Follow Us On

15

July

2020

Wednesday

സഹായ വിതരണങ്ങള്‍ക്കും മാനദണ്ഡം ആവശ്യമില്ലേ?

സഹായ വിതരണങ്ങള്‍ക്കും മാനദണ്ഡം ആവശ്യമില്ലേ?

പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ ഓരോ അധ്യയനവര്‍ഷത്തിലും ധാരാളം സന്നദ്ധ സംഘടനകളും പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങാറുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ യൂണിഫോം, ബുക്കുകള്‍, ബാഗ്, കുട മറ്റു സാധനങ്ങള്‍ എന്നിവ നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നത് നല്ല കാര്യമാണ്. വലിയ സമ്മേളനങ്ങള്‍ നടത്തി സ്റ്റേജില്‍വച്ച് സഹായം വിതരണം നടത്തുന്നത് പൊതുരീതിയായി മാറിക്കൊണ്ടിരിക്കുകയാണ്. കുടയും ബാഗുമൊക്കെ നല്‍കുന്ന വാര്‍ത്തയും ചിത്രങ്ങളുമൊക്കെ പത്രങ്ങളില്‍ കാണാറുണ്ട്. കുട്ടികളുടെ ആത്മാഭിമാനത്തെ ഹനിക്കുന്ന വിധത്തില്‍ ചടങ്ങുകള്‍ നടത്തി പഠന, ചികിത്സാ സഹായങ്ങള്‍ നല്‍കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ദരിദ്രപശ്ചാത്തലവും നിസഹായാവസ്ഥയും പരസ്യപ്പെടുത്തി കുട്ടികളെ അപമാനിക്കുന്ന സഹായവിതരണ ചടങ്ങുകള്‍ വിദ്യാലയങ്ങളിലും പുറത്തും വലിയ ആഘോഷത്തോടെ നടത്തുന്നത് നിരുത്സഹാപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതുനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിനന്ദിക്കപ്പെടേണ്ട നിര്‍ദ്ദേശമാണ് ബാലാവകാശ കമ്മീഷന്റേത്. പേരും പടവും പത്രങ്ങളില്‍ അടിച്ചുവന്നാല്‍ കുട്ടികള്‍ സന്തോഷത്തോടെ സൂക്ഷിച്ചുവയ്ക്കും. ബന്ധുക്കളെയും കൂട്ടുകാരെയുമൊക്കെ കാണിക്കുന്നതില്‍ അവര്‍ക്ക് വലിയ അഭിമാനമായിരിക്കും. എന്നാല്‍ ഈ വിധത്തില്‍ തന്റെ ചിത്രം വരാന്‍ ഒരു കുട്ടിയും ആഗ്രഹിക്കില്ല. അവര്‍ ആരെയും കാണിക്കാനും സാധ്യത കുറവാണ്. പഠനോപകരണങ്ങളും വസ്ത്രങ്ങളും ലഭിക്കുമ്പോള്‍ സന്തോഷം തോന്നിയാലും അവരുടെ അഭിമാനബോധത്തിന് ക്ഷതം ഏല്ക്കുന്നുണ്ട്. ചെറിയ കുട്ടികള്‍ക്കും മനസുണ്ടെന്നും അതു മുറിയപ്പെടുന്നില്ലെന്നും സമൂഹം ഉറപ്പാക്കേണ്ടതുണ്ട്. തങ്ങളുടെ ഇല്ലായ്മകള്‍ പൊതുസമൂഹത്തിന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ ആരാണ് ഇഷ്ടപ്പെടുന്നത്? എന്നാല്‍, ഈ നിര്‍ദ്ദേശങ്ങളുടെ പേരില്‍ സഹായം നല്‍കുന്നതില്‍നിന്നും ആരും പിന്മാറരുത്. അത് അനേകര്‍ക്ക് കൈത്താങ്ങായി മാറുന്നുണ്ട്. പാവപ്പെട്ടവരെ സഹായിക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അധികം പേരും നടത്തുന്നതെങ്കിലും പേരെടുക്കുന്നതിനായി സഹായങ്ങള്‍ നല്‍കുന്നവരുമുണ്ട്. അങ്ങനെയാണ് സഹായങ്ങള്‍ നല്‍കുന്ന ചടങ്ങുകള്‍ വലിയ സമ്മേളനങ്ങളായി മാറുന്നത്.
സഹായം നല്‍കുന്നത് നല്ലൊരു പാഠമാണ്. സഹായിക്കുന്നവരെ പരിചയപ്പെടുത്തുന്നതിലും തെറ്റില്ല. മറ്റുള്ളവരെ സഹായിക്കാന്‍ ഓരോരുത്തര്‍ക്കും കടമയുണ്ടെന്ന ബോധ്യം പുതിയ തലമുറക്ക് അതുവഴി ലഭിക്കട്ടെ. അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നതിനായി സ്‌കൂളിന്റെ ഓഫീസില്‍ ഏല്പിച്ചാല്‍ മതിയല്ലോ. അവിടെനിന്നും നല്‍കുമ്പോഴും രഹസ്യാത്മകത പുലര്‍ത്തണം. ക്ലാസിലുള്ള മറ്റു കുട്ടികള്‍പ്പോലും അറിയുന്നില്ലെന്ന് ഉറപ്പാക്കണം. പാഠപുസ്തകവിതരണം മാത്രമല്ല, മറ്റു സഹായവിതരണങ്ങള്‍ക്കും പൊതുമാനദണ്ഡം ഉണ്ടാകേണ്ടത് ആവശ്യമാണ്. ചില സഹായവിതരണങ്ങളെങ്കിലും പബ്ലിസിറ്റിയുടെ തലത്തിലേക്ക് ഉയരാറുണ്ട്. വീടുനിര്‍മിച്ചു നല്‍കുന്നതുപോലുള്ള വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നല്ല കാര്യമാണ്. പണം അനേകരുടെ സംഭാവനയായി ലഭിച്ചതായിരിക്കും. അതിനാല്‍ ഏറ്റെടുത്ത ദൗത്യം വേഗത്തില്‍ വിജയകരമായി നടപ്പിലാക്കി എന്ന കാര്യം സമൂഹത്തെ അറിയിക്കേണ്ടതായി വരും. വിശ്വാസ്യതയുടെ തലം അതിലുണ്ട്. അത്തരം സമ്മേളനങ്ങള്‍ ചിലപ്പോള്‍ ആവശ്യമായി വരാം. എന്നാല്‍, പൊതുവേദിയില്‍വച്ച് വീടിന്റെ താക്കോല്‍ കൈമാറുന്നതുപോലുള്ള ചടങ്ങുകള്‍ ഒഴിവാക്കാനാകില്ലേ? ഇത്തരത്തിലുള്ള പല ചടങ്ങുകളും തുടക്കത്തില്‍ ചെറുതായി ആരംഭിച്ചതാണ്. എന്നാല്‍, ആഘോഷകരമായ സഹായിക്കലുകളായി പിന്നീടതു പരിണമിക്കുകയായിരുന്നു.
സമ്മേളനങ്ങള്‍ നടത്തി സഹായം വിതരണം ചെയ്യുന്ന എല്ലാത്തിന്റെയും പിന്നില്‍ മറ്റുള്ളവര്‍ അറിയണമെന്ന ചിന്തയാണെന്നു പറയുന്നില്ല. നല്ല കാര്യം ചെയ്തതല്ലേ, സമൂഹത്തിന് മാതൃകയാകട്ടെ എന്ന ഉദ്ദേശ്യത്തോടെയും അങ്ങനെ ചെയ്യുന്നുണ്ട്. ഏതായാലും സഹായം സ്വീകരിക്കുന്നവരുടെ മനസുകൂടി നാം കാണണം. നിസഹായതമൂലമാണ് സമൂഹത്തിന്റെ സഹായം സ്വീകരിക്കുവാന്‍ ഓരോരുത്തരും തയാറാകുന്നത്. നല്ല നിലയില്‍ ജീവിച്ചിരുന്ന പല കുടുംബങ്ങളും സാമ്പത്തികമായി തകര്‍ന്നുപോയിട്ടുണ്ട്. പണം ഇല്ലാത്തത് ആരുടെയും കുഴപ്പമല്ല. മറ്റുള്ളവരെ സഹായിക്കുന്നത് ഔദാര്യമായി ആരും കാണരുത്. അതു നമ്മുടെ കടമയാണ്.
മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുന്നത് ദൈവാനുഗ്രഹമായി കരുതണം. അതിനുള്ള സാമ്പത്തികാവസ്ഥ നല്‍കിയ ദൈവത്തിന് നന്ദി പറയുകയും വേണം. മറ്റുള്ളവര്‍ അറിയാതെ സഹായം ചെയ്യുമ്പോഴാണ് ദൈവസന്നിധിയില്‍ അതിന് പ്രതിഫലം ലഭിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?