കത്തോലിക്കാ സഭയില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഒരു പുതിയ പന്തക്കുസ്തയായിരുന്നുവെന്നുള്ള വിശ്വാസമാണ് നമുക്കെല്ലാവര്‍ക്കും ഉള്ളത്. സഭയില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനംവഴിയായി വളരെ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചുവെന്നുള്ളതാണ് അതിന്റെ മുഖ്യകാരണം. ഇന്നും രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയായി നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പഠിപ്പിച്ച പല കാര്യങ്ങളും പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സൂനഹദോസ് പറഞ്ഞ ഒരു കാര്യം ഇതായിരുന്നു. കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കുക. നമ്മുടെ കാലഘട്ടത്തിലെ ഒരു പ്രത്യേക അടയാളം എന്താണ് എന്നു ചോദിച്ചാല്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ധാരാളം ആളുകള്‍ നമ്മുടെ സഭയിലുണ്ട് എന്നതാണ്. ആത്മാവിനാല്‍ പ്രചോദിപ്പിക്കപ്പെട്ടവര്‍, ആത്മാവ് നിറഞ്ഞവര്‍. അതുവഴിയായിട്ട് സുവിശേഷം എല്ലായിടത്തും എത്തിക്കുവാന്‍വേണ്ടി പ്രവര്‍ത്തിക്കുന്ന ധാരാളം വ്യക്തികളെ നമ്മള്‍ കാണുന്നുവെന്നുള്ളതാണ്. അത് വലിയൊരു മാറ്റമാണ്. അതിന്റെ ഫലമായി സഭയില്‍ വലിയ രൂപാന്തരീകരണം നടക്കുന്നുണ്ട്. പലപ്പോഴും ഇതു നമ്മള്‍ കാണാതെ പോകുകയാണ്.
അല്മായ മുന്നേറ്റങ്ങള്‍
കേരളത്തിലെ കാര്യംതന്നെ എടുത്തുനോക്കിയാല്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം എത്രമാത്രം ധ്യാനകേന്ദ്രങ്ങളാണ് വളര്‍ന്നുവന്നിട്ടുള്ളത്. ആ ധ്യാനകേന്ദ്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ച് മാനസാന്തരപ്പെട്ടവര്‍ എത്രയോ പേരാണ്. ദുഃശീലങ്ങള്‍ അകറ്റി, നല്ല ശീലങ്ങള്‍ കൈവരിച്ച് നല്ല ക്രിസ്ത്യാനികളായവര്‍ എത്രയോ പേരാണ്. പള്ളിയില്‍ പോകാതിരുന്നവര്‍ ധ്യാനങ്ങളില്‍ പങ്കെടുത്ത് ആത്മാവിനെ സ്വീകരിച്ച് പിന്നീട് പള്ളിയില്‍ സജീവരായ എത്രയോ വ്യക്തികളുണ്ട്. ഭാര്യാഭര്‍തൃബന്ധം നന്നായി നയിക്കാതെ നടന്നിരുന്ന പല വ്യക്തികളും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനഫലമായി, ധ്യാനകേന്ദ്രങ്ങളില്‍ പോയതിലൂടെ അവരുടെ ജീവിതം നല്ല കുടുംബജീവിതമാക്കി. അതുപോലെതന്നെ അല്മായരുടെ വളര്‍ച്ച വളരെ ശക്തിയായിട്ട് ഇന്ന് ഉണ്ടായിട്ടുണ്ട്. അല്മായര്‍ ധാരാളം പേരിന്ന് സുവിശേഷം പ്രസംഗിച്ചുകൊണ്ട് ലോകമെമ്പാടും പോകുന്നുവെന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന കര്‍ത്താവിന്റെ കല്‍പന – അതു പാലിച്ചുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ജ്ഞാനസ്‌നാനപ്പെടുത്തി അവരോടുകൂടി കര്‍ത്താവ് ഉണ്ട് എന്ന് പഠിപ്പിച്ചുകൊണ്ട് പോകുന്ന ഒത്തിരി അല്മായ സുഹൃത്തുക്കളെ കാണുവാന്‍ സാധിക്കും. മാത്രമല്ല എത്രയോ പ്രസിദ്ധീകരണങ്ങള്‍. ഉദാഹരണത്തിന് ശാലോംപോലുള്ള പ്രസിദ്ധീകരണങ്ങള്‍ സഭയില്‍ ഉണ്ടായത് വത്തിക്കാന്‍ സൂനഹദോസിന് ശേഷമാണ്. അതിന്റെ ഫലമായി കത്തോലിക്കാ സഭയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും പലര്‍ക്കും ധാരാളം പ്രചോദനങ്ങള്‍ ലഭിക്കുവാനും ഇടയായി. ദൈവം പരിശുദ്ധാത്മാവുവഴി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനങ്ങളിലൊന്നാണ് ശാലോം എന്നു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അതുപോലെ ഇന്ന് ധാരാളം പ്രസ്ഥാനങ്ങള്‍ പരിശുദ്ധാത്മാവ് വളര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. ചിലരൊക്കെ പറയും സഭ നശിച്ചു, സഭയില്‍ പ്രശ്‌നങ്ങളുണ്ട്. പക്ഷേ ഒരു കാര്യം വളരെ വ്യക്തമാണ്. ഈ സഭ ദൈവം സ്ഥാപിച്ചതാണെങ്കില്‍ അവിടെ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പരിശുദ്ധാത്മാവ് നമ്മുടെ സഭ ചീഞ്ഞളിയുവാനിട്ട് ഒരിക്കലും അനുവദിക്കുകയില്ല. അപ്പോള്‍ നമുക്ക് പറയാന്‍ സാധിക്കും രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സഭയിലുണ്ടായ ഒരു പുതിയ പന്തക്കോസ്തയാണെന്ന്.
പന്തക്കുസ്താ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ പഠനങ്ങള്‍ കൂടുതലായി മനസിലാക്കാനും ആ പഠനങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനും അത് മറ്റുള്ളവര്‍ക്കുകൂടി പറഞ്ഞുകൊടുക്കുവാനുമുള്ള സമയമാണ്. കാരണം ആത്മാവിന്റെ പ്രവര്‍ത്തനം നമ്മള്‍ അവിടെ കാണുന്നു. സഭ എന്താണ്, സഭ എങ്ങനെ മറ്റുള്ളവരോട് പെരുമാറണം, കൂദാശകള്‍ എങ്ങനെ പരികര്‍മം ചെയ്യണം, ദൈവത്തിന്റെ ജനമായ സഭ എങ്ങനെയാണ് ജീവിക്കേണ്ടതെന്നൊക്കെയുള്ള നിരവധി കാര്യങ്ങള്‍ വളരെ വ്യക്തമായിട്ട് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് എടുത്തുപറയുന്നുണ്ട്. അത് ആത്മാവിന്റെ പ്രചോദനംവഴിയായിട്ട് എഴുതപ്പെട്ടതാണ്. ആത്മാവ് സഭയില്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ്. അപ്പോള്‍ ഈയൊരു കാര്യം നമ്മള്‍ പ്രത്യേകമായിട്ട് ഊന്നല്‍ കൊടുക്കണം. കാലത്തിന്റെ അടയാളങ്ങള്‍ വായിക്കാന്‍ നമ്മളെയെല്ലാം പ്രേരിപ്പിക്കുന്നത് പരിശുദ്ധാത്മാവുതന്നെയാണ്. നമ്മുടെ ചുറ്റുപാടും നോക്കുവാനും വളര്‍ന്നുവരുന്ന പല പ്രസ്ഥാനങ്ങളെയും പ്രത്യേകിച്ച് ആത്മാവിന്റെ പ്രചോദനത്താല്‍ ഉയര്‍ന്നു വരുന്ന പ്രസ്ഥാനങ്ങളെ മനസിലാക്കാനും വ്യക്തികളെ മനസിലാക്കാനുമൊക്കെ നമുക്ക് പ്രചോദനം ഈ പന്തക്കുസ്താ തിരുനാള്‍ നല്‍കട്ടെ എന്നാണ് എന്റെ ഒന്നാമത്തെ പ്രാര്‍ത്ഥന.
അമിത വേഗതയോട് വിട
പരിശുദ്ധാത്മാവ് ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മളില്‍ കത്തി ജ്വലിപ്പിക്കുകയാണ്. ഉദാഹരണത്തിന്, ആത്മാവിന്റെ ഫലങ്ങള്‍ നമ്മളില്‍ പരിശുദ്ധാത്മാവ് കത്തി ജ്വലിപ്പിക്കും. ആ ജ്വാലയില്‍ ജീവിതം ധന്യമായിത്തീരുകയും ചെയ്യും. എന്തിനെയൊക്കെയാണ് കത്തി ജ്വലിപ്പിക്കുന്നത്. സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, ആത്മസംയമനം ഇങ്ങനെയുള്ള കാര്യങ്ങളെയാണ്. ഈ ആത്മാവിന്റെ ഫലങ്ങള്‍ നമ്മളില്‍ എല്ലാവരിലും ഉണ്ട്. അവയെ കത്തി ജ്വലിപ്പിക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ പ്രവര്‍ത്തനത്തിന് നമ്മള്‍ വഴിയൊരുക്കണം എന്നാണ് ഈ പന്തക്കുസ്താ തിരുനാള്‍ നമ്മോട് പറയുന്ന മറ്റൊരു കാര്യം.
ആത്മാവിന്റെ ഫലങ്ങളില്‍ ഏറ്റവും ആദ്യം പറയുന്ന കാര്യം സ്‌നേഹമാണ്. സ്‌നേഹത്തെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. പൊള്ളയായ വാക്കുകളിലല്ല, ഉള്ളു നല്‍കുന്ന പ്രവൃത്തികളിലൂടെ സ്‌നേഹിക്കുക. അവസാനതുള്ളി രക്തവും അതിന് പിന്നാലെ വന്ന ജലവും സ്‌നേഹത്തിന്റെ കരുണാസാഗരമാക്കി മനുഷ്യന് തന്ന ക്രിസ്തുവാണ് സ്‌നേഹത്തിന്റെ പൂര്‍ണത. ആ ക്രിസ്തുവിന്റെ അനുയായികളുടെ മുഖമുദ്രയും സ്‌നേഹമായിരിക്കണം. സത്യത്തിലും പ്രവൃത്തിയിലുമുള്ള സ്‌നേഹമായിരിക്കണം. ക്രിസ്തു പഠിപ്പിച്ച സ്‌നേഹത്തിന്റെ മാതൃക അനന്യമാണ്. മേലങ്കി അഴിച്ചുമാറ്റി കച്ച അണിഞ്ഞ് അപരന്റെ പാദങ്ങളോളം ശിരസ് താഴ്ത്തി, അപരനായി ബലിയായി, അവന്റെ ഒട്ടിയ വയറില്‍ അപ്പമായി വിളമ്പപ്പെട്ടു. വാക്കുകള്‍ക്കപ്പുറം പോന്ന സ്‌നേഹത്തിന്റെ സവിശേഷതകള്‍. ഇതുതന്നെയാണ് ഒരു ക്രിസ്തുശിഷ്യന്റെ ജീവിതപ്രമാണം. ഇവ നിന്റെ ജീവിതത്തിലേക്ക് കടത്തിവിടുമ്പോള്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം മനസിലാക്കാന്‍ സാധിക്കും.
നിര്‍ദ്ധനരും നിന്ദിതരും വസിക്കുന്നിടത്ത് വിഹരിക്കുന്ന ദൈവത്തിന്റെ അരികെ നമ്മുടെ അഹന്തക്ക് എത്തിച്ചേരാന്‍ ആകില്ല. ജീവിതത്തില്‍ എല്ലാത്തിനും ഒരു സമയം ഉണ്ട് എന്ന് മനസിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ഒന്നിനും നേരമില്ലെന്ന് പറഞ്ഞ് ഓടുന്ന നമ്മളോട് ദൈവം പറയുന്നു – എല്ലാത്തിനും ഒരു സമയമുണ്ടെന്ന്. ജനിക്കാന്‍, മരിക്കാന്‍, നടാന്‍, നേടാന്‍, കരയാന്‍, ചിരിക്കാന്‍, സംസാരിക്കാന്‍, മിണ്ടാതിരിക്കാന്‍ – അവിടുന്ന് സമസ്തവും അതതിന്റെ കാലത്ത് ഭംഗിയായി സൃഷ്ടിച്ചു. ചുവടുകള്‍ അമിത വേഗത്തെ തടഞ്ഞുനിര്‍ത്തി ശാന്തമാകുക എന്ന് സ്വയം പറയാനൊരു നേരമാണ് ഈ പന്തക്കുസ്താ ദിവസം. നമ്മുടെ അസ്ഥിത്വത്തിന്റെ പൊതുസ്വഭാവത്തെ എത്ര ഭംഗിയായിട്ടാണ് ഈ വാക്കുകളില്‍ വരച്ചിടുന്നത്- എല്ലാത്തിനും ഒരു സമയമുണ്ട്. അപ്പോള്‍ നീ ആയിരിക്കുന്ന സമയം എന്തുമായിക്കൊള്ളട്ടെ, അതിന് പിന്നിലൊരു ദൈവനിശ്ചയമുണ്ടെന്നത് ആര്‍ദ്രമായൊരു ചിന്തയാണ്.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം സമയങ്ങളും അതിലെ സുഖദുഃഖാദികളും അനുഗ്രഹങ്ങളും അസുഖങ്ങളുമെല്ലാം ശുദ്ധീകരിക്കപ്പെടാനുള്ള സംഗതികളാണ്. സകല സമയത്തിനും അധിപനായവന്‍ കൂടെയുണ്ടെങ്കില്‍ ഏതു സമയവും കടന്നുപോകുമെന്ന വിശ്വാസത്തില്‍ ആഴപ്പെടാനുള്ള നിയോഗമാണത്. സമയങ്ങള്‍ക്ക് ഇളക്കാനാവാത്ത വിശ്വാസമാണ് വേണ്ടത്. വേനലും വസന്തവും ഗ്രീഷ്മവും ശരത്കാലവുമെല്ലാം പ്രകൃതിക്ക് ചിലപ്പോള്‍ ഉണങ്ങാനും ചിലപ്പോള്‍ കിളിര്‍ക്കുവാനും ചിലപ്പോള്‍ പൂക്കുവാനും ചിലപ്പോള്‍ കായ്ക്കാനുമൊക്കെയുള്ള സമയമാണ്. ഇതുപോലെതന്നെ പരിശുദ്ധാത്മാവ് വരുമ്പോള്‍ ഈ സമയത്ത് നിങ്ങള്‍ നല്ല നല്ല കാര്യങ്ങള്‍ക്കുവേണ്ടി മാറ്റണം എന്നാണ് പറയുന്നത്. ഒന്നും യാദൃശ്ചികമല്ല.
പുതിയ തിരിച്ചറിവുകള്‍
പന്തക്കുസ്താ വഴിയായിട്ട് ഈ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണെന്ന് ബോധ്യപ്പെടാനുള്ളൊരു സമയംകൂടിയാണ്. സൃഷ്ടപ്രപഞ്ചം ദൈവദാനമാണ്. സംശുദ്ധമാണ് അതിനെ മലിനമാക്കുന്നത്. അതിന് മലിനമാകുന്നത് ദൈവനിന്ദയാണ്. ഭൂമിയെ മലിനമാകാതെ കാക്കേണ്ടത് നാം ഓരോരുത്തരുമാണ്. മാലിന്യസംസ്‌കരണം ഒന്നാംതരം ക്രൈസ്തവ മൂല്യമാണ്. വായു, ജലം, മണ്ണ് എല്ലാം ഇന്ന് മലിനമാക്കപ്പെട്ടിരിക്കുകയാണ്. നീ നില്‍ക്കുന്ന, നടക്കുന്ന, ഇടങ്ങള്‍ പരിശുദ്ധമാണെന്നൊരു ചിന്ത. നിന്റെതന്നെ അകവും പുറവും വീണ്ടും തൊടിയും വഴിയും പുഴയുമെല്ലാം ദൈവപ്രസാദത്തിന്റെ ഇടങ്ങളാണെന്ന് തിരിച്ചറിവ് നല്‍കും. വലിച്ചെറിയുന്ന മാലിന്യങ്ങള്‍ പ്രകൃതിയോടും ദൈവത്തോടും സഹോദരനോടും ചെയ്യുന്ന ഗൗരവതരമായ തിന്മയാണ്. ശുദ്ധവായുവും ശുദ്ധജലവും വേണ്ടത്ര ഇന്ന് ഇല്ല എന്ന് ഓര്‍മിക്കണം. അലസമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കൂടുകള്‍ തനി ബോംബുകളാണ്. വായുവും അന്തരീക്ഷവും ഇവിടെ ജനിക്കുന്ന മനുഷ്യനും മൃഗവുമെല്ലാം രോഗബാധിതമാകുന്നു. നാടും നഗരവും ശുചിയായി സൂക്ഷിക്കേണ്ടത് ക്രിസ്തീയ ധര്‍മമാണ്.
കേരളത്തിലെ ഓരോ ദൈവാലയത്തിന്റെ പരിസരത്തും ഒരു മാലിന്യ സംസ്‌കരണ യന്ത്രമോ സംവിധാനമോ സ്ഥാപിക്കാന്‍ നമുക്കാകണം. ഇനിയുമതിന് കാലവിളംബം വരുത്തണോ? കടന്നുപോയ പ്രളയത്തിനും ഈ കൊടും ചൂടിനും മാരകമായ രോഗങ്ങള്‍ക്കുമെല്ലാം നമ്മുടെ അശ്രദ്ധയും വിവേകശൂന്യവും ബഹുമാന രഹിതവുമായ പെരുമാറ്റവുമൊക്കെ കാരണമായിട്ടുണ്ട്. ദുരമൂത്ത നമ്മുടെ പാപങ്ങള്‍ ഭൂമിക്ക് താങ്ങാനാവാത്ത വിധത്തില്‍ അധികമായി. നമ്മുടെ ആവശ്യങ്ങളെ നിയന്ത്രിക്കാനായാല്‍ മാലിന്യങ്ങള്‍ ഒരു പരിധിവരെ കുറയും. വീട്ടിലുണ്ടാകുന്ന മാലിന്യങ്ങള്‍ വീട്ടുവളപ്പിലോ അനുവദനീയമായ പൊതുസ്ഥലങ്ങളിലോമാത്രം സംസ്‌കരിക്കാനൊരു ക്രിസ്തീയ മനസുണ്ടാവുക. സഭയുടെയും രാഷ്ട്രത്തിന്റെയും സമര്‍പ്പണം ഇതിന് അനിവാര്യമാണ്. പ്രകൃതിയോടുള്ള ക്രൂരത തന്നോടുതന്നെയും ദൈവത്തോടുമുള്ള പാപം തന്നെയാണെന്ന് നമ്മള്‍ മനസിലാക്കണം. പന്തക്കുസ്താ ആചരിക്കുന്ന ഈ പുണ്യസുദിനത്തില്‍ പരിശുദ്ധാത്മാവ് നല്‍കുന്ന ഒരു പ്രചോദനം ഇതാണ് – നീ നില്‍ക്കുന്ന സ്ഥലം പരിപാവനമാണെന്നുള്ളത്. അത് പരിപാവനമായി കാത്തുസൂക്ഷിക്കാന്‍ ഈ പന്തക്കുസ്താ പുതിയ അനുഭവം നല്‍കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
മറ്റൊരുകാര്യം പറയാന്‍ ആഗ്രഹിക്കുന്നത് – പരിശുദ്ധാത്മാവ് വരുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നു പറയാനാണ്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നമുക്ക് ശരിക്കും കാണുവാന്‍ സാധിക്കും. അത് മനുഷ്യനില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ്. ആത്മാവ് സ്വീകരിച്ചൊരു വ്യക്തി ഒരിക്കലും പഴയപോലെ ആയിരിക്കുകയില്ല. അവനൊരു പുതിയ സൃഷ്ടിയാകുന്നു, പുതിയ മനുഷ്യനാകുന്നു. ഈ പരിശുദ്ധാത്മാവ് നമ്മളിലുള്ള ചില കാര്യങ്ങളെ കത്തിച്ച്, ദഹിപ്പിച്ച് കളയുകയാണ്. ചില കാര്യങ്ങള്‍ പരിശുദ്ധാത്മാവ് നമ്മളില്‍ കത്തിച്ച് ജ്വലിപ്പിക്കുകയാണ്. ഗലാത്തിയരുടെ പുസ്തകം അഞ്ചാം അധ്യായത്തില്‍ ഏതൊക്കെയാണ് ആത്മാവിന്റേതല്ലാത്ത ഫലങ്ങള്‍ എന്ന് എടുത്തു പറയുന്നുണ്ട്.
പരിശുദ്ധാത്മാവിനെ സ്വീകരിച്ചു കഴിഞ്ഞാല്‍ നമ്മളില്‍നിന്ന് ഇല്ലാതാകുന്നത് ഏതൊക്കെയാണെന്ന് പ്രത്യേകമായിട്ട് എടുത്തുപറയാന്‍ സാധിക്കും. അത് ജഡത്തിന്റെ വ്യാപാരങ്ങളാണ്. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃദ്ധി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയ ചിന്ത, വിദ്വേഷം, മദ്യപാനം തുടങ്ങിയ എല്ലാ പ്രവൃത്തികളും പരിശുദ്ധാത്മാവ് വന്നുകഴിയുമ്പോള്‍ കത്തിച്ച്, ദഹിപ്പിച്ച് കളയും. ഈ പന്തക്കുസ്താ ദിനം ആഘോഷിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഇല്ലായെന്ന് ഉറപ്പുവരുത്തുവാന്‍ കഴിയണം. അതാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നിങ്ങളില്‍ ഉണ്ടെന്ന് മറ്റുള്ളവര്‍ക്ക് മനസിലാക്കാവുന്ന ഒരു കാര്യം. ആത്മാവ് വരാന്‍ പ്രത്യേകമായിട്ട് പ്രാര്‍ത്ഥിക്കണം. ആത്മാവ് വന്നു കഴിയുമ്പോള്‍ നിങ്ങളിലുള്ള തിന്മകളെ, പാപത്തെ പരിശുദ്ധാത്മാവ് ദഹിപ്പിച്ച് കളഞ്ഞ് രൂപാന്തരം പ്രാപിച്ച കത്തോലിക്കരാക്കി മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല.
ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
Leave a Comment
Your email address will not be published. Required fields are marked with *