Follow Us On

18

November

2019

Monday

കേരളവും ഭീകരപ്രവര്‍ത്തകരുടെ ലക്ഷ്യമോ?

കേരളവും ഭീകരപ്രവര്‍ത്തകരുടെ ലക്ഷ്യമോ?

2019 ഏപ്രില്‍ 21-ന് ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങള്‍ ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. കൊളംബോയിലും പരിസരപ്രദേശങ്ങളിലുമായി സെന്റ് ആന്റണി, സെന്റ് സെബാസ്റ്റ്യന്‍ എന്നീ റോമന്‍ കത്തോലിക്ക ദൈവാലയങ്ങളിലും, കൊളംബോയില്‍നിന്നും ഉദ്ദേശം 320 കിലോമീറ്റര്‍ അകലെ ശ്രീലങ്കയുടെ കിഴക്കെ തീരത്തുള്ള നഗരമായ ബറ്റിക്കലോവായിലെ പ്രൊട്ടസ്റ്റന്റ് പള്ളിയിലും കൊളംബോ നഗരത്തിലെ പ്രമുഖ ആഡംബര ഹോട്ടലുകളായ ഷാംഗ്രില, സിന്നമണ്‍ ഗ്രാന്‍ഡ്, കിംഗ്‌സ്ബറി, ട്രോപ്പിക്കല്‍ ഇന്‍ എന്നിവിടങ്ങളിലുമാണ് അന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. 258 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് മുറിവേല്‍ക്കുകയുമുണ്ടായി. കൊല്ലപ്പെട്ടവരില്‍ നാല് ഇന്ത്യക്കാരടക്കം 46 വിദേശ പൗരന്മാരുണ്ടായിരുന്നു.
സ്‌ഫോടനങ്ങളുടെ നേരിട്ടുള്ള ആസൂത്രണം നടത്തിയത് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ തൗഹിത് ജമാ അത്ത് (ഏകദൈവ വിശ്വാസം പുലരട്ടെ എന്നാണ് ഇതിന്റെ അര്‍ത്ഥം) ആയിരുന്നുവെങ്കിലും ആഗോള ഭീകര സംഘടനയായ ‘ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഇവര്‍ ഞങ്ങളുടെ പോരാളികളായിരുന്നു’ എന്ന് പിന്നാലെ വാര്‍ത്തയുമായി വന്നു.
ശ്രീലങ്കന്‍ ജനതയിലെ 70 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. ഹിന്ദുമതവും (12.6 ശതമാനം) ഇസ്ലാം മത വിശ്വാസികളും (9.7 ശതമാനം) ക്രൈസ്തവരും (6.1 ശതമാനം) സമാധാനത്തോടെ ഒന്നിച്ച് ജീവിച്ചുവന്നിരുന്ന രാജ്യത്ത് തീവ്ര ഇസ്ലാം മതപ്രഭാഷകര്‍ കടന്നുവന്ന് വിദ്വേഷത്തിന്റെ വിത്തു വിതയ്ക്കുന്ന കാര്യം, പൊതുവെ സമാധാനപ്രിയരായ ഇസ്ലാം മതവിഭാഗത്തിലെ മതനേതാക്കള്‍ തന്നെ, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭരണാധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇസ്ലാമിലെ മതതീവ്രവാദ ചിന്താധാരകളായ വിഭാഗങ്ങളെ ചില രാജ്യങ്ങള്‍ സാമ്പത്തികമായി പരിപോഷിപ്പിക്കുന്ന കാര്യം ഭരണാധികാരികള്‍ക്ക് അറിവുള്ളതാണ്. 2019 ഈസ്റ്റര്‍ സ്‌ഫോടനങ്ങള്‍ സംബന്ധിച്ച് ഇന്ത്യയില്‍നിന്നും പോലീസിലെ രഹസ്യാന്വേഷണ വിഭാഗം വ്യക്തവും വിശദവുമായ വിവരങ്ങള്‍ ശ്രീലങ്കന്‍ ഭരണാധികാരികള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഒരിക്കലല്ല, പല തവണ ആ വിവരങ്ങള്‍ ലഭിച്ചതാകട്ടെ ഡല്‍ഹിയില്‍ അറസ്റ്റിലായ ഒരു ഇസ്ലാമിക തീവ്രവാദിയില്‍ നിന്നുമായിരുന്നു. സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത ‘നാഷണല്‍ തൗഹിത്ത് ജമാഅത്ത്’ എന്ന സംഘടനയുടെ തലവനായിരുന്ന സഹറാന്‍ ഹഷിമിന്റെ പേരുപോലും ഇന്ത്യയിലെ രഹസ്യ പോലീസ് ശ്രീലങ്കക്ക് കൈമാറിയതാണ്. എന്നിട്ടും എന്തുകൊണ്ട് ആ രാജ്യത്തിന്റെ ഭരണാധികാരികള്‍ പ്രസിഡന്റ് മൈത്രിപാലസിരിസേനയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും ഈ സൂചനകളെ അവഗണിച്ചുവെന്ന് ഇന്നുവരെയും വിശദീകരിക്കപ്പെട്ടിട്ടില്ല.
ബുദ്ധമത ഭൂരിപക്ഷ രാജ്യമായ ശ്രീലങ്കയിലെ ക്രൈസ്തവര്‍ ഏറിയപങ്കും തമിഴ് വംശജരായതുകൊണ്ടാണോ അതോ മുസ്ലീം ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിലനിന്നു പോരുന്ന സൗഹൃദം തകര്‍ന്ന്, ശത്രുത പടരട്ടെ എന്നുള്ള തികച്ചും സങ്കുചിത ചിന്തകൊണ്ടാണോ? അതുമല്ല വെറും കഴിവുകേടും, കെടുകാര്യസ്ഥതയും മൂലമായിരുന്നോ? കാരണമെന്തായാലും ആ രാജ്യത്തെ ജനങ്ങളുടെ സമാധാന ജീവിതമാണ് ഇല്ലാതായിരിക്കുന്നത്. മാത്രമല്ല ടൂറിസത്തെ ഏറെ ആശ്രയിച്ചുകൊണ്ടുള്ള ആ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി, ആഡംബര ഹോട്ടലുകളില്‍ നടന്ന സ്‌ഫോടനങ്ങള്‍ മൂലം തകര്‍ച്ചയിലുമായി.
ഇസ്ലാമിക് സ്റ്റേറ്റ് – ലോകമെമ്പാടും നാശം വിതയ്ക്കുന്ന ഭീകരവാദികളാണ്. ഇവരുടെ പോരാളികള്‍, യൂറോപ്പിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും പ്രത്യേകിച്ച് ഇറാക്കിലും സിറിയയിലുമൊക്കെ വിനാശം വിതയ്ക്കുമ്പോള്‍ ഇവര്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നതില്‍ നമുക്ക് ഉല്‍ക്കണ്ഠ കലര്‍ന്ന അമ്പരപ്പു തോന്നിയേക്കാം.

ബുദ്ധമത ഭൂരിപക്ഷ രാജ്യമായ ശ്രീലങ്കയിലെ ക്രൈസ്തവര്‍ ഏറിയ പങ്കും തമിഴ് വംശജരായതുകൊണ്ടാണോ അതോ മുസ്ലീം ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിലനിന്നു പോരുന്ന സൗഹൃദം തകര്‍ന്ന്, ശത്രുത  പടരട്ടെ എന്നുള്ള തികച്ചും സങ്കുചിത ചിന്തകൊണ്ടാണോ? അതുമല്ല വെറും കഴിവുകേടും കെടുകാര്യസ്ഥതയും മൂലമായിരുന്നോ? കാരണമെന്തായാലും ആ രാജ്യത്തെ ജനങ്ങളുടെ സമാധാന ജീവിതമാണ്  ഇല്ലാതായിരിക്കുന്നത്.

പ്രമുഖമായി ചില സമ്പന്ന രാജ്യങ്ങളെ കൂടാതെ സിറിയയിലെ ഭരണാധികാരിയായ ബാഷര്‍ അല്‍ അസാദിനും (കഴിഞ്ഞ 18 വര്‍ഷമായി അദ്ദേഹം സിറിയയിലെ പ്രസിഡന്റായി തുടരുന്നു) ഇതിലൊക്കെ പങ്കുണ്ട്. സാമ്പത്തിക സഹായവും സംരക്ഷണവും അവര്‍ക്ക് ലഭിക്കുന്നു. അത്യാധുനിക ആയുധങ്ങള്‍ അവരുടെ കൈവശമുണ്ട്.
അമേരിക്ക, റഷ്യ, പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നു, അതാണ് യാഥാര്‍ത്ഥ്യം. ആയുധ വ്യാപാരം തഴച്ചു വളരട്ടെ. ഭീകരാക്രമണങ്ങളും അരങ്ങേറട്ടെ, ഇടയ്ക്കിടെ ‘ലോകസമാധാനത്തിനുള്ള” നോബല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്താല്‍ മതിയല്ലോ.
ശ്രീലങ്കയിലെ സംഭവങ്ങള്‍ അയല്‍രാജ്യമായ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള കേസുകള്‍ അന്വേഷിക്കുന്ന ദേശീയ സുരക്ഷാ ഏജന്‍സി പാലക്കാട് ജില്ലയുടെ മുതലമട സ്വദേശിയായ 29 വയസുകാരനായ റിയാസ് അബൂബക്കറെ ഏപ്രില്‍ 30-ന് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോള്‍ കേരളത്തിലും ശ്രീലങ്കന്‍ മാതൃകയില്‍ സ്‌ഫോടനങ്ങള്‍ നടത്തുവാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തിയിരുന്നു.
‘വിശുദ്ധ യുദ്ധം’ നടക്കുന്ന ഇറാക്ക് – സിറിയ മേഖലയിലേക്ക് പോരാളികളെ റിക്രൂട്ട് ചെയ്ത് യുദ്ധമേഖലയിലേക്കയച്ച സംഭവങ്ങള്‍ കേരളത്തില്‍ ഏതാനും വര്‍ഷങ്ങളായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവല്ലോ. എന്നിട്ടും ഇവിടെ എല്ലാം ഭദ്രം എന്ന് ഭരണാധികാരികള്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ന്യൂനപക്ഷ സമൂദായങ്ങളുടെ ഐക്യം ഇന്നത്തെ രീതിയില്‍ മുന്നോട്ട് പോകുന്നതില്‍ അസഹിഷ്ണുതയും ആശങ്കയുമുള്ള പലരും ഉണ്ടാകും. ഇസ്ലാം ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും വെറുപ്പും ഉണ്ടാക്കുവാനും കേരളത്തിലെ ജനജീവിതത്തില്‍ ഇപ്പോഴുള്ള സാമുദായിക ഐക്യം തകര്‍ക്കുവാനും തിരശീലയ്ക്ക് പിന്നില്‍ ഒളിച്ചിരുന്നുകൊണ്ട് ഇവര്‍ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടാകാം. ഭീകരപ്രവര്‍ത്തനം എന്നത് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ മാത്രം പ്രശ്‌നമല്ല. 2008-ല്‍ മഹാരാഷ്ട്രയിലുണ്ടായ മാലേഗാവ്, മൊഡാസാ എന്നിവിടങ്ങളിലെ ബോംബ് സ്‌ഫോടനങ്ങളും, 2007-ല്‍ ഹൈദരാബാദിലെ മെക്ക മസ്ജിദില്‍ ഉണ്ടായ സ്‌ഫോടനങ്ങളും ആസൂത്രണം ചെയ്തത് തീവ്രവര്‍ഗീയവാദികളായിരുന്നുവെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ആ കേസുകളിലൊക്കെ പ്രതികളെ കോടതികള്‍ വെറുതെ വിട്ടുവെന്നത് യാദൃശ്ചികമായിരുന്നോ?
തീവ്രവാദ/ഭീകരവാദ സ്വഭാവമുള്ള സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നവരുടെ പ്രധാനമായ ഉദ്ദേശങ്ങളിലൊന്ന് പരമാവധി വാര്‍ത്താ പ്രാധാന്യം നേടുക, അതിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭയവും അസ്വസ്ഥതയും പരത്തുക എന്നതാണ്. അതുകൊണ്ട് കേരളത്തിലെ പ്രമുഖ ക്രൈസ്തവ ദൈവാലയങ്ങള്‍ക്കുനേരെ ശ്രീലങ്കന്‍ മാതൃകയിലുള്ള അതിക്രമങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത ഇനിയും തള്ളിക്കളയാനാവില്ല. അതിനാല്‍ വിവിധ മതവിഭാഗങ്ങളിലെയും സമുദായങ്ങളിലെയും നേതൃത്വനിരയിലുള്ളവര്‍ക്കിടയില്‍ ഊഷ്മള ബന്ധം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. അതോടൊപ്പം ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ ഭിന്നതകള്‍ പരിഹരിച്ച് ഈ വന്‍ പ്രതിസന്ധികളെ നേരിടുവാന്‍ തയ്യാറെടുക്കേണ്ടതാണ്. ഇവിടെ പരസ്പരം മതത്തിന്റെയും റീത്തിന്റെയുമൊക്കെ പേരില്‍ രംഗത്തിറങ്ങുന്നവര്‍ നഗരകവാടത്തിനു പുറത്ത് ഒളിച്ചിരിക്കുന്ന ശത്രുക്കളെ വിസ്മരിക്കുവാനിടയാകാതിരിക്കട്ടെ. പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും ദൈവാലയങ്ങളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടതും അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടിയിരിക്കുന്നു. ഒന്നോ രണ്ടോ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചതുകൊണ്ടായില്ല. നിരീക്ഷണ ക്യാമറകള്‍, സുരക്ഷാ അലാറാം, 24 മണിക്കൂറും വെളിച്ചം ഉറപ്പാക്കാനുള്ള സംവിധാനം ഇവയൊക്കെ സജ്ജീകരിക്കേണ്ടിയിരിക്കുന്നു. ”കര്‍ത്താവ് നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാരന്‍ ഉണര്‍ന്നിരിക്കുന്നത് വ്യര്‍ത്ഥം” എന്ന സന്ദേശം നമുക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുവാനിടയാകട്ടെ.

 

ഡോ. സിബി മാത്യൂസ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?