Follow Us On

28

October

2020

Wednesday

‘വണക്കമാസം’ സ്പര്‍ശിക്കുന്ന ജീവിതദര്‍ശനം

‘വണക്കമാസം’ സ്പര്‍ശിക്കുന്ന ജീവിതദര്‍ശനം

ദൈവവചനം മനുഷ്യജീവിതത്തിന് ശക്തി പകര്‍ന്നു. സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചു നില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. സര്‍വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍.

രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍” (എഫേ. 6:14-17). അതെ, സമൂഹത്തെ നശിപ്പിക്കുവാനും ക്രിസ്തീയ വിശ്വാസം ഇല്ലായ്മ ചെയ്യുവാനും പരിശ്രമിക്കുന്ന തിന്മകള്‍ക്ക് ജപമാല പരിഹാരമാര്‍ഗമാണ്. വണക്കമാസത്തിന്റെ ഭാഗമായി തിന്മകള്‍ക്കുനേരെ സ്വീകരിക്കേണ്ട ആയുധമാണ് ജപമാലഭക്തി. തിന്മയുടെ ശക്തികളെ അതിജീവിച്ചവനാണ് ക്രിസ്തു. അതിനാല്‍ നമ്മുടെ വിശ്വാസം ഏറ്റുപറയാന്‍ സഹായിക്കുന്ന ശക്തിയാണ് ജപമാല.

ആത്മരക്ഷയാണ് ദൈവത്തില്‍നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം. രക്ഷ പ്രാപിക്കുവാന്‍, അനുഗ്രഹങ്ങള്‍ നേടുവാന്‍ ആവശ്യമായ ഘടകങ്ങളാണ് വിശ്വാസവും അധരങ്ങള്‍കൊണ്ടുള്ള ഏറ്റുപറച്ചിലും. ഇവ ഉള്‍ക്കൊള്ളുന്നതാണ് ജപമാലഭക്തി. സ്വാര്‍ത്ഥലാഭത്തിനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുമായി ഏത് അനീതിക്കും കൂട്ടുനില്‍ക്കുവാന്‍ മനുഷ്യര്‍ക്ക് ഒരിക്കലും മടിയില്ല. സുഗമമായി സഞ്ചരിക്കാമെന്നോ സുരക്ഷിതമായി തിരിച്ചുവരാമെന്നോ ആര്‍ക്കും ഒരു പ്രതീക്ഷയുമില്ല. നിഷ്‌കളങ്കരായ മനുഷ്യരാണ് പലപ്പോഴും കൂട്ടക്കുരുതിക്ക് വിധേയരാകുന്നത്.

മാനസാന്തരത്തിലൂടെയല്ലാതെ നിയമങ്ങളിലൂടെയും ശിക്ഷണ നടപടികളിലൂടെയും തിന്മ വിതയ്ക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാവില്ല. ദാമ്പത്യബന്ധം വേര്‍പെടുത്തല്‍, ഗര്‍ഭഛിദ്രം, ആത്മഹത്യ തുടങ്ങിയ കൊടുംപാതകങ്ങള്‍ ഇന്ന് സാധാരണ സംഭവങ്ങളായിട്ടുണ്ട്. ഇത്തരം തിന്മകള്‍ക്ക് ഉത്തരമാണ് ജപമാല. വണക്കമാസം ജീവിതത്തിന് ഉണ്ടായ തിന്മകള്‍ക്കുള്ള പശ്ചാത്താപമാണ്. പുറമെ ജപമാലഭക്തിയിലൂടെ നന്മയുടെ വാതില്‍ തുറക്കുന്നു.
ലൂര്‍ദിലും ഫാത്തിമയിലുമൊക്കെ അമ്മ പ്രത്യക്ഷപ്പെട്ടപ്പോള്‍ പരിഹാരമായി മാതാവ് ചൂണ്ടിക്കാണിച്ചത് ഭക്തിപൂര്‍വ്വം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാനും പ്രായശ്ചിത്തം അനുഷ്ഠിക്കാനുമാണ്.

യേശുവിന്റെ ജീവിതരഹസ്യങ്ങളെക്കുറിച്ചാണ് ജപമാലയിലൂടെ നാം ധ്യാനിക്കുന്നതും പ്രാര്‍ഥിക്കുന്നതും. യേശുവിന്റെ ജനന-പരസ്യ ജീവിത പീഡാനുഭവങ്ങള്‍, ഉയിര്‍പ്പ് എന്നിവയെല്ലാം നാം ധ്യാനമാക്കുന്നു. ഒരേ പ്രാര്‍ത്ഥനകള്‍തന്നെ പലവട്ടം ഉരുവിടുമ്പോള്‍ ഉണ്ടാകുന്ന ആവര്‍ത്തന വിരസത ജപമാലയുടെ കുറവായി പലരും ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ ഭക്തിപൂര്‍വം ജപമാല ചൊല്ലുന്നവര്‍ക്ക് ആവര്‍ത്തന വിരസതയല്ല, ആഴമായ സ്‌നേഹവും സന്തോഷവുമാണ് അനുഭവപ്പെടുന്നത്.

വിശ്വാസത്തിന് ഉത്തമമാതൃകയാണ് പരിശുദ്ധ മറിയം. നമ്മുടെ കഴിവുകളെ സ്‌നേഹമായി രൂപാന്തരപ്പെടുത്താന്‍ നമുക്ക് വേണ്ടത് മറിയത്തിന്റെ മനോഭാവമാണ്. ഒരു സമൂഹത്തില്‍ ഒരുമിച്ച് ജീവിക്കുന്നവര്‍ക്കെല്ലാം മറിയത്തിന്റേതുപോലുള്ള മനോഭാവം ഉണ്ടായിരുന്നാല്‍ അവിടെ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. എങ്കില്‍ എല്ലാ ഐശ്വര്യങ്ങളും നിറഞ്ഞതായിരിക്കും ആ സമൂഹം. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിറവേറ്റിക്കിട്ടാന്‍ ദൈവത്തെ നിര്‍ബന്ധിക്കുന്നതിലല്ല, എപ്പോഴും എവിടെയും ദൈവതിരുമനസ് നിറവേറ്റാന്‍ നമ്മെ സമര്‍പ്പിക്കുന്നതിലാണ് ഉല്‍ക്കൃഷ്ടമായ വിശ്വാസം അടങ്ങിയിരിക്കുന്നത്.

തങ്ങളുടെതന്നെ അവശതകളെക്കാള്‍ മറ്റുള്ളവരുടെ പ്രയാസങ്ങള്‍ മനസിലാക്കുകയും ദരിദ്രരാണെങ്കിലും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന മനോഭാവമാണ് നമുക്ക് വേണ്ടത്. പ്രശ്‌നപരിഹാരത്തിനായി വന്‍കാര്യങ്ങളൊന്നും ചെയ്യാന്‍ യേശു ആവശ്യപ്പെടുന്നില്ല. ആര്‍ക്കും സാധിക്കുന്ന വെറും സാധാരണ കാര്യങ്ങള്‍ ചെയ്യാനാണ് പരിശുദ്ധ കന്യാമറിയം ആവശ്യപ്പെടുന്നത്. സാധാരണ മനുഷ്യരിലൂടെയും നിസാര കാര്യങ്ങളിലൂടെയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനാണല്ലോ നമ്മുടെ ദൈവം.

സമൂഹം നിസാരരെന്ന് അവഗണിക്കുന്നവരെയാണ് ദൈവം തന്റെ പ്രവാചകന്മാരായും അപ്പസ്‌തോലന്മാരായും തിരഞ്ഞെടുത്തതെന്ന് നമുക്കറിയാം. അനുദിന ജീവിതത്തില്‍ നാം ചെയ്യുന്ന സാധാരണ പ്രവൃത്തികളിലൂടെയാണ് ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നിനെയും നാം നിസാരമായി കരുതി അവഗണിക്കരുത്. ദൈവം നമ്മോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ വലുതായാലും ചെറുതായാലും കഴിവിന്റെ പരമാവധി ഭംഗിയായി നിര്‍വഹിക്കുവാന്‍ നാം സന്നദ്ധരാകണം.

നന്മ ചെയ്യുന്ന മറിയത്തിന്റെ മനോഭാവം നമ്മുടെ ജീവിതത്തില്‍ എപ്പോഴും നിലനിര്‍ത്തണം. ”പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും. അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും. ആകയാല്‍ ജനിക്കാന്‍പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും” (ലൂക്കാ 1:35). ദൈവദൂതന്റെ വാക്കുകള്‍ക്ക് മുന്നില്‍ പരിശുദ്ധ മറിയം വിധേയപ്പെട്ടത് ”ഇതാ കര്‍ത്താവിന്റെ ദാസി!” എന്നു പറഞ്ഞുകൊണ്ടാണ്. ദൈവസമക്ഷമുള്ള സമ്പൂര്‍ണ സമര്‍പ്പണമാണ് അവിടെ തെളിയുന്നത്. വണക്കമാസം ആചരിക്കുന്ന നാം പരിശുദ്ധാത്മാവിന്റെ ദൈവത്തിലുള്ള പൂര്‍ണമായ സമര്‍പ്പണ മാതൃക നമ്മുടെ ജീവിതങ്ങളിലും പ്രകാശിപ്പിക്കേണമെന്നതാണ് വണക്കമാസത്തിലെ സന്ദേശം.

ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?