോള്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഐക്യമാണ് ഇവിടെയൊക്കെ ഞങ്ങള്‍ക്ക് ശക്തി പകര്‍ന്നു നല്‍കിയിട്ടുള്ളത്.

മാതാവിന്റെ നേതൃത്വമുള്ള കുടുംബങ്ങളില്‍ യാതൊരുവിധ അസ്വസ്ഥതകളോ വിഭജനങ്ങളോ വീടുകളിലുണ്ടാവില്ലെന്നതാണ് എന്റെ വിശ്വാസം. ഞങ്ങളുടെ അമ്മ പറഞ്ഞുതന്നത് ഞാനോര്‍ക്കുന്നു – കര്‍ത്താവിന്റെ ഉത്ഥാനശേഷം ശിഷ്യന്മാര്‍ വേര്‍പെട്ടപ്പോള്‍ അവരെ ഒരുമിച്ചു കൂട്ടി സെഹിയോന്‍ ഊട്ടുശാലയില്‍ പ്രാര്‍ത്ഥിപ്പിച്ച് കാത്തിരിക്കാന്‍ പ്രചോദനം നല്‍കിയത് പരിശുദ്ധ അമ്മയാണ്. പന്തക്കുസ്ത അനുഭവത്തിനുശേഷം അവര്‍ക്ക് ധൈര്യം കിട്ടി. അവര്‍ ആ പ്രതിസന്ധി അതിജീവിച്ചു. നമ്മുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകളില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ പരിശുദ്ധ അമ്മയുടെ സഹായം ഉണ്ടാകണമെന്ന് അമ്മ ഇടയ്ക്കിടെ പറയാറുണ്ട്.

ഇന്ന് കത്തോലിക്കാ കുടുംബങ്ങളിലും സഭയ്ക്കകത്തും ഒരുപാട് വിഭാഗീയതകളുണ്ട്. വൈദികര്‍, സന്യസ്തര്‍, അല്മായര്‍, കുടുംബകൂട്ടായ്മകള്‍, കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍, കത്തോലിക്കാ സമൂഹം ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധിയാണ്. നമ്മുടെ ഉള്‍ക്കരുത്ത്, കൂട്ടുത്തരവാദിത്വം അത് നമുക്ക് നഷ്ടപ്പെട്ടു എന്നുള്ളത്. അത് തിരിച്ചുപിടിക്കാന്‍ പരിശുദ്ധ അമ്മയോടുള്ള സ്‌നേഹവും ഐക്യവും നമ്മെ സഹായിക്കും.

വണക്കമാസ തിരുനാള്‍ കാലഘട്ടത്തില്‍ എനിക്ക് തോന്നിയിട്ടുള്ളത് ശത്രുക്കള്‍ ഇല്ലാത്തൊരാള്‍ പരിശുദ്ധ മറിയമാണ് എന്നാണ്. കുരിശിന്റെ വഴിയില്‍ പന്ത്രണ്ടാം സ്ഥലത്ത് അമ്മ കുരിശിന്റെ താഴെ നിന്നു. പതിമൂന്നാം സ്ഥലത്ത് ഈശോയുടെ മൃതദേഹം അമ്മ മടിയില്‍ കിടത്തി. ഒരിടത്തും അമ്മ പരിഭവം പറയുന്നതായി നാം കാണുന്നില്ല. അങ്ങനെ ആരെയും കുറ്റപ്പെടുത്താതെ, എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള മനസ്, എന്റെ ജീവിതത്തില്‍ ലഭിക്കാന്‍ എനിക്ക് കാരണമായിട്ടുള്ളത് ഈ മാതൃഭക്തിയാണ്.

എത്ര വലിയ ശത്രുവാണെങ്കിലും അവനെക്കൂടെ ഉള്‍ക്കൊള്ളുമ്പോഴാണ് എന്റെ പൂര്‍ണത, സമഗ്രത, അത് സത്യത്തില്‍ സാക്ഷാത്ക്കരിക്കപ്പെട്ടുവെന്ന ചിന്ത, അതെന്റെ മനസില്‍ വണക്കമാസത്തിലൂടെ കടന്നുവന്നതാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ വണക്കമാസം കാലംകൂടുമ്പോള്‍ നേര്‍ച്ചകള്‍ ഞങ്ങളുമായി ഇഷ്ടമില്ലാത്ത വീടുകളില്‍വരെ പോയി കൊടുക്കാറുണ്ട്. അവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഹൃദയവിശാലത എന്നെ പഠിപ്പിച്ചുതന്ന പാഠപുസ്തകം പരിശുദ്ധ അമ്മയുടെ ജീവിതമാണ്.

ശത്രുക്കളെക്കൂടി ഉള്‍ക്കൊള്ളുമ്പോഴാണ് നമ്മുടെ വ്യക്തിത്വം അതിന്റെ പൂര്‍ണതയിലെത്തുന്നത്. ഒരാളെ മാറ്റിനിര്‍ത്തുമ്പോള്‍ വ്യക്തിത്വത്തില്‍ അത്രയേറെ ശൂന്യതയും ശുഷ്‌കതയും ഉണ്ടെന്നുള്ള ചിന്ത. മാതാവിന്റെ വണക്കമാസ തിരുനാള്‍ തരുന്ന മറ്റൊരു ചിന്ത, എന്റെ ആവശ്യത്തെക്കാള്‍ അപരന്റെ ആവശ്യം പ്രധാനപ്പെട്ടതാണെന്ന ബോധ്യമാണ്. മറിയത്തിന് ഒത്തിരി സംഘര്‍ഷങ്ങളും വേദനകളുമൊക്കെ ഉണ്ടായിട്ടുണ്ട്.

ഒരു കുടുംബത്തിന്റെ തകര്‍ച്ചയും വേദനയും അവര്‍ മനസിലാക്കിയതിനെക്കാള്‍ കൂടുതല്‍ മനസിലാക്കാന്‍ കാനായിലെ കല്യാണ വിരുന്നില്‍ മറിയം പരിശ്രമിച്ചു, അതിനു സാധിച്ചു. ലോകത്തില്‍ എവിടെയൊക്കെ സംഘര്‍ഷങ്ങളും അസ്വസ്ഥതകളുമുണ്ടായിട്ടുണ്ടോ അവിടെയൊക്കെ മറിയം പ്രത്യക്ഷപ്പെടുന്നുണ്ട്. അവിടെയൊക്കെ മറിയത്തിന് മകനോട് എന്തോ പറയാനുണ്ട്. അവര്‍ക്ക് സമാധാനമില്ല, സ്വസ്ഥതയില്ല നീ ഇടപെടണമെന്ന് പറയുന്ന ഒരമ്മ. ക്രൈസ്തവ ജീവിതത്തിന്റെ വളര്‍ച്ചയുടെ ചക്രവാളമാണ് മറ്റുള്ളവരുടെ ആവശ്യങ്ങളില്‍, വേദനകളില്‍ നമുക്ക് കുറെക്കൂടെ ഒരു കരുതലുണ്ടാകാന്‍.

ഇന്ന് മനുഷ്യന്‍ അന്യവല്‍ക്കരിക്കപ്പെടുന്ന സംസ്‌കാരത്തിലാണ് ജീവിക്കുന്നത്. ആരും ആര്‍ക്കും പരസ്പരം ബന്ധപ്പെട്ടവരല്ല. എല്ലാവരും ദ്വീപുകളാണ്. എനിക്ക് പ്രത്യേകിച്ച് വേറെ ആരോടും കടപ്പാടില്ല. അങ്ങനെയുള്ള നിലപാട് മാറ്റണം. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംസ്‌കാരത്തിലേക്ക് വളരാന്‍ നമുക്ക് സാധിക്കണം. ഈ ചിന്തകളാണ് എനിക്ക് വണക്കമാസ കാലഘട്ടത്തില്‍ പങ്കുവയ്ക്കാനുള്ളത്.

 

ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?