Follow Us On

18

April

2024

Thursday

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്ക് ക്രിസ്തു സന്ദേശവുമായി

ഉത്തരേന്ത്യന്‍  ഗ്രാമങ്ങളിലേക്ക്  ക്രിസ്തു സന്ദേശവുമായി

മധ്യപ്രദേശിലെ റൈഗാര്‍- അം ബികാപ്പൂര്‍ രൂപതയിലായിരുന്നു ഫാ.ജോസഫ് കടുകന്മാക്കല്‍ എം.സിബി.എസിന്റെ ആദ്യമിഷന്‍ പ്രവര്‍ത്തനം. പാറക്കെട്ടുകള്‍ക്കിടയിലും മരച്ചുവട്ടിലും കഴിഞ്ഞവരെ അദേഹം ദൈവ സ്‌നേഹത്തെക്കുറിച്ച് പഠിപ്പിച്ചു.

കേരള മണ്ണില്‍ സ്ഥാപിതമായി, സാര്‍വത്രിക സഭയുടെ തണലില്‍, ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ദിവ്യകാരുണ്യ മിഷനറി സഭ (എം.സി.ബി.എസ്). ലോകമെങ്ങും ദിവ്യകാരുണ്യ ഭക്തി വ്യാപിപ്പിക്കുന്നതിലും ദിവ്യകാരുണ്യ ആരാധനയിലൂടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും സഭയുടെ ശുശ്രൂഷ സഹായിക്കുന്നു. ഈ ലക്ഷ്യസാക്ഷാത്ക്കാരം നേടുകയാണ് ഓരോ പ്രവര്‍ത്തനങ്ങളുടെ പിന്നിലെ പ്രേരകശക്തി. സഭയില്‍ ദിവ്യകാരുണ്യഭക്തിയും ആരാധനയും വ്യാപിപ്പിക്കുന്നതിനായി തീവ്രയത്‌നം നടന്നുവന്ന കാലഘട്ടമായിരുന്നു 1903 മുതല്‍ 1914 വരെ സഭയെ നയിച്ച പത്താം പീയൂസ് പാപ്പയും, തുടര്‍ന്ന് 1914 മുതല്‍ 1922 വരെ പതിനഞ്ചാം ബനഡിക്ട് മാര്‍പാപ്പയും അദ്ദേഹത്തിന്റെ പിന്‍ഗാമി പതിനൊന്നാം പീയൂസ് മാര്‍പാപ്പ (1922-1939) യും ദിവ്യകാരുണ്യത്തില്‍ സാര്‍വത്രിക വിപ്ലവം സൃഷ്ടിച്ചവരായിരുന്നു. ദിവ്യകാരുണ്യഭക്തി കൊടുങ്കാറ്റുപോലെ സഭയില്‍ ശക്തമായി വ്യാപിച്ചു.
മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ പ്രചോദനധാര ദിവ്യകാരുണ്യ ഭക്തിയാണെന്ന് ഈ മാര്‍പാപ്പമാര്‍ ലോകത്തെ ബോധ്യപ്പെടുത്തി. സാര്‍വത്രിക സഭയിലെ മാറ്റം കേരളസഭയിലും വലിയ ചലനങ്ങളുണ്ടാക്കി. ചങ്ങനാശേരി അതിരൂപതാധ്യക്ഷന്മാരായിരുന്ന മാര്‍ തോമസ് കുര്യാളശേരി (1911-25), മാര്‍ ജയിംസ് കാളാശേരി (1927-49) എന്നിവര്‍ ദിവ്യകാരുണ്യ ഭക്തി വ്യാപിപ്പിക്കുവാനും സാര്‍വത്രികമാക്കുവാനും വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ഈ പിതാക്കന്മാരുടെ കാലത്ത് മധ്യതിരുവിതാംകൂറില്‍നിന്നുള്ള ധാരാളം മിഷനറിമാര്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്ക് ക്രിസ്തുസന്ദേശവുമായി കടന്നുചെല്ലുകയുണ്ടായി. ക്രിസ്തുനാമവും സുവിശേഷവചനങ്ങളും കേട്ടിട്ടില്ലാത്തവര്‍ക്കിടയില്‍ സുവിശേഷപ്രവര്‍ത്തനം വലിയ മാറ്റങ്ങളുണ്ടാക്കി. ദാരിദ്ര്യത്തിലും നിരക്ഷരതയിലും കഴിഞ്ഞിരുന്നവര്‍ക്ക് മിഷനറിമാരുടെ സ്‌നേഹവും പരിഗണനയും ദൈവവചന സന്ദേശവും പുതിയ അനുഭവമായിരുന്നു.
എം.സി.ബി.എസ് സഭയുടെ സ്ഥാപക പിതാക്കന്മാരുമായുള്ള വ്യക്തിബന്ധങ്ങളും മിഷനറിയായി ക്രിസ്തുവിനായി സമര്‍പ്പിത ജീവിതം നയിക്കുന്നതിനുള്ള ആഗ്രഹവുമാണ് പാല രാമപുരം സ്വദേശിയായ ജോസഫ് കടുകന്മാക്കലിനെ എം.സി.ബി.എസ് സഭയില്‍ എത്തിച്ചത്.
ദിവ്യകാരുണ്യഭക്തിയില്‍ അടിയുറച്ച ജീവിതമാതൃകയും ആഴമായ സമര്‍പ്പണവും ഈ തീരുമാനത്തിന് അദേഹത്തിന് പ്രചോദനമായി മാറി. 1950 ഏപ്രില്‍ 30-ന് അദേഹം എം.സി.ബി.എസ് സഭയിലെ സെമിനാരി പരിശീലനം പൂര്‍ത്തിയാക്കി 1958 മാര്‍ച്ച് 12-ന് പൗരോഹിത്യം സ്വീകരിച്ചു. ഉത്തരേന്ത്യയിലും കര്‍ണാടകയിലെ ഷിമോഗ മിഷനിലും മലബാറിലെ തലശേരി രൂപതയിലും ശുശ്രൂഷ ചെയ്തു. ഇപ്പോള്‍ 91-വയസുളള ഫാ. ജോസഫ് കടുകന്മാക്കല്‍ പരിയാരം എം.സി.ബി.എസ് സെമിനാരിയില്‍ ഇംഗ്ലീഷ് അധ്യാപകനായും പുതിയ തലമുറയിലെ മിഷനറിമാര്‍ക്ക് മാര്‍ഗദര്‍ശിയുമായി കഴിയുന്നു. ദിവ്യകാരുണ്യ ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ജീവിതദിനചര്യകളാണ് അച്ചന്‍ പിന്തുടരുന്നത്. മറ്റ് സേവനശുശ്രൂഷകളും പ്രാര്‍ത്ഥനയാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് അച്ചന്‍. ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. ബാക്കിയെല്ലാം ദൈവം നല്‍കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഏറ്റവും പരിമിതമായ, ലളിതമായ ജീവിതമാണ് അച്ചന്‍ പിന്തുടരുന്നത്.

മധ്യപ്രദേശിലെ ഗോത്രങ്ങള്‍ക്കിടയില്‍ ശുശ്രൂഷ വലിയ വെല്ലുവിളിയായിരുന്നു. സൂര്യനെയും ചന്ദ്രനെയും ദേവതകളെയും ആയിരുന്നു അവര്‍ ആരാധിച്ചിരുന്നത്. കഠിനമായി ജന്മിമാരുടെ വയലുകളില്‍ ജോലി ചെയ്യുന്ന അവര്‍ക്ക് കൂലി പോലും ലഭിച്ചിരുന്നില്ല. ഇവര്‍ക്കിടയില്‍ മിഷനറി പ്രവര്‍ത്തനം വലിയ ചലനങ്ങളുണ്ടാക്കി.

മധ്യപ്രദേശിലെ റൈഗാര്‍-അംബികാപൂര്‍ രൂപതയില്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യശുശ്രൂഷ. 1969 മാര്‍ച്ച് 29-നായിരുന്നു മധ്യപ്രദേശിലേക്കുള്ള ആദ്യ മിഷനറിസംഘം പുറപ്പെട്ടത്. ഏപ്രില്‍ ഒന്നുമുതല്‍ അച്ചന്‍ അവിടെ ശുശ്രൂഷ ആരംഭിച്ചു. ഗ്രാമങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും തീരെ എത്താത്ത കാലം. പട്ടിണിയും കഷ്ടപ്പാടും മാത്രമായിരുന്നു ഗ്രാമീണ വാസികള്‍ക്കുണ്ടായിരുന്നത്. അതിനാല്‍ അക്ഷരാഭ്യാസം നേടുന്നതിന് അവര്‍ തെല്ലും ശ്രമിച്ചിരുന്നില്ല. രോഗം വന്നാല്‍ പ്രാകൃതമായ ആചാരങ്ങളെ പിന്തുടര്‍ന്ന് അവര്‍ വീടുകളില്‍ തന്നെ കഴിയും. ഒട്ടും തന്നെ ചികിത്സ-യാത്രാസൗകര്യങ്ങളില്ലാത്ത സമയം. ജന്മിമാരുടെ വയലുകളില്‍ കഠിനമായി കഷ്ടപ്പെട്ടാലും അതിനൊന്നും അവര്‍ക്ക് കൂലിയും ലഭിക്കില്ല. മനുഷ്യാവകാശങ്ങളെപ്പറ്റി ആ പാവങ്ങള്‍ക്ക് കേട്ടുകേള്‍വിപോലുമില്ല. അതുകൊണ്ടുതന്നെയാകാം മനുഷ്യരക്ഷക്കായി വന്ന ദൈവപുത്രനെക്കുറിച്ച് കേള്‍ക്കാന്‍ അവര്‍ താല്പര്യം കാട്ടിയത്. ഭാഷപോലും ഇല്ലാത്ത ഇവര്‍ക്കിടയില്‍ ശുശ്രൂഷ ആദ്യകാലത്ത് വലിയ വെല്ലുവിളിയായിരുന്നു. സൂര്യനെയും ചന്ദ്രനെയും ഗോത്രദേവതകളെയും ആയിരുന്നു അവര്‍ ആരാധിച്ചിരുന്നത്. പാറക്കെട്ടുകള്‍ക്കിടയിലും മരച്ചുവടുകളിലുമായിരുന്നു പല ദേശങ്ങളിലും ആളുകള്‍ പാര്‍ത്തിരുന്നത്. ഇവര്‍ക്കിടയില്‍ മിഷനറി പ്രവര്‍ത്തനം വലിയ ചലനങ്ങളുണ്ടാക്കി. തങ്ങളുടെ രക്ഷ നിത്യദൈവത്തിലാണെന്ന തിരിച്ചറിവ് പലര്‍ക്കും പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞു. ചികിത്സയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും അവര്‍ക്ക് പറഞ്ഞുകൊടുത്തു. വിദ്യാഭ്യാസം ലഭിച്ചതോടെ ഗ്രാമീണരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടായി. തങ്ങളും മനുഷ്യരാണെന്ന തിരിച്ചറിവ് അവര്‍ക്ക് ലഭിച്ചു.
1978 ജൂലൈ മൂന്നിന് മാനന്തവാടി രൂപതാതിര്‍ത്തിയില്‍ ഷിമോഗ മിഷന്‍ പ്രവര്‍ത്തനം എം.സി.ബി.എസ് സഭ ഏറ്റെടുത്തു. മാര്‍ ജേക്കബ് തൂങ്കുഴിയായിരുന്നു അന്ന് മാനന്തവാടി രൂപതയുടെ മെത്രാന്‍. ഇവിടെ വിവിധ രംഗങ്ങളില്‍ അച്ചന്‍ ശുശ്രൂഷ ചെയ്തു. പിന്നീട് നഞ്ചന്‍കോട് എസ്റ്റേറ്റിന്റെ ചുമതലയും സഭയുടെ സുപ്പീരിയറുമായിട്ടും ആയിരുന്നു പ്രവര്‍ത്തനം. പിന്നീട് സേവനം തലശേരി രൂപതയില്‍ പുലിക്കുരുമ്പ സെന്റ് അഗസ്റ്റീനോസ് ഇടവക വികാരിയായിട്ടായിരുന്നു. മാര്‍ വള്ളോപ്പിള്ളി പിതാവായിരുന്നു മെത്രാന്‍. തികച്ചും അവികസിതമായിരുന്നു പുലിക്കുരുമ്പ. ചെമ്പേരിയില്‍നിന്ന് നാട്ടുകാര്‍ വെട്ടിത്തെളിച്ച് വാഹന സഞ്ചാരയോഗ്യമാക്കിയ റോഡായിരുന്നു ആകെ ഉണ്ടായിരുന്നത്. വലിയ മലനിരകളുള്ള ഇവിടെ വിസ്തൃതമായ പ്രദേശമായിരുന്നു ഇടവകാതിര്‍ത്തി. ഇപ്പോഴത്തെ മണ്ടളം ഉള്‍പ്പടെയുളള സ്ഥലങ്ങള്‍ ഇടവകയില്‍ വരും.റോഡില്ലാത്തതിനാല്‍ ഇടവകയിലെ വീടുകളില്‍ എത്തിച്ചേരുക ദുഷ്‌കരമായിരുന്നു. ചുരുങ്ങിയ നാളുകള്‍കൊണ്ട് വലിയ ചലനങ്ങള്‍ ഇടവകയിലുണ്ടാക്കാനായി. മദ്യത്തിനടിമകളായിരുന്ന അനേകരെ പിന്തിരിപ്പിച്ചു. കുടുംബപ്രാര്‍ത്ഥനകള്‍, വിശ്വാസ പരിശീലനം എല്ലാം ക്രമപ്പെടുത്തി ആളുകളില്‍ വലിയ മാറ്റമുണ്ടായി.
തുടര്‍ന്ന് എം.സി.ബി.എസ് സഭയുടെ നെല്ലിക്കുറ്റി സെന്ററിന്റെ സുപ്പീരിയറും സഭാവക എസ്റ്റേറ്റിന്റെ ചുമതലക്കാരനുമായി സ്ഥലംമാറ്റമായി.
ഇവിടെയും കഷ്ടപ്പാടുകള്‍ നിറഞ്ഞ ശുശ്രൂഷയായിരുന്നു. ഇടവക വൈദികരോട് സഹകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഭവനസന്ദര്‍ശനം, ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കുക, ആരാധനയിലും പ്രാര്‍ത്ഥനയിലും കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയായിരുന്നു എം.സി.ബി.എസ് വൈദികര്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഇക്കാലങ്ങളിലാണ് പാലാ രാമപുരത്തുനിന്നും മാതാപിതാക്കളും കുടുംബവും കോഴിക്കോട് ജില്ലയിലെ മലയോരത്തേക്ക് താമസം മാറ്റിയിരുന്നു. 1998-ല്‍ സഭയുടെ കോഴിക്കോട് പ്രൊവിന്‍സ് സ്ഥാപിതമായപ്പോള്‍ ഫാ. ജോസഫ് കടുകന്മാക്കല്‍ പുതിയ കോഴിക്കോട് സിയോണ്‍ പ്രൊവിന്‍സിലേക്ക് മാറി. 1994-ല്‍ ദേശീയ പാതയോരത്ത്, പരിയാരത്ത് എം.സി.ബി.എസ് സെന്റ് മേരീസ് മൈനര്‍ സെമിനാരി സ്ഥാപിതമായി. വൈകാതെ അച്ചനും ശുശ്രൂഷാരംഗം ഇവിടേക്ക് മാറ്റി. അച്ചന്റെ ആഗ്രഹംപോലെ ദിവ്യകാരുണ്യ ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഇവിടെ ധാരാളം സമയം ലഭിക്കുന്നു. പ്രാര്‍ത്ഥനയിലൂടെയും നിശബ്ദ ശുശ്രൂഷയിലൂടെയും വലിയ കാര്യങ്ങള്‍ നേടാന്‍ കഴിയുമെന്നുള്ള വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതൃക അച്ചന് പ്രചോദനമായിമാറുന്നു. ധാരാളം ദൈവവിളികള്‍ ഉണ്ടാകാനും സഭയിലേക്ക് കടന്നുവരുന്ന കൊച്ചുമിഷനറിമാര്‍ക്ക് വിശുദ്ധിയുടെ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കാനും വിശുദ്ധ ജീവിതം നയിക്കാനും മറ്റെന്തിനെക്കാളും പ്രാര്‍ത്ഥനയും മാതൃകയും അത്യാവശ്യമാണെന്ന് അച്ചന്‍ വിശ്വസിക്കുന്നു.
ദിവ്യകാരുണ്യ മിഷനറി സഭയുടെ ആരംഭകാലം മുതല്‍ സഭയെ സ്‌നേഹിക്കുകയും നോക്കിക്കാണുകയും ചെയ്തു തുടങ്ങിയ അച്ചന്‍ സഭയുടെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രത്തില്‍ പങ്കാളിയും നേര്‍സാക്ഷ്യവുമാണ്. മേലധികാരികളുടെ നിര്‍ദേശങ്ങളും സഭയുടെ നിയമങ്ങളും ശിരസാ വഹിക്കുന്നതിലും അനുസരണത്തിലും അച്ചന്‍ ഏവര്‍ക്കും മാതൃകയാണ്.
ഏറ്റെടുക്കുന്ന ചുമതലകള്‍ പൂര്‍ണതയിലെത്തിക്കാന്‍ എത്ര കഷ്ടതകളും ത്യാഗവും സഹിക്കാന്‍ അച്ചന്‍ എപ്പോഴും തയാറാണ്. ചെറിയ കാര്യങ്ങളില്‍പ്പോലും വിശ്വസ്തത പുലര്‍ത്തുന്നു. എല്ലാ പ്രവൃത്തികളും ദൈവമഹത്വത്തിനുള്ള മഹത്തായ ശുശ്രൂഷയെന്ന ബോധ്യത്തിലാണ് അച്ചന്‍ ചെയ്യുന്നതെന്ന് എം.സി.ബി.എസ് സഭയുടെ മുന്‍ സുപ്പീരിയര്‍ ജനറാളും പരിയാരം സെന്റ് മേരീസ് എം.സി.ബി.എസ് സെമിനാരി റെക്ടറുമായ ഫാ. ജോര്‍ജ് കിഴക്കേമുറി പറഞ്ഞു. സഭയിലെ ഓരോ വൈദികനും ഫാ. ജോസഫ് കടുകന്മാക്കലിനെ കരുതലോടും സ്‌നേഹത്തോടുമാണ് കാണുന്നത്. തന്റെ വിളിക്ക് ദൈവത്തിന് നന്ദി പറഞ്ഞ് അദേഹം ഈ പ്രായത്തിലും കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ട് പോകുന്നു.
പ്ലാത്തോട്ടം മാത്യു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?