Follow Us On

02

December

2023

Saturday

ഹൃദയം ഹൃദയത്തെ തൊട്ടപ്പോള്‍…

ഹൃദയം ഹൃദയത്തെ തൊട്ടപ്പോള്‍…

മൂന്നര പതിറ്റാണ്ടിലേറെയായി യുവജനങ്ങളുടെ ആത്മീയ നവീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ ദൈവം ഇടനല്‍കുന്നു. 1967-ല്‍ ആണ് പട്ടാളത്തില്‍ ചേരുന്നത്. ബംഗളൂരുവിലായിരുന്നു ട്രെയിനിംഗ്. പിന്നീട് ഹരിയാനയില്‍. വീണ്ടും ബംഗളൂരു. അവിടെനിന്നും നാഗ്പൂര്‍, ലഡാക്ക്, മുംബൈ…ഇങ്ങനെ പോകുന്നു. മുംബൈയിലായിരിക്കുമ്പോഴാണ് നവീകരണാനുഭവത്തില്‍ വരുന്നത്. അവിടെ വെച്ചുതന്നെ യേശുവിന്റെ സാക്ഷിയായി ജീവിക്കാന്‍ ധാരാളം വഴികള്‍ തുറന്നുകിട്ടി. പട്ടാളജീവിതത്തില്‍നിന്നും വിരമിച്ചതും ഇവിടെ വെച്ചാണ്. റിട്ടയര്‍ ചെയ്തശേഷം കൂടുതല്‍ സമയം യേശുവിനായി നല്‍കണമെന്ന് ആഗ്രഹിച്ചു; പ്രാര്‍ത്ഥിച്ചു. അതിനുവേണ്ടി വിവാഹവും, കുടുംബജീവിതവും ഉപേക്ഷിക്കുവാനായിരുന്നു ദൈവേഷ്ടം. മുംബൈയിലും, തുടര്‍ന്ന് കേരളത്തിലും കരിസ്മാറ്റിക് നവീകരണവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാനും പ്ലാന്‍ ചെയ്യാനും കഴിഞ്ഞത് അനുഗ്രഹകരമായി. 1986-ല്‍ ആണ് കളമശേരിയിലുള്ള എമ്മാവൂസിന്റെ ഉത്തരവാദിത്വം ഫാ.ഏബ്രഹാം പള്ളിവാതുക്കലും, ഡയറക്ടര്‍ വി.ടി.ജോര്‍ജും കൂടി എന്നെ ഏല്‍പ്പിക്കുന്നത്. അന്നുമുതല്‍ 93 വരെ ഈ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന യുവജനപ്രോഗ്രാമുകള്‍ക്ക് സജീവമായി നേതൃത്വം നല്‍കുന്നു. പിന്നീട് നവീകരണ മേഖലയില്‍ വ്യത്യസ്തമായ പാതകള്‍ കര്‍ത്താവ് തുറന്നുതന്നു. നേരത്തെത്തന്നെ പരിചയമുള്ള ഫാ. ധീരജ് സാബുവിന്റെ ഒപ്പം ഉത്തരേന്ത്യയിലേക്ക് നടത്തിയ ‘ധ്യാനാത്മകയാത്ര’ ‘മിഷന്റെ’ വാതായനങ്ങള്‍ തുറക്കുന്നതിന് വഴിയൊരുക്കി. ഭാരതത്തിന്റെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഉള്‍പ്രദേശങ്ങളില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ വചനം പങ്കുവയ്ക്കാനും നവീകരണ പ്രോഗ്രാമുകള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കാനുമുള്ള അവസരമായിരുന്നു അത്.
യുവജനങ്ങളുടെ ആത്മീയ നവീകരണവും ജീസസ്‌യൂത്ത് ഫുള്‍ടൈമേഴ്‌സിന്റെ പരിശീലനവുമായിരുന്നു അക്കാലത്ത് എനിക്ക് ലഭിച്ച ചുമതലകള്‍. പിന്നീട് ഫുള്‍ടൈമേഴ്‌സിന്റെ ചുമതലകളില്‍ കൂടുതലായി സഹകരിക്കാനും, ടീം ലീഡറായി പോകാനുള്ള അവസരവും ലഭിച്ചു.
’97-ല്‍ ആണ് ആദ്യമായി യുവജനങ്ങളെ മിഷനിലേക്ക് അയക്കാം എന്ന നിലയില്‍ ചിന്തിക്കുന്നത്. അന്നുമുതല്‍ അവരൊടൊപ്പം പ്രവര്‍ത്തിക്കുന്നു. മിഷനിലെ ഓരോ യാത്രയും നിരവധി ദൈവാനുഭവങ്ങളാണ് നല്‍കിയിട്ടുള്ളത്. മണിപ്പൂരില്‍ ഒരു ഗ്രാമത്തില്‍ സില്‍ജോ എന്ന ഒരു ഫുള്‍ടൈമറെ കാണാന്‍ വേണ്ടി അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ചെന്നു. അവിടെ ഒരാളോട് ചോദിച്ചപ്പോള്‍ രണ്ടര മണിക്കൂറോളം കാല്‍നടയാത്ര ചെയ്താല്‍ എത്തുന്ന ഗ്രാമത്തിലേക്ക് സില്‍ജോ പോയി എന്നു പറഞ്ഞു. എന്നാല്‍ അങ്ങോട്ടു പോയി കാണാമെന്നായിരുന്നു എന്നോടൊപ്പമുള്ള യുവജനങ്ങളുടെ അഭിപ്രായം. അങ്ങനെ ഞങ്ങള്‍ മലകയറി ദീര്‍ഘദൂരം നടന്ന് അയാള്‍ പോയ ഗ്രാമത്തില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ചയെന്താണെന്നോ, ഒരു ഗ്രാമം മുഴുവന്‍ അവന്റെ ചുറ്റും കൂടിയിരിക്കുന്നു. തണുപ്പായതിനാല്‍ ഗ്രാമീണര്‍ തീയൊക്കെ കൂട്ടി ഗ്രാമസഭപോലെ സമ്മേളിച്ചിരിക്കുകയാണ്. അവരുടെ നടുവിലായി അലങ്കരിച്ച ഇരിപ്പിടത്തില്‍ സില്‍ജോ. അവന് യാത്രയയപ്പ് നല്‍കുകയാണവര്‍. ആ ഗ്രാമത്തിനും, ഗ്രാമീണര്‍ക്കുമായി അവന്‍ ചെയ്ത സേവനങ്ങളോരോന്നും അവര്‍ എടുത്തു പറയുന്നുണ്ട്. അവന് അവിടുത്തെ ഗ്രാമ്യഭാഷയൊന്നും വശമില്ല. എങ്കിലും സില്‍ജോയുടെ ഹൃദയം തുറന്ന സ്‌നേഹവും പുഞ്ചിരിയും കാരുണ്യപ്രവൃത്തികളും അവരുടെ ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുപതിച്ചുകൊടുത്തിരിക്കുന്നു. ഇത്ര ജൂണിയറായ ഈ യുവാവെങ്ങനെ വളരെ ചുരുങ്ങിയകാലംകൊണ്ട് ഗ്രാമത്തിന്റെ മുഴുവന്‍ ഹൃദയം കവര്‍ന്നു? നിരക്ഷരരായ ഗ്രാമീണര്‍, രാപകലില്ലാതെ പ്രതികൂലങ്ങളോട് പോരാടുന്നവര്‍. അവരുടെയിടയില്‍ ക്രിസ്തുവിന്റെ സ്‌നേഹത്തിന് ആവിഷ്‌ക്കാരം നല്‍കാന്‍ അവന് കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഭാഷാപാണ്ഡിത്യമോ, അറിവോ ബന്ധങ്ങളോ കാഴ്ചപ്പാടോ ഒന്നുമല്ല ഹൃദയത്തില്‍ നിന്നും ദൈവസ്‌നേഹം അന്യന്റെ ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങുന്നതാണ് യഥാര്‍ത്ഥ വചനപ്രഘോഷണം.

ബേബി ചാക്കോ

(ആനിമേറ്റര്‍, ജീസസ് യൂത്ത്)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?