Follow Us On

29

November

2020

Sunday

മറക്കാന്‍ കഴിയാത്ത ആ പത്തു രൂപ

മറക്കാന്‍ കഴിയാത്ത ആ പത്തു രൂപ

തൃശൂരിനടുത്ത് കുന്നംകുളം പഴഞ്ഞി എന്ന സ്ഥലമാണ് എന്റെ ജന്മദേശം. ചെറുപ്പം മുതലേ കലാവാസനയുണ്ടായിരുന്നു എങ്കിലും പ്രോത്സാഹനം നല്‍കുവാന്‍ ആരുമില്ലായിരുന്നു. ഞാന്‍ താമസിക്കുന്ന വീടിന് സമീപം വായനശാലയുണ്ടായിരുന്നു. അവിടെ പോയി റേഡിയോ ഗാനങ്ങള്‍ കേള്‍ക്കുക പതിവായിരുന്നു. ഗാനങ്ങള്‍ തയാറാക്കണമെന്ന ആഗ്രഹത്തോടെ മുന്നോട്ടുപോയി. തൃശൂര്‍ റേഡിയോ സ്റ്റേഷനില്‍ ശബ്ദപരിശോധനയ്ക്ക് പോയപ്പോള്‍ എനിക്ക് പരിപാടി അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചു. ആ സ്റ്റേഷനിലെ ക്രിസ്തീയ ഗാനങ്ങള്‍ അവതരിപ്പിക്കുക പതിവായി. സംഗീത സംവിധായകനായിരുന്ന ജോണ്‍സണ്‍ മാസ്റ്റര്‍, ആറ്റ്‌ലി, പോള്‍സണ്‍ മാസ്റ്റര്‍ എന്നിവരുമായി സൗഹൃദം സ്ഥാപിക്കുവാന്‍ ആ കാലഘട്ടം വഴിയൊരുക്കി. എല്ലാ മാസവും ഒരു ദിവസം ഉദയഗീതങ്ങള്‍ എന്ന പേരില്‍ അരമണിക്കൂര്‍ ക്രിസ്തീയ ഗാനപരിപാടി അവതരിപ്പിക്കുവാന്‍ തുടങ്ങി. 1968-70 കളില്‍ ഞങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നല്ല നിലയില്‍ ഓര്‍ക്കസ്ട്രാ ഉപയോഗിച്ച് ക്രിസ്തീയ സംഗീതപരിപാടികള്‍ നടത്തി. 1971 ഏപ്രില്‍ മാസത്തില്‍ അതൊരു ദുഃഖവെള്ളിയാഴ്ച – എനിക്കൊരു ദൈവാനുഭവം ഉണ്ടായി. അന്ന് ഞാന്‍ യേശുവിനെ രക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ചു. ഇനിയുള്ള കാലം യേശുവിനെക്കുറിച്ച് മാത്രമേ പാടുകയുള്ളൂവെന്നും അവിടുത്തെ തിരുനാമത്തിന്റെ മഹത്വത്തിനായി ജീവിക്കുമെന്നും പ്രതിജ്ഞയെടുത്തു. മറ്റു കലാപ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി. ഇപ്പോള്‍ 49 വര്‍ഷം പിന്നിട്ടു. യേശുവിനുവേണ്ടി മാത്രം പാടുവാന്‍ ഞാന്‍ ജീവിതം മാറ്റിവച്ചു. മുന്നൂറോളം ഗാനങ്ങള്‍ ദൈവമഹത്വത്തിനായി തയാറാക്കുവാന്‍ ദൈവം ഉപയോഗിച്ചു. പതിനായിരക്കണക്കിന് വേദികളില്‍ പാടുവാന്‍ അവിടുന്ന് എനിക്ക് അനുഗ്രഹം നല്‍കി. വാദ്യോപകരണങ്ങളുടെ പശ്ചാത്തലത്തില്‍ സംഗീതപരിപാടി നടത്താന്‍ അവസരം നല്‍കി. ബംഗളൂരു കേന്ദ്രമായുള്ള ഹാര്‍ട്ട് ബീറ്റ്‌സിന്റെ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചു. 1980-കളില്‍ മാത്യു ജോണ്‍ കോട്ടയം, രമണി മാത്യു എന്നിവരോടൊപ്പം ഞാനും ഭാര്യ ബീനയും കേരളത്തിലുടനീളം ക്രിസ്തീയ സംഗീത പരിപാടികള്‍ നടത്തിയിട്ടുണ്ട്.
1970-ല്‍ തൃശൂരില്‍നിന്നും അടിമാലിയില്‍ ഒരു മീറ്റിങ്ങിന് പോയി. വൈകിട്ട് ഒരു ബാഗും ഹാര്‍മോണിയുമായി ഞാന്‍ അടിമാലിയില്‍ എത്തി. ഇരുന്നൂറ് ഏക്കര്‍ എന്ന സ്ഥലത്താണ് മീറ്റിങ്ങ്. അവിടെ പോകാന്‍ ഏക ആശ്രയം ജീപ്പുമാത്രം. മീറ്റിങ്ങിനാവശ്യമായ സാധനങ്ങളും വാങ്ങി പെട്രോള്‍ മാക്‌സുമായി എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ പാസ്റ്റര്‍ എത്തിയിരുന്നു. പെട്ടെന്നാണ് ജീപ്പ് തകരാറായെന്നുള്ള വിവരം അറിയുന്നത്. നടക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. ചാക്കുകെട്ട് പാസ്റ്റര്‍ തലയില്‍ എടുത്തു. ഹാര്‍മോണിയം എന്റെ തലയിലും വച്ചു. കിലോമീറ്ററുകള്‍ നടന്ന് ഞങ്ങള്‍ അവിടെയെത്തി. രാത്രി തിരികെ പോകാന്‍ വാഹനമില്ല. രണ്ടു പലക അടുപ്പിച്ചിട്ട് മുകളില്‍ ഓല വിരിച്ച് കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ തൃശൂര്‍ക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ പാസ്റ്റര്‍ എനിക്ക് അഞ്ചുരൂപ നല്‍കി. നടന്ന് അടിമാലിയില്‍ എത്തി. നല്ല ക്ഷീണം, ഒരു ചായ കുടിക്കാന്‍ വലിയ ആഗ്രഹം. എന്നാല്‍ തൃശൂരില്‍ എത്താനുള്ള കൃത്യം പണമേ കൈയിലുള്ളൂ. വാഹനം വരുന്നതുവരെ അവിടെയിരുന്നു. തലേന്ന് മീറ്റിങ്ങില്‍ പങ്കെടുത്ത ചിലര്‍ എന്നെ തിരിച്ചറിഞ്ഞു. അല്‍പം കഴിഞ്ഞ് അവര്‍ എന്നോട് ഒരു പാട്ട് പാടാമോ എന്ന് ചോദിച്ചു. നടന്നു വന്നതിന്റെ ക്ഷീണം വകവയ്ക്കാതെ ഞാന്‍ ഹാര്‍മോണിയം എടുത്ത് പാട്ടുകള്‍ പാടുവാന്‍ തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളില്‍ അനേകം ആളുകള്‍ വന്നുചേര്‍ന്നു. ഒരാള്‍ എനിക്ക് ഒരു ഗ്ലാസ് ചായ വാങ്ങിത്തന്നു. പാട്ടു കഴിഞ്ഞപ്പോള്‍ എല്ലാവരും എന്റെ അടുക്കല്‍ വന്നു. ഒരാള്‍ കുറച്ചു പൈസ എന്റെ കൈയില്‍ തന്നു. തുറന്നു നോക്കിയപ്പോള്‍ പത്തുരൂപ. ഇന്നും അതെനിക്ക് മറക്കാന്‍ കഴിയില്ല. മൂന്ന് മക്കളുമൊത്ത് സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. മക്കളെല്ലാം സംഗീതത്തില്‍ അഭിരുചിയുള്ളവരാണ്. നാം കഷ്ടതകളിലും ദുഃഖങ്ങളിലും ഏകാന്തതയിലും എല്ലാം കടന്നുപോകുവാന്‍ ഇടയായെന്ന് വരാം. എന്നാല്‍ ദൈവം നമ്മെ അത്ഭുതരമായി വഴിനടത്തും. ദൈവത്തിന്റെ കരുതല്‍ അവര്‍ണനീയമാണ്.

പി.എം ഭക്തവല്‍സലന്‍
(ഗാനരചയിതാവ്, സംഗീത സംവിധായകന്‍)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?