Follow Us On

18

April

2024

Thursday

പരിശുദ്ധാത്മാവാണ് സഭയെ നയിക്കുന്നത്‌

പരിശുദ്ധാത്മാവാണ്  സഭയെ നയിക്കുന്നത്‌

”നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ ജ്ഞാനസ്‌നപ്പെടുവിന്‍ (അപ്പ 1. 5 ) എന്ന ആഹ്വാനം സ്വീകരിച്ച് മാതാവിനോടൊപ്പം ശിഷ്യന്മാര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളെപോലെ കാത്തിരുന്നു. അവരിലേക്ക് ദൈവം തന്റെ ആത്മാവിനെ അഗ്നിയായി അയച്ചു.” എന്ന തിരുവചനം വായിച്ചാണ് പാപ്പ പന്തക്കുസ്താക്കായി ജനങ്ങളെ ഒരുക്കിയത്.
പരിശുദ്ധാത്മവിനെകുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ”എന്റെ നാമത്തില്‍ പിതാവ് അയക്കുന്ന സഹായകന്‍ നിങ്ങളെ എല്ലാകാര്യങ്ങളും പഠിപ്പിക്കുകയും ഞാന്‍ പഠിപ്പിച്ചവ ഓര്‍മിപ്പിക്കുകയും ചെയ്യും” എന്നാണ് യേശു അരുള്‍ചെയതത്. ചരിത്രത്തിലൂടെ സഭയെ നയിച്ച പരിശുദ്ധാത്മാവിനെ ഉള്‍ക്കൊണ്ട സഭക്ക് നിശ്ചലമായിരിക്കാന്‍ സാധ്യമല്ല. പരിശുദ്ധാത്മാവ് സഭയെ ചലനാനാമകമാക്കുന്നു. ഈ പ്രവര്‍ത്തനനിരത പരിശുദ്ധാത്മാവിന്റെ വരങ്ങളോട് തുറവിയുണ്ടാവുന്നതിന്റെ ഫലമാണ്. കാരണം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തോടുള്ള തുറവിയിലൂടൊണ് സഭയുടെ ദൗത്യം വിടരുന്നത്. അതുകൊണ്ട് ക്രിസ്തുശിഷ്യരെപോലെ പരിശുദ്ധാത്മാവിന് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണം. സഹനങ്ങളില്‍ ക്രിസ്തുശിഷ്യര്‍ ഒറ്റക്കല്ലെന്നും സഹായകനായ പരിശുദ്ധാത്മാവ് കൂടെയുണ്ടെന്നും യേശു ഓര്‍മിപ്പിച്ചു.
പരിശുദ്ധാത്മാവ് കടന്നുവരുന്നത് അഗ്നിയായാണ്. അത് എന്നും ജ്വലിപ്പിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ കേവലം നിശ്ചിതമായ പ്രോജക്ടായോ പൂര്‍ണമായും ആസൂത്രണം ചെയ്യപ്പെട്ട പദ്ധതിയായോ അല്ല ആത്മാവിന്റെ പ്രവര്‍ത്തനത്തെ മനസിലാക്കേണ്ടത്. ചില വ്യക്തികള്‍ ആവശ്യത്തിലധികം ഫോക്കസ് അവരുടെ പ്ലാനുകളിലും പദ്ധതികളിലും നല്‍കുന്നു. എന്നിട്ട് അതെല്ലാം പരിശുദ്ധാത്മാവാണ് ചെയ്യുന്നതെന്നും പറഞ്ഞ് പരിശുദ്ധാത്മാവിന് പ്രവര്‍ത്തിക്കാന്‍ ഇടം നല്‍കാറില്ല. പദ്ധതികള്‍ക്കും ആസൂത്രണങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ട് അവരുടെ കഴിവില്‍ അമിതമായി അവര്‍ ആശ്രയിക്കുന്നു. .എല്ലാം തനിക്ക് ചെയ്യാനാവുമെന്നും താന്‍ ചെയതാല്‍ മാത്രമെ ശരിയാവുകയുള്ളു എന്നും ചിന്തിക്കുന്നവരുണ്ട്. അവരുടെ ബുദ്ധിയില്‍ എല്ലാം ആസൂത്രണം ചെയ്ത് ജോലിഭാരങ്ങളെല്ലാം ക്രമമായും ചിട്ടയായും പലര്‍ക്കുമായി വീതിച്ചുകൊടുത്ത് എല്ലാം പൂര്‍ണമായും പരിപൂര്‍ണമാവണമെന്ന് ഇക്കൂട്ടര്‍ വിചാരിക്കുന്നു. ഏതൊരു പ്രവൃത്തിയിലും അമിതമായുള്ള പൂര്‍ണതക്കുവേണ്ടിയുള്ള പരക്കം പാച്ചിലുള്ളവരുമുണ്ട്. ചില സംഘടനകളും സംവിധാനങ്ങളും ഇപ്രകാരം പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സ്വന്തം കഴിവില്‍ മാത്രം ആശ്രയിക്കാതെ മാനുഷികമായ പദ്ധതികളിലും ദൈവത്തിന് പ്രവര്‍ത്തിക്കുവാന്‍ ഇടം നല്‍കുക എന്നതാണ് കരണീയമായിട്ടുള്ളത്.
ക്രിസ്തു തന്നെ പിന്തുടരുന്നവര്‍ക്ക് നല്‍കിയ ഉത്തരമാണ് പരിശുദ്ധാത്മാവ്. ഈ ആത്മാവിനെ അപ്രകാരം ഇടപെടുത്തണമെങ്കില്‍ കാര്യക്ഷമതയുടെ പ്രലോഭനത്തില്‍ വീഴരുത്. സഭയിലും നമ്മുടെ എല്ലാ സംരംഭങ്ങളിലും എല്ലാം പരിപൂര്‍ണമായിരിക്കണമെന്ന് ശഠിക്കുന്നവരുണ്ട്. എല്ലാം തങ്ങളുടെ നിയന്ത്രണത്തിലുമായിരിക്കണമെന്നും വലിയ തടസങ്ങളൊന്നുമില്ലാതെ എല്ലാം ക്രമമായും ചിട്ടയായും ഭംഗിയോടെ മുന്നോട്ട് പോകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. സഭയെ പരിപൂര്‍ണമായ മോഡലായിട്ടല്ല നമ്മള്‍ കാണേണ്ടത്. വ്യക്തികളുടെ കുറവുകള്‍ സഭയെ അപൂര്‍ണമാക്കാറുണ്ട്. മാനുഷികമായ ബലഹീനതകളുള്ളവരുടെ കരങ്ങളിലൂടെയാണ് സഭ മുന്നോട്ട് പോവുന്നത്. അതിനാല്‍ മാനുഷികമായ കുറവുകള്‍ സഭയില്‍ ദൃശ്യമാണ്. രക്ഷ സൗജന്യദാനമാണ്. അത് പണം കൊടുത്ത് വാങ്ങേണ്ടതല്ല. രക്ഷയുടെ പാതയില്‍ വ്യക്തികളാണ് പ്രധാനപ്പെട്ടത് പദ്ധതികളല്ല. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പ്രത്യേകിച്ച് ദുര്‍ബലരുടെയും ബലഹീനരുടെയും സ്വരങ്ങ ള്‍ക്കും നമ്മള്‍ കാതോര്‍ക്കണം. കാരണം ദൈവം അവരിലൂടെയും തന്നെതന്നെ വെളിപെടുത്തുന്നു. വചനപ്രഘോഷണത്തിലൂടെ അനേക വിജാതിയര്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നു. യേശുവിന്റെ സദ്വാര്‍ത്ത പ്രഘോഷിക്കലും ആത്മാവിന്റെ പ്രവര്‍ത്തനവും തമ്മിലുള്ള ഫലദായകമായ ബന്ധത്തെകുറിച്ചാണ് അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നത്. മൂന്നു കാര്യങ്ങള്‍ ഈ ഭാഗത്ത് നമ്മള്‍ പഠിക്കുന്നു. അവ സഭക്കുണ്ടാവേണ്ട അടിസ്ഥാനഘടകങ്ങളാണ്. ശ്രവിക്കുവാനുള്ള എളിമ, ദൈവത്തിന്റെ ആത്മാവിന്റെ വരദാനങ്ങളോടുള്ള തുറവി, ദൈവേഷ്ടത്തിനെതിരായി നില്‍ക്കുന്ന പലതും ഉപേക്ഷിക്കുവാനുള്ള ധൈര്യം എന്നിവയാണ് ഈ മുന്ന് കാര്യങ്ങള്‍. നമ്മള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്് സംസാരിക്കുമ്പോള്‍ വിശ്വാസത്തിന്റെ സാക്ഷികളായി മാറുകയും അനേകരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുവാനും വിഭാഗീയതയുടെ മതിലുകളെ തകര്‍ക്കാനും കഴിയുന്നു.
ക്രൈസ്തവവിളി എന്നും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേതുമാണ്. മറ്റുള്ളവരോടുള്ള നിസംഗത ദേഷ്യത്തിന്റെയും വൈരാഗ്യത്തിന്റെയും പ്രതിഫലനം കൂടിയാണ്. ആബേലും കായേനും ഇന്നും മനുഷ്യബന്ധങ്ങളില്‍ വിവിധ രൂപത്തില്‍ കുടികൊള്ളുന്നുണ്ട്. സ്‌നേഹത്തിന്റെ സംസ്‌കാരവും വെറുപ്പിന്റെ സംസ്‌കാരവും ഇന്നും നിഴലിക്കുന്നു. ക്ഷമയുടേയും സമാധാനത്തിന്റെയും പാത ക്രിസ്തുവിന്റേതാണ്. അതുകൊണ്ട് മുന്‍വിധികളില്ലാതെ അപരനെ മനസിലാക്കുവാന്‍ ശ്രമിക്കാം. ദൈവത്തെ കണ്ടറിഞ്ഞ് ആ സന്തോഷം മറ്റുള്ളവരിലേക്കും പങ്കുവച്ച് സുവിശേഷത്തിന്റെ ആനന്ദത്തില്‍ ജീവിക്കുവാന്‍ നമുക്ക് സാധിക്കണം.
പരിശൂദ്ധാത്മാവിനാല്‍ നിറയപ്പെടാനും കൂട്ടായ്മയില്‍ ആയിരിക്കുവാനും അതില്‍ വളരാനും വീണ്ടും പരിശ്രമിക്കാമെന്ന് ഉദ്‌ബോധിപ്പിച്ചാണ് പാപ്പ അവസാനിപ്പിച്ചത്.

പ്രഫ. കൊച്ചുറാണി ജോസഫ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?