Follow Us On

05

December

2023

Tuesday

പരിശുദ്ധാത്മാവ് ഇല്ലാതെ തിരുസഭയില്ല പരിശുദ്ധ കന്യാമറിയം ഇല്ലാതെ പന്തക്കുസ്ത ഇല്ല

പരിശുദ്ധാത്മാവ് ഇല്ലാതെ തിരുസഭയില്ല പരിശുദ്ധ കന്യാമറിയം ഇല്ലാതെ പന്തക്കുസ്ത ഇല്ല

നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ഉയിര്‍പ്പിന്റെ അമ്പതാം ദിവസമാണ് പന്തക്കുസ്ത. ‘പന്തക്കുസ്ത’ എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം ‘അമ്പത്’ എന്നാണ്. യഹൂദപാരമ്പര്യത്തില്‍ വിളവെടുപ്പിന് അരിവാള്‍ വയ്ക്കുകയും ഫലം ശേഖരിക്കുകയും ചെയ്യുന്ന ദിവസമാണ് പന്തക്കുസ്തായെങ്കില്‍ പുതിയ നിയമത്തില്‍ അത് മൂര്‍ച്ചയേറിയ ഇരുതല വാള്‍പോലെ പരിശുദ്ധ റൂഹാ ഇറങ്ങിവന്നതിന്റെ അനുസ്മരണമാണ്.
നസ്രായനായ ഈശോയുടെ നാമത്തില്‍, അവന്റെ അമ്മയുടെയും ശ്ലീഹന്മാരുടെയും കൂട്ടായ്മയിലുള്ള പ്രാര്‍ത്ഥനയിലാണ് (നടപടി 1:14) റൂഹാദ്ക്കുദ്ശായുടെ ശക്തമായ പ്രവര്‍ത്തനം വെളിപ്പെടുന്നത്. പന്തക്കുസ്തയിലാണ് സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. സ്വര്‍ഗത്തിലേക്ക് കരേറിയ ഈശോയുടെ ഏറ്റവും വലിയ ആശീര്‍വാദമാണ് പന്തക്കുസ്ത. ഈശോ സ്വര്‍ഗാരോഹണം ചെയ്തത് പരിശുദ്ധാത്മാവിനെ അയക്കാനാണ്. പരിശുദ്ധ റൂഹാ മറിയത്തില്‍ ആവസിച്ചപ്പോള്‍ മിശിഹായുടെ മനുഷ്യശരീരത്തിന് ജന്മമേകിയെങ്കില്‍ അതേ പരിശുദ്ധ റൂഹാ ആരാധനാസമൂഹത്തില്‍ വന്ന് നിറഞ്ഞപ്പോള്‍ പരിശുദ്ധ സഭ രൂപപ്പെടുന്നത് നമ്മള്‍ ശ്ലീഹന്മാരുടെ നടപടി പുസ്തകത്തില്‍ വായിക്കുന്നു. തള്ളക്കോഴിയെപ്പോലെ ശ്ലീഹന്മാരുടെമേല്‍ അടയിരുന്ന് ദൈവാത്മാവിന്റെ ചൂടിനാല്‍ സഭയെ വിരിയിച്ചത് പരിശുദ്ധ അമ്മയാണെന്ന് സഭാപിതാക്കന്മാര്‍ പഠിപ്പിക്കുന്നു. ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ‘പരിശുദ്ധ റൂഹാ ഇല്ലാതെ തിരുസഭയില്ല. എന്നാല്‍ പരിശുദ്ധ കന്യകാമറിയം ഇല്ലാതെ പന്തക്കുസ്തയില്ല.’ സത്യാത്മാവും ജീവദാതാവുമായ റൂഹാദ്ക്കുദ്ശാ ദൈവസ്‌നേഹം വ്യക്തിത്വം ധരിച്ചതാണ്. റൂഹാദ്ക്കുദ്ശാ ജീവദാതാവായ സ്‌നേഹമാണ്. റൂഹാദ്ക്കുദ്ശാ സ്‌നേഹായതിനാല്‍ സ്‌നേഹത്തിന്റെ പ്രവൃത്തികളാണ് റൂഹാദ്ക്കുദ്ശായുടേത്.
ത്രിതൈ്വക ദൈവം തന്നെത്തന്നെ മനുഷ്യര്‍ക്ക് നല്‍കുന്നത് റൂഹാദ്ക്കുദ്ശായിലാണ്. പരിശുദ്ധ ത്രിത്വത്തിന്റെ സത്യവും സ്വര്‍ഗത്തിന്റെ വഴിയും ശ്ലീഹന്മാര്‍ അറിഞ്ഞത് റൂഹാദ്ക്കുദ്ശായിലൂടെയാണ്. സത്യത്തിന്റെ ആത്മാവായ റൂഹായില്‍നിന്ന് വളരെ ഉന്നതവും ഉത്കൃഷ്ടവുമായ നന്മകള്‍ നമുക്ക് ലഭിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ ദൈവികരഹസ്യങ്ങള്‍ പരിശുദ്ധ റൂഹായാണ് നമുക്ക് വെളിപ്പെടുത്തിത്തരുന്നത്. ഈശോ പ്രഘോഷിച്ച അതേ സുവിശേഷത്തിന്റെ അധ്യാപകനാണ് റൂഹാദ്ക്കുദ്ശാ. അദൃശ്യനാണെങ്കിലും സഭാമധ്യേ എപ്പോഴും സന്നിഹിതനായിരിക്കുന്ന റൂഹായാണ് വിശ്വാസികളുടെ പരമോന്നത വഴികാട്ടി. റൂഹാ സഹായകനാണ്, മധ്യസ്ഥനാണ്, അഭിഭാഷകനാണ്. ഈശോയാണ് ഒന്നാമത്തെ സഹായകന്‍. പരിശുദ്ധ റൂഹാ രണ്ടാമത്തെ സഹായകനാണ്. മിശിഹാ സഭയുടെ ശിരസായിരിക്കുന്നതുപോലെ റൂഹാദ്ക്കുദ്ശാ സഭയുടെ ആത്മാവാണ്. ഒരു മനുഷ്യന്റെ ശരീരത്തില്‍ ഹൃദയമെങ്ങനെയോ അങ്ങനെയാണ് തിരുസഭയില്‍ റൂഹാദ്ക്കുദ്ശാ. സഭയെ നിലനിര്‍ത്തുകയും ഒന്നിപ്പിക്കുകയും ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുന്നത് റൂഹായാണ്. തെറ്റിന്റെയും വിഭജനത്തിന്റെയും തിന്മയുടെയും ദുഷ്ടതയെ തടയുന്നത് റൂഹാദ്ക്കുദ്ശായാണ്.
ദൈവപുത്രരായി ദത്തെടുക്കപ്പെട്ടവരുടെ ആത്മാക്കള്‍ വിശുദ്ധിയുടെ ഉറവിടമായ റൂഹാദ്ക്കുദ്ശായാല്‍ വിശുദ്ധിയില്‍ പൂര്‍ണരാക്കപ്പെടുന്നു. മാമോദീസായിലൂടെ വിശ്വാസിയുടെ ആത്മാവില്‍ റൂഹാദ്ക്കുദ്ശാ സന്നിഹിതനായി ആ ആത്മാവിനെ റൂഹാദ്ക്കുദ്ശായെപ്പോലെ ആക്കുന്നു. ”ആത്മാവില്‍നിന്ന് ജനിക്കുന്നത് ആത്മാവാണ്” (യോഹ. 3:6). റൂഹാ എല്ലാ പാപങ്ങളുടെയും മോചനമാണ്. നമ്മള്‍ പ്രകാശിതരാകുന്നതും സ്‌നേഹത്താല്‍ ജ്വലിക്കുന്നതും റൂഹാദ്ക്കുദ്ശായിലാണ്. റൂഹാ നീതിമാന്മാരുടെ ആത്മാക്കളില്‍ നിഗൂഢമായി വസിക്കുകയും സഭയില്‍ പരസ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഓരോ വിശ്വാസിയെയും തിരുഭയെയും ദൈവഹിതം നിറവേറ്റാന്‍ റൂഹാദ്ക്കുദ്ശാ നിര്‍ബന്ധിക്കുന്നു. റൂഹാദ്ക്കുദ്ശായുടെ ദാനങ്ങളാല്‍ നിറഞ്ഞ വ്യക്തികള്‍ക്കാണ് ദൈവഹിതം നിറവേറ്റാന്‍ സാധിക്കുന്നത്. അറിവില്ലാത്തവരും ഭീരുക്കളും ദുഃഖിതരും നിരാശരുമായിരുന്ന ശ്ലീഹന്മാരെ റൂഹാവഴിയാണ് മിശിഹാ അറിവും ആത്മധൈര്യവും സന്തോഷവും പ്രത്യാശയുമുള്ളവരാക്കിയത്. റൂഹായുടെ നിറവിലാണ് ശ്ലീഹന്മാര്‍ പുതിയ ഉടമ്പടിയുടെ സന്ദേശവുമായി ലോകമെങ്ങും പോകുകയും സഭാസമൂഹങ്ങള്‍ക്ക് അടിസ്ഥാനമിടുകയും ചെയ്തത്. ശ്ലീഹന്മാരുടെ ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രസംഗങ്ങളും കര്‍ത്താവായ ഈശോമിശിഹായെക്കുറിച്ചുള്ള പഠനങ്ങളും ശ്രവിച്ച് (നടപടി 28:31) വിശ്വാസികളായവരുടെ സമൂഹം, ഒരു ഹൃദയവും ഒരു ആത്മാവുമായിരുന്നു (നടപടി 4:32). ”ആനന്ദത്താലും റൂഹായാലും നിറഞ്ഞവരായിരുന്നു ശ്ലീഹന്മാരും വിശ്വാസികളും” (നടപടി 13:52). ഈശോയുടെ നാമത്തെപ്രതി ക്ലേശങ്ങള്‍ സഹിക്കുന്നതില്‍ സന്തോഷം കണ്ടെത്തുവാന്‍ തക്കവിധം റൂഹാ ശ്ലീഹന്മാരില്‍ ആന്തരിക പരിവര്‍ത്തനം നടത്തി.
‘ശ്ലീഹാ’ എന്ന സുറിയാനി പദത്തിന്റെ അര്‍ത്ഥം ‘അയക്കപ്പെട്ടവന്‍’ എന്നാണ്. ക്രൂശിതനും ഉത്ഥിതനുമായ കര്‍ത്താവിന്റെ, സ്വര്‍ഗത്തിന്റെ നാവുകളായാണ് ശ്ലീഹന്മാര്‍ ഭൂമിയുടെ എല്ലാ ഭാഗത്തും എത്തിയത്. തിരുവചനം കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചവരെ നല്ല ഇടയനായ ഈശോയുടെ ഏകതൊഴുത്തില്‍ പ്രവേശിപ്പിച്ച് സ്വര്‍ഗരാജ്യത്തിന് അവകാശികളാക്കുകയാണ് ശ്ലീഹന്മാര്‍ ചെയ്തത്. ഈശോയെക്കുറിച്ചുള്ള സുവിശേഷപ്രസംഗം കേട്ട് വിശ്വസിക്കുന്നവരെല്ലാം ഈശോയുടെ സ്‌നേഹിതരും ദൈവപുത്രരും ദൈവഭവനത്തിലെ അംഗങ്ങളും റൂഹാദ്ക്കുദ്ശായുടെ ആലയങ്ങളുമാകുന്നു. മിശിഹായുടെ ആത്മാവില്ലാത്തവന്‍ മിശിഹായ്ക്കുള്ളവനല്ല (റോമാ 8:9).
ഈ അവസരത്തില്‍ 1895-ല്‍ വിശുദ്ധ ലെയോ പതിമൂന്നാമന്‍ പാപ്പ പന്തക്കുസ്തയ്ക്ക് ഒരുക്കമായി നൊവേന നടത്താന്‍ ആവശ്യപ്പെട്ട കാര്യം അനുസ്മരിക്കുന്നു. വിശ്വാസികള്‍ കുമ്പസാരിച്ച് പ്രസാദവരത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത്, വിശുദ്ധ കുര്‍ബാന സ്വീകരിച്ച്, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നൊവേനയുടെ ഓരോ ദിവസവും ഏഴു വര്‍ഷത്തെയും 209 ദിവസത്തെയും പൂര്‍ണ ദണ്ഡവിമോചനം ലഭിക്കും. സഭയുടെ ആത്മീയ നിക്ഷേപത്തില്‍നിന്നാണ് നമുക്ക് ദണ്ഡവിമോചനം ലഭിക്കുന്നത്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് ദണ്ഡവിമോചനം ലഭിക്കാനും ഇപ്രകാരം സഭ നിര്‍ദേശിച്ച കാര്യങ്ങള്‍ ഓരോ വിശ്വാസിക്കും നിര്‍വഹിക്കാവുന്നതാണ്. പന്തക്കുസ്താ ഞായറാഴ്ചയും തുടര്‍ന്നുള്ള എട്ടു ദിവസങ്ങളിലും മുകളില്‍ പറഞ്ഞതുപോലെ ഓരോ ദിവസവും ഏഴു വര്‍ഷത്തെയും 209 ദിവസത്തെയും പൂര്‍ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്. 124 വര്‍ഷം മുമ്പ് വിശുദ്ധ ലെയോ പതിമൂന്നാമന്‍ പാപ്പ പ്രഖ്യാപിച്ച ഈ വലിയ ആത്മീയ ഫലങ്ങള്‍ നേടിയെടുക്കുവാന്‍ പരിശ്രമിക്കുക.

മാര്‍ ജോസഫ് സ്രാമ്പിക്കല്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?