Follow Us On

15

July

2020

Wednesday

പള്ളിയില്‍ ഇത്തരം വസ്ത്രങ്ങള്‍ നല്ലതാണോ

പള്ളിയില്‍ ഇത്തരം വസ്ത്രങ്ങള്‍ നല്ലതാണോ

”സഭാമക്കള്‍ വിനയത്തോടും വിവേകത്തോടുംകൂടി ഉചിതമായും മാന്യമായും വസ്ത്രധാരണം ചെയ്ത് നടക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു” (1 തിമോ. 2:9). എന്തെന്നാല്‍ വസ്ത്രധാരണം നമ്മുടെ വ്യക്തിത്വത്തെ മാത്രം കേന്ദ്രീകരിക്കുന്ന ഒന്നല്ല. മറിച്ച് നാം ബന്ധപ്പെടുന്ന വ്യക്തികളോടും സാഹചര്യങ്ങളോടുമുള്ള നമ്മുടെ കാഴ്ചപ്പാടിന്റെയും ആദരവിന്റെയും ബഹിര്‍സ്ഫുരണമാണ്. എന്നാല്‍ വിശുദ്ധ കുര്‍ബാനയ്ക്കും മറ്റു ശുശ്രൂഷകള്‍ക്കുമായി ദൈവാലയത്തിലേക്ക് കടന്നുവരുന്ന മിക്കവാറും ആളുകള്‍ തങ്ങളുടെ വസ്ത്രധാരണരീതി പലപ്പോഴും ശ്രദ്ധിക്കുന്നില്ല.
മോഡേണ്‍ ഡ്രസിന്റെ ഭാഗമായ ഇറുകിപ്പിടിച്ച് കിടക്കുന്ന ലോ വേയ്സ്റ്റ് ജീന്‍സ്, ടി ഷര്‍ട്ട്, ഷോര്‍ട്ട് – ടോപ്പ്, മറ്റ് മാന്യതയില്ലാത്ത വസ്ത്രങ്ങള്‍ ഇവ ദൈവാലയങ്ങളില്‍ ഉപയോഗിക്കരുതെന്ന് സഭ പലവട്ടം വിലക്കിയിട്ടുള്ള കാര്യമാണ്. ഇത് ലംഘിക്കാന്‍ ശ്രമിക്കുന്നത് ദൈവത്തോടും സഭയോടും കൂദാശകളോടുമുള്ള അനാദരവാണ്… ധിക്കാരമാണ്.
ഒരു ജോലിക്കുള്ള ഇന്റര്‍വ്യൂവിന് പോകുന്ന ഉദ്യോഗാര്‍ത്ഥി, ഇന്റര്‍വ്യൂ ബോര്‍ഡിന് തന്നെക്കുറിച്ച് നല്ല മതിപ്പ് തോന്നത്തക്കവിധമുള്ള വസ്ത്രം ധരിച്ചുകൊണ്ട് ഇന്റര്‍വ്യൂവിന് പോകാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. അങ്ങനെയെങ്കില്‍ ദൈവാലയത്തിലേക്ക് വരുമ്പോള്‍ ആ അന്തരീക്ഷത്തിനും വിശുദ്ധിക്കും ചേരുന്ന വസ്ത്രധാരണവും സംസാരരീതികളും സ്വീകരിക്കാന്‍ എന്തുകൊണ്ട് പലരും പരാജയപ്പെടുന്നു? ഇതിന്റെ പ്രധാന കാരണം, മോശമായ രീതിയില്‍ വസ്ത്രധാരണം നടത്തി വരുന്നവര്‍ ദൈവത്തെ അന്വേഷിച്ചല്ല ദൈവാലയത്തിലേക്ക് വരുന്നത്. പിന്നെയോ ദൈവാലയത്തിലെ ഒത്തുചേരല്‍ വെറുമൊരു സാമൂഹ്യ ചടങ്ങായി മാത്രം അവര്‍ കണക്കാക്കുന്നു എന്നതാണ്. ഇത് ദൈവത്തെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന കാര്യമായതിനാല്‍ അവിടുന്ന് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. ”നിങ്ങള്‍ അവിവേകികളെപ്പോലെയാകാതെ വിവേകികളെപ്പോലെ ജീവിക്കുവാനായി ശ്രദ്ധിച്ചുകൊള്ളുവിനെന്ന്” (എഫേ. 5:15).
മുംബൈ ആര്‍ച്ച് ബിഷപ് ഏതാനും നാള്‍മുമ്പ് ദൈവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയുണ്ടായി. അതില്‍ ഇപ്രകാരം പറയുന്നു: ”ദൈവാലയ ശുശ്രൂഷകളില്‍ ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്തുവാന്‍ കഴിഞ്ഞാലേ ഒരു വിശ്വാസിക്ക് തന്റെ പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും മാന്യത പുലര്‍ത്താന്‍ കഴിയൂ. അതിന് കഴിഞ്ഞില്ലെങ്കില്‍ ദൈവാലയത്തില്‍ വരുന്ന മറ്റ് വിശ്വാസികളെ ആദരിക്കാനുള്ള വിവേകമെങ്കലും നമുക്കുണ്ടാവണം. മറ്റുള്ളവരുടെ ഭക്തിയുടെയും ശ്രദ്ധയുടെയും താളംതെറ്റിക്കുന്ന ഒന്നുംതന്നെ ഒരു വിശ്വാസിയില്‍നിന്നും ഉണ്ടാകാന്‍ പാടില്ല. ദൈവാലയത്തിലേക്ക് കടന്നുവരുന്നവര്‍ ദൈവത്തില്‍നിന്നും സ്വീകരിക്കേണ്ടത് അവിടുത്തെ അനുഗ്രഹങ്ങളാണ്, അല്ലാതെ അവിടുത്തെ കോപമോ നീരസമോ അല്ല. ദൈവാലയത്തില്‍ ദൈവതിരുമുമ്പില്‍ നമ്മുടെ ശരീരമല്ല പ്രദര്‍ശിപ്പിക്കേണ്ടത്, പിന്നെയോ പാപത്തിന്റെ ചെളിക്കുണ്ടില്‍ കിടന്ന് പിടയുന്ന നമ്മുടെ ആത്മാവിന്റെ ദയനീയാവസ്ഥയാണ്. ”അതെ – ഈശോയെ സ്‌നേഹിക്കുന്ന വ്യക്തികള്‍ തങ്ങളുടെ വസ്ത്രധാരണവും ശാരീരിക ഭാഷയും അവിടുത്തെ പരിശുദ്ധിക്ക് യോജിച്ച വിധത്തിലാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തി ജീവിക്കേണ്ടവരാണ്.
ലോകം ഇന്ന് ലൈംഗിക അരാജകത്വത്തിന്റെ പിടിയിലാണ്. ബലാത്സംഗവും പീഡനവും തട്ടിക്കൊണ്ടുപോകലും മൃഗീയ പ്രവൃത്തികളുംമൂലം ഇന്ന് ലോകമാസകലം ഭീകരാന്തരീക്ഷംതന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വചനം നമ്മോട് പറയുന്നു: ”നഗ്നനായി മറ്റുള്ളവരുടെ മുമ്പില്‍ ലജ്ജിതനായിത്തീരാതെ മാന്യമായി വസ്ത്രം ധരിച്ച് ഉണര്‍ന്നിരിക്കുന്നവന്‍ ഭാഗ്യവാന്‍” (വെളി. 16:15).
ഗരസേനരുടെ നാട്ടില്‍ ചെന്ന യേശു ഒരു പിശാചുബാധിതനെ കണ്ടു. വചനം പറയുന്നു ”അവന്‍ വസ്ത്രം ധരിച്ചിട്ടില്ലായിരുന്നു (ലൂക്കാ 8:27). അതെ – വസ്ത്രം ധരിക്കാതെ നടക്കുന്നതും മറ്റുള്ളവര്‍ക്ക് പ്രലോഭനങ്ങള്‍ ഉണ്ടാകുംവിധം മ്ലേച്ഛമായി വസ്ത്രം ധരിക്കുന്നതും പിശാചുബാധയുടെ ലക്ഷണംതന്നെയാണ്. എന്നാല്‍ ആ മനുഷ്യനെ പിശാചുബാധയില്‍നിന്നും യേശു മോചിപ്പിച്ചപ്പോള്‍ ”അവന്‍ വസ്ത്രം ധരിച്ചുകൊണ്ട് സുബോധത്തോടെ യേശുവിന്റെ കാല്‍ക്കല്‍ ഇരുന്നു” (ലൂക്കാ 8:35).
ശരീരം ദൈവത്തിന്റെ ആലയമാണ്. അതിനാല്‍ ആ ആലയത്തെ വിശുദ്ധിയോടെ കാത്തുപരിപാലിക്കണം. കര്‍ത്താവ് ചോദിക്കുന്നു. ”നിങ്ങളുടെ ശരീരം എന്റെ ആലയമാണെന്നും എന്റെ ആത്മാവ് അവിടെ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?” (1 കോറി. 3:16). അവിടുത്തെ ആലയത്തെ സ്‌നേഹിക്കുകയും വിശുദ്ധിയോടെ കാത്തുപരിപാലിക്കുകയും ചെയ്യുന്നവരെ അവിടുന്ന് സംരക്ഷിക്കുന്നു. എന്നാല്‍ ”അവിടുത്തെ ആലയത്തെ നശിപ്പിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവരെ അവിടുന്ന് തകര്‍ത്തുകളയുന്നു” (1 കോറി. 3:17). അതിനാല്‍ ”ദൈവത്തിന്റെ ആലയമായ നമ്മുടെ ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും എപ്രകാരമാണ് കാത്തുസൂക്ഷിക്കേണ്ടതെന്ന് നാം അറിഞ്ഞിരിക്കണം” (1 തെസ. 4:4).
പെണ്‍കുഞ്ഞുങ്ങളെ ദൈവാലയത്തില്‍ അയക്കുമ്പോള്‍ നെറ്റുകൊണ്ട് തല മൂടി പ്രാര്‍ത്ഥിക്കണമെന്ന വലിയ അറിവ് മാതാപിതാക്കള്‍ പകര്‍ന്നു നല്‍കണം. അതോടൊപ്പം മറ്റുള്ളവരിലെ ദൈവവിചാരം നഷ്ടപ്പെടത്തക്കവിധമുള്ള വസ്ത്രധാരണവും പെരുമാറ്റവും ദൈവം കഠിനമായി വെറുക്കുന്ന തിന്മയാണ് എന്ന തിരിച്ചറിവിലേക്ക് അവരെ നയിക്കുകയും വേണം.
പരിശുദ്ധനില്‍ പരിശുദ്ധനായ ഈശോ വസിക്കുന്ന ആലയതതില്‍ അവിടുത്തെ പരിശുദ്ധിക്ക് വിരുദ്ധമായി മറ്റുള്ളവര്‍ക്ക് ദുര്‍മാതൃകയും പ്രലോഭനവും നല്‍കുന്നവര്‍ സ്വര്‍ഗത്തിലെത്തുക അസാധ്യമാണ്. മറ്റുള്ളവരുടെ പ്രലോഭനത്തിന് എന്റെ വസ്ത്രധാരണം കാരണമാകുമ്പോള്‍ സ്വര്‍ഗവാതില്‍ എന്റെനേരെ കൊട്ടിയടയ്ക്കപ്പെടുകയും നരകവാതില്‍ എനിക്കായി തുറക്കപ്പെടുകയും ചെയ്യുന്ന ഭയാനകമായ നിമിഷമാണതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമുക്ക് വിശുദ്ധിയോടെയും മാന്യതയോടെയും വസ്ത്രധാരണം നടത്താം. ദൈവാലയം ഫാഷന്‍ പരേഡിനുള്ള സ്ഥലമല്ല. പിന്നെയോ അവിരാമം വിശുദ്ധിയോടെ ദൈവസ്തുതികള്‍ ഉയരേണ്ട ദൈവത്തിന്റെ ആലയമാണ്.

ഐസക് ചാവറ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?