Follow Us On

28

March

2024

Thursday

ദിവ്യകാരുണ്യ ഈശോ ഇടപെട്ടപ്പോള്‍ (സിസ്റ്റര്‍ ഗ്ലാഡിസ് മാത്യു MSMI)

ദിവ്യകാരുണ്യ ഈശോ  ഇടപെട്ടപ്പോള്‍  (സിസ്റ്റര്‍ ഗ്ലാഡിസ് മാത്യു MSMI)

എന്റെ ഒരു സഹോദരിക്ക് ഇംഗ്ലീഷ് മരുന്നുകളെല്ലാം അലര്‍ജിയാണ്. ശരീരം മുഴുവന്‍ നീരുവയ്ക്കുന്നതുകൂടാതെ ശ്വാസതടസവും മറ്റ് അസ്വസ്ഥതകളും ആഴ്ചകളോളം നീളുകയും ചെയ്യും. അതുകൊണ്ട് അവള്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ഞങ്ങള്‍ക്കെല്ലാം ഭയമാണ്. ദിവസങ്ങള്‍ക്കു മുമ്പ് അവള്‍ കഠിനമായ പനിയും ശരീരവേദനയുംമൂലം 3-4 ദിവസത്തേക്ക് ഉറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയിലെത്തി. ആന്റിബയോട്ടിക് കഴിക്കേണ്ടിവന്നു. ഉടന്‍തന്നെ അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. കൈയും തൊണ്ടയുമൊക്കെ തടിച്ചുപൊന്തി, ഭീകരമായി. ആ സാഹചര്യത്തില്‍ ദിവ്യകാരുണ്യ ഈശോയുടെ അരികില്‍ ആത്മനാ ഞാന്‍ അവളെ കിടത്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പതുക്കെ അലര്‍ജിയുടെ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. അത്ഭുതകരമായി അത് താനേ താണുപോയി, പൂര്‍ണമായും സുഖമായി. ഇത് എനിക്കും സഹോദരിക്കും ദിവ്യകാരുണ്യ ഈശോ നല്‍കിയ പ്രകടമായ ഉത്തരമായിരുന്നു. കാരണം അവള്‍ക്കും ദിവ്യകാരുണ്യ ഈശോയോട് വലിയ സ്‌നേഹമാണ്.
നമ്മുടെ ആത്മാവിനും ശരീരത്തിനും ജീവനും ശക്തിയും നല്‍കുന്ന ഔഷധമായി സഭാപിതാക്കന്മാര്‍ ദിവ്യകാരുണ്യത്തെ വിശേഷിപ്പിക്കുന്നത് എത്രയോ അര്‍ത്ഥവത്താണെന്ന് അനുഭവിച്ചറിഞ്ഞ അനേകം സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ശക്തമായ തലവേദനയാല്‍ ഉറക്കം കിട്ടാത്ത രാത്രിക്കുശേഷം രാവിലെ വിശുദ്ധ കുര്‍ബാനയുടെ സമയവും വേദന തുടരും. എന്നാല്‍ ദിവ്യകാരുണ്യ ഈശോ ഉള്ളില്‍ വരുന്ന സമയം ആ വേദന തീര്‍ത്തും മാറും. സംശയങ്ങളിലും ആന്തരിക സംഘര്‍ഷങ്ങളിലും വലിയ ഭാരം തോന്നുന്ന അവസരങ്ങളിലും വിശുദ്ധ കുര്‍ബാന സ്വീകരണശേഷം ഒരു തൂവല്‍പോലെ ഭാരക്കുറവും വലിയ ശാന്തതയും അനുഭവിച്ച അവസരങ്ങളും നിരവധി.
എനിക്ക് അടുത്തറിയാവുന്ന ഒരു കുടുംബം. ഭാര്യയും ഭര്‍ത്താവും ജോലിക്കാരെങ്കിലും ഏതു തിരക്കിലും ദിവസവും വിശുദ്ധ ബലിയില്‍ പങ്കെടുക്കുകയും വൈകിട്ട് അടുത്തുള്ള ദൈവാലയത്തില്‍ ദിവ്യകാരുണ്യ ഈശോയുടെ അടുത്തിരുന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യും. ശാന്തസ്വഭാവക്കാരനായ കുടുംബനാഥന്‍-ടോം ഒരുദിവസം വളരെ അസ്വസ്ഥനായി കാണപ്പെട്ടു. കാര്യം തിരക്കിയപ്പോള്‍ കമ്പനിയിലെ സീനിയര്‍ ഓഫീസറുടെ ഭാഗത്തുനിന്നും വലിയ ബുദ്ധിമുട്ടുകള്‍ ടോമിന് ഉണ്ടാകുന്നതായി പറഞ്ഞു. ഞാന്‍ അവരോടു പറഞ്ഞു: നാളെ മുതല്‍ ദിവ്യബലിയുടെ സമയം ഈശോയുടെ കാസായിലും പീലാസയിലും അക്രൈസ്തവനായ ആ ഓഫീസറെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു. പിന്നീട് ടോം പറഞ്ഞതിങ്ങനെ: കഴിഞ്ഞ ബോര്‍ഡ് മീറ്റിങ്ങില്‍ ആ ഓഫീസര്‍ എഴുന്നേറ്റുനിന്ന് എല്ലാവരുടെയും മുമ്പില്‍വച്ച് ടോമിനെ അഭിനന്ദിച്ചു സംസാരിച്ചു. ടോമിനത് അവിശ്വസനീയമായി തോന്നിയെങ്കിലും ഗോതമ്പ് അപ്പത്തെ തന്റെ ശരീരമാക്കാനും വീഞ്ഞിനെ തന്റെ രക്തമാക്കാനും കഴിവുള്ള ഈശോയ്ക്ക് ഇത് എത്ര നിസാരമാണ്.
എട്ടാമത്തെ വയസില്‍ വെള്ളയുടുപ്പും നെറ്റും മുടിയുമണിഞ്ഞ് കൈയില്‍ വെള്ള റോസാപ്പൂച്ചെണ്ടും പിടിച്ച് ആദ്യമായി ദിവ്യകാരുണ്യ ഈശോയെ സ്വീകരിച്ച ദിവസം ഇന്നും മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. പ്രഥമദിവ്യകാരുണ്യസ്വീകരണത്തിനായി എനിക്ക് വെള്ളയുടുപ്പ് വാങ്ങുംമുമ്പ് അച്ചാച്ചന്‍ എന്നെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു, ”കൊച്ചിന് വെള്ളയുടുപ്പ് എടുക്കുമ്പോള്‍ ആദ്യകുര്‍ബാനയ്ക്ക് വെള്ളയുടുപ്പ് എടുക്കാന്‍ പണമില്ലാത്ത ഒരു കുട്ടിക്കുകൂടി വാങ്ങണം. അതിനാല്‍ വില കൂടിയതൊന്നും എടുക്കില്ലാട്ടോ.” അന്ന് കാര്യമായൊന്നും മനസിലായില്ലെങ്കിലും ചെറുപ്പത്തിലേ എനിക്ക് അച്ചാച്ചന്‍ നല്‍കിയ വിലയേറിയ ഒരു സന്ദേശമായിരുന്നു അത്.
നമ്മുടെ ജീവിതങ്ങള്‍ക്ക് സ്വപ്രാണന്‍കൊണ്ട് വിരുന്നൊരുക്കി കരുതലോടെ ഊട്ടി വളര്‍ത്തുന്ന ദൈവത്തിന്റെ അനന്തസ്‌നേഹത്തിന്റെ സ്മാരകമായ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ.

സിസ്റ്റര്‍ ഗ്ലാഡിസ് മാത്യു MSMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?