Follow Us On

17

February

2020

Monday

സ്‌നേഹത്തിന്റെ പ്രതീകം (സിറില്‍ ജോണ്‍)

സ്‌നേഹത്തിന്റെ  പ്രതീകം (സിറില്‍ ജോണ്‍)

ഡല്‍ഹിയിലെ കാത്തലിക് കരിസ്മാറ്റിക് റിന്യൂവലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ആദ്യ നാളുകള്‍ ഓര്‍ക്കുന്നു. ഇന്റര്‍സെഷന്‍ മിനിസ്ട്രിയുടെ ശ്രമഫലമായി ‘ദ ഡല്‍ഹി ക്രുസേഡേഴ്‌സ്’ എന്ന ഒരു കൂട്ടായ്മ 1993 ഒക്‌ടോബറില്‍ ഡല്‍ഹി അതിരൂപതയില്‍ രൂപംകൊണ്ടു. പിന്നീട്, രാജ്യത്തിന്റെയും തിരുസഭയുടെയും രൂപതയുടെയും നിയോഗങ്ങള്‍ക്ക് വേണ്ടി വര്‍ഷത്തിലൊരിക്കല്‍ 40 മണിക്കൂര്‍ തുടര്‍ച്ചയായ ആരാധനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്താന്‍ തീരുമാനമായി. ഇക്കാര്യം ഡല്‍ഹിയുടെ അന്നത്തെ മെത്രാപ്പോലീത്തയായ ഡോ. അലന്‍ ഡി ലാസ്റ്റിക്കിന് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം ഞങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി. തുടര്‍ന്ന്, 1994 നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ തിയതികളിലായി കത്തീഡ്രലില്‍ ആദ്യത്തെ 40 മണിക്കൂര്‍ ആരാധന നടന്നു. രൂപതാധ്യക്ഷനും മണിക്കൂറുകളോളം ദിവ്യകാരുണ്യത്തിന് മുമ്പില്‍ ചിലവഴിച്ചു. വൈദികര്‍, വിശ്വാസികള്‍, ഇടവകകള്‍ എന്നിവരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചു. കാത്തലിക് കരിസ്മാറ്റിക് റിന്യൂവലിന്റെ പരിശ്രമം എന്നതിലുപരി രൂപതാ നേതൃത്വത്തിന് പ്രത്യേക താത്പര്യമുള്ള ശുശ്രൂഷയായി മാറ്റപ്പെട്ടു.
‘സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്’ (യോഹന്നാന്‍ 6:52). യേശു പറഞ്ഞ ഈ വാക്കുകള്‍ എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു.
ഇന്ത്യന്‍ നാഷണല്‍ സര്‍വീസ് ടീം, നാഷണല്‍ കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസസ് (എന്‍സിസിആര്‍എസ്) ഓഫീസിനായി ഡല്‍ഹിയില്‍ സ്ഥലം ഏറ്റെടുക്കാന്‍ ഒരുങ്ങിയപ്പോള്‍ ചെയര്‍മാനായ എനിക്ക് ആദ്യം തോന്നിയത് ദിവ്യകാരുണ്യം എഴുന്നള്ളിച്ച് വെച്ച ഒരു ചാപ്പല്‍ വേണമെന്നതാണ്. അതേസമയം, എന്‍സിസിആര്‍എസിന്റെ ഓഫീസില്‍ വൈദിക സാന്നിധ്യമില്ലെന്നതും ആരും താമസമില്ലെന്നതും ചാപ്പലിന് അനുവാദം നിഷേധിക്കപ്പെടാന്‍ കാരണമാകുമോയെന്ന സംശയത്തിനിടയാക്കി. എന്നാല്‍, ഡല്‍ഹി ആര്‍ച്ച് ബിഷപ്പായിരുന്ന ഡോ. വിന്‍സെന്റ് എം. കോണ്‍സെസാവോയെ സമീപിച്ചപ്പോള്‍ അദ്ദേഹം ചാപ്പലിന് അനുവാദം നല്‍കി. 2002 മാര്‍ച്ച് ഒന്‍പതിന് നടന്ന ചാപ്പലിന്റെ വെഞ്ചരിപ്പ് കര്‍മത്തിന് ശേഷം അദ്ദേഹം ഇപ്രകാരം പറഞ്ഞു: ”ഇവിടുത്തെ ദിവ്യകാരുണ്യനാഥന്റെ സാന്നിധ്യം കാത്തലിക് കരിസ്മാറ്റിക് റിന്യൂവലിനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ശക്തിയും പ്രചോദനവുമാകും എന്നതാണ് എന്നില്‍ മതിപ്പുളവാക്കുന്നത്.”
നാഷണല്‍ കരിസ്മാറ്റിക് ഓഫീസിന്റെ ആരംഭത്തിന് ശേഷമുള്ള എല്ലാ ദിവസങ്ങളിലെയും പ്രവര്‍ത്തനങ്ങളുടെ തുടക്കം ദിവ്യകാരുണ്യത്തിന് മുന്നില്‍ വിശുദ്ധ മണിക്കൂര്‍ ആചരിച്ചുകൊണ്ടായിരുന്നു. ഇതിലൂടെ, ഓരോ കാല്‍വയ്പ്പിനും യേശു ശക്തിപകരുമെന്നും നയിക്കുമെന്നും ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. നാഷണല്‍ കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസസ് ഓഫിസില്‍ 2004 മാര്‍ച്ച് ഒന്നിന് ആരംഭിച്ച 24 മണിക്കൂര്‍ ആരാധന ഇന്നും തുടരുന്നു. തിരുസഭയുടെയും കാത്തലിക് കരിസ്മാറ്റിക് റിന്യൂവലിന്റെയും ശക്തിസ്രോതസാണ് നിത്യാരാധനയെന്നാണ് ഞങ്ങളുടെ വിശ്വാസം.
ഡല്‍ഹിയിലെ കരിസ്മാറ്റിക് പ്രവര്‍ത്തകരുടെ ശ്രമഫലമായി 1999 ഏപ്രില്‍ അഞ്ചിന് ഡല്‍ഹിയിലെ സെന്റ് മേരീസ് പള്ളിയില്‍ 12 മണിക്കൂര്‍ ആരാധന ആരംഭിച്ചു. 2005 ഓഗസ്റ്റ് അഞ്ചിന് തങ്ങളുടെ ആശ്രമമായ ‘ജീവന്‍ ജ്യോതി’യിലേക്ക് മാറ്റിയ പ്രസ്തുത ആരാധന ഇന്ന് 24 മണിക്കൂര്‍ പ്രാര്‍ത്ഥനയായി തുടരുന്നുണ്ട്. ഇന്ന് ഏഴ് ചാപ്പലുകളാണ് ജീവന്‍ ജ്യോതി ആശ്രമത്തിലുള്ളത്. മൂന്ന് ചാപ്പലുകളില്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് വെച്ചുള്ള 24 മണിക്കൂര്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍, ബാക്കിയുള്ളവ ആളുകളുടെ എണ്ണത്തിനനുസരിച്ച് ക്രമീകരിക്കും. ഏഴ് ചാപ്പലുകള്‍ നിറയെ വിശ്വാസികളുമായി 24 മണിക്കൂര്‍ ആരാധന നടത്തുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ദിവ്യകാരുണ്യത്തിന് മുന്നിലായുള്ള ആരാധനയും മധ്യസ്ഥ പ്രാര്‍ത്ഥനയും ആശ്രമത്തിന്റെ ശക്തികേന്ദ്രങ്ങളാണ്.

സിറില്‍ ജോണ്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?