Follow Us On

29

March

2024

Friday

ഏഴ് മക്കൾ, അതിൽ നാലു പേർ വൈദികർ; എന്നിട്ടും പ്രോബോ വക്കരിനി അച്ചനായി!

ഏഴ് മക്കൾ, അതിൽ നാലു പേർ വൈദികർ;  എന്നിട്ടും പ്രോബോ വക്കരിനി അച്ചനായി!

റിമിനി: ഏഴ് മക്കൾ, അതിലെ നാല് ആൺമക്കളും വൈദികർ, എന്നിട്ടും കുടുംബസ്ഥനായിരുന്ന പ്രോബോ വക്കരിനി വൈദികനായി^ എന്തുകൊണ്ട്? ഉത്തരം ഒന്നേയുള്ളു, അതാണ് ദൈവവിളി. ഒരു ഭർത്താവിന്റെയും അപ്പന്റെ ദൗത്യമെല്ലാം പൂർത്തിയാക്കി 69^ാം വയസിൽ തിരുപ്പട്ടം സ്വീകരിച്ച വക്കരിനി അച്ചന്റെ 100-ാം ജന്മദിനമാണ് ഇന്ന് (2018 ജൂൺ നാല്). വൈദികരായ അപ്പനും മക്കളും ചേർന്നുള്ള പിറന്നാൾ ആഘോഷം, ആഗോള കത്തോലിക്കാസഭയിലെതന്നെ അപൂർവമായ പിറന്നാൾ ആഘോഷത്തിന് തയാറെടുക്കുകയാണ് ഇറ്റലിയിലെ റിമിനി നഗരം. മരണംമൂലം ജീവിതപങ്കാളി വേർപെട്ടശേഷം പിതാവിന്റെ ഉത്തരവാദിത്തങ്ങളെല്ലാം പൂർത്തിയാക്കി പൗരോഹിത്യ ശുശ്രൂഷയിലേക്ക് കടന്നുവന്നവർ നിരവധിയുണ്ടെങ്കിലും വൈദികരായ നാല് മക്കളുടെ പിതാവായ വൈദികൻ എന്നതാണ് ഫാ. വക്കരിനിയെ സവിശേഷനാക്കുന്നത്.

പലായനം, തിരിച്ചുവരവ്, റയിൽവേ ഉദ്യോഗം, പെർമനന്റ് ഡീക്കൻ… സംഭവബഹുലമായിരുന്നു വക്കരിനിയുടെ ജീവിതം. 1919 ജൂൺ നാലിന് ഇറ്റലിയിലായിരുന്നു ജനനം. ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽനിന്ന് രക്ഷനേടാൻ ബാല്യത്തിൽതന്നെ റഷ്യയിലേക്ക് പലായനം. നാളുകൾക്കുശേഷം റഷ്യയിൽനിന്ന് ഇറ്റലിയിൽ തിരിച്ചെത്തി. റെയിൽവേ സർവേയറായി ജോലി ആരംഭിച്ചകാലത്തായിരുന്നു വിവാഹം. ഭാര്യ, അന്ന മരിയ.

ആ ദാമ്പത്യവല്ലരിയിൽ പിറന്നത് ഏഴ് മക്കൾ. വിശ്വാസമായിരുന്നു അവരുടെ കൈമുതൽ. ആൺമക്കളെല്ലാം പൗരോഹിത്യ ദൈവവിളിയിലേക്ക് നയിക്കപ്പെടാനുള്ള കാരണവും അതുതന്നെയാവും. മക്കളുടെ ആഗ്രഹം ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞ് വക്കരിനി സമ്മതം മൂളിയപ്പോൾ കത്തോലിക്കാ സഭയ്ക്ക് ലഭിച്ചത് നാല് വൈദികരൊണ്- ഫാ. ഫ്രാൻസെസ്‌കോ, ഫാ. ജിയോവാന്നി, ഫാ. ജോവാക്കിനോ, ഫാ. ജൂസെപ്പെ.

തന്റെ 51-ാം വയസിൽ ജീവിതപങ്കാളിയുടെ വേർപാടോടെ ഇളയ മക്കളും വക്കരിനിയും മാത്രമായി വീട്ടിൽ. ഇളയ മക്കളുടെ വളർച്ചയിൽ ശ്രദ്ധാലുവായിരുന്നതുപോലെ തന്നെ ദൈവീകകാര്യങ്ങളിലും ജാഗരൂകനായിരുന്നു ആ പിതാവ്. മക്കൾ വലുതായപ്പോൾ സഭയ്ക്കായി സ്വയം സമർപ്പിച്ചു അദ്ദേഹം. ഡീക്കൻപട്ടം സ്വീകരിച്ച് വെന്റിയിലെ സെന്റ് മാതൃ ഇടവകയിൽ സേവനം ആരംഭിച്ച അദ്ദേഹത്തിന് വൈദികപട്ടം സ്വീകരിക്കാൻ പ്രചോദനമായത് വിശുദ്ധ പാദ്രേ പിയോയുമായുള്ള സൗഹൃദമാണ്.

പഞ്ചക്ഷത ധാരിയായിരുന്ന വിശുദ്ധ പാദ്ര പിയോ താമസിച്ചിരുന്ന സാൻ ജിയോവാനി റോട്ടൊൻഡോയിലെ ആശ്രമം സന്ദർശിക്കവേ പങ്കെടുത്ത ദിവ്യബലിമധ്യേയാണ് തന്നെക്കുറിച്ചുള്ള പുതിയ ദൈവവിളിയെക്കുറിച്ച് വക്കരിനിക്ക് ബോധ്യം ലഭിച്ചത്. വൈദികനാകാനുള്ള ആഗ്രഹം ആദ്യം വെളിപ്പെടുത്തിയത് മക്കളായ വൈദികരോടാണ്. അവർക്ക് നൂറുവട്ടം സമ്മതം. പിന്നീട് അതിനുള്ള സാധ്യതകൾ തിരയുകയായിരുന്നു.

വത്തിക്കാന്റെ വിശേഷ അനുവാദം ലഭിച്ചതോടെ 1988ൽ, തന്റെ 69-ാം വയസിൽ തിരുപ്പട്ടെ സ്വീകരിച്ച് റിമിനി രുപതയിൽ ശുശ്രൂഷ ആരംഭിച്ചു. ഏതാണ്ട് രണ്ട് പതിറ്റാണ്ടിലധികം നീണ്ട ഇടവക ശുശ്രൂഷയ്ക്ക് ശേഷം വാർധക്യസഹജമായ ബുദ്ധിമുട്ടുകളാൽ വിശ്രമജീവിതത്തിലാണ് അദ്ദേഹം ഇപ്പോൾ. പക്ഷേ, സെന്റ് മാർട്ടിൻ ദൈവാലയത്തിലുള്ള അനുദിന ദിവ്യബലി അർപ്പണം പൗരോഹിത്യത്തിന്റെ 31-ാം വർഷത്തിലും തുടരുന്നു. വിശ്രമജീവിതവും ക്രിയാത്മകമായി വിനിയോഗിക്കുന്ന ഇദ്ദേഹം ഇതിനകം എഴുതിയ പുസ്തകങ്ങൾ ആത്മകഥ ഉൾപ്പെടെ 15ൽപ്പരം വരും. ആത്മകഥയുടെ പേരും ശ്രദ്ധേയമാണ്: ‘സ്‌പോസോ, വെഡോവോ, ഈ സാസെർഡോട്ടേ’- ‘മണവാളൻ, വിഭാര്യൻ, പുരോഹിതൻ’.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?