Follow Us On

22

October

2020

Thursday

മൂലകോശ ഗവേഷണം: സഭ അനുകൂലം പക്ഷേ, പ്രതികൂലം!

മൂലകോശ ഗവേഷണം: സഭ അനുകൂലം പക്ഷേ, പ്രതികൂലം!

മൂലകോശ ഗവേഷണത്തെ സഭയുടെ നിലപാട് അനുകൂലമോ പ്രതികൂലമോ? ഉത്തരം എത്രപേർക്ക് അറിയാം. സഭ പിന്തുണയ്ക്കുന്നുണ്ട് അതോടൊപ്പം പ്രതികൂലിക്കുന്നുമുണ്ട്. മൂലകോശ ഗവേഷണത്തെ കുറിച്ച് വിശ്വാസി അറിയേണ്ട സുപ്രധാന വിവരങ്ങൾ പങ്കുവെക്കുകയാണ് ലേഖകൻ.

 

സെബിൻ എസ്. കൊട്ടാരം

മാനവരക്ഷയ്ക്കുവേണ്ടിയാണ് മനുഷ്യപുത്രൻ ലോകത്തിനു സ്വയം ബലിയായി നൽകിയത്. അതൊരു സ്വയം സമർപ്പണമായിരുന്നു. എന്നാൽ, ഒരാളുടെ നേട്ടത്തിനു വേണ്ടി മറ്റുള്ളവരെ കുരുതി കൊടുത്താൽ അത് അധാർമികവും എതിർക്കപ്പെടേണ്ടതും തന്നെ. അത്തരമൊരു അവസ്ഥയിലേക്കാണ് ഇന്ന് വിവാദമായി മാറി മൂലകോശ ഗവേഷണങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. ഒത്തിരിയേറെ ന്യായവാദങ്ങൾ പറഞ്ഞുകൊണ്ടാണ് മൂലകോശ ഗവേഷണത്തിന് ഒരു വിഭാഗം ശാസ്ത്രജ്ഞരും നേതാക്കളും പിന്തുണ നൽകുന്നത്.

പല രോഗങ്ങളുടെയും ചികിത്സയ്ക്കും നശിച്ചുപോയ ശരീരകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും മൂലകോശ തെറാപ്പി സഹായിക്കുമെന്നാണ് അവരുടെ അവകാശവാദം. നല്ല കാര്യംതന്നെ. ക്ഷതമേറ്റതോ നശിച്ചതോ ആയ ശരീരകോശങ്ങളെ മാറ്റി ശരീരത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ മൂലകോശ തെറാപ്പി സഹായിക്കുന്നു. ഈ ആശയത്തിന്റെ ചുവടുപിടിച്ചാണ് സൂപ്പർമാൻ ചിത്രങ്ങളിലൂടെ ലോക പ്രശസ്തനായ ക്രിസ്റ്റഫർ റീവ് തന്റെ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിൽ പ്രതീക്ഷയുടെ കിരണങ്ങളുമായി നീങ്ങിയത്.

അപ്രതീക്ഷിതമായുണ്ടായ അപകടത്തെത്തുടർന്ന് റീവിന്റെ ശരീരം തളർന്നതോടെയാണ് മൂലകോശ പരീക്ഷണത്തിലൂടെ തന്റെ അവസ്ഥയിൽ മാറ്റം വരുത്താ ൻ അദ്ദേഹം ശ്രമിച്ചത്. നട്ടെല്ലിനേറ്റ ക്ഷതം പരിഹരിക്കാൻ നാഡീകോശങ്ങളുടെ വളർച്ചയ്ക്ക് മൂലകോശ ഗവേഷണം സഹായിക്കുമോയെന്ന് അദ്ദേഹം പരീക്ഷിച്ചുനോക്കി. പക്ഷേ, പരീക്ഷണം പൂർണതയിലെത്തുംമുമ്പ് 2004ൽ അദ്ദേ ഹം ഈ ലോകത്തോടു വിട പറഞ്ഞു. മരണംവരെ വീൽചെയറായിരുന്നു അദ്ദേഹത്തെ താങ്ങിയിരുന്നത്.

ഹൃദ്രോഗികളിൽ ഹാർട്ട് മസിൽ സെല്ലുകളുടെ വളർച്ചയ്ക്കും പാർക്കിൻസൺ രോഗികളിൽ ബ്രെയിൻ സെല്ലുകളുടെ രൂപീകരണത്തിനും മൂലകോശങ്ങൾ ഉപയോഗിക്കാനാവും. പ്രമേഹരോഗ ചികിത്‌സയിലും മൂലകോശങ്ങൾ ഉപയോഗിക്കാനാവും. അതുപോലെ മജ്ജയുടെ വളർച്ചയ്ക്കും രക്തകോശങ്ങളുടെ ഉത്പാദനത്തിനും മൂലകോശങ്ങൾ ഉപയോഗിക്കാൻ കഴിയും. അൽഷിമേഴ്‌സ്, കരൾ രോഗങ്ങൾ, കാൻസർ, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും മൂലകോശങ്ങൾ സഹായകരമാണെന്നാണ് ഗവേഷകർ പറയുന്നത്.

സഭയുടെ നിലപാട്?

എല്ലാത്തരം മൂലകോശ ഗവേഷണത്തെ യും സഭ എതിർക്കുന്നില്ല. എംബ്രിയോണിക് മൂലകോശ ഗവേഷണത്തെയാണ് പ്രധാനമായും കത്തോലിക്കാ സഭ എതിർക്കുന്നത്. ഭ്രൂണകലകളിൽ നിന്നുള്ള മൂലകോശങ്ങളാണിവ. ഗവേഷണത്തിനായി ഭ്രൂണത്തിന്റെ ആദ്യാവസ്ഥയിൽ അതിനെ നശിപ്പിക്കുന്നതുവഴി ഭ്രൂണഹത്യ തന്നെയാണ്നടക്കുന്നത്. ‘എംബ്രിയോണിക് ജേം സെല്ലുകൾ’ എന്നാണ് ഇവ അറിയപ്പെടുന്നത്. ഭ്രൂണവളർച്ചയുടെ ആദ്യഘട്ടത്തിൽ പ്രത്യേകം വേർതിരിക്കുന്ന മൂലകോശങ്ങളാണ് മറ്റൊന്ന്.

എന്നാൽ, അഡൽറ്റ് മൂലകോശങ്ങളുപയോഗിച്ചുള്ള ഗവേഷണങ്ങളെ കത്തോലിക്കാ സഭ പിന്തുണയ്ക്കുന്നുണ്ട്. ഇവിടെ ഭ്രൂണത്തെ ഇല്ലാതാക്കുന്നില്ല. ഈ ലോകത്ത് ജീവിക്കാൻ അവകാശമുള്ള ഒരു ജീവനാണ് യഥാർത്ഥത്തിൽ ഭ്രൂണത്തിലൂടെ വളർച്ച നേടുന്നത്. അതുകൊണ്ടുതന്നെ ഭ്രൂണത്തെ ഗവേഷണത്തിനായി ഉപയോഗിച്ച് നശിപ്പിക്കുന്നതിലൂടെ ഒരു വ്യക്തിയെ തന്നെയാണ് കൊലപ്പെടുത്തുന്നത്.

എന്നാൽ, അഡൽറ്റ് മൂലകോശ ഗവേഷണത്തിൽ മറ്റൊരു വ്യക്തിയുടെ നേട്ടത്തിനുവേണ്ടി ആരുടെയും ജീവനെടുക്കുന്നില്ല. ജീവന്റെ ആദ്യഘട്ടത്തിലുള്ള ഭ്രൂണത്തെ ഗവേഷണത്തിനായി ഉപയോഗിക്കുന്നതു വഴി നാളെ ലോകത്ത് വിവിധ മേഖലകളിൽ പ്രകാശം പരത്തേണ്ട അനേക ലക്ഷങ്ങളെ കൊന്നൊടുക്കുകയാണ് ചെയ്യുന്നത്. ഇതിനെയാണ് കത്തോലിക്കാസഭ എതിർക്കുന്നത്. ഒരാളുടെ നേട്ടത്തിനും സുഖത്തിനും വേണ്ടി മറ്റൊരാളെ കൊല്ലാൻ നമുക്കാർക്കും അവകാശമില്ല.

ടോട്ടിപൊട്ടന്റ്; പ്ലൂറിപൊട്ടന്റ്

പല തരത്തിലുള്ള കോശങ്ങളായി മാറാൻ കഴിവുള്ള കോശങ്ങളാണ് മൂലകോശങ്ങൾ. ഭ്രൂണത്തിന്റെ പ്രാരംഭാവസ്ഥയിൽ ഈ കോശങ്ങൾ ‘ടോട്ടിപൊട്ടന്റ്’ ആയിരിക്കും. അതായത് എല്ലാത്തരം ശരീരകോശങ്ങളും ആകാൻ കഴിവുള്ള അവസ്ഥയെന്നു ചുരുക്കം. എന്നാൽ, അഡൽറ്റ് മൂലകോശങ്ങളിലെ കോശങ്ങൾ ‘പ്ലൂറിപൊട്ടന്റ്’ ആയിരിക്കും. അതായത് പലതരം കോശങ്ങളായി മാറാനുള്ള കഴിവ് ഇവയ്ക്കുണ്ട്. പക്ഷേ, എല്ലാത്തരം കോശങ്ങളായി മാറാൻ കഴിയില്ല.

ഗവേഷണത്തിനായി അ ഡൽറ്റ് മൂലകോശങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ പണച്ചെലവും സമയവും വേണ്ടിവരുന്നെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ, അഡൽറ്റ് മൂലകോശങ്ങളെയും വേർതിരിച്ച് എളുപ്പത്തിൽ വികസിപ്പിക്കാൻ കഴിയുമെന്ന് പുതിയ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ ഗവേഷണം വിജയകരമായി തുടർന്നാൽ ധാർമിക പ്രശ്‌നം ഉയർത്തിക്കൊണ്ട് ഭ്രൂണത്തെ ആദ്യാവസ്ഥയിൽ നശിപ്പിക്കുന്ന എംബ്രിയോണിക് മൂലഗവേഷണം തുടരുന്നതിന് വിരാമമിടാൻ കഴിയും. അതിനാൽ അഡൽറ്റ് മൂലകോശ ഗവേഷണ രംഗത്ത് പരീക്ഷണം തുടർന്നുകൊണ്ട് ഭ്രൂണ മൂലകോശങ്ങളുടെ രക്ഷയ്‌ക്കെത്തുകയാണ് വേണ്ടത്.

ഭ്രൂണത്തിന്റെ ധാർമികാന്തസിനെക്കുറിച്ച്, 2001ലെ അമേരിക്കൻ പര്യടനമധ്യേ വിശുദ്ധ ജോൺപോൾ രണ്ടാമൻ ഉദ്ധരിച്ച വാക്കുകൾ ശ്രദ്ധേയമാണ്: ‘ഈ ലോകത്ത് ജീവിക്കാൻ എല്ലാ അവകാശങ്ങളുമുള്ള മനുഷ്യവ്യക്തികൾ തന്നെയാണ് മനുഷ്യഭ്രൂണങ്ങളും. അവയുടെ അന്തസും ജീവിക്കാനുള്ള അവകാശവും തുടക്കം മുതലേ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആവശ്യം കഴിഞ്ഞശേഷം കളയുന്നജൈവ പദാർ ത്ഥങ്ങളായി മനുഷ്യഭ്രൂണത്തെ ചൂഷണം ചെയ്യുന്നത് അധാർമികമാണ്.’

കൊലപാതക ഗവേഷണം!

ഭ്രൂണകോശങ്ങൾ ഗവേഷണത്തിന് ഉപയോഗിക്കുന്നതുവഴി ശിശുവായി വളരേണ്ട ഭ്രൂണത്തെ തുടക്കത്തിലെ ഇല്ലായ്മ ചെയ്യുകയാണ്. ഇത്തരം കോശങ്ങളിൽനിന്ന് ഉത്പ്പാദിപ്പിക്കുന്ന വാക്‌സിൻ അഥവാ കലകൾ ഉപയോഗിക്കുന്നവരും അധാർമിക പ്രവർത്തനത്തിൽ പങ്കാളികളാവുന്നു. ബീജസങ്കലനത്തിന്റെ തുടക്കത്തിൽ തന്നെ ഒരു മനുഷ്യജീവനായി മാറുന്ന ഭ്രൂണത്തെ ഇല്ലാതാക്കുന്നത് കൊലപാതകം തന്നെയാണെന്നാണ് കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളിൽ വ്യക്തമാക്കുന്നത്. ഏതാനും കോശങ്ങളുടെ കൂട്ടം മാത്രമായ അവസ്ഥയെ വ്യക്തിയെന്നു വിശേഷിപ്പിക്കാനാവില്ലെന്ന ചില ഗവേഷകരുടെ അർത്ഥമില്ലാത്ത വാദത്തെ ഖണ്ഡിക്കുന്നതാണ് കത്തോലിക്കാ സഭയുടെ വിശദീകരണം.

ഇല്ലായ്മ ചെയ്യാവുന്നതോ ഗവേഷണ ആവശ്യത്തിനുശേഷം നശിപ്പിക്കാവുന്നതോ ആയ ഒന്നല്ല മനുഷ്യഭ്രൂണമെന്നു സഭ പ~ിപ്പിക്കുന്നു. ഇത്തരം ഗവേഷണങ്ങളെ പിന്തുണയ്ക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. പ്രതിരോധിക്കാൻ കഴിയാത്ത മനുഷ്യവ്യക്തികളെ മറ്റുള്ളവരുടെ നേട്ടങ്ങൾക്കുവേണ്ടി കൊന്നൊടുക്കുകയാണ് ഇത്തരം ഗവേഷണങ്ങളിലൂടെ ചെയ്യുന്നതെന്നായിരുന്നു ഇതിനെക്കുറിച്ച് പ്രമുഖരുടെ അഭിപ്രായം. മനുഷ്യജീവനോടുള്ള ബഹുമാനം ഇല്ലാതാക്കാൻ ഇത്തരം ഗവേഷണങ്ങൾ കാരണമാകുമെന്നും വാദങ്ങൾ ഉയർന്നു.

ആരോഗ്യക്ഷേമത്തിനായി പരിമിതമായ തുക വകയിരുത്തുമ്പോൾ ഇത്തരം ഗവേഷണങ്ങൾക്കായി വൻ തുക നീക്കിവെക്കു ന്നതിനെയും കത്തോലിക്കാ സഭ വിമർശിക്കുന്നുണ്ട്. ഇത്തരം ഗവേഷണങ്ങൾക്കാ യി പണം ധാരാളമായി മുടക്കുന്നതിനു പകരം രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്ന് ജനങ്ങളെ ബോധവൽക്കരിക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ദയാവധത്തിലേക്കും ഭ്രൂണഹത്യയിലേക്കും നയിക്കുന്നതാണ് എംബ്രിയോണിക് മൂലകോശ ഗവേഷണമെന്ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഗവേഷണം അധാർമികവും അനാവശ്യവുമാണെന്ന് അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതി വർഷങ്ങൾക്കുമുമ്പേ വ്യക്തമാക്കിയിട്ടുണ്ട്.

എന്താവണം നമ്മുടെ നിലപാട്?

ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ശരീരത്തിനു പുറത്തുള്ളത്) രീതി വഴി സൃഷ്ടിക്കപ്പെടുന്ന ‘അധികഭ്രൂണങ്ങളെയാണ് ഗവേഷണത്തിനുപയോഗിക്കുന്നതെന്നും എങ്ങനെയാണെങ്കിലും പിന്നീട് അവ നശിച്ചുപോകുന്നതാണെന്നുമുള്ള ചില ഗവേഷകരുടെ വാദത്തെയും സഭ തള്ളുന്നു. അന്തിമമായി എല്ലാവരും മരിക്കും. എന്നാൽ, അക്കാരണം കൊണ്ട് ആരെയും കൊല്ലാൻ ആർക്കും അവകാശമില്ലെന്നാണ് അന്ന് മെത്രാൻസമിതി ചൂണ്ടിക്കാട്ടിയത്.

വധശിക്ഷ കാത്തുകഴിയുന്ന കുറ്റവാളിയിലോ മരിക്കുമെന്ന് ഉറപ്പായ രോഗിയിലോപോലും പരീക്ഷണം നടത്താൻ നിയമം അനുവധിക്കാതിരിക്കുമ്പോൾ, ഭൂമിയിലേക്ക് പിറന്നുവീഴാൻ ഒരുങ്ങുന്ന ജീവനെ തുടക്കത്തിലെ കശാപ്പു ചെയ്യുന്നതിനെ എങ്ങിനെ ന്യായീകരിക്കും? അതിനാൽ ഇത്തരം പരീക്ഷണങ്ങളിൽ ഉറച്ചുനിൽക്കാം, ഭ്രൂണങ്ങളെ ഹനിക്കുന്ന പരീക്ഷണങ്ങളോട് വിട ചൊല്ലാം. അതേസമയം, ഗവേഷണത്തിന്റെ ഒരു ഘട്ടത്തിൽപോലും മനുഷ്യജീവന് ഭീഷണിയാകാതിരിക്കുകയും ഒട്ടേറെ രോഗങ്ങളുടെ ചികിത്സയ്ക്ക് സഹായിക്കുകയും ചെയ്യുന്ന അഡൽറ്റ് സ്റ്റെംസെൽ ഗവേഷണത്തെ അനുകൂലിക്കുകയും വേണം.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?