Follow Us On

15

July

2020

Wednesday

സ്‌നേഹം കൊണ്ട് കീഴടക്കിയ ജീവിതങ്ങൾ

സ്‌നേഹം കൊണ്ട് കീഴടക്കിയ  ജീവിതങ്ങൾ

കോയമ്പത്തൂരില്‍നിന്നും അമ്പതു കിലോമീറ്റര്‍ അകലെ വ്യവസായ നഗരമായ തിരുപ്പൂരിലെ വഞ്ചിപ്പാളയത്താണ് ഭിന്നശേഷിക്കാരുടെ ആശ്രയഭവനമായ മദര്‍ തെരേസ പീസ് ഹോം. ശരീരവും മനസും തകര്‍ന്ന ഒട്ടനവധി പേര്‍ക്ക് ആശ്രയമാവുകയാണ് ഈ ശാന്തിതീരം. കാരുണ്യത്തിന്റെ കരമായി മാറുകയാണ് ഇതിന്റെ ഡയറക്ടറായ നോര്‍ബര്‍ട്ടൈന്‍ സഭാംഗം ഫാ. വിനീത് കറുകപ്പറമ്പിലും അദേഹത്തൊടൊപ്പം പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്‌സും… രാമനാഥപുരം രൂപതയിലെ സാന്തോം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ തിരുപ്പൂരിലെ മൗണ്ട് കാര്‍മല്‍ ഇടവകാതിര്‍ത്തിക്കുള്ളിലാണ് ഈ ആശ്രയഭവനം.
രാമനാഥപുരം രൂപതയുടെ ജീവകാരുണ്യ മേഖലയിലെ ആദ്യ സംരംഭമാണിത്. മൗണ്ട് കാര്‍മല്‍ ഇടവകാംഗങ്ങളുടെ ദീര്‍ഘവീക്ഷണത്തിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സാക്ഷാല്‍ക്കാരമാണ് ഈ പീസ് ഹോം.
മൗണ്ട് കാര്‍മല്‍ ഇടവക വികാരിയായിരുന്ന ഫാ. ഷാജി പണ്ടാരപ്പറമ്പിലിന്റെ പ്രയത്‌നഫലമായി രൂപതയ്ക്ക് സംഭാവന ചെയ്ത ഈ സ്ഥലത്ത് 2014 ഏപ്രില്‍ 14-ന് നിര്‍മാണം ആരംഭിച്ചു. മൗണ്ട് കാര്‍മല്‍ ഇടവകാംഗങ്ങളുടെ ആത്മാര്‍ത്ഥമായ പരിശ്രമഫലമായിട്ടാണ് സ്ഥാപനം പ്രവര്‍ത്തന സജ്ജമായത്. 2015 ഫെബ്രുവരി 11-ന് രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട് മദര്‍ തെരേസ പീസ് ഹോമിന്റെ വെഞ്ചരിപ്പുകര്‍മം നിര്‍വഹിച്ചു.
മൗണ്ട് കാര്‍മല്‍ ഇടവക വികാരിയായിരുന്ന ഫാ. ജെയ്‌സണ്‍ പുലിക്കോട്ടിലാണ് മദര്‍ തെരേസ പീസ് ഹോമിന്റെ സ്ഥാപക ഡയറക്ടര്‍. കരുണയുടെ വര്‍ഷത്തില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് മുന്നോട്ട് പോകുന്നത് സുമനസുകളുടെ കാരുണ്യംകൊണ്ടാണ്. ”സ്ഥാപനത്തിന് സര്‍ക്കാര്‍ സഹായങ്ങള്‍ ഒന്നുംതന്നെയില്ലെന്ന് ഡയറക്ടറായ ഫാ. വിനീത് പറയുന്നു. ”കിടപ്പുരോഗികള്‍ക്കുവേണ്ടിയുള്ള സ്ഥാപനമായിരിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് ഇതാരംഭിച്ചത്. സ്ഥാപനം നാനാജാതി മതസ്ഥര്‍ക്കുവേണ്ടിയുള്ള കരുണയുടെ ഭവനമായിരിക്കണമെന്ന് ഇതിന്റെ ആരംഭകര്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിലെ അവഗണിക്കപ്പെട്ടവരും തീര്‍ത്തും ശയ്യാവലംബികളും ഇവിടെ അഭയം തേടുന്നു. കടുത്ത സാമ്പത്തിക പരാധീനതയുള്ളവരെയും ഇത്തരം രോഗികളെ പരിചരിക്കാന്‍ വീട്ടില്‍ സൗകര്യം ഇല്ലാത്തവരെയുമാണ് ഇവിടെ സംരക്ഷിക്കുന്നത്.
”പരസഹായമില്ലാതെ ജീവിക്കാന്‍ പറ്റാത്ത നിരവധി പേര്‍ പ്രവേശനത്തിനായി എത്തുന്നുണ്ടെങ്കിലും സ്ഥലപരിമിതിമൂലം 16 പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുവാന്‍ സാധിച്ചിട്ടുള്ളൂവെന്ന് ഫാ. വിനീത് സൂചിപ്പിച്ചു.
മരുന്നിനെക്കാള്‍ സ്‌നേഹവും കരുണയുമാണ് ഇവിടെ നല്‍കുന്നത്. രണ്ടു കാലുകളും തളര്‍ന്ന ഒമ്പതു വയസുകാരിയായ സത്യ എന്ന പെണ്‍കുട്ടിയെ നോക്കൂ. ജന്മനാ ഇവള്‍ കലാകാരിയാണ്. വരകളിലൂടെയും വര്‍ണങ്ങളിലൂടെയും ഇവളുടെ കഴിവുകള്‍ ഒഴുകുന്നു.
അകാലത്തില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് ദൈനംദിന ആവശ്യങ്ങള്‍ നടത്തിക്കൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടുന്ന അമ്മയാണ് സത്യയെ ആശ്രയഭവനില്‍ കൊണ്ടുവന്നത്. സത്യയില്‍ നൈസര്‍ഗികമായ കലാവാസനയുണ്ടെന്ന് മനസിലായ അധികൃതര്‍ സത്യയ്ക്കുവേണ്ട എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കി. ക്രയോണ്‍സുകളും പെന്‍സില്‍ കളറുകളും ഉപയോഗിച്ച് സത്യ വരച്ച ചിത്രങ്ങള്‍ ഈ സ്ഥാപനത്തിന്റെ ചുവരുകളില്‍ കാണാവുന്നതാണ്. വിശുദ്ധ മദര്‍ തെരേസയുടെ തിരനാളിനോടനുബന്ധിച്ച് സത്യയാണ് ചിത്രങ്ങള്‍ക്ക മിഴിവു നല്‍കുന്നത്. സത്യ തയാറാക്കിയ ക്രിസ്മസ് കാര്‍ഡുകള്‍ വളരെ ആകര്‍ഷകങ്ങളാണ്. ഇവിടെ സന്ദര്‍ശിക്കാനെത്തുന്നവര്‍ ഈ കാര്‍ഡുകള്‍ വാങ്ങി സത്യയെ പ്രോത്സാഹിപ്പിക്കുന്നു. ഇതൊരു കുട്ടിയുടെ മാത്രം കഥയല്ല, സ്ഥാപനത്തിലെ എല്ലാവര്‍ക്കും പറയാനുണ്ട് ഇത്തരം കഥകള്‍.
ബിഷപ് കുണ്ടുകുളം പിതാവിനാല്‍ സ്ഥാപിതമായ തൃശൂര്‍ ആസ്ഥാനമാക്കി സേവനം ചെയ്യുന്ന നിര്‍മലദാസി സന്യാസ സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ ഗ്രേസി, സിസ്റ്റര്‍ ഷൈന്റി, സിസ്റ്റര്‍ സില്‍വിയ എന്നിവരാണ് ഭിന്നശേഷിക്കാരുടെ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നത്. പീസ് ഹോമിന്റെ അസിസ്റ്റന്റ് ഡയറക്ടറായ ഫാ. ഷിബിന്‍ സി.എം.ഐ, ബ്ര. നെല്‍സണ്‍, ട്രീസ സഹോദരി എന്നിവരും ഇവര്‍ക്ക് താങ്ങും തണലുമാണ്.
സ്ഥാപനത്തിന്റെ അനുദിന ആവശ്യങ്ങളില്‍ സഹായിക്കുന്നതിനുവേണ്ടി രാമനാഥപൂരം രൂപതയിലെ രാമനാഥപുരം, തിരുപ്പൂര്‍, ഗാന്ധിപുരം, ഈറോഡ്, മേട്ടുപ്പാളയം, കുനിയംമുത്തൂര്‍, പൊള്ളാച്ചി, പല്ലടം, ശാസ്ത്രിനഗര്‍, അന്തര്‍, അത്തിപ്പാളയം മുതലായ ഇടവകകളില്‍നിന്നും വോളന്റിയേഴ്‌സ് എത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം സേവനത്തിനായി മാസത്തിലെ ഓരോ പ്രത്യേക തിയതികള്‍ നല്‍കിയിട്ടുണ്ട്. ‘ഫ്രണ്ട്‌സ് ഓഫ് ഏഞ്ചല്‍സ്’ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്.
രാമനാഥപുരം രൂപത ബിഷപ് മാര്‍ പോള്‍ ആലപ്പാട്ടാണ് മദര്‍ തെരേസ പീസ് ഹോമിന്റെ രക്ഷാധികാരി.
ഫാ. വിനീത് കറുകപ്പറമ്പില്‍ ആലപ്പുഴ സ്വദേശിയാണ്. ഭദ്രാവതി, രാമനാഥപുരം രൂപതകളിലെ വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫാമിലി കൗണ്‍സലിങ്ങില്‍ ലൈസന്‍ഷ്യേറ്റും നേടിയിട്ടുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്കൊപ്പമുള്ള ശുശ്രൂഷ ആത്മീയ സന്തോഷം നല്‍കുന്നതാണെന്നും സുമനസുകളുടെ സഹായത്തോടെയാണ് മദര്‍ തെരേസ പീസ് ഹോമിന്റെ അനുദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിവാഹം, മാമോദീസ, ജന്മദിനം, ക്രിസ്മസ്, ഈസ്റ്റര്‍ മുതലായ അവസരങ്ങളില്‍ വിവിധ ഇടവകകളില്‍നിന്നുമുള്ളവര്‍ ഈ ഭിന്നശേഷിക്കാരായ മക്കളുമൊത്ത് സന്തോഷം പങ്കുവയ്ക്കാനായി ഇവിടെയെത്തുന്നുണ്ട്. ഫോണ്‍: 94433662333.

തോമസ് തട്ടാരടി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?