Follow Us On

20

October

2020

Tuesday

തമിഴനായ മേസ്തിരിക്ക് തോമാശ്ലീഹാ നൽകിയ അനുഗ്രഹം

തമിഴനായ മേസ്തിരിക്ക് തോമാശ്ലീഹാ നൽകിയ അനുഗ്രഹം

കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമത്തിലെ വി.തോമാശ്ലീഹായുടെ നാമത്തിലുള്ള ദൈവാലയംപ്രസിദ്ധമാണ്. കുറേ വർഷങ്ങൾക്കുമുമ്പ് നാഗർഗോവിൽക്കാരനായ ഒരു മേസ്തിരി കെട്ടിടം പണികൾക്കായി അവിടെ വന്നു താമസിച്ചു. വിവാഹം കഴിഞ്ഞിട്ട് 15 വർഷങ്ങൾ കഴിഞ്ഞെങ്കിലും അദ്ദേഹത്തിനു കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. മക്കളില്ലാത്തതിന്റെ ദുഃഖം ഉള്ളിലൊതുക്കി ജീവിക്കുന്ന ആ മനുഷ്യൻ ഒരു സ്ഥലത്തെ പണി കഴിഞ്ഞ് വീട്ടുടമസ്ഥനോട് കൂലി ചോദിക്കുകയായിരുന്നു. ഉടനെ വീട്ടുകാരൻ ഇങ്ങനെ പറഞ്ഞു:
”നിങ്ങൾക്കെന്തിനാ മേസ്തിരി ഇത്രയും കൂലി. മക്കളൊന്നുമില്ലല്ലോ? പിന്നെന്തിനാ ഇങ്ങനെ സമ്പാദിക്കുന്നത്?”
ആ വാക്കുകൾ മേസ്തിരിയുടെ ഹൃദയത്തിൽ ആഞ്ഞുതറച്ചു.
”മക്കളൊന്നുമില്ലല്ലോ? പിന്നെന്തിനാ ഇങ്ങനെ സമ്പാദിക്കുന്നത്?”
അദ്ദേഹം കൂലി മേടിക്കാതെ നേരെ പള്ളിയിലേക്ക് നടന്നു….. ദൈവാലയത്തിന്റെ മുന്നിലെത്തിയ ആ മനുഷ്യൻ ഹൃദയം പൊട്ടിക്കരഞ്ഞുകൊണ്ട് തോമാശ്ലീഹായുടെ രൂപത്തിലേക്ക് നോക്കി ചോദിച്ചു: ”എന്റെ തോമാശ്ലീഹായേ……..നീയിതൊന്നും കേൾക്കുന്നില്ലേ?”
കുറേ നേരം അവിടെ നിന്നു കരഞ്ഞതിനുശേഷം അയാൾ ഒരു തീരുമാനമെടുത്തു. നാട്ടിലേക്കുമടങ്ങുക. ഇനിയും ഇവിടെ താമസിക്കണ്ട. കാരണം കുട്ടികളില്ലാത്തതിന്റെ പേരിൽ നിരവധി പരിഹാസങ്ങൾ പലരിൽനിന്നും കേട്ടുകേട്ട് മടുത്തു. മാത്രമല്ല അർഹിക്കുന്ന കൂലിപോലും ഇക്കാരണം പറഞ്ഞ് ചിലർ നിഷേധിക്കുന്നു.
ആ മനുഷ്യൻ ഭാര്യയേയും കൂട്ടി തമിഴ്‌നാട്ടിലേക്ക് മടങ്ങി. പക്ഷേ അടുത്തവർഷത്തെ പെരുന്നാളിന് അവർ രണ്ടുപേരും കൈയിലൊരു പിഞ്ചുകുഞ്ഞുമായി വന്നിട്ടുണ്ടായിരുന്നു. ആ മനുഷ്യന്റെ നിലവിളി തോമാശ്ലീഹാ കേട്ടു. ഇവിടെ നിന്നു മടങ്ങിയ ഉടൻതന്നെ ഭാര്യ ഗർഭിണിയായി. തോമാശ്ലീഹായോട് നന്ദി പറയുവാൻ, ദൈവം നൽകിയ കുഞ്ഞുമായി അവർ വിദൂരത്തുനിന്നും യാത്ര ചെയ്തുവന്നു.
*** *** *** *** *** *** *** *** ***
ജൂലൈ മൂന്നിന് തോമാശ്ലീഹായുടെ ഓർമ്മത്തിരുനാൾ ആഘോഷിക്കുമ്പോൾ നമുക്കും ചോദിക്കാം ഹൃദയം നുറുങ്ങി ”തോമാശ്ലീഹായേ നീ ഇതൊന്നും കാണുന്നില്ലേ?” ഭാരതസഭയ്ക്കുവേണ്ടി സ്വന്തം രക്തവും ജീവനും നൽകിയ അപ്പസ്‌തോലന്റെ മദ്ധ്യസ്ഥത നമ്മുടെ സഭയുടെ സകല ഞെരുക്കങ്ങൾക്കും ആശ്വാസമായി ഭവിക്കട്ടെ.
തോമാശ്ലീഹായുടെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നവരാണ് നമ്മൾ. ശ്ലീഹായുടെ യഥാർത്ഥ പിൻഗാമികൾ തങ്ങളാണെന്ന് അവകാശവാദമുന്നയിക്കുന്ന പല സഭാവിഭാഗങ്ങളും നമുക്കുണ്ട്. തോമാശ്ലീഹാ സ്ഥാപിച്ച സഭയുടെ യഥാർത്ഥ പാരമ്പര്യങ്ങളിലേക്കു തിരിച്ചു പോകുവാൻ, ശ്രമിക്കുന്നവരും പൗരാണിക ആരാധനാക്രമത്തിന്റെ അടിവേരുകൾ തേടി ഗവേഷണം നടത്തുന്നവരും നമുക്കിടയിലുണ്ട്. സ്വന്തം പാരമ്പര്യങ്ങൾ മനസ്സിലാക്കുന്നതും, അവയെ പരിപോഷിപ്പിക്കുന്നതും തീർച്ചയായും തെറ്റല്ല. പക്ഷേ എന്താണ് മാർതോമാശ്ലീഹായുടെ പാരമ്പര്യം?
ഏതാനും വർഷങ്ങൾക്കുമുമ്പ് ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഒരു വിശ്വാസ സംരക്ഷണറാലി എറണാകുളം നഗരത്തിലൂടെ കടന്നുപോവുകയായിരുന്നു. യാക്കോബായ സഭയിലെ കക്ഷിവഴക്കുകളുടെ പശ്ചാത്തലത്തിലുള്ള ആ പ്രകടനത്തിൽ കേട്ട ഒരു മുദ്രാവാക്യം ഇങ്ങനെയാണ്:
”മാർത്തോമ്മായുടെ ദീപശിഖ
തലമുറ തലമുറ കൈമാറി
കെടാതെ ഞങ്ങൾ സൂക്ഷിക്കും.”
ഇതുകേട്ട ഞാൻ വളരെയധികം സമയം ചിന്തിച്ചിരുന്നുപോയി. എന്താണ് മാർത്തോമ്മാശ്ലീഹായുടെ ദീപശിഖ? ശ്ലീഹാ തെളിച്ച വിശ്വാസത്തിന്റെ വെളിച്ചം തലമുറ തലമുറ കൈമാറാൻ നമുക്ക് സാധിച്ചോ…….? സാധിച്ചിരുന്നുവെങ്കിൽ ഭാരതത്തിന്റെ സ്ഥിതി ഇന്ന് ഇങ്ങനെ ആകുമായിരുന്നില്ല.
”അവനോടൊപ്പം പോയി നമുക്കും മരിക്കാം” എന്നു പറഞ്ഞ ശ്ലീഹാ സ്വന്തം നാടും നാട്ടുകാരും നൽകുന്ന സുരക്ഷിതത്വങ്ങൾ ഉപേക്ഷിച്ചുകൊണ്ട് അന്നത്തെ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വിദൂരഭൂവിഭാഗമായ ഭാരതത്തിലേക്ക് സുവിശേഷവുമായി വന്നു. താൻ പ്രസംഗിച്ച സുവിശേഷത്തിനുവേണ്ടി ഒടുവിൽ ജീവനും ബലിയായി കൊടുത്തു. ഇതാണ് തോമാശ്ലീഹാ. അദ്ദേഹത്തിൽനിന്നും കിട്ടിയ ഈ പ്രേഷിതചൈതന്യമാണ് തലമുറകളിലേക്ക് നാം കൈമാറേണ്ടത്. അതായത് സ്വന്തം സുരക്ഷിതത്വം നോക്കാതെ, എല്ലാം സമർപ്പിച്ചുകൊണ്ട് ലോകം മുഴുവൻ യേശുവിന്റെ സുവിശേഷമെത്തിക്കാനുള്ള ഉത്ഘടമായ ആഗ്രഹമാണ് തോമാശ്ലീഹായുടെ പാരമ്പര്യമുള്ളവരുടെ അടയാളം. ആ പാരമ്പര്യസ്വഭാവം നമുക്കുണ്ടായിരുന്നുവെങ്കിൽ ഭാരതത്തിലെ 98 ശതമാനം പേരും സഭ ആരംഭിച്ച് രണ്ടായിരംവർഷം കഴിഞ്ഞിട്ട് ഇന്നും ക്രിസ്തുവിനെ അറിയാതെ ജീവിക്കുമായിരുന്നില്ല.
ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസത്തിന്റെ ചൈതന്യം പ്രകടമാക്കാനും കാത്തുസൂക്ഷിക്കാനുമുള്ള ഉപാധികൾ മാത്രമാണ്. തോമാശ്ലീഹായുടെ വിശ്വാസ ചൈതന്യത്തെ കെടാതെ സൂക്ഷിക്കാനും, കൈമാറാനും തയ്യാറാകാതെ, ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പാരമ്പര്യത്തെ മാത്രം കാത്തുസൂക്ഷിക്കുവാൻ തത്രപ്പെടുമ്പോൾ നാം ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ വിഡ്ഢികളാവുകയല്ലേ ചെയ്യുന്നത്? അതിനാൽ തോമാശ്ലീഹായുടെ പാരമ്പര്യത്തെക്കുറിച്ച് അഭിമാനിക്കുന്ന നമ്മൾ ആ പാരമ്പര്യമോർത്ത് അല്പം ലജ്ജിക്കുന്നതും നല്ലതല്ലേ? കാരണം നമുക്ക് സുവിശേഷം കിട്ടി നൂറ്റാണ്ടുകൾ പിന്നിട്ടതിനുശേഷം സുവിശേഷമെത്തിയ രാജ്യങ്ങൾ പോലും നമ്മെക്കാൾ കൂടുതൽ സുവിശേഷം സ്വന്തമാക്കിയിട്ടുണ്ട്. നാം ഭാരതത്തിന്റെ തെക്കേയറ്റത്ത് വലിയ മാന്യതയും പദവിയുമുള്ള ഒരു സമൂഹമായി പെരുകി നിലനിന്നു. അതല്ലേ സത്യം? ഈ ജൂലൈ മൂന്നിന് നമ്മുടെ മനസാക്ഷിയിലേക്ക് ഈ ചോദ്യം കടന്നുചെല്ലട്ടെ.
ബെന്നിപുന്നത്തറ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?