Follow Us On

17

February

2020

Monday

വിശുദ്ധ കുര്‍ബാന എന്റെ ജീവിതത്തില്‍ (തങ്കച്ചന്‍ തുണ്ടിയില്‍)

വിശുദ്ധ കുര്‍ബാന എന്റെ ജീവിതത്തില്‍  (തങ്കച്ചന്‍ തുണ്ടിയില്‍)

”നന്മ ചെയ്യാനും സ്‌നേഹിക്കാനും ആഗ്രഹമുണ്ടോ? ദിവ്യബലിയില്‍ പങ്കെടുക്കുക” – ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളാണിത്. വിശുദ്ധ കുര്‍ബാനയുടെ വിലയറിഞ്ഞതില്‍പ്പിന്നെ ഒരിക്കല്‍പോലും വിശുദ്ധ കുര്‍ബാന മുടക്കിയിട്ടില്ല.
വെളുപ്പിന് മൂന്നുമണിക്ക് എഴുന്നേറ്റ് വിശുദ്ധ കുര്‍ബാനയ്ക്കായി പന്ത്രണ്ടോളം കിലോമീറ്റര്‍ നടക്കേണ്ടിവന്നിട്ടുണ്ട്. ഇതൊക്കെ ഏതാണ്ട് ഇരുപതോളം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യം.
ഞാനെന്തായിരിക്കുന്നുവോ അത് പരിശുദ്ധ കുര്‍ബാനയാണെന്നുള്ള സത്യം തുറന്നു പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വെറും ആറാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള എനിക്ക് പരിശുദ്ധ കുര്‍ബാനയെക്കുറിച്ചുതന്നെ മൂന്നു പുസ്തകങ്ങള്‍ എഴുതുവാന്‍ കൃപ ലഭിച്ചു. അതും ‘ഇതെന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍’ എന്ന പുസ്തകം നാലു ഭാഷകളില്‍ ഉണ്ടെന്നു മാത്രമല്ല, ഇപ്പോള്‍ 73 പതിപ്പുകള്‍ പിന്നിട്ടു. മുപ്പതോളം പുസ്തകങ്ങളെഴുതാന്‍ ദൈവം കൃപ നല്‍കി.
പരിശുദ്ധ കുര്‍ബാനയുടെ മൂല്യം എല്ലാവരും മനസിലാക്കണമെന്ന ആഗ്രഹത്താല്‍ എന്റെ രചനയിലൂടെയും സുവിശേഷ പ്രഘോഷണത്തിലൂടെയും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ഞാന്‍ രാവിലെ കുര്‍ബാനയില്‍ പങ്കെടുത്തിട്ടായിരുന്നു ജോലിക്കിറങ്ങിയിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച കുര്‍ബാന വൈകുന്നേരമായതിനാല്‍ അന്ന് രാവിലെ പണിക്കിറങ്ങി. വൈകുന്നേരം പള്ളിയില്‍ ചെന്നപ്പോഴാണറിയുന്നത് അന്നു കുര്‍ബാനയില്ല. അച്ചന്‍ രോഗംമൂലം ഹോസ്പിറ്റലിലായി, പള്ളിയില്‍ വന്നവരെയെല്ലാം തിരിച്ചുവിട്ടു. കപ്യാര്‍ പള്ളിയടച്ചുപോയി. ഞാനവിടെനിന്നു കരഞ്ഞു പ്രാര്‍ത്ഥിച്ചു: ”ഈശോയെ, ഞാനീ പള്ളിമുറ്റത്തുനിന്ന് ഒരടിപോലും മാറില്ല, ഈ നിമിഷം എനിക്കായി ഒരു പുരോഹിതനെ വരുത്താതെ.” ഉടന്‍ ഉള്ളില്‍നിന്നൊരു സ്വരം, ”ഓടി റോഡിലേക്കിറങ്ങുക.” ഞാന്‍ ഓടി റോഡിലേക്കിറങ്ങി. ഒരു ബൈക്ക് സ്പീഡില്‍ വന്നു. അതിന്റെ മുമ്പില്‍ ഞാന്‍ ചെന്നുനിന്നു. അതൊരു വൈദികനായിരുന്നു. ഞാനും അച്ചനുമായി സംസാരിച്ചു. അന്ന് എന്റെ പള്ളിയില്‍വച്ചുതന്നെ എനിക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പറ്റി.
ഒരിക്കല്‍ എന്റെ പള്ളിയില്‍ ചെന്നപ്പോഴാണറിയുന്നത് കുര്‍ബാനയില്ലെന്ന്. കറന്റില്ല, അച്ചന് കുളിക്കാന്‍ വെള്ളമില്ല. കുളിക്കാതെ എങ്ങനെ കുര്‍ബാനയര്‍പ്പിക്കും? ഈശോ എന്റെ ഉള്ളില്‍ പറഞ്ഞു, അടുത്തുള്ള വാഴവര പളളിയിലേക്ക് ഓടിച്ചെല്ലാന്‍. എന്റെ ഇടവകയിലും വാഴവരയിലും ഒരേ സമയത്താണ് കുര്‍ബാന. എന്നാല്‍ അന്നൊരു അത്ഭുതം നടന്നു. ഞാന്‍ ചെന്നു കഴിഞ്ഞാണ് അന്നവിടെ കുര്‍ബാന തുടങ്ങിയത് (സാധാരണ ഗതിയില്‍ കപ്യാര്‍ പള്ളി അടച്ചുപോകാന്‍ സമയമായി). മറ്റൊരിക്കല്‍ ഞാന്‍ പള്ളിയില്‍ ചെന്നപ്പോഴാണ് കുര്‍ബാനയില്ലെന്നറിഞ്ഞ്. ഇരട്ടയാര്‍ പള്ളിയിലേക്ക് പോകാന്‍ പ്രചോദനമുണ്ടായി.
രണ്ടു കിലോമീറ്റര്‍ ഓടി ഒരു വീട്ടില്‍നിന്ന് ഫോണ്‍ വിളിച്ച് ടാക്‌സി വരുത്തി പള്ളിയില്‍ ചെന്നപ്പോഴാണറിയുന്നത് കുര്‍ബാന കഴിഞ്ഞെന്ന്. ജീപ്പ് ഡ്രൈവര്‍ പരിഹസിച്ചു ചിരിച്ചു. പക്ഷേ ദൈവം അന്നൊരത്ഭുതം പ്രവര്‍ത്തിച്ചു. എനിക്കുവേണ്ടി മറ്റൊരു കുര്‍ബാനയ്ക്ക് ഒരുക്കം നടക്കുന്നു. അന്നത്തെ കുര്‍ബാനയ്ക്കുശേഷം ജീപ്പുകൂലി കൊടുക്കാനായി പന്ത്രണ്ട് തെങ്ങില്‍ കയറേണ്ടിവന്നു.
പരിശുദ്ധ കുര്‍ബാനയെക്കുറിച്ച് ക്ലാസെടുക്കുമ്പോള്‍ പലരും ചോദിക്കാറുണ്ട്, ഇതുവരെയും രോഗങ്ങളൊന്നുമുണ്ടായിട്ടില്ലേ എന്ന്. അതിനുത്തരം ഇതാണ്. ഈശോയുമായി ഒരു വാക്കുണ്ട് – എനിക്കെന്ത് രോഗം വന്നാലും രാവിലെ ആറിനും എട്ടിനുമിടയ്ക്ക് എനിക്ക് സൗഖ്യം നല്‍കണം.
ഞാന്‍ ഏത് രോഗാവസ്ഥയില്‍ ആയാലും ഈ സമയത്ത് സൗഖ്യമുള്ളവനായി മാറുന്നു. തുടര്‍ന്ന് വീണ്ടും പഴയ രോഗാവസ്ഥ. ഇന്നുവരെയുള്ള എന്റെ ജീവിതാനുഭവത്തില്‍ ഞാന്‍ പറയട്ടെ, പരിശുദ്ധ കുര്‍ബാനയില്ലാതെ എനിക്ക് ജീവിക്കാനാവില്ല.
ശവസംസ്‌കാരശുശ്രൂഷയില്‍ പുരോഹിതന്‍ ചൊല്ലുന്ന ഒരു പ്രാര്‍ത്ഥന ഉച്ചരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ”ഇയാള്‍ സ്വീകരിച്ച കൂദാശകള്‍ അത്യുന്നതനായ ദൈവത്തിന്റെ മുമ്പില്‍ ഇയാളെ രക്ഷിക്കുമാറാകട്ടെ.” പരിശുദ്ധ കുര്‍ബാന കൂദാശകളുടെ കൂദാശയാണ്. അതിലൂടെ വേണം നമുക്ക് സ്വര്‍ഗത്തിലെത്താന്‍.

തങ്കച്ചന്‍ തുണ്ടിയില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?