Follow Us On

15

July

2020

Wednesday

കൗണ്‍സലിങ്ങ് കുടുംബത്തില്‍

കൗണ്‍സലിങ്ങ് കുടുംബത്തില്‍

പല കാരണങ്ങളാലും നമ്മുടെ കുടുംബങ്ങള്‍ അസ്വസ്ഥമാണ്. നിരുത്തരവാദിത്വപരമായ ജീവിതവും വിശ്വാസശോഷണവും കുടുംബത്തെ തകര്‍ക്കുന്ന കാരണങ്ങളാണ്. ഇങ്ങനെ ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബത്തെ രക്ഷിക്കുവാന്‍ കുടുംബപ്രേഷിതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്തുചെയ്യണമെന്നാണ് നമ്മള്‍ അടിയന്തിരമായി ചിന്തിക്കേണ്ടത്.

ഈ ജീവിതത്തിനിന്ന് തിരക്കേറുന്നു. ഒന്നിനും നേരമില്ലാത്ത കാലം. അടിയന്തരാവശ്യങ്ങള്‍ക്കുപോലും സമയം കണ്ടെത്തുക ദുഷ്‌ക്കരമായിരിക്കുന്നു. വീട്ടില്‍ അപ്പനും അമ്മയും ജോലിക്കാരാണ്. അവര്‍ സൊസൈറ്റി ലേഡിയായും ഉദ്യോഗസ്ഥനായും വീട്ടിലും പെരുമാറുന്നു. ആ പെരുമാറ്റം മക്കള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. മക്കളെ സ്‌നേഹിക്കാനും അവരുടെ കാര്യങ്ങള്‍ അന്വേഷിക്കുവാനും മാതാപിതാക്കള്‍ക്ക് സമയമില്ല. അപ്പനെ കാണാതെ വളരുന്ന കുട്ടികളുടെ എണ്ണം ഏറുന്നു. മറ്റു വാക്കുകളില്‍ മുതിര്‍ന്ന തലമുറയുമായി ബന്ധമില്ലാതെ വളരുന്ന കുട്ടികള്‍. സ്‌നേഹം, ബഹുമാനം, മര്യാദ, കൂട്ടായ്മ എന്നിവ എന്തെന്നറിയാതെ വളരുന്നു. ഈ സാഹചര്യത്തില്‍ മാതാപിതാക്കളുടെ ദ്രവ്യാഗ്രഹവും യാന്ത്രികജീവിതവും കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു. കുടുംബജീവിതത്തിന്റെ താളം തെറ്റുകയും കുട്ടികള്‍ തന്നിഷ്ടംപോലെ ജീവിക്കുകയും ചെയ്യുമ്പോള്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം കുറ്റപ്പെടുത്തി തമ്മിലകലുന്നു. ഈ അകല്‍ച്ച ആദ്യമൊക്കെ രഹസ്യമാണെങ്കിലും പിന്നീട് അത് വേര്‍പിരിയാന്‍ കാരണമാകുന്നു. മക്കളാകട്ടെ കുടുംബത്തില്‍നിന്ന് അകന്ന് തങ്ങള്‍ക്ക് പറ്റിയ ബന്ധങ്ങള്‍ ഉണ്ടാക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും മയക്കുമരുന്നിലും കഞ്ചാവിലും സന്തോഷം കണ്ടെത്തുന്നു. ഇതിനെക്കാള്‍ വലിയ തകര്‍ച്ച എന്താണ്.
ഭര്‍ത്താവിന്റെ മദ്യപാനവും നിരുത്തരവാദിത്വവും ഭാര്യയുടെ ഉറക്കം കെടുത്തുന്നു. ഭാര്യ എന്നും അസ്വസ്ഥയാണ്. നിരാശയിലും കടുത്ത ദുഃഖത്തിലും അവര്‍ ദിനരാത്രങ്ങള്‍ പിന്നിടുന്നു. അങ്ങനെയുള്ള ഭാര്യക്ക് എങ്ങനെ മക്കളെ സ്‌നേഹത്തില്‍ വളര്‍ത്താനാകും? മദ്യപാനിയായ ഭര്‍ത്താവ് കുടുംബത്തെ മുഴുപ്പട്ടിണിയിലാഴ്ത്തുന്നു. മക്കളുടെയും ഭാര്യയുടെയും കാര്യത്തില്‍ അയാള്‍ക്ക് യാതൊരു ശ്രദ്ധയുമില്ല. അതു കുടുംബത്തെ നിരാലംബത്തിലേക്ക് നയിക്കുന്നു.
പുരുഷമേധാവിത്വം കുടുംബജീവിതത്തെ തകര്‍ക്കുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീ അബലയാണെന്ന ധാരണ നിലനില്‍ക്കുന്നു. സ്ത്രീശരീരം പുരുഷശരീരംപോലെ കരുത്തുള്ളതായിരിക്കുകയില്ല. അത് സ്ത്രീത്വവും പുരുഷത്വവും തമ്മിലുള്ള വ്യതിരിക്തതയാണ്. സ്ത്രീയുടെ ശാന്തവും സൗമ്യവുമായ സ്വഭാവത്തിന് ഇണങ്ങിയ ശരീരമാണ് മാതൃത്വത്തിനാവശ്യം. അതിന്റെ പേരില്‍ സ്ത്രീയെ അബലയായി കാണുന്നത് അജ്ഞതയാണ്. അജ്ഞതമൂലം സ്ത്രീ അബലയാണെന്ന ധാരണ സമൂഹത്തില്‍ പരന്നാല്‍ സ്ത്രീ അപകര്‍ഷബോധത്തിന് അടിമപ്പെടാന്‍ സാധ്യത ഏറെയാണ്. ഈ സാധ്യത യാഥാര്‍ത്ഥ്യമായാല്‍ അതിന്റെ നഷ്ടം സമൂഹത്തിന് മുഴുവനുമായിരിക്കും. ഭര്‍ത്താവിന്റെ കടമ സ്ത്രീയെ കീഴ്‌പ്പെടുത്തുകയല്ല; ബലപ്പെടുത്തുകയാണ്. സ്ത്രീത്വത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കി അവളെ സ്‌നേഹിച്ച് ബലപ്പെടുത്തുന്നവനാണ് ഭര്‍ത്താവ്.
കുടുംബബന്ധങ്ങളെ തകര്‍ക്കുന്ന മറ്റൊരു ഘടകം അറിവിന്റെ തലത്തിലെ ഏറ്റക്കുറവാണ്. സാങ്കേതിക ജ്ഞാനത്തില്‍ ഇളംതലമുറ വളരെ മുന്നിലാണ്. അതിന്റെ ബലത്തില്‍, വളരുന്ന തലമുറ മുതിര്‍ന്നവരെ അവഗണിക്കുന്നു. സാങ്കേതികമായ ചില വിവരങ്ങള്‍ അറിയുന്നതുകൊണ്ട് മക്കള്‍ മാതാപിതാക്കളെയോ മുതിര്‍ന്നവരെയോ അവഗണിക്കുന്നത് ശരിയല്ല. വണ്ടി ഡ്രൈവ് ചെയ്യാന്‍ അറിയുന്നതിന്റെ പേരില്‍ മകന്‍, തന്നെ വളര്‍ത്തി വലുതാക്കുകയും വീട്ടില്‍ വണ്ടി മേടിച്ചിടുകയും ചെയ്ത അപ്പനെ അവഗണിക്കുന്നത് അജ്ഞതയാണ്. ജീവിതത്തിന് സാങ്കേതികമായ അറിവ് മാത്രം പോര. കുടുംബബന്ധങ്ങളെ നശിപ്പിക്കുന്ന മറ്റൊരു കാര്യം ഇളം തലമുറയുടെ ഫാഷന്‍ ഭ്രമമാണ്. ഇത്തരത്തിലുള്ള പല കാരണങ്ങളാലും നമ്മുടെ കുടുംബങ്ങള്‍ ഇന്ന് അസ്വസ്ഥമാണ്. നിരുത്തരവാദിത്വപരമായ ജീവിതവും വിശ്വാസശോഷണവും കുടുംബത്തെ തകര്‍ക്കുന്നു. ശിഥിലമായ കുടുംബത്തെ രക്ഷിക്കുവാന്‍ കുടുംബപ്രേഷിതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്തുചെയ്യണമെന്നാണ് അടിയന്തിരമായി മനസിലാക്കേണ്ടത്. ഇത്തരം കുടുംബങ്ങളെ നല്ല കൗണ്‍സിലിങ്ങ് നല്‍കി വീണ്ടെടുക്കാന്‍ കുടുംബപ്രേഷിതര്‍ക്ക് കഴിയണം. 18 വയസായാല്‍ ലൈംഗികബന്ധങ്ങളാകാം എന്ന് ചിന്തിക്കുന്നവരും ഭാര്യ അറിയാതെ അന്യസ്ത്രീകളെ പ്രാപിക്കുന്നത് തെറ്റല്ലെന്നു വിശ്വസിക്കുന്നവരുമാണ് വളരെയധികം ചെറുപ്പക്കാര്‍. ഇവരുടെ ജീവിതത്തില്‍ ദൈവകല്പനകള്‍ അപ്രസക്തമാണ്. ദൈവകല്പനകളെ പാതയില്‍ പ്രകാശവും പാദങ്ങള്‍ക്ക് വിളക്കുമായി അവര്‍ മനസിലാക്കുന്നില്ല. ദൈവകല്പനകളെ നിഷേധിക്കുന്നവന്‍ നിത്യനാശത്തില്‍ നിപതിക്കും. പാപജീവിതം അവകാശമാണെന്ന് ബോധ്യപ്പെട്ടവരും ഇഷ്ടപ്പെട്ടില്ലെങ്കില്‍ അംഗീകരിക്കപ്പെടുന്ന കാരണങ്ങള്‍ ഉന്നയിച്ച് വിവാഹബന്ധം വേര്‍പെടുത്തുന്നവരും ദൈവപ്രമാണങ്ങള്‍ കണക്കിലെടുക്കാതെ ജീവിക്കുന്നവരും പ്രേഷിതരുടെ കാരുണ്യസ്പര്‍ശം അര്‍ഹിക്കുന്നവരാണ്.
അവരെ യേശുക്രിസ്തുവിന്റെ പുറങ്കുപ്പായത്തില്‍ പൊതിഞ്ഞ് ചേര്‍ത്തുപിടിക്കുവാന്‍ ക്രിസ്തുശിഷ്യര്‍ക്കും ശുശ്രൂഷകര്‍ക്കും കടമയുണ്ട്. ഇത് പരിശുദ്ധാത്മാവിന്റെ നിറവില്‍ ചെയ്യേണ്ട ശുശ്രൂഷയാണ് (തീത്തോസ്. 3.4-5). ക്രിസ്തുവിന്റെ സഹനത്തില്‍ പങ്കുപറ്റുന്നവര്‍ക്കാണ് ഇത്തരക്കാരെ ആകര്‍ഷിച്ച് മാനസാന്തരപ്പെടുത്താന്‍ കഴിയുക (യോഹ. 8:28).

ഫാ. ജോസഫ് അരാശേരി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?