Follow Us On

28

October

2020

Wednesday

പരിശുദ്ധ മറിയത്തിലൂടെ ഈശോയിലേക്ക്…

പരിശുദ്ധ മറിയത്തിലൂടെ ഈശോയിലേക്ക്…

പ്രാര്‍ത്ഥനകളെല്ലാം ദൈവനിവേശനത്താല്‍ രൂപംകൊള്ളുന്നവയാണ്. ഇപ്രകാരംതന്നെ രൂപംകൊണ്ട പരിശുദ്ധ മറിയത്തിന്റെ വണക്കമാസ പ്രാര്‍ത്ഥന അതിന്റെ ആന്തരാര്‍ത്ഥത്തില്‍ ക്രിസ്തു കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ അത് ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് മനുഷ്യരെ നയിക്കുന്നതും പരിശുദ്ധാത്മാവിലൂടെ പിതാവായ ദൈവത്തിനുള്ള അവരുടെ ആരാധനയുമാണ്.

ജപമാല പ്രാര്‍ത്ഥന പോലെതന്നെ സുവിശേഷ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ആരാധനക്രമ ജീവിതത്തെ പരിപോഷിപ്പിക്കുന്നതും വിശ്വാസത്തെ സ്ഥിരീകരിക്കുന്നതിന് സഹായിക്കുന്നതുമാണ് വണക്കമാസ പ്രാര്‍ത്ഥനയും. യേശുവിന്റെ രക്ഷാകരശക്തി, അവിടുത്തോട് ഏറ്റം അടുത്തുനിന്ന മറിയത്തോടൊപ്പം ധ്യാനിക്കുവാന്‍ വണക്കമാസ പ്രാര്‍ത്ഥന വിശ്വാസികളെ സഹായിക്കുന്നു.

ആരാധനക്രമത്തില്‍ ഇന്നും സാക്ഷാത്കരിക്കപ്പെടുന്ന രക്ഷാകര സംഭവങ്ങളുടെ പ്രസാദവരദാനം മനുഷ്യരെ രക്ഷയിലേക്ക് നയിക്കുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ ആരാധനക്രമത്തിന്റെ ഭാഗമല്ലെങ്കിലും വണക്കമാസംപോലുള്ള ഭക്തമുറകള്‍ വിശ്വാസപോഷണത്തിനും ആരാധനക്രമത്തോടുള്ള ആഭിമുഖ്യത്തില്‍ വളരുന്നതിനും സഹായകമാണ്. കാരണം എല്ലാ സൃഷ്ടികളിലുംവച്ച് ഏറ്റവും കൂടുതല്‍ ക്രിസ്തുവിനെ അറിയുന്ന പരിശുദ്ധ മറിയത്തോടൊപ്പമാണ് ഇവിടെ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നത്.

ഈശോ കഴിഞ്ഞാല്‍ എല്ലാ മാലാഖമാരിലും മനുഷ്യരിലും ഉപരിയായി ഉയര്‍ത്തപ്പെട്ട മറിയത്തെ ക്രിസ്തുവിന്റെ ജീവിതരഹസ്യങ്ങളിലെ പങ്കാളിയായി സഭ ബഹുമാനിക്കുന്നു. അവളുടെ മാധ്യസ്ഥ്യശക്തിയില്‍ ഉറ ച്ചു വിശ്വസിച്ച ദൈവജനം അവളില്‍ ആശ്രയം തേടാന്‍ ഉത്സാഹപൂര്‍വം മുന്നോട്ടു വരുന്നു.
കുടിയേറ്റ നാളുകളില്‍ പല മേഖലകളിലും വിശുദ്ധ കുര്‍ബാനയോ മറ്റ് ആചാരാനുഷ്ഠാനങ്ങളോ ക്രമമായി നടന്നിരുന്നില്ല. അക്കാലത്ത് ജപമാലയും വണക്കമാസവും ആയിരുന്നു ജനങ്ങളുടെ പ്രധാന ഭക്തകര്‍മങ്ങള്‍.

ഇവ വളരെ താല്‍പര്യപൂര്‍വം ചൊല്ലുന്നതില്‍ വിശ്വാസികള്‍ ശ്രദ്ധിച്ചിരുന്നു. തിരുഹൃദയ വണക്കമാസം, വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം, മാതാവിന്റെ വണക്കമാസം എന്നിവയായിരുന്നു ഭവനങ്ങളില്‍ ചൊല്ലിയിരുന്നത്. ഇതില്‍ പ്രധാനം മാതാവിന്റെ വണക്കമാസമായിരുന്നു. എന്റെ വീട്ടില്‍ വണക്കമാസം വായിച്ചിരുന്നത് ഞാനാണ്. വണക്കമാസത്തിലെ ദൃഷ്ടാന്തം എല്ലാവരുടെയും സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു.

പരിശുദ്ധ അമ്മയിലൂടെ മനുഷ്യരുടെ ജീവിതത്തില്‍ അത്ഭുതകരമായി ദൈവം ഇടപെട്ടതിന്റെ വിവരണമാണല്ലോ അത്. എന്റെ കുഞ്ഞുമനസില്‍ വലിയ വിശ്വാസവും ദൈവാശ്രയബോധവും ഉളവാക്കുന്നതില്‍ ഇത് വലിയ പങ്കുവഹിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിയാല്‍ അനുഗ്രഹം ഉറപ്പാണെന്ന് എനിക്ക് ബോധ്യപ്പെട്ടത് വണക്കമാസ വായനയിലൂടെയാണ്.

മറ്റു പ്രാര്‍ത്ഥനകളില്‍നിന്ന് വണക്കമാസത്തെ വ്യത്യസ്തമാക്കുന്ന രണ്ടു ഘടകങ്ങളാണ് സുകൃതജപം, സല്‍ക്രിയ എന്നിവ. ഒരു ദിവസം നല്‍കിയിരിക്കുന്ന സുകൃതജപം ആവര്‍ത്തിച്ച് പറഞ്ഞ് പഠിക്കാന്‍ അമ്മ നിര്‍ബന്ധിക്കുമായിരുന്നു. വാചികപ്രാര്‍ത്ഥനയില്‍ അവസാനിക്കുന്നില്ല വണക്കമാസ പ്രാര്‍ത്ഥന. അതിന്റെ പ്രായോഗികമായ നിര്‍വഹണത്തിലൂടെ പ്രാര്‍ത്ഥന സല്‍ക്രിയയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. വീട്ടിലെല്ലാവരും സല്‍ക്രിയ അനുഷ്ഠിക്കണമെന്ന് അമ്മ കൂടെക്കൂടെ ഓര്‍മിപ്പിക്കുമായിരുന്നു.

ആവര്‍ത്തിച്ച് സുകൃതജപം ചൊല്ലുകയും സല്‍ക്രിയ അനുഷ്ഠിക്കുകയും ചെയ്യുകവഴി എല്ലായ്‌പ്പോഴുംതന്നെ പ്രാര്‍ത്ഥനാചൈതന്യത്തിലും വിശുദ്ധിയിലും നിലനില്‍ക്കുവാന്‍ കഴിഞ്ഞിരുന്നു എന്നതാണ് എന്റെ അനുഭവം. പൗരോഹിത്യം സ്വീകരിക്കാനും ദൈവശുശ്രൂഷ ചെയ്യാനും എനിക്കിടയായതിന്റെ കാരണങ്ങളിലൊന്ന് വണക്കമാസ ആചരണമായിരുന്നുവെന്ന് നിസംശയം പറയാം. ‘പരിശുദ്ധ മറിയത്തിലൂടെ ഈശോയിലേക്ക്’ എന്ന തത്വം എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായി എന്ന് പറയാവുന്നതാണ്. പിന്നീട് മാതാവിനോടുള്ള വണക്കം, സ്‌നേഹം, മാധ്യസ്ഥാപേക്ഷ, അനുകരണം എന്നിവവഴി മരിയഭക്തി എന്നില്‍ വര്‍ധിച്ചുവന്നു. പരിശുദ്ധ അമ്മയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മരണകരമായ അപകടങ്ങളില്‍നിന്ന് ഞാന്‍ രക്ഷപ്പെട്ടതിനെക്കുറിച്ച് പലതവണ വ്യക്തമായിട്ടുള്ളതാണല്ലോ.

എന്നാല്‍ ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യമുണ്ട്. പരിശുദ്ധ മറിയം സവിശേഷമായ വണക്കം അര്‍ഹിക്കുന്നുണ്ടെങ്കിലും മനുഷ്യാവതാരം ചെയ്ത വചനത്തിനും പിതാവിനും പരിശുദ്ധാത്മാവിനും നല്‍കുന്ന ആരാധനയില്‍നിന്ന് ഇത് വ്യത്യസ്തമാണ്. മാതാവ് വണങ്ങപ്പെടുന്നതോടുകൂടി പുത്രന്‍ ശരിയായി അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ”ദൈവമാതാവിന്റെ അതുല്യ മാഹാത്മ്യത്തെപ്പറ്റി ദൈവശാസ്ത്രജ്ഞന്മാരും സുവിശേഷപ്രഘോഷകന്മാരും പ്രതിപാദിക്കുമ്പോള്‍ തെറ്റായ അതിവര്‍ണനയും ഇടുങ്ങിയ മനഃസ്ഥിതിയും ഉപേക്ഷിക്കണമെന്ന്” രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്‌ബോധിപ്പിക്കുന്നു.

വിശുദ്ധ ലിഖിതങ്ങള്‍, സഭയുടെ പ്രബോധനങ്ങള്‍, ആരാധനക്രമങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ മറിയത്തിന്റെ ശക്തിയെയും വരങ്ങളെയുംപ്പറ്റി ശരിയായ വിശദീകരണം നല്‍കണം. ഇവയെല്ലാം സമ്പൂര്‍ണ സത്യത്തിന്റെയും വിശുദ്ധിയുടെയും ഭക്തിയുടെയും ഉറവിടമായ ക്രിസ്തുവിനെ ലക്ഷ്യമാക്കിയുള്ളവയാണെന്ന സത്യം ഓര്‍മയിലുണ്ടാകണം.

വലിയ ദൈവശാസ്ത്ര തത്വങ്ങളും വിശ്വാസ രഹസ്യങ്ങളും ലളിതമായി വര്‍ണിച്ചിരിക്കുന്നതും ഭക്തിസംവര്‍ദ്ധകവും അനുഗ്രഹദായകവുമായ വണക്കമാസാചരണം ഇന്ന് ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട സ്ഥിതിയാണ്. കത്തോലിക്കരുടെ വിശ്വാസത്തെ മുറുകെ പിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത നല്ല ഈ പാരമ്പര്യത്തെ നിലനിര്‍ത്താനും സജീവമാക്കാനും എല്ലാ വിശ്വാസികളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?