Follow Us On

29

March

2024

Friday

ദിവ്യകാരുണ്യത്തിലൂടെ ലഭിച്ച ചാമ്പ്യന്‍പട്ടം (സന്തോഷ് ടി.)

ദിവ്യകാരുണ്യത്തിലൂടെ ലഭിച്ച  ചാമ്പ്യന്‍പട്ടം (സന്തോഷ് ടി.)

ദൈവത്തെ അറിയാത്ത കാലഘട്ടത്തിലാണ് എനിക്ക് ഈ ദിവ്യകാരുണ്യ അനുഭവമുണ്ടായത്. ധ്യാനം കൂടിക്കഴിഞ്ഞാണ് അത് ദിവ്യകാരുണ്യ അനുഭവമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. എന്റെ കുടുംബം ഇടതുപക്ഷ ചിന്താഗതിക്കാരുടെ കുടുംബമായിരുന്നു. ഞങ്ങളാരും ചെറുപ്പത്തില്‍ ദൈവാലയത്തില്‍ പോകാറില്ലായിരുന്നു. പപ്പ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഞാന്‍ എട്ടാം ക്ലാസില്‍ കയറിയപ്പോള്‍ ഷട്ടില്‍ ബാന്റ്മിന്റണ്‍ കളിക്കാന്‍ തുടങ്ങി. സബ്ജൂനിയര്‍ സ്റ്റേറ്റ് ടീമില്‍ വന്നു. ഡബിള്‍സിന് ദേശീയ തലത്തില്‍ സെക്കന്റ് പ്രെയ്‌സ് കിട്ടി. ആ സമയത്ത് ഞങ്ങളുടെ കുടുംബത്തില്‍ ഒത്തിരിയേറെ തകര്‍ച്ചകള്‍ വന്നു. ഇതെല്ലാം ഉണ്ടായപ്പോള്‍ ഞങ്ങള്‍ അന്ധവിശ്വാസത്തിന്റെ വഴികളിലൂടെ പോയി. എന്നാല്‍, വീണ്ടും തകര്‍ച്ചയായിരുന്നു ഫലം.
ഈ സമയത്ത് മാതാപിതാക്കളും സഹോദരിയുംകൂടി ധ്യാനത്തിന് പോയി. അവിടെവച്ച് അവര്‍ക്ക് ദൈവാനുഭവം കിട്ടി. എന്നാല്‍, ഞാനും ചേട്ടനും നവീകരണത്തിലേക്ക് വരാന്‍ താല്‍പര്യം കാണിച്ചില്ല. ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയമായിരുന്നത്. ഷട്ടില്‍ ബാന്റ്മിന്റണില്‍ സ്റ്റേറ്റ് ജൂനിയര്‍ ടീമില്‍ എനിക്ക് ഇടം ലഭിച്ചു. ക്യാമ്പില്‍ സെലക്ഷന്‍ കിട്ടി. ആ വര്‍ഷം നാഷണല്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് ഒത്തിരി വൈകിയാണ് നടന്നത്. അതുകൊണ്ട് ഒക്‌ടോബര്‍ ആയപ്പോഴേക്കും വീണ്ടും ഒരുമാസത്തോളം സെലക്ഷന്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ ഞാന്‍ പങ്കെടുത്തു. ആ ക്യാമ്പില്‍വച്ച് അപ്രതീക്ഷിതമായി കളികളിലെല്ലാം ഞാന്‍ തോറ്റു. അങ്ങനെ സ്റ്റേറ്റ് ടീമില്‍നിന്നും പുറത്തായി. എനിക്ക് വളരെ വിഷമമായി. വിഷമത്തോടുകൂടി ഞാനന്ന് പഠിച്ചിരുന്ന മഞ്ചേരി എന്‍.എസ്.എസ് കോളജിന്റെ ഹോസ്റ്റലിലേക്ക് വന്നു.
എന്നെ സംബന്ധിച്ചിടത്തോളം ആ വര്‍ഷത്തോടുകൂടി ജൂനിയര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് തീരുകയാണ്. പിന്നെ സീനിയറാകും. ഈ ചാന്‍സില്‍ ടീമില്‍ കിട്ടിയെങ്കിലേ സാധ്യതകള്‍ ലഭിക്കൂ. അതിനുശേഷം ഒരാഴ്ച കഴിഞ്ഞ് മഞ്ഞുമ്മേല്‍ ഏലൂര്‍ എഫ്.എ.സി.ടി സ്റ്റേഡിയത്തില്‍ ഓള്‍ ഇന്ത്യാ ടൂര്‍ണമെന്റ് നടക്കുകയാണ്, ഡിസംബര്‍ മാസമായിരുന്നത്. ആ സമയത്ത് എന്റെ മാതാപിതാക്കള്‍ എറണാകുളം, തേവരയില്‍ നടക്കുന്ന കരിസ്മാറ്റിക് നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയാണ്.
ഞാന്‍ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ കയറി. പിറ്റേന്നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. 31-ാം തിയതി താമസസ്ഥലത്ത് ചെന്നപ്പോള്‍ കാണുന്നത് മറ്റു കളിക്കാരെല്ലാം ഒരുമിച്ചുകൂടി സന്തോഷിക്കുന്നതാണ്. ടീമിന് പുറത്തായതുകൊണ്ട് എനിക്ക് ഭയങ്കര സങ്കടം. ഏലൂരുള്ള ഒരു കോട്ടേഴ്‌സിലാണ് താമസിക്കുന്നത്. രാത്രി പത്തുമണിയായപ്പോള്‍ എനിക്ക് പെട്ടെന്ന് തോന്നി പള്ളിയിലേക്ക് പോകണമെന്ന്. മഞ്ഞുമ്മല്‍ പള്ളിയോ വഴിയോ ഒന്നും അറിയില്ല. ഞാന്‍ എഴുന്നേറ്റ് നടന്നു. ആരോ എന്നെ നയിക്കുന്നതായിട്ട് തോന്നി. മഞ്ഞുമ്മല്‍ പള്ളിയില്‍ ചെന്നു. വര്‍ഷാവസാന ആരാധന നടക്കുകയാണ്. കഴിഞ്ഞകാല ജീവിതത്തിലെ വിഷമങ്ങളും വേദനകളുമെല്ലാം ഈശോയോട് പറയുക എന്ന് അച്ചന്‍ പറഞ്ഞു. കുറച്ചുനേരം ഞാനവിടെ ഇരുന്നു, ആരാധന കഴിഞ്ഞു. അതിനുശേഷം കുര്‍ബാനയായിരുന്നു. കുര്‍ബാന സ്വീകരണമായപ്പോള്‍ ആരോ പുറകില്‍നിന്ന് തള്ളിവിടുന്നപോലെ തോന്നി. ഞാന്‍ മുന്നോട്ട് ചെന്ന് കുര്‍ബാന സ്വീകരിച്ച് അവിടെ പോയിരുന്ന് പ്രാര്‍ത്ഥിച്ചു. ”ഈശോയെ എനിക്കൊന്നും അറിയില്ല, നീ എന്നെ സഹായിക്കണേ.” രാവിലെ കളിക്കാന്‍ പോയി. യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഞാന്‍ തോല്‍ക്കുമെന്നുള്ളത് അവിടെയുള്ള എല്ലാവര്‍ക്കും അറിയാം. ക്യാമ്പില്‍ പല പ്രാവശ്യം എന്നെ തോല്‍പിച്ചവരാണ് എതിരാളികള്‍. പക്ഷേ ദൈവം അവിടെ ഇടപെട്ടു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആദ്യമത്സരത്തില്‍ വിജയം എനിക്കൊപ്പം നിന്നു. തുടര്‍ന്നുനടന്ന സെമി ഫൈനലിലും എനിക്കായിരുന്നു വിജയം. അവസാനം ഫൈനല്‍. എന്നെ തോല്‍പിച്ച, ഞാന്‍ ടീമില്‍നിന്ന് പുറത്താക്കാന്‍ കാരണമായ എതിരാളിയേയും തോല്‍പിച്ച് ആ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ ദൈവം ഇടയാക്കി. എല്ലാവരും ചോദിച്ചു, കഴിഞ്ഞ ആഴ്ചയില്‍ വട്ടപ്പൂജ്യമായ നിനക്ക് ഇതെങ്ങനെ സംഭവിച്ചുവെന്ന്. പക്ഷേ അന്ന് എനിക്ക് എന്തോ ഒരു കാര്യം മനസിലായി. ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ എന്തോ ഒരു ശക്തി എന്റെ ഉള്ളില്‍ വന്നെന്ന്. ഈ സത്യം പൂര്‍ണമായി ഞാന്‍ മനസിലാക്കിയത് പിറ്റേ വര്‍ഷം ധ്യാനം കൂടിയപ്പോഴായിരുന്നു.

സന്തോഷ് ടി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?