Follow Us On

25

August

2019

Sunday

പരിശുദ്ധാത്മാവ് തീ പിടിപ്പിച്ച വ്യക്തികള്‍

പരിശുദ്ധാത്മാവ് തീ  പിടിപ്പിച്ച വ്യക്തികള്‍

കഴിഞ്ഞ നാളുകളില്‍ പലരും ധരിച്ച ടി-ഷര്‍ട്ടുകളില്‍ പ്രിന്റ് ചെയ്ത മൂന്നു വാക്കുകള്‍ ഇങ്ങനെയാണ്: എശൃല ളൃീാ മയീ്‌ല (ഉന്നതത്തില്‍ നിന്നുള്ള അഗ്നി). കരിസ്മാറ്റിക് ധ്യാനാനുഭവം ഉള്ള ആരോ ആണ് ഈ ടി-ഷര്‍ട്ട് ഇറക്കിയതെന്ന് തോന്നുന്നു. ഈ ടി-ഷര്‍ട്ടുകളില്‍ പ്രിന്റ് ചെയ്ത, ഉന്നതങ്ങളില്‍നിന്നുള്ള അഗ്നി എന്ന വാക്കുകളിലൂടെ സൂചിപ്പിച്ചത് പരിശുദ്ധാത്മാവിനെയാണ്. പരിശുദ്ധാത്മാവ് പന്തക്കുസ്താ ദിവസം അപ്പസ്‌തോലന്മാരുടെമേല്‍ എഴുന്നള്ളി വന്നത് തീനാവുകളുടെ രൂപത്തിലാണല്ലോ. അങ്ങനെ ഇറങ്ങിവന്ന പരിശുദ്ധാത്മാവ് അവരില്‍ കത്തിപ്പടര്‍ന്നു. അഗ്നിക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. പ്രകാശം തരും, ചൂട് തരും, കത്തി ദഹിപ്പിക്കും അങ്ങനെ പലതും. അഗ്നിരൂപത്തില്‍ വന്നിറങ്ങിയ പരിശുദ്ധാത്മാവ് ശ്ലീഹന്മാരില്‍ ഉണ്ടായിരുന്ന തിന്മകളെ കത്തി ദഹിപ്പിച്ചു. അനേക നന്മകളെ അവരില്‍ കത്തി ജ്വലിപ്പിച്ചു. അതുവരെ ഇല്ലാതിരുന്ന അനേക കൃപകളാല്‍ സമ്പന്നരാക്കി. അങ്ങനെ പരിശുദ്ധാത്മാവ് തീ പിടിപ്പിച്ച അപ്പസ്‌തോലന്മാര്‍ പിന്നീട് അനേകരെ തീ പിടിപ്പിച്ചു. അങ്ങനെയാണ് സഭ ആരംഭിക്കുന്നതും വളര്‍ന്നതും.
പഴയ നിയമത്തിലേക്ക് നോക്കിയാലും പരിശുദ്ധാത്മാവ് തീ പിടിപ്പിച്ച മനുഷ്യരെ കാണാം. പരിശുദ്ധാത്മാവ് തീ പിടിപ്പിച്ച മനുഷ്യനാണ് സാവൂള്‍. ഈ സാവൂള്‍ വലിയ പ്രവാചകനായി. ഇസ്രായേലിന്റെ രാജാവായി. ബാലനും ആട്ടിടയനുമായിരുന്ന ദാവീദിനെ പരിശുദ്ധാത്മാവ് തീ പിടിപ്പിച്ചപ്പോള്‍ ദാവീദ് ഇസ്രായേലിലെ ഏറ്റവും ശക്തനായ രാജാവായി. പരിശുദ്ധാത്മാവ് തീ പിടിപ്പിച്ചപ്പോള്‍ സാംസണ്‍ ശക്തനായി. പരിശുദ്ധാത്മാവ് വിട്ടു പോയപ്പോള്‍ സാംസണ്‍ ദുര്‍ബലനായി. ശത്രുക്കള്‍ അദ്ദേഹത്തെ ബന്ധിച്ചു, കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. ഫിലിസ്ത്യരുടെ ദേവന്റെ ഉത്സവം വന്നപ്പോള്‍ നൃത്തം ചെയ്യിക്കാനായി സാംസണെ കൊണ്ടുവന്നു. അപ്പോള്‍ സാംസണ്‍ പ്രാര്‍ത്ഥിച്ചു: ”ദൈവമേ, ഒരിക്കല്‍ക്കൂടി എന്നെ ശക്തനാക്കണമേ.” ഉടനെ പരിശുദ്ധാത്മാവ് സാംസണില്‍ വന്നു നിറഞ്ഞു. സാംസണ്‍ ശക്തനായി.
കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം രൂപപ്പെട്ടതും ശക്തിപ്പെട്ടതും പരിശുദ്ധാത്മാവ് ചില മനുഷ്യരെ തീ പിടിപ്പിച്ചപ്പോഴാണ്. കേരളത്തിന്റെ കാര്യം ആലോചിക്കാം. നായ്ക്കംപറമ്പിലച്ചന്‍, പനയ്ക്കലച്ചന്‍ ഇവരെപോലുള്ള വൈദികരെ പരിശുദ്ധാത്മാവ് തീ പിടിപ്പിച്ചു. തീ പിടിച്ച അവര്‍ ലോകത്തെമ്പാടും അനേകം മനുഷ്യരെ തീ പിടിപ്പിച്ചു. ഇവരെപ്പോലെ പരിശുദ്ധാത്മാവ് തീ പിടിപ്പിച്ച അനേകം ആത്മീയ ശുശ്രൂഷകര്‍ സഭയില്‍ ഉണ്ടായി. അക്കൂട്ടത്തില്‍ മെത്രാന്മാരും വൈദികരും സിസ്റ്റര്‍മാരും അല്മായരും ഉണ്ട്. അക്കൂട്ടത്തില്‍ ധാരാളം യുവജനങ്ങള്‍ ഉണ്ട്. പരിശുദ്ധാത്മാവ് തീ പിടിപ്പിച്ച ഈ മനുഷ്യരെല്ലാവരുംകൂടി എത്രയധികം പേരെ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലേക്ക് നയിച്ചിരിക്കുന്നു; അഥവാ പരിശുദ്ധാത്മാവിനാല്‍ തീ പിടിപ്പിച്ചിരിക്കുന്നു. ഇങ്ങനെ പരിശുദ്ധാത്മാവിനാല്‍ തീ പിടിച്ച കുറച്ച് മനുഷ്യര്‍ സഭയില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ സഭയ്ക്ക് ഇന്ന് കാണുന്ന ഉണര്‍വ് കാണുമായിരുന്നില്ല.
പരിശുദ്ധാത്മാവ് സഭയിലെ അനേകം അംഗങ്ങളെക്കൂടി തീ പിടിപ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നു. സഭയ്ക്ക് അപമാനവും സഭാംഗങ്ങള്‍ക്ക് വേദനയും ഉണ്ടാക്കുന്ന നിരവധി സംഭവങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവരുന്നു. മാധ്യമങ്ങള്‍ അവ ആഘോഷിക്കുന്നു. സഭയ്‌ക്കെതിരെ ധാരാളം ശത്രുക്കള്‍ ഉണ്ട്. അതിന്റെ കൂടെയാണ് സഭയ്ക്കുള്ളില്‍ത്തന്നെ സഭയ്ക്ക് ശത്രുക്കള്‍. ആരെയൊക്കെയോ ജയിപ്പിക്കുവാനോ ആരെയൊക്കെയോ തോല്‍പിക്കുവാനോ നടത്തുന്ന ഈ പ്രവൃത്തികള്‍മൂലം യഥാര്‍ത്ഥ പരിക്ക് പറ്റുന്നത് സഭയ്ക്കാണ്. മുറിവേറ്റ ധാരാളം സഭാവിശ്വാസികള്‍ ഉണ്ട് എന്നത് എല്ലാവരും ഓര്‍ക്കണം. ഇതിന്റെയെല്ലാം കാരണം ഇതാണ്: ഇനിയും ദൈവം തൊടാത്തവര്‍, പരിശുദ്ധാത്മാവിനാല്‍ തീ പിടിക്കാത്തവര്‍ സഭയില്‍ ഉണ്ട്. അവര്‍ മറ്റ് ഓരോന്നിനാല്‍ ആണ് തീ പിടിച്ചിരിക്കുന്നത്. ചിലരെ സ്വാര്‍ത്ഥത എന്ന തീ പിടിച്ചിരിക്കുന്നു. ചിലരെ വാശി, പക, പ്രതികാരചിന്ത എന്നിങ്ങനെയൊക്കെയുള്ള തീ പിടിച്ചിരിക്കുന്നു. ചിലരെ അധികാരമോഹം, സാമ്പത്തികനേട്ടം എന്ന തീയും പിടിച്ചിരിക്കുന്നു. ഇങ്ങനെ പരിശുദ്ധാത്മാവിനാല്‍ അല്ലാതെ മറ്റോരോന്നിനാല്‍ തീ പിടിച്ച മനുഷ്യര്‍ മറ്റു പലരെയും വേണ്ടാത്ത തീ പിടിപ്പിക്കും. വെറുപ്പിന്റെ അഗ്നിയാല്‍ ജ്വലിപ്പിക്കും. പകയുടെയും പ്രതികാരചിന്തയുടെയും അഗ്നിയാല്‍ ജ്വലിപ്പിക്കും. അനേകരെ സഭയോടും ദൈവത്തോടും നിസംഗത ഉള്ളവരാക്കി മാറ്റും. ഇതൊക്കെ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.
ഒരു പന്തക്കുസ്താ തിരുനാളിന് സഭ ഒരുങ്ങുകയാണ്. ഇത് ശരിക്കുമൊരു പന്തക്കുസ്താ തിരുനാള്‍ തന്നെയാകട്ടെ. പരിശുദ്ധാത്മാവ് അനേകരെ തീ പിടിപ്പിക്കട്ടെ. അങ്ങനെ തീ പിടിക്കുന്നവര്‍ സഭയെ നവീകരിക്കാന്‍ പ്രാപ്തരും മറ്റെല്ലാവരെയും തീ പിടിപ്പിക്കുവാന്‍ കഴിവുള്ളവരും ആകട്ടെ. അങ്ങനെ സഭയ്ക്ക് ഒരു പുതിയ വസന്തം ഉണ്ടാകട്ടെ. ഒരു പുതിയ ഉണര്‍വ് ഉണ്ടാകട്ടെ. സഭയെ കുറെയെങ്കിലും ബാധിച്ച ദുഷ്‌പേര് മാഞ്ഞുപോകട്ടെ. വ്യക്തികള്‍ കൂടുതല്‍ അഭിഷേകം ഉള്ളവര്‍ ആകട്ടെ. കുടുംബങ്ങള്‍ കൂടുതല്‍ കൃപയും സമാധാനവും ഉള്ള കുടുംബങ്ങള്‍ ആകട്ടെ. സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവരും അവിടങ്ങളില്‍ സേവനം ചെയ്യുന്നവരും ക്രിസ്തുവിന്റെ മുഖവും പരിശുദ്ധാത്മാവിന്റെ നന്മകളും പ്രകടിപ്പിക്കുന്നവര്‍ ആകട്ടെ. പരിശുദ്ധാത്മാവേ, എന്നെ തീ പിടിപ്പിക്കണമേ എന്ന് ഈ ദിവസങ്ങളില്‍ നമുക്ക് കൂടുതല്‍ പ്രാര്‍ത്ഥിക്കാം. സഭയില്‍ പുതിയൊരു പന്തക്കുസ്താ അനുഭവം ഉണ്ടാകുന്നതിനായി പ്രാര്‍ത്ഥിക്കുക മാത്രമാണ് ഇതിനെല്ലാം ഉള്ള പരിഹാരം.
അതിനാല്‍ പുതിയൊരു പന്തക്കുസ്തക്കുവേണ്ടി വ്യക്തികളും സമൂഹങ്ങളും ഇടവകകളും ആത്മീയമായി ഒരുങ്ങണം. ആരെങ്കിലും അവരെ ഒരുക്കണം. കുടുംബത്തില്‍ കുടുംബനാഥനും ഇടവകകളില്‍ വികാരിയച്ചന്മാരും പരിശുദ്ധാത്മാവിന്റെ പുതിയ അഭിഷേകത്തിനായി ആളുകളെ ഒരുക്കട്ടെ. പരിശുദ്ധാത്മാവ് എല്ലാവരെയും തീ പിടിപ്പിക്കട്ടെ!

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?