Follow Us On

22

February

2024

Thursday

എല്ലാം ദിവ്യകാരുണ്യ സമ്മാനം

എല്ലാം ദിവ്യകാരുണ്യ സമ്മാനം

ഒരു ദിവസംപോലും വിശുദ്ധ കുര്‍ബാന മുടക്കാതെയാണ് ഡോക്ടര്‍ നിര്‍മ്മല്‍ ഔസേപ്പച്ചന്‍ ഐ.എ.എസ് ന്റെ പടവുകളോരോന്നും കയറിയത്. എല്ലാത്തിനും മാതൃകയായി അദേഹത്തോടൊപ്പമുള്ളത് പ്രാര്‍ത്ഥനയില്‍ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന കുടുംബവും…

ആലപ്പുഴയുടെ വടക്കുഭാഗത്ത്, ദേശീയപാതയുടെ പടിഞ്ഞാറായുള്ള ഒരു ചെറിയ കടലോര ഗ്രാമമാണ് തുമ്പോളി. ഇവിടെനിന്ന് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെ വലിയ ലോകത്തിലേക്കു് നടന്നുകയറിയ ഡോ. നിര്‍മ്മല്‍ ഔസേപ്പച്ചന്റെ ജീവിതത്തിലെ ദൈവാശ്രയത്തത്തിന്റെയും പ്രാര്‍ത്ഥനാ ജീവിതത്തിന്റെയും സാക്ഷ്യങ്ങള്‍ ഗ്രാമത്തിനൊന്നാകെ വലിയ പ്രചോദനമേകുകയാണ്. ദൈവത്തിലെങ്ങനെ ആശ്രയിക്കണമെന്നും കര്‍ത്താവിന്റെ കരംപിടിച്ച് എങ്ങനെയാണ് പ്രതിസന്ധികളെ തരണം ചെയ്യേണ്ടത് എന്നുമുള്ള ജീവിതസാക്ഷ്യവും പരിശീലനവുമാണ്, മൂന്നുവര്‍ഷത്തെ എം.ബി.ബി.എസ് പഠനത്തിനുശേഷം സാമ്പത്തിക പ്രതിസന്ധികള്‍മൂലം മെഡിക്കല്‍ കോളേജില്‍നിന്നു പടിയിറങ്ങേണ്ടിവന്ന പിതാവ് ഔസേപ്പച്ചന്‍, നിര്‍മ്മലിനു നല്‍കിയ ഏറ്റവും വലിയ പിതൃസ്വത്ത്.
1980-കളുടെ അവസാനത്തില്‍ത്തന്നെ കരിസ്മാറ്റിക് നവീകരണപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഔസേപ്പച്ചനും ഹോമിയോ ഡോക്ടറായ ഭാര്യ വിനീതയും.
BSc. കെമിസ്ട്രി ബിരുദധാരിയായ ഔസേപ്പച്ചന്‍, അദ്ദേഹത്തിന്റെ ആത്മീയഗുരുവും കരിസ്മാറ്റിക് ധ്യാനഗുരുവുമായിരുന്ന ഫാ. ജോസഫ് കിഴക്കേടം എസ്.ജെ യുടെ കരിസ്മാറ്റിക് പ്രവര്‍ത്തനങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നാളുകളിലാണ് ഭാര്യയുടെ പ്രോത്സാഹനത്താല്‍, മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയതും നിര്‍മ്മലിന് അഞ്ചു വയസുള്ളപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ചില്‍ പ്രവേശനംനേടിയതും.
സാമ്പത്തിക പ്രശ്‌നങ്ങള്‍മൂലം അന്നു പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയത് ഇന്നു വലിയ ദൈവാനുഗ്രഹമായിമാറിയതായി ഔസേപ്പച്ചന്‍ കരുതുന്നു. അദ്ദേഹത്തിന്റെ ഒരു പ്രസംഗം കേള്‍ക്കാനിടയായ അമല്‍ എന്ന ഒരു വിദ്യാര്‍ത്ഥി, മെഡിക്കല്‍ എന്‍ട്രന്‍സ് വിജയിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി, ഔസേപ്പച്ചന്റെ വീട്ടിലേക്കു വന്നതാണ് ക്രൈസ്റ്റ് കോളജ് എന്ന സ്ഥാപനത്തിലേക്കുള്ള വിത്തുപാകിയത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഔസേപ്പച്ചന്റെ പ്രസംഗം കേട്ട അമല്‍ എഞ്ചിനീയറിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്, എം. ബി. ബി.എസ് എന്ന സ്വപ്‌നവുമായി അദ്ദേഹത്തെ തേടിയെത്തിയത്.
ആ കുട്ടിയെ, ഒരു വര്‍ഷം തന്റെ വീട്ടില്‍നിര്‍ത്തി, സ്വന്തം പുത്രനെയെന്നപോലെ പ്രാര്‍ത്ഥനയിലും പഠനത്തിലും പരിശീലനം നല്‍കി, എം.ബി.ബി.എസ് എന്‍ട്രന്‍സ് പാസാകാന്‍ ഔസേപ്പച്ചന്‍ സഹായിച്ചു. ഇക്കഥയറിഞ്ഞ്, തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഒന്നു രണ്ടു വിദ്യാര്‍ത്ഥികള്‍ ഔസേപ്പച്ചന്റെ വീട്ടില്‍ വന്നുനിന്നു പഠിക്കുകയും മെഡിക്കല്‍ പ്രവേശനം നേടുകയും ചെയ്തു. ഒരേ വര്‍ഷംതന്നെ അഞ്ചുകുട്ടികള്‍ക്ക് ഒരുമിച്ച് മെഡിക്കല്‍ പ്രവേശനം നേടാനായതിനെത്തുടര്‍ന്നാണ്, കൂടുതല്‍ പേര്‍ അന്വേഷിച്ചെത്തിത്തുടങ്ങിയതും ക്രൈസ്റ്റ്  കോളജ് എന്ന എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തിനു തുടക്കമായതും.
ഗുരുകുല വിദ്യാഭ്യാസ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്റ്റ് കോളജില്‍, പ്രഭാത പ്രാര്‍ത്ഥനയോടെയാണ് ദിവസം ആരംഭിക്കുന്നത്. തുടര്‍ന്ന് എല്ലാ വിദ്യാര്‍ത്ഥികളുമൊന്നിച്ച് ദിവ്യബലിക്കായി ദൈവാലയത്തിലേക്ക് (കത്തോലിക്കരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കു് നിര്‍ബന്ധമല്ല).കൃത്യമായ ഇടവേളകളില്‍ കുമ്പസാരിക്കാനും കുട്ടികള്‍ക്ക് അവസരം നല്‍കുന്നു. ക്രൈസ്റ്റ്  കോളജില്‍നിന്നുയരുന്ന ദൈവസ്തുതികളുടെ ശബ്ദം, തുമ്പോളി ഗ്രാമത്തില്‍ അലയടിക്കുന്നു. പ്രതിസന്ധികളിലും പരാജയങ്ങളിലും ദൈവത്തിലാശ്രയിക്കാനും ദൈവവചനത്തിലൂടെ ശക്തിപ്രാപിക്കാനും കുട്ടികളെ പരിശീലിപ്പിക്കുന്നു.
അക്കാദമിക വിഷയങ്ങളില്‍ അതാതു വിഷയത്തില്‍ ഡോക്ടറേറ്റു നേടിയ അധ്യാപകരാണ് പരിശീലകരായുള്ളത്. അപ്രകാരം പ്രാര്‍ത്ഥനയും പഠനവും ഒന്നിച്ചു മുമ്പോട്ടു കൊണ്ടുപോകുന്നതാണ് ക്രൈസ്റ്റ്  കോളജിന്റെ അന്തരീക്ഷം. പ്രാര്‍ത്ഥനകളില്‍ താല്പര്യമില്ലാത്ത കുട്ടികള്‍ക്കായി കൊമ്മാടി എന്ന സ്ഥലത്ത് കണ്‍വന്‍ഷണല്‍ രീതിയിലുള്ള പരിശീലന കേന്ദ്രവുമുണ്ട്.
വീട്ടിലെ, ഈ പ്രാര്‍ത്ഥനയുടെയും പഠനത്തിന്റെയും ചുറ്റുപാടുകള്‍ക്കുള്ളിലാണ്, ഡോ. നിര്‍മ്മലും സഹോദരിയും വളര്‍ന്നത്.
ഒരു ദിവസംപോലും വിശുദ്ധ കുര്‍ബാനമുടക്കാത്ത, ഏതു പ്രതിസന്ധി വന്നാലും അതിനു പരിഹാരം തേടാന്‍ ജപമാലയുമായി പ്രാര്‍ത്ഥനാമുറിയിലേക്കുമാത്രംപോകുന്ന, മാതാപിതാക്കള്‍ നല്‍കിയ സാക്ഷ്യമാണ് തന്നെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും വളര്‍ത്തിയതെന്ന് ഡോ. നിര്‍മ്മല്‍ സാക്ഷ്യപ്പെടുത്തുന്നു.

‘സ്‌കൂളിലും കോളജിലും ഞാന്‍ ആബ്‌സെന്‍ഡ് ആയ ദിവസങ്ങളുണ്ട്. എന്നാല്‍ ഒന്നുമുതല്‍ പന്ത്രണ്ടുവരെ സണ്‍ഡേസ്‌കൂള്‍ ക്ലാസുകളില്‍ ഒരിക്കല്‍പ്പോലും ഞാന്‍ ആബ്‌സെന്‍ഡ് ആയിട്ടില്ല. പത്തു വയസിലാണ് ഞാന്‍ ആദ്യകുര്‍ബാന സ്വീകരിക്കുന്നത്. ദൈവാനുഗ്രഹത്താല്‍ അതിനുശേഷം ഇന്നുവരെ ഒരു ദിവസംപോലും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാതിരുന്നിട്ടില്ല’ ; ഡോ. നിര്‍മ്മല്‍ സാക്ഷ്യപ്പെടുത്തുന്നു.
‘ഇന്ത്യയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുള്ളപ്പോഴെല്ലാം ദിവ്യബലിയില്‍ സംബന്ധിക്കാന്‍ കര്‍ത്താവു വഴിയൊരുക്കി. ചില സ്ഥലങ്ങളില്‍ പ്രഭാതബലിയര്‍പ്പണത്തിനെത്താന്‍വേണ്ടിമാത്രം രാത്രിയില്‍ ഉറക്കമിളച്ചു യാത്രചെയ്യേണ്ടതായും വന്നിട്ടുണ്ട്. പലയിടങ്ങളിലും ദൈവാലയത്തിനടുത്തായി താമസസൗകര്യം ലഭിച്ചു. വിശുദ്ധ കുര്‍ബാന മുടക്കരുതെന്ന നമ്മുടെ ആഗ്രഹവും പ്രാര്‍ത്ഥനയും കര്‍ത്താവറിയുന്നുണ്ട്. ഒരേയൊരു പള്ളിമാത്രമുള്ള സ്ഥലത്ത്, കര്‍ത്താവ് എന്നെ ദിവ്യബലിക്കായി ആ പള്ളിയിലെത്തിച്ചു. ബിജാപുരിലുള്ള ഒരേയൊരു ദൈവാലയത്തിലും ദിവ്യബലിയില്‍ പങ്കുകൊള്ളാന്‍ ദൈവമിടവരുത്തിയിട്ടുണ്ട്.
ലോഗോസ് ക്വിസില്‍ എല്ലാവര്‍ഷവും പങ്കെടുക്കുന്ന നിര്‍മ്മല്‍, പലതവണ രൂപതാതലത്തില്‍ വിജയിയായിട്ടുണ്ട്. ക്വിസ് മത്സരത്തില്‍ പങ്കെടുക്കാനായാണ് വചനം പഠിച്ചതെങ്കിലും ജീവിതത്തില്‍ ആവശ്യമായ ഘട്ടങ്ങളിലെല്ലാം ആവശ്യമായ വചനം ദൈവം ഓര്‍മപ്പെടുത്താറുണ്ട്. ഏതു സാഹചര്യത്തിലും ബൈബിള്‍ തുറന്നു വായിക്കുമ്പോള്‍, കൃത്യമായി വഴികാട്ടിക്കൊണ്ട് ദൈവം സംസാരിക്കാറുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.
ചിലപ്പോള്‍ ശാസനയാകാം, ചിലപ്പോള്‍ തിരുത്തലാകാം, ചിലപ്പോള്‍ പ്രത്യാശയുടെ വചനമാകാം. ഒരിക്കല്‍പ്പോലും ഇരുട്ടില്‍ത്തപ്പുന്ന അനുഭവമുണ്ടായിട്ടില്ലെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. നാലാം ശ്രമത്തിലാണു ഡോ. നിര്‍മ്മല്‍, സിവില്‍ സര്‍വ്വീസ് നേടിയത്. എന്നാല്‍ സിവില്‍ സര്‍വ്വീസിനായി പ്രാര്‍ത്ഥിച്ചു വചനമെടുത്തപ്പോഴെല്ലാം പ്രത്യാശയുടെ വചനങ്ങളാണ് ലഭിച്ചിട്ടുള്ളത്. പരാജിതനായി വന്നു ബൈബിള്‍ തുറക്കുമ്പോഴും ലഭിച്ചിരുന്ന, പ്രത്യാശയുടെ വചനങ്ങള്‍ നല്‍കിയിട്ടുള്ള ആത്മവിശ്വാസം വളരെ വലുതാണ്.
പഠിക്കുന്ന കുട്ടികളോട് ഡോ. നിര്‍മ്മല്‍ പറയുന്നതിതാണ്. ‘നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങളുടെ വിശ്വാസത്തില്‍ സത്യസന്ധത പുലര്‍ത്തുക. ദൈവം സര്‍വ്വശക്തനാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ എല്ലാക്കാര്യങ്ങളിലും ദൈവം നിങ്ങളെ സഹായിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക. എല്ലായ്‌പ്പോഴും ദൈവത്തോട് ചേര്‍ന്നുനില്‍ക്കുക, ദൈവം നിങ്ങളോടു ചേര്‍ന്നുനില്‍ക്കും.
പലപ്പോഴും പലരും പറഞ്ഞുകേട്ടിട്ടുള്ളതിതാണ്, ദൈവം സര്‍വ്വശക്തനാണ്, ദൈവത്തിനെല്ലാം ചെയ്യാന്‍കഴിയും. എന്നാല്‍ ദൈവം എന്നെ തെരഞ്ഞെടുത്തിട്ടുണ്ടോ? അതിനുള്ള കഴിവും യോഗ്യതയുമെനിക്കുണ്ടോ?
ദൈവത്തിന്റെ തെരഞ്ഞെടുപ്പുകള്‍ നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ്. പൂര്‍ണ്ണരായ ആളുകളെയല്ല, ദൈവം തെരഞ്ഞെടുത്തിട്ടുള്ളത്.
വിക്കനായ മോശയെയാണ് ഇസ്രായേല്‍ജനത്തിന്റെ നേതാവായി തെരഞ്ഞെടുത്തത്. ദൈവം, അദ്ദേഹത്തിന്റെ വിക്കു മാറ്റിക്കൊടുക്കുന്നതുപോലുമില്ല.
മീന്‍പിടുത്തക്കാരനായ,   പത്രോസിനെയാണു സഭയുടെ തലവനായി ദൈവം തെരഞ്ഞെടുത്തത്. ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും കൊല്ലുകയുംചെയ്ത പൗലോസിനെയാണ്, സഭയുടെ അടിസ്ഥാനപരമായ ദൈവശാസ്ത്രം രൂപീകരിക്കാനായി തെരഞ്ഞെടുത്തത്.
ദാവീദിനെ തെരഞ്ഞെടുക്കുമ്പോള്‍ ദൈവം വ്യക്തമായിപ്പറയുന്നുണ്ട്, മനുഷ്യന്‍ കാണുന്നതുപോലെയല്ല ദൈവം കാണുന്നതെന്ന്. കുറവുകളും പോരായ്മകളും ഇല്ലായ്മകളുമുള്ളവര്‍തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ട എല്ലാവരുംതന്നെ!
നമ്മള്‍ ദൈവത്തോടു സത്യസന്ധതപുലര്‍ത്തി, അവിടുത്തോടു ചേര്‍ന്നു നില്ക്കുക. നമ്മുടെ പ്രവൃത്തികള്‍ സത്യസന്ധതയോടെ ചെയ്യുക. സങ്കീര്‍ത്തനം 51:6ല്‍ പറയുന്നതുപോലെ, ഹൃദയപരമാര്‍ത്ഥതയാണ് ദൈവമാഗ്രഹിക്കുന്നത്. നിങ്ങള്‍ അപ്രകാരമായാല്‍ ദൈവം നിങ്ങളെ ഉയര്‍ത്തിനിറുത്തുകതന്നെ ചെയ്യും. എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെന്നു പറയുകയും അതില്‍ ഉറപ്പില്ലാതിരിക്കുകയുംചെയ്താല്‍, അവിശ്വാസിയാണു നിന്നേക്കാള്‍ ഭേദം!
വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനയിലും ജപമാലയിലും അടിയുറച്ച്, ഡോ. നിര്‍മ്മലും അദ്ദേഹത്തിന്റെ മാതാപിതാക്കളും നല്‍കുന്ന മാതൃക നമ്മുടെ കുടുംബങ്ങളിലും പകര്‍ത്താന്‍ ശ്രമിക്കാം. നമ്മുടെ വിശ്വാസത്തില്‍ നൂറുശതമാനം സത്യസന്ധതയുള്ളവരായി, ദൈവത്തോടു ചേര്‍ന്നുനില്ക്കാം. നമ്മളേയും നമ്മുടെ മക്കളെയും കര്‍ത്താവ് കൈപിടിച്ചു നടത്തിക്കൊള്ളും.

 

ജോസ് ജോര്‍ജ് ആറുകാട്ടി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?