പത്രത്തിലെ വായനക്കാരുടെ കത്തുകളുടെ കോളത്തില്‍ വന്ന ഒരു കുറിപ്പ് അല്പം വേറിട്ടതായിരുന്നു. അതിനാല്‍ത്തന്നെ കത്തിന് അവര്‍ അല്പം പ്രാധാന്യം നല്‍കുകയും ചെയ്തു. ‘ഞാന്‍ ഇനി ദൈവാലയത്തിലേക്ക് ഇല്ല’ എന്നായിരുന്നു തലക്കെട്ട്. കാരണവും വ്യക്തമാക്കിയിരുന്നു. 40 വര്‍ഷമായി ദൈവാലയത്തില്‍ പോകാന്‍ തുടങ്ങിയിട്ട്. 2500-റോളം പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട്. പക്ഷേ, അവയില്‍ ഒന്നുപോലും മനസില്‍ ഇല്ല. സമയം വെറുതേ പാഴാക്കി എന്നാണ് ഇപ്പോള്‍ തോന്നുന്നത്. അതിനാല്‍ ദൈവാലയത്തില്‍ പോകുന്നത് അവസാനിപ്പിച്ചു എന്ന രീതിയിലായിരുന്നു കത്തിലെ വാചകങ്ങള്‍. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു വായനക്കാരന്റെ കത്ത് അതിന് മറുപടിയായി ആ പത്രത്തില്‍ വന്നു. ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്.
”എന്റെ വിവാഹം കഴിഞ്ഞിട്ട് 20 വര്‍ഷമായി. കുറഞ്ഞത് 20,000 തവണയെങ്കിലും ഭാര്യ ഭക്ഷണമുണ്ടാക്കി തന്നിട്ടുണ്ട്. പക്ഷേ, ഒരു ദിവസത്തെ ഭക്ഷണത്തിന്റെ പട്ടികപോലും എനിക്ക് കൃത്യമായി ഓര്‍മിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഒരു കാര്യത്തില്‍ എനിക്ക് നിശ്ചയമുണ്ട്. ജോലി ചെയ്യാന്‍ ഊര്‍ജ്ജം നല്‍കിയത് ഭാര്യ തയാറാക്കി തന്ന ഭക്ഷണമായിരുന്നു. ആഹാരം തരാതിരുന്നാല്‍ കുറെക്കഴിയുമ്പോള്‍ ഞാന്‍ മരിക്കുന്നതുപോലെതന്നെ ആത്മീയജീവിതത്തിന് പരിപോഷണം ലഭിച്ചില്ലെങ്കില്‍ ആത്മീയമായി മരിക്കും. ആ തിരിച്ചറിവ് നഷ്ടപ്പെടുമ്പോഴാണ് ദൈവാലയത്തില്‍ ചെലവഴിക്കുന്ന സമയം നഷ്ടമായി തോന്നുന്നത്.”
ആത്മീയതയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകടമാണ് ആദ്യ വായനക്കാരന്‍ പ്രകടിപ്പിച്ചിരിക്കുന്നത്. യുക്തിയുടെ തലത്തില്‍ ചിന്തിക്കുമ്പോള്‍ കത്തില്‍ അല്പം ശരിയില്ലേ എന്ന ചിന്ത ഉണ്ടാകാം. എന്നാല്‍, അത്തരം ചിന്തകളുടെ പൊള്ളത്തരം തിരിച്ചറിയാന്‍ രണ്ടാമത്തെ കത്തു മതി. ധ്യാനങ്ങളുടെയും കണ്‍വന്‍ഷനുകളുടെയും കാര്യത്തിലും ഇങ്ങനെയുള്ള ചിന്ത ഉണ്ടാകാം. എത്രയോ പ്രസംഗങ്ങള്‍ കേട്ടു, അവയില്‍ ഒന്നുപോലും ഓര്‍മിക്കുന്നില്ലല്ലോ, ഇനിയും എന്തിനാണ് സമയം കളയുന്നത്? സുരക്ഷിത തീരത്തുകൂടി സഞ്ചരിക്കുന്നവര്‍ക്കാണ് ഇനി എന്തിനാണ് ദൈവാലയത്തില്‍ പോകുന്നത്, അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുണ്ടോ എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടാകുന്നത്. അനുഗ്രഹങ്ങള്‍ ദൈവത്തോടു കൂടുതല്‍ അടുപ്പിക്കുന്നതിനുപകരം ഞാനെന്ന ഭാവത്തിലേക്ക് പലരെയും എത്തിച്ചിരിക്കുന്നു. പ്രാര്‍ത്ഥിക്കാന്‍ വിനിയോഗിക്കുന്ന സമയംകൂടി അധ്വാനിച്ചാല്‍ കൂടുതല്‍ പണം സമ്പാദിക്കാമല്ലോ എന്നു പറയുന്നവരുമുണ്ട്. ഇപ്പോള്‍ അനുഭവിക്കുന്ന സുരക്ഷിതത്വം ദൈവപരിപാലനയാണെന്ന കാര്യം വിസ്മരിക്കുന്നിടത്താണ് എന്തിനാണ് ദൈവാലയത്തില്‍ പോകുന്നതെന്ന ചിന്ത ഉടലെടുക്കുന്നത്.
പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മനുഷ്യര്‍ ദൈവസന്നിധിയിലേക്ക് വരും. അപ്പോള്‍ യുക്തിവിചാരങ്ങളൊന്നും നമ്മെ കീഴ്‌പ്പെടുത്തില്ല. എന്നാല്‍, അതില്‍നിന്നും പുറത്തുകടന്ന് കുറച്ചുകഴിയുമ്പോള്‍ ലോകത്തിന്റെ ചിന്തകള്‍ സ്വാധീനിക്കും. പ്രതിസന്ധികളുടെ കാലത്ത് വേദനയോടെ പ്രാര്‍ത്ഥിച്ചതു മറക്കുകയും ചെയ്യും. പ്രാര്‍ത്ഥന കുറയുമ്പോള്‍ ആത്മീയതയില്‍നിന്നും അകലാന്‍ തുടങ്ങും. എന്നാല്‍, അതു തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. ദൈവാലയത്തില്‍ പോയില്ലെങ്കില്‍ എന്താണ് കുഴപ്പമെന്ന ചിന്തകള്‍ ആത്മീയതയില്‍നിന്നും അകലുന്നതിന്റെ ലക്ഷണങ്ങളാണ്. ആ സൂചനകളില്‍നിന്നും പഠിക്കണം. രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ചികിത്സ തേടുകയാണല്ലോ ചെയ്യുന്നത്. രോഗം മൂര്‍ച്ഛിച്ചതിനുശേഷം ചികിത്സ ആരംഭിച്ചാല്‍ ചിലപ്പോള്‍ ജീവനുപോലും അപകടമായിത്തീരാം. ആത്മീയതയിലും അത്തരം മുന്നൊരുക്കങ്ങള്‍ അനിവാര്യമാണ്. നമ്മില്‍ രൂപപ്പെടുന്ന ഞാനെന്ന ഭാവങ്ങള്‍ ജീവിതത്തെ തകര്‍ക്കുമെന്ന് തിരിച്ചറിയണം. അങ്ങനെ കരുതി മുന്നേറിയവര്‍ ഒന്നുമല്ലാതെ ആയിത്തീര്‍ന്ന ധാരാളം അനുഭവങ്ങള്‍ ചുറ്റുപാടുകളില്‍നിന്നും കണ്ടെത്താന്‍ പ്രയാസമില്ല. ദൈവത്തോടും സമൂഹത്തോടും സഹോദരങ്ങളോടും നന്ദിയുള്ള ഹൃദയം സൂക്ഷിക്കാന്‍ കഴിയണം. നമ്മുടെ വിജയത്തില്‍ ഏതെങ്കിലുമൊക്കെ വിധത്തില്‍ അവരുടെ സഹായം ലഭിച്ചിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ഒരു സഹായവും ഉണ്ടായിട്ടില്ലെന്ന് തോന്നിയാലും ആഴത്തില്‍ ചിന്തിച്ചാല്‍ അങ്ങനെയല്ലെന്ന് വ്യക്തമാകും. നല്ലൊരു സാമൂഹ്യ അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍ ഉയരാന്‍ കഴിയുമായിരുന്നില്ല.
ദൈവാലയവുമായി ചേര്‍ന്നുജീവിച്ചതാണ് തെറ്റുകളുടെ ലോകത്തില്‍നിന്നും അകലം പാലിക്കുവാനുള്ള ബലം നല്‍കിയതെന്ന കാര്യം വിസ്മരിക്കരുത്. പ്രാര്‍ത്ഥനകളും കേട്ട പ്രസംഗങ്ങളുമൊക്കെയാണ് നമ്മെ ഈ രീതിയില്‍ പിടിച്ചുനിര്‍ത്തിയിരിക്കുന്നതെന്ന് തിരിച്ചറിയുമ്പോഴാണ് അതിന്റെ മഹത്വം മനസിലാകുന്നത്. ആത്മീയത സമയം നഷ്ടപ്പെടുത്തലല്ല. മറിച്ച്, അതുവഴി ആത്മാവിനെയും ശരീരത്തെയും സ്ഫുടം ചെയ്‌തെടുക്കലാണ്. ഭാര്യ വച്ചുവിളമ്പിയ ഭക്ഷണം ജീവന്റെ നിലനില്പിന് കാരണമായതുപോലെ തിന്മയില്‍നിന്നും അകലം പാലിക്കാനും ജീവന്റെ വഴികളിലൂടെ സഞ്ചരിക്കാനും പ്രാപ്തമാക്കിയത് ആത്മീയതയാണെന്നത് വിസ്മരിക്കരുത്. ഒപ്പം നിത്യജീവനിലേക്ക് അതു നമ്മെ ആനയിക്കുകയും ചെയ്യും.
Leave a Comment
Your email address will not be published. Required fields are marked with *