Follow Us On

15

July

2020

Wednesday

ശ്രീലങ്കന്‍ സൈന്യം ബന്ദിയാക്കിയ ഫാ. ഫ്രാന്‍സിസ് ജോസഫ് എവിടെ?

ശ്രീലങ്കന്‍ സൈന്യം ബന്ദിയാക്കിയ ഫാ. ഫ്രാന്‍സിസ്  ജോസഫ് എവിടെ?

കൊളംബോ (ശ്രീലങ്ക): മൂന്ന് പതിറ്റാണ്ടുകളായി ശ്രീലങ്കയില്‍ നിലനിന്ന വംശീയ യുദ്ധത്തിന് 2009 മെയ് 18നാണ് വിരാമമായത്. എന്നാല്‍, ഒരു ലക്ഷത്തോളം പേരുടെ ജീവഹാനിക്ക് ഇടയാക്കിയ യുദ്ധത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത ആയിരക്കണക്കിനാളുകളെക്കുറിച്ച് ഇന്നും യാതൊരു വിവരവുമില്ല. തമിഴ് ജനതയ്ക്ക് വേണ്ടി പോരാടിയ ജി. എ. ഫ്രാന്‍സിസ് ജോസഫ് എന്ന വൈദികന്‍ ആ കൂട്ടത്തില്‍ പ്രമുഖ സ്ഥാനം അര്‍ഹിക്കുന്നു.
സ്വന്തമായി ദേശം എന്ന ന്യൂനപക്ഷ ജനതയായ തമിഴരുടെ മോഹത്തില്‍ നിന്നുത്ഭവിച്ച വംശീയപ്രക്ഷോഭം എന്ന നിലയ്ക്കായിരുന്നു ശ്രീലങ്കന്‍ വംശീയ യുദ്ധത്തിന്റെ ആരംഭം. തമിഴ് ജനതയുടെ സ്വാതന്ത്രത്തിന് വേണ്ടി ഫാ. ഫ്രാന്‍സിസ് ജോസഫും പൂര്‍ണ പിന്തുണ നല്‍കുകയും പ്രയത്‌നിക്കുകയും ചെയ്തു. അതേസമയം, പോരാട്ടത്തിന് വേണ്ടി രൂപീകരിക്കപ്പെട്ട തമിഴ് പുലികള്‍ എന്നറിയപ്പെടുന്ന ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എല്‍ടിടിഇ) എന്ന വിമത സംഘം ബോംബാക്രമണം, കൂട്ടക്കൊല തുടങ്ങിയ ക്രൂരമായ മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞത് വേദനയോടെ നോക്കിനില്‍ക്കാന്‍ മാത്രമേ ഫാ. ഫ്രാന്‍സിസിന് ആവുമായിരുന്നുള്ളൂ. ഒരു വശത്തുകൂടി അപ്പോഴും ഫാ. ഫ്രാന്‍സിസ് തന്റെ ആശയപരമായ യുദ്ധം തുടര്‍ന്നു.
ആഭ്യന്തരയുദ്ധം അവസാനിക്കുന്നതിന് എട്ട് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ശ്രീലങ്കയിലെ സംഭവങ്ങളില്‍ മനംനൊന്ത് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മാര്‍പാപ്പയ്ക്ക് ഒരു കത്ത് അയച്ചിരുന്നു. കത്ത് ഇപ്രകാരമായിരുന്നു – ‘ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് ദേശമെന്ന ആവശ്യം ഇല്ലാതാക്കുന്നതിനായി വംശീയയുദ്ധം നടത്തുകയാണ്. അന്തരീക്ഷം മുഴുവന്‍ വിഷമയമായിരിക്കുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വിദ്വേഷം കൂട്ടുന്നതിന് ഈ കത്ത് കാരണമാകുമോയെന്നും അതുവഴി ജീവന്‍ നഷ്ടപ്പെടുമോ എന്നും എനിക്ക് അറിയില്ല. അങ്ങയുടെ അനുഗ്രഹത്തിന് വേണ്ടി യാചിക്കുന്നു’.
തമിഴ് പുലികളുടെ ഒരു സംഘത്തിന്റെ സമാധാനപരമായ കീഴടങ്ങലിന് ഫാ. ഫ്രാന്‍സിസിന്റെ നിര്‍ണായകമായ ഇടപെടല്‍ നിമിത്തമായി. സംഘര്‍ഷത്തിന്റെ അവസാന ദിനത്തില്‍ ഫാ. ഫ്രാന്‍സിസ് ഉള്‍പ്പെടെ 360 പേര്‍ കീഴടങ്ങി. എന്നാല്‍, സൈന്യത്തിന്റെ ബസില്‍ കയറിപ്പോയ അവര്‍ പിന്നീട് തിരിച്ചെത്തിയില്ല. സൈന്യം കൊണ്ടുപോയവരെവിടെയെന്നറിയുന്നതിനായി ആയിരങ്ങള്‍ ഇന്നും സര്‍ക്കാരുമായി ബന്ധപ്പെട്ടു വരുന്നു. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതിലില്‍ മുട്ടുന്നു. കീഴടങ്ങിയവരെ വധിച്ചിട്ടില്ലെന്നും അന്നത്തെ തടവുകാരായി ആരും തങ്ങളുടെ ക്യാമ്പുകളില്‍ ഇല്ലെന്നത് യുഎന്‍ സംഘടനയിലെ വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുള്ളതുമാണെന്നുമാണ് സൈന്യത്തിന്റെ ഭാഷ്യം. ഫാ. ഫ്രാന്‍സിസിന്റെ ബന്ധുവായ തൊണ്ണൂറു വയസുള്ള മോസസ് അരുലനന്ദന്‍ കോടതിയിലും യുഎന്നിലും നല്‍കിയ പരാതികളും ഫലം കാണാതെ കിടക്കുകയാണ്.
വടക്കന്‍ ശ്രീലങ്കയിലെ ജാഫ്‌നയിലുള്ള സെന്റ് പാട്രിക്‌സ് കോളജിലായിരുന്നു ഫാ. ഫ്രാന്‍സിസിന്റെ പഠനം. ഇംഗ്ലീഷ് അധ്യാപകനായി അതേ കോളജിലേക്ക് വന്ന അദ്ദേഹം പിന്നീട് പ്രിന്‍സിപ്പലായി. ഇന്ന് ഫാ. ഫ്രാന്‍സിസിന്റെ വലിയൊരു ചിത്രം അദ്ദേഹത്തിന്റെ ഓര്‍മക്കെന്നോണം കോളജ് ലൈബ്രറിയില്‍ സ്ഥാപിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?