Follow Us On

17

June

2019

Monday

അഗ്നി ഇറങ്ങിയതിന്റെ വാര്‍ഷികം ആഘോഷിക്കണ്ടേ?

അഗ്നി ഇറങ്ങിയതിന്റെ വാര്‍ഷികം ആഘോഷിക്കണ്ടേ?

ദൈവം ഭൂമിയിലേക്ക് അഗ്നി അയച്ചതിന്റെ, ഭൂമിയില്‍ സ്വര്‍ഗത്തില്‍നിന്ന് തീ ഇറങ്ങിയതിന്റെ, രണ്ട് സംഭവങ്ങള്‍ ബൈബിളില്‍ ഉണ്ട്. ഒന്നാമത്തേത്, സോദോം-ഗൊമോറ പ്രദേശങ്ങളിലേക്ക് ദൈവം അയച്ച അഗ്നിയാണ്. ദൈവകോപാഗ്നി. ആ അഗ്നിയില്‍ അവിടെ ഉണ്ടായിരുന്ന സര്‍വ ജീവജാലങ്ങളും വെന്തു മരിച്ചു. രണ്ടാമത്തെ അഗ്നി ദൈവസ്‌നേഹാഗ്നി ആയിരുന്നു. അത് ഇറങ്ങിയത് പന്തക്കുസ്ത തിരുനാളില്‍. അത് ഇറങ്ങിയത് സെഹിയോന്‍ മാളികയില്‍ ഭയന്ന് വിറച്ച്, മുറിപോലും തുറക്കാന്‍ ധൈര്യം ഇല്ലാതിരുന്ന അപ്പസ്‌തോലന്മാരിലേക്ക്. പരിശുദ്ധാത്മാവ് അവര്‍ ഓരോരുത്തരുടെയുംമേല്‍ ആവസിച്ചു.

പന്തക്കുസ്ത ദിനത്തിലെ അഗ്നി സകലത്തെയും വിശുദ്ധീകരിക്കുകയും പവിത്രീകരിക്കുകയും ചെയ്യുന്ന അഗ്നിയായിരുന്നു. ആ അഗ്നിയില്‍ അവര്‍ കത്തി ചാമ്പലായില്ല. പക്ഷേ അവര്‍ക്ക് ആന്തരികമായി തീ പിടിച്ചു. ആ അഗ്നി അവരില്‍ ഉണ്ടായിരുന്ന അനേക തിന്മകളെ കത്തിച്ച് ചാമ്പലാക്കി. ശ്ലീഹന്മാരില്‍ ഉണ്ടായിരുന്ന ഭയം, നിരാശത, സങ്കടം, ആശങ്കകള്‍ തുടങ്ങിയവയെല്ലാം നീക്കിക്കളഞ്ഞു. അതുവരെ ഇല്ലാതിരുന്ന അനേകം നന്മകളാലും സിദ്ധികളാലും നിറഞ്ഞു. അവര്‍ക്ക് സംസാരിക്കാന്‍ പാടവവും ധൈര്യവും കിട്ടി. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കൃപ കിട്ടി. പിശാചുക്കളെ തിരിച്ചറിയാനും ബന്ധിക്കുവാനും ബഹിഷ്‌കരിക്കുവാനുമുള്ള ശക്തി കിട്ടി. ജ്ഞാനം, ബുദ്ധി, അറിവ്, ആലോചന, ദൈവഭക്തി എന്നിവയാല്‍ അവരെ നിറച്ചു. ഏത് കഷ്ടപ്പാടും സഹിക്കുവാനുള്ള ശക്തി കിട്ടി. രോഗികളെ സുഖപ്പെടുത്തുവാനുള്ള ശക്തി കിട്ടി. യേശു രക്ഷകനായ ദൈവമാണെന്ന് അചഞ്ചലമായ ബോധ്യം ലഭിച്ചു. യേശുവിനെപ്പറ്റി പ്രസംഗിക്കുവാനും യേശുവിനെപ്രതി സഹിക്കുവാനും യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും മറ്റും പ്രവര്‍ത്തിക്കുവാനും അഭിഷേകം കിട്ടി. ചുരുക്കിപ്പറഞ്ഞാല്‍, അവര്‍ തീ പിടിച്ച മനുഷ്യരായി മാറി. അവര്‍ ആവേശം ഉള്ള മനുഷ്യരായി മാറി. അവര്‍ ശക്തരായ വചനപ്രഘോഷകരും ആത്മീയ ശുശ്രൂഷകരുമായി മാറി. ആരെ പേടിച്ച് പത്തുദിവസം മുറി അടച്ചിരുന്നുവോ അവരോട് സംസാരിക്കുവാന്‍വേണ്ടി വാതില്‍ തുറന്ന് പുറത്തിറങ്ങി. കൊടുങ്കാറ്റ് അടിക്കുന്ന ശബ്ദത്തോടുകൂടിയായിരുന്നു പരിശുദ്ധാത്മാവ് വന്നത്. ഈ ശബ്ദം കേട്ട് മൂവായിരത്തിലധികം മനുഷ്യര്‍ അവര്‍ സമ്മേളിച്ചിരുന്ന കെട്ടിടത്തിന് ചുറ്റും കൂടിയിരുന്നു. അവരോട് പത്രോസ് യേശുവിനെപ്പറ്റി സംസാരിച്ചു. യേശുവിനെപ്പറ്റിയുള്ള ആദ്യത്തെ വചനപ്രഘോഷണം ആയിരുന്നു അത്. അത് അങ്ങേയറ്റം കേള്‍വിക്കാരെ തീ പിടിപ്പിക്കുന്ന പ്രസംഗമായിരുന്നു. അതുകേട്ട് മൂവായിരത്തോളം പേര്‍ അപ്പോള്‍ത്തന്നെ യേശുവില്‍ വിശ്വസിച്ചു. അങ്ങനെ അന്ന് തിരുസഭയുടെ ഉദ്ഘാടനം നടന്നു. യഹൂദരുടെ വിളവെടുപ്പ് തിരുനാള്‍ ആയ പന്തക്കുസ്ത തിരുനാളിലാണ് പരിശുദ്ധാത്മാവ് അപ്പസ്‌തോലന്മാരെ തീ പിടിപ്പിച്ച് സഭ ഉദ്ഘാടനം ചെയ്തത്. അന്നത്തെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിളവെടുപ്പ് തിരുനാളിനെ, ആത്മാക്കളുടെ വിളവെടുപ്പ് തിരുനാളായി ദൈവം മാറ്റി.

നമ്മള്‍ പ്രാധാന്യത്തോടെ ആഘോഷിക്കേണ്ട ഒരു തിരുനാളാണ് പന്തക്കുസ്ത തിരുനാള്‍. കാരണം, അന്നാണ് യേശു അപ്പസ്‌തോലന്മാരെ പരിശുദ്ധാത്മാവിനാല്‍ തീ പിടിപ്പിച്ചത്. അന്നാണ് സഭ ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നുമുതലാണ് പരിശുദ്ധാത്മാവ് മനുഷ്യരിലൂടെ ചെയ്യുന്ന വലിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ലോകത്തിന് വെളിപ്പെടാന്‍ തുടങ്ങിയത്. അതിനാല്‍ ഈ തിരുനാള്‍ കൂടുതല്‍ പ്രാധാന്യത്തോടെ സഭയില്‍ ആഘോഷിക്കണം. കൊടി ഉയര്‍ത്തല്‍, വെടിക്കെട്ട്, ചെണ്ടമേളം, ബാന്റുമേളം, പ്രദക്ഷിണം, പള്ളിപ്പിരിവ് തുടങ്ങിയവ നടത്തിക്കൊണ്ടല്ല ഈ തിരുനാള്‍ ആഘോഷിക്കേണ്ടത്. തികച്ചും ആത്മീയമായിട്ടാണ് ആഘോഷിക്കേണ്ടത്. നന്നായി പ്രാര്‍ത്ഥിച്ചൊരുങ്ങി നമ്മളും പരിശുദ്ധാത്മാവിന്റെ അഗ്നിയാല്‍ അല്‍പംകൂടി എങ്കിലും തീ പിടിച്ചവരായി മാറിക്കൊണ്ടാണ് ഈ തിരുനാള്‍ ആഘോഷിക്കേണ്ടത്. പരിശുദ്ധാത്മാവ് ആരാണ്, പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നവര്‍ക്ക് ലഭിക്കുന്ന നന്മകള്‍ എന്തൊക്കെയാണ്, ആ നന്മകള്‍ ആളുകളുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരും എന്ന് മനസിലാക്കുമ്പോഴാണ് പരിശുദ്ധാത്മാവിനാല്‍ തീ പിടിക്കാനും തീ പിടിപ്പിക്കുവാനും തോന്നുക. പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവ് തന്റെ വരങ്ങളും ദാനങ്ങളും ഫലങ്ങളും നല്‍കും. അതുവഴി മനുഷ്യര്‍ കൂടുതല്‍ ജ്ഞാനം, ബുദ്ധി, അറിവ്, ആലോചന, ദൈവഭക്തി, ദൈവഭയം എന്നിവ ഉള്ളവരായി മാറും. അവരിലുള്ള വെറുപ്പ്, വിദ്വേഷം, ശത്രുത, ഭിന്നത, വിഭാഗീയ ചിന്ത, കലഹവാസന, നിരാശ, സങ്കടം, ഭയം, വിഷാദം, ഉത്ക്കണ്ഠ, മുന്‍കോപം, സ്വാര്‍ത്ഥത, എടുത്തുചാട്ടം തുടങ്ങിയ അനവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. മനുഷ്യര്‍ കൂടുതല്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, സൗമ്യത, വിശ്വസ്തത, ആത്മസംയമനം തുടങ്ങിയവ ഉള്ളവരായി മാറും.

നമ്മള്‍ ലോകത്തിലേക്ക് നോക്കുക. ഒരു വശത്ത് പുരോഗതിയുണ്ട്. ജീവിതസൗകര്യങ്ങള്‍ വളരെയധികം കൂടിയിട്ടുണ്ട്. വാസ്തവത്തില്‍ ഇതെല്ലാം മനുഷ്യരെ കൂടുതല്‍ സമാധാനം ഉള്ളവരായി മാറ്റേണ്ടതാണ്. പക്ഷേ, കാണുന്നത് തിരിച്ചാണ്. വ്യക്തികള്‍ അസ്വസ്ഥരാണ്. കുടുംബങ്ങളില്‍ അസ്വസ്ഥതയാണ്. സമൂഹങ്ങളില്‍ സ്വസ്ഥതയില്ലാത്ത അവസ്ഥകളുണ്ട്. ഇടവകകളില്‍ പഴയതുപോലെ സ്‌നേഹവും ആത്മീയ ജീവിതവും ഇല്ലാത്ത, അസ്വസ്ഥതകള്‍ ഉള്ള, അവസ്ഥ ഉണ്ട്. രാഷ്ട്രീയം, മതം, സംഘടനകള്‍ തുടങ്ങി പലതിന്റെയും പേരില്‍ മനുഷ്യര്‍ തമ്മിലുള്ള ഭിന്നതയും അകല്‍ച്ചയും കൂടി വരികയാണ്. പരിശുദ്ധാത്മാവ് മനുഷ്യരെ തീ പിടിപ്പിക്കുകമാത്രമാണ് ഇതിനെല്ലാം ഉള്ള പരിഹാരം.

അതിനാല്‍ പുതിയൊരു പന്തക്കുസ്തക്കുവേണ്ടി വ്യക്തികളും സമൂഹങ്ങളും ഇടവകകളും ആത്മീയമായി ഒരുങ്ങണം. ആരെങ്കിലും അവരെ ഒരുക്കണം. കുടുംബത്തില്‍ കുടുംബനാഥനും ഇടവകകളില്‍ വികാരിയച്ചന്മാരും പരിശുദ്ധാത്മാവിന്റെ പുതിയ അഭിഷേകത്തിനായി ആളുകളെ ഒരുക്കണം. പരിശുദ്ധാത്മാവ് എല്ലാവരെയും തീ പിടിപ്പിക്കട്ടെ!

 

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?