Follow Us On

29

March

2024

Friday

മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷനായി ബിഷപ്പ്‌ ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ്‌ സ്ഥാനമേറ്റു

മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷനായി  ബിഷപ്പ്‌ ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ്‌ സ്ഥാനമേറ്റു

മൂവാറ്റുപുഴ: പ്രാര്‍ത്ഥനാ ചൈതന്യം നിറഞ്ഞുനിന്ന മൂവാറ്റുപുഴ കത്തീഡ്രലില്‍ ആയിരക്കണക്കിന്‌ വിശ്വാസ സമൂഹത്തെ സാക്ഷി നിര്‍ത്തി ബിഷപ്പ്‌ ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ്‌ മെത്രാപ്പോലീത്ത മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷനായി സ്ഥാനമേറ്റു. സ്ഥാനമൊഴിഞ്ഞ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ്‌ ഡോ. എബ്രാഹം മാര്‍ യൂലിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വി. കുര്‍ബ്ബാനക്കുശേഷം സ്ഥാനാരോഹണ ശുശ്രൂഷയായ “സുന്ത്രോണിസോ” ശുശ്രൂഷക്ക്‌ മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ്‌ കര്‍ദ്ദിനാള്‍ ക്ലീമീസ്‌ കാതോലിക്ക ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സഭയിലെ മറ്റ്‌ മെത്രാപ്പോലീത്തമാരായ തിരുവല്ല അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌, ബിഷപ്പ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ബിഷപ്പ്‌ ഡോ. യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം, ബിഷപ്പ്‌ ഡോ. ജോസഫ്‌ മാര്‍ തോമസ്‌, ബിഷപ്പ്‌ ഡോ. ഫിലിപ്പോസ്‌ മാര്‍ സ്‌തേഫാനോസ്‌, ബിഷപ്പ്‌ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്‌, ബിഷപ്പ്‌ ഡോ. തോമസ്‌ മാര്‍ അന്തോണിയോസ്‌, പുനലൂര്‍ ബിഷപ്പ്‌ ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, കാഞ്ഞിരപ്പിള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ്‌ പുളിയ്‌ക്കന്‍, കോതമംഗലം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍, ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍, ആലപ്പുഴ സഹായമെത്രാന്‍ മാര്‍ ജെയിംസ്‌ ആനാപ്പറമ്പില്‍, വിജയപുരം രൂപതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ തെക്കേതിച്ചേരില്‍, പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, ബിഷപ്പ്‌ തോമസ്‌ ചാക്യാത്ത്‌, തൃശൂര്‍ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. യാക്കോബായ സഭാ ബിഷപ്പുമാരായ കുര്യാക്കോസ്‌ മാര്‍ തെയോഫിലോസ്‌, എബ്രഹാം മാര്‍ സേവേറിയോസ്‌, ഓര്‍ത്തഡോക്‌സ്‌ സഭ കണ്ടനാട്‌ മെത്രാപ്പോലീത്ത തോമസ്‌ മാര്‍ അത്തനാസിയോസ്‌ എന്നിവര്‍ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു.
ബിഷപ്പ്‌ ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിനെ രൂപതാദ്ധ്യക്ഷ സ്ഥാനത്തേക്ക്‌ നിയോഗിച്ചുകൊണ്ടുള്ള മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവയുടെ നിയമന കല്‍പ്പന, എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറിയും രൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌ വായിച്ചു. അഭിനവ മെത്രാപ്പോലീത്ത സിംഹാസനത്തിലിരുന്ന്‌ “ഞാന്‍ നല്ലിടയനാകുന്നു” എന്ന വചനഭാഗമെടുത്ത്‌ ഏവന്‍ഗേലിയോന്‍ വായിച്ചു. തുടര്‍ന്ന്‌ സിംഹാസനത്തിലിരുന്ന മെത്രാപ്പോലീത്തയെ ഏഴ്‌ വൈദികര്‍ ചേര്‍ന്ന്‌ ഉയര്‍ത്തുകയും യോഗ്യന്‍ എന്നര്‍ത്ഥമുള്ള “ഓക്‌സിയോസ്‌” ചൊല്ലിയപ്പോള്‍ വിശ്വാസ സമൂഹം അത്‌ ഏറ്റുപറയുകയും ചെയ്‌തു. മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷനായി ചുമതലയേറ്റ മെത്രാപ്പോലീത്ത കാതോലിക്കാ ബാവയോട്‌ വിധേയത്വം പ്രഖ്യാപിച്ചുകൊണ്ട്‌ കൈ ചുംബിക്കുകയും സഹ മെത്രാപ്പോലീത്തമാക്ക്‌ സ്‌നേഹചുംബനം നല്‍കിയത്‌ ശ്രദ്ധേയമായി. തുടര്‍ന്ന്‌ രൂപതയുടെ പുതിയ മെത്രാപ്പോലീത്തയെ വൈദിക, സന്യാസ, സന്യാസിനി, അല്‍മായ, യുവജന, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ കരങ്ങള്‍ ചുംബിച്ചുകൊണ്ട്‌ വിധേയത്വം പ്രകടിപ്പിച്ചു. ശുശ്രൂഷയുടെ സമാപനമായി പുതിയ മെത്രാപ്പോലീത്ത, കാതോലിക്ക ബാവയോടും സഹമെത്രാപ്പോലീത്തമാരോടും ചേര്‍ന്ന്‌ വിശ്വാസ സമൂഹത്തിന്‌ ശ്ലൈഹീക വാഴ്‌വ്‌ നല്‍കി.
തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു. മലങ്കര കത്തോലിക്ക സഭയിലെ മെത്രാപ്പോലീത്തമാര്‍ പണ്ഡിതരും അവരുടെ വിശുദ്ധമായ ജീവിതവും സഭാശുശ്രൂഷയുടെ സമര്‍പ്പണവും എക്കാലവും മാതൃകയും പ്രചോദനകരവുമാണെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.
മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ രൂപതയുടെ സര്‍വ്വോന്മുഖമായ വളര്‍ച്ചക്കും മൂവാറ്റുപുഴ പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും രൂപതയുടെ ഉത്തരവാദിത്വം നിറവേറ്റപ്പെടുവാന്‍ പുതിയ മെത്രാപ്പോലീത്തക്ക്‌ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മലങ്കര സഭയുടെ പ്രവര്‍ത്തനങ്ങളോട്‌ ചേര്‍ന്ന്‌ സ്വന്തം മണ്ഡലം കൂടി ഉള്‍പ്പെടുന്നുവെന്നത്‌ അഭിമാനകരമാണെന്ന്‌ ആശംസാ സന്ദേശത്തില്‍ ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്‌ അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്‌സ്‌ സഭ കണ്ടനാട്‌ മെത്രാപ്പോലീത്ത തോമസ്‌ മാര്‍ അത്തനാസിയോസ്‌, യാക്കോബായ സഭ സെമിനാരി മെത്രാപ്പോലീത്ത കുര്യാക്കോസ്‌ മാര്‍ തെയോഫിലോസ്‌, ബഥനി സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസ്‌ കുരുവിള ഓ.എ.സി., ബഥനി സന്യാസിനി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഗ്ലാഡീസ്‌ എസ്‌.ഐ.സി., രൂപതാ വികാരി ജനറല്‍ ഫാ. വര്‍ഗ്ഗീസ്‌ കുന്നുംപുറം, ഫാ. ചെറിയാന്‍ ചെന്നിക്കര, പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി വി.സി. ജോര്‍ജ്ജുകുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക്‌ മുവാറ്റുപുഴ രൂപതയുടെയും സഭയിലെ വിവിധ രൂപതകളില്‍നിന്നും വിവിധ സഭകളില്‍ നിന്നും മെത്രാപ്പോലീത്തമാരും വൈദികരും സന്യസ്‌തരും അല്‍മായരും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?