Follow Us On

17

February

2020

Monday

ദിവ്യകാരുണ്യമേ അങ്ങ് ആരാണ്?

ദിവ്യകാരുണ്യമേ  അങ്ങ് ആരാണ്?

മെക്‌സിക്കോയിലെ ഗാദ്വലഹാരയില്‍ 2004 ഒക്‌ടോബര്‍ 10-ന് 48 -ാമത് അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനായി ഉയര്‍ത്തി പ്രതിഷ്ഠിച്ച പരിശുദ്ധ കുര്‍ബാനയെ നോക്കി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ പ്രതിനിധിയായി കോണ്‍ഗ്രസിനെത്തിയ കര്‍ദിനാള്‍ ജോസഫ് ടോംകോ ചോദിച്ചു, ”ദിവ്യകാരണ്യമേ അങ്ങ് ആരാണ്?”
ഈശോയുടെ കാലം മുതല്‍ ഇന്നും വിശുദ്ധ കുര്‍ബാനയില്‍ വിശ്വസിക്കാത്തവരുണ്ട്. അവര്‍ അവനെ വിട്ടു പോകുന്നു. വിശ്വസിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവ് എക്കാലത്തും അവര്‍ക്കു മനസിലാകുന്ന വിധം വിശുദ്ധ കുര്‍ബാനയുടെ രഹസ്യം വ്യാഖ്യാനിച്ചു കൊടുക്കുന്നു. എങ്കിലും ഇനിയും അറിയാന്‍ ഏറെ ബാക്കി. വിശുദ്ധ കുര്‍ബാനയെക്കുറിച്ച് കേട്ട ശിഷ്യരില്‍ പലരും വിട്ടുപോയപ്പോള്‍ ഈശോ കൂടെനിന്നവരോടായി ചോദിക്കുന്നു. ‘നിങ്ങളും പോകുന്നോ?’ ആദ്യത്തെ മാര്‍പാപ്പയാണ് ഉത്തരം കൊടുത്തത്. ഞങ്ങള്‍ ആരുടെ അടുക്കല്‍ പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട് (യോഹ.6.69). അതുകേട്ടിട്ടും ഈശോ പറഞ്ഞു. മനസിലാക്കി കൂടെ നില്‍ക്കുന്നവരില്‍ ഒരുവന്‍ പിശാചാണ്. ഇന്നും തുടരുന്നു ആ അവസ്ഥ. ഇനിയും വെളിപ്പെടാത്ത കുര്‍ബാന രഹസ്യങ്ങള്‍ക്കായി സഭ തീക്ഷണതയോടെ ചോദിക്കുന്നു ദിവ്യകാരുണ്യമേ, അങ്ങ് ആരാണ്? പിശാചിന്റെ ദുതന്മാരാകട്ടെ അവനെ സാത്താന്‍ ആരാധനയില്‍ അപമാനിക്കുവാന്‍, തട്ടിക്കൊണ്ടു പോകുവാന്‍ നോക്കുന്നു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ
മൂന്നാം സഹസ്രാബ്ദത്തിലേക്ക് കടന്ന പത്രോസിന്റെ നൗകയെ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ കുര്‍ബാനയും ആകുന്ന രണ്ട് സ്തൂപങ്ങളുടെ നടുവിലേക്ക് നയിക്കുവാന്‍ തത്രപ്പെടുകയായിരുന്നു വിശുദ്ധ കുര്‍ബാനയിലെ ഈശോയുമായി വല്ലാത്ത വ്യക്തിബന്ധം സ്ഥാപിച്ചിരുന്ന, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍. ഏറെ ആഴമുളളതും കാലഘട്ടത്തിനു അനിവാര്യവുമായ കുര്‍ബാന പഠനങ്ങളാണ് അദ്ദേഹം സഭയക്കു തന്നത്.
2003-ല്‍ സഭയോട് ജപമാല വര്‍ഷം ആചരിക്കുവാന്‍ ഉപദേശിച്ച പരിശുദ്ധ പിതാവ് 2004-ല്‍ ദിവ്യകാരുണ്യ വത്സരത്തിലൂടെ വിശുദ്ധ കുര്‍ബാനയിലേക്കും സഭയെ സവിശേഷമായി നയിച്ചു. ഗാദ്വലഹാര അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപനത്തില്‍ ‘നാഥാ ഞങ്ങളോടൊത്ത് വസിച്ചാലും’ എന്ന സഭയുടെ എക്കാലത്തെയും പ്രാര്‍ത്ഥന ശീര്‍ഷകമാക്കിയ അപ്പസ്‌തോലിക ലേഖനത്തിലൂടെയാണ് പരിശുദ്ധ പിതാവ് ഈ വര്‍ഷാചരണത്തിന് തുടക്കം കുറിച്ചത്        ദിവ്യകാരുണ്യ വര്‍ഷാചരണത്തിന്റെ സമാപനം 2005-ല്‍ നടക്കുമ്പോള്‍ ജോണ്‍ പാപ്പ നിത്യപിതാവിന്റെ ഭവനത്തിലെത്തിയിരുന്നു. വിശുദ്ധ കുര്‍ബാന വര്‍ഷത്തിനു മുന്നോടിയായി 2003-ലെ പെസഹായ്ക്ക് സഭ വിശുദ്ധ കുര്‍ബാനയില്‍നിന്നും എന്ന ചാക്രിക ലേഖനത്തിലൂടെ വിശുദ്ധ കുര്‍ബാനയെ അങ്ങ് ആരാണ് എന്ന ചോദ്യത്തിന് പാപ്പാ സ്വന്തം വിശുദ്ധ കുര്‍ബനാ അനുഭവങ്ങളില്‍ ചാലിച്ച ഉത്തരം സമ്മാനിച്ചിരുന്നു. ഇക്കാലഘട്ടത്തില്‍ സഭയ്ക്ക് ഏറ്റവും ആവശ്യമുള്ള തിരിച്ചറിവാണിത്. ദൈവത്തെ കാണുവാന്‍, ആരാധിക്കുവാന്‍, സാന്നിധ്യം അനുഭവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാമുള്ള അഭയമാണ് പരിശുദ്ധ കുര്‍ബാന എന്ന പ്രബോധനം.
ദിവ്യകാരുണ്യനാഥനുമായുള്ള അടുപ്പത്തിലൂടെ ഈ സാന്നിധ്യത്തിന്റെ മധുരം ശരിക്കും അനുഭവിച്ചിരുന്ന വ്യക്തിയായിരുന്നു പാപ്പാ. എന്തു ചെയ്യാന്‍ പുറപ്പെടുന്നതിനു മുമ്പും ഈശോയുടെ മുന്നിലെത്തി അക്കാര്യം പറഞ്ഞ് മടങ്ങുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്. ഈശോ ലോകത്തിലേക്ക് വന്നത് ദൈവം നമ്മോടു കൂടെയുള്ള എമ്മാനുവേല്‍ അനുഭവം നല്‍കാനാണ്. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒന്നു സ്പര്‍ശിക്കണമെന്ന് തോന്നിയാല്‍ അതിനു തന്റെ സാന്നിധ്യം ഉണ്ടാവണം. അതിന് ഈശോ കണ്ട പരിഹാരമാണ് വികുര്‍ബാന.
കാത്തിരിക്കുന്ന ഈശോ
ദിവ്യകാരുണ്യത്തില്‍ താന്‍ തന്റെ മക്കളെ കാത്തിരിക്കുകയാണെന്ന് എത്രയോ വിശുദ്ധാത്മാക്കളോട് ഈശോ വെളിപ്പെടുത്തി. 2007 മുതല്‍ 2016 വരെ ഒരു ബനഡിക്‌ടൈന്‍ സന്യാസിക്കു കൊടുത്ത സ്വകാര്യ വെളിപാടുകള്‍ ‘ഇന്‍ സിനു യേസൂ’ എന്ന പേരില്‍ (യേശുവിന്റെ വക്ഷസില്‍ എന്നര്‍ഥം. വി.യോഹന്നാനു ലഭിച്ച അനുഗ്രഹാനുഭവമാണത്.) പ്രസിദ്ധികരിച്ചിട്ടുണ്ട്. ആ പുസ്തകത്തില്‍ ഉടനീളം സക്രാരികളില്‍ തന്നെ ഒറ്റയക്കാക്കുന്നതിലുള്ള സങ്കടം ഈശോ വ്യക്തമാക്കുന്നു. നിങ്ങള്‍ എന്നെ കാണാന്‍ വരാത്തത് എന്തേ എന്ന് ഈശോ ചോദിക്കുന്നു. നിങ്ങളുടെ അനാദരവും അവഗണനയും നിസംഗതയും എന്നെ വല്ലാതെ വേദനിപ്പിക്കുന്നു എന്ന് ഈശോ ആവര്‍ത്തിച്ചു പറയുന്നുണ്ട്. നിങ്ങള്‍ വന്നു വെറുതെ അവിടിരുന്നാല്‍ മതി. ഒന്നും പ്രാര്‍ത്ഥിക്കണ്ട. എന്നെ നോക്കി ഇരിക്കുക. ഈശോ പറയുന്നു. ഞാന്‍ അനുഗ്രഹിക്കും, എന്റെ അടുത്തേക്കു വരിക. നിങ്ങള്‍ക്കു എന്തു പ്രശ്‌നം ഉണ്ടായാലും വരിക. പാപിയാണെങ്കിലും വരിക. പാഴാക്കുന്ന സമയം എങ്കിലും എനിക്കു തരിക. എന്റെ മുമ്പിലിരിക്കുക. നിശബ്ദനായി ഇരിക്കുക. ഹൃദയത്തില്‍ നിങ്ങള്‍ എന്റെ ശബ്ദം കേള്‍ക്കും. 2011 സെപ്റ്റംബര്‍ 15-ന് പരിശുദ്ധ അമ്മ ആ വൈദികനോട് പറഞ്ഞു. ”എനിക്ക് ഇന്ന് വ്യാകുലങ്ങള്‍ ഏഴല്ല. എട്ടാമത് ഒരു വ്യാകുലമുണ്ട്. ദിവ്യകാരുണ്യനാഥനോട് കാണിക്കുന്ന അനദാരവ്.”
ദിവ്യകാരുണ്യ അത്ഭുതങ്ങള്‍
ദിവ്യകാരുണ്യത്തിലെ ഈശോയുടെ സജീവ സാന്നിധ്യത്തെക്കുറിച്ച് വിശ്വാസികളെ ബലപ്പെടുത്തുവാന്‍ ക്രിസ്തുവര്‍ഷം 800 മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടക്കുന്നു. ഇറ്റലിയിലെ ലാച്യാനോയില്‍ 800-ല്‍ നടന്ന ദിവ്യകാരുണ്യ അത്ഭുത വേളയില്‍ അള്‍ത്തരിയില്‍ കൂദാശ ചെയ്തുകൊണ്ടിരുന്ന തിരുവോസ്തിയില്‍ നിന്നും രക്തപ്രവാഹമുണ്ടായി. രക്തം ഒഴുകുന്ന ആ തിരുശരീരം ഇന്നും സൂക്ഷിക്കപ്പെടുന്നു. കേരളത്തിലും ഉണ്ടായിട്ടുണ്ട് ഇത്തരം അത്ഭുതം. അതില്‍ ഒന്ന് 1996-ല്‍ പോട്ട ദേശീയ കണ്‍വന്‍ഷനില്‍ വച്ചു നടന്നതിന് ഞാനും ദൃക്‌സാക്ഷിയാണ്. കണ്‍വന്‍ഷനെത്തിയ പാലക്കാടുകാരി റാണി ജോണ്‍ എന്ന വീട്ടമ്മ അക്കാലത്തെ തൃശൂര്‍ മെത്രാന്‍ മാര്‍ ജേക്കബ് തൂങ്കുഴിയില്‍നിന്നും സ്വീകരിച്ച തിരുവോസ്തി രക്തം കിനിയുന്ന മാംസക്കഷണമായി മാറിയത് ഞാന്‍ കണ്ടു. ദിവ്യകാരുണ്യത്തില്‍ ഈശോ സത്യമായും എഴുന്നള്ളി ഇരിക്കുന്നു എന്ന് വിശ്വസിച്ച് അവിടുത്തെ ശക്തി അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യണമെന്ന് ഈശോ ആഗ്രഹിക്കുന്നു.
ഇത്തരം രൂപാന്തരീകരണത്തിന്റെ അത്ഭുതകഥകള്‍ തിരുസഭയുടെ ചരിത്രത്തില്‍ ഏറെയുണ്ട്.1786 മുതല്‍ 73 വര്‍ഷം ഈ ലോകത്ത് ജീവിച്ച ഫ്രഞ്ചുകാരനായ ഇടവക വൈദികനായിരുന്നു വിശുദ്ധ ജോണ്‍ മരിയ വിയാനി. അക്ഷരാര്‍ത്ഥത്തില്‍ മണ്ടനായ ഒരു വിദ്യാര്‍ത്ഥി. ആര്‍ക്കും വേണ്ടാത്ത ആര്‍സ് ഇടവയില്‍ അദ്ദേഹം നിയമിക്കപ്പെട്ടു. വിവരവും വിദ്യാഭ്യാസവം ഇല്ലാത്ത ആ അച്ചന്‍ സക്രാരിയുടെ മുന്നില്‍ തന്റെ ദിവസങ്ങള്‍ വിനിയോഗിച്ചപ്പോള്‍ ലോകം വിസ്മയിക്കുന്ന കുമ്പസാരക്കാരനായി, വചന പ്രഘോഷകനായി. അദ്ദേഹത്തിന്റെ അധരങ്ങളില്‍നിന്നും പുറപ്പെടുന്ന വചനം കേട്ടാല്‍ പലരും മാനസാന്തരപ്പെട്ടു പൊട്ടിക്കരയുമായിരുന്നു.
18 -ാം നൂറ്റാണ്ടില്‍ അവസാനിച്ച സംഭവമല്ലിത്. ഇന്നും കേരളത്തിലെ ക്രൈസ്തവര്‍ സാകൂതം ശ്രവിക്കുന്ന തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപതയിലെ വൈദികനായ ഡാനിയേല്‍ പൂവണ്ണത്തിലച്ചന്റെ ജീവിത സാക്ഷ്യമുണ്ട്. ഒരു ഇടവകയിലെ സംഘര്‍ഷം പരിഹരിക്കുവാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കാതിരുന്ന സമയം.
ഒരിക്കല്‍ ഉപദേശം തേടി ഡിവൈനില്‍ ഫാ. മാത്യു നായിക്കംപറമ്പിലച്ചന്റെ അടുത്തെത്തി. നായിക്കംപറമ്പിലച്ചന്‍ സങ്കീര്‍ത്തനം 110 വായിച്ചു കൊടുത്തു. ഒന്നാം വാക്യത്തില്‍ ഉത്തരം ഉണ്ടെന്ന് അച്ചന്‍ പറഞ്ഞു.’ ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തു ഭാഗത്തിരിക്കുക.’ അച്ചന്‍ പോയി സക്രാരിയുടെ മുന്നിലിരിക്കുക. എന്തു സംഭവിക്കുമെന്നും ആ സങ്കീര്‍ത്തനത്തില്‍ ഉണ്ടെന്ന് മാത്യു അച്ചന്‍ പറഞ്ഞു. നിന്റെ ശത്രുക്കളുടെ മധ്യത്തില്‍ നീ വാഴും. ഉഷസിന്റെ ഉദരത്തില്‍ നിന്നെന്നുപോലെ യുവാക്കള്‍ നിന്റെ അടുക്കലേക്കു വരും. വിശുദ്ധ പര്‍വതത്തിലേക്ക് നീ സേനയെ നയിക്കുന്ന ദിവസം ജനം മടികൂടാതെ നിന്റെ അടുത്തുവരും… ഡാനിയേല്‍ അച്ചന്‍ പറയുന്നത് അച്ചനില്‍ ആ വചനം ജീവിക്കുന്നു എന്നാണ്..

1995-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ചെക്കോസ്ലോവാക്യ സന്ദര്‍ശിക്കുന്നു. മെത്രാന്മാര്‍ക്കൊപ്പം അത്താഴം കഴിഞ്ഞ് പാപ്പ കിടക്കാന്‍ പോയി. കുറെ കഴിഞ്ഞപ്പോള്‍ വത്തിക്കാനില്‍നിന്നും സ്റ്റേറ്റ് സെക്രട്ടറി വിളിക്കുന്നു. പാപ്പയെ മുറിയില്‍ വിളിച്ചിട്ടു കിട്ടുന്നില്ല. എവിടെ എന്നാണ് ചോദ്യം. അദ്ദേഹത്തിന് അത്യാവശ്യമായി സംസാരിക്കണം. സംഘാടകര്‍ ഓടി പാപ്പയുടെ മുറിയില്‍ എത്തി. ഇല്ല, അവിടെ പാപ്പയില്ല. കമ്മ്യുണിസ്റ്റ് ഗറില്ലകള്‍ തട്ടിക്കൊണ്ടു പോയിരിക്കുമോ? ്യൂഞെട്ടിപ്പോയി സംഘാടകര്‍. പരിഭ്രാന്തരായി അവര്‍ ചിതറിയോടി.

ദൈവം സംസാരിക്കുന്ന സമയം
അച്ചന്‍മാരൊടും വിശുദ്ധരോടും മാത്രമല്ല പാവപ്പെട്ട നമ്മോടും ഈശോ സംസാരിക്കും, തലസ്ഥാനത്ത് പത്രപ്രവര്‍ത്തകനായിരിക്കുമ്പോള്‍ എനിക്കും ഉണ്ടായി ഒരു അനുഭവം. ഒരിക്കല്‍ നിരപാരാധിയായ നല്ല ഉദ്യോഗസ്ഥന് സഹപ്രവര്‍ത്തകര്‍ വല്ലാത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. ഏറെ സങ്കടപ്പെട്ട അദ്ദേഹം ജോലി രാജി വയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. എന്നോട് അക്കാര്യം പങ്കുവച്ചു. ഞാന്‍ നിരുത്സാഹപ്പെടുത്തി. അദ്ദേഹം ഉറച്ചുനിന്നു. ആലോചിച്ചു മാത്രം തീരുമാനങ്ങളെടുക്കുകയും എന്തു ത്യാഗം സഹിച്ചും അതു നടപ്പാക്കുകയും ചെയ്യുന്നവനാണ് അദ്ദേഹം. നന്നായി പ്രാര്‍ത്ഥിക്കുകയും ചെയ്യും, ഞാന്‍ പറഞ്ഞു, പ്രാര്‍ത്ഥിച്ചു തീരുമാനിക്കാം. അദ്ദേഹം പറഞ്ഞു, എനിക്കു പ്രാര്‍ത്ഥിക്കുവാനൊന്നും പറ്റുന്നില്ല. ഞാന്‍ അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. അന്ന് നിത്യാരാധന ചാപ്പലില്‍ ചെല്ലുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ഞാന്‍ ഈശോയുമായി ശരിക്കും കലഹിച്ചു. ഞങ്ങളുടെ ദൈവം എവിടെ എന്ന് എല്ലാവരും ചോദിക്കുന്നു. അങ്ങനെ വായില്‍ വന്നതെല്ലാം ഞാന്‍ പറഞ്ഞു. സത്യമായും അദ്ദേഹത്തെ ഓര്‍ത്ത് എനിക്ക് അത്ര സങ്കടം ഉണ്ടായിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ മനസ് ശാന്തമായി. ബൈബിള്‍ വായിക്കാന്‍ ശക്തമായ പ്രേരണ. ഞാന്‍ വായിച്ചു. ഏശയ്യാ പ്രവചനം 62 -ാം അധ്യായം. ഒന്നാമത്തെ വചനം വായിച്ചപ്പോള്‍ ഹരം തോന്നി. നിര്‍ത്താതെ വായിച്ചു, 12 വചനങ്ങള്‍. അദ്ദേഹത്തിനുള്ള ഉത്തരമായിരുന്നു അത്. സിയോന്റെ ന്യായം പ്രഭാതം പോലെയും ജറുസലേമിന്റെ രക്ഷ ജ്വലിക്കുന്ന പന്തുപോലെയും ഞാന്‍ പ്രകാശിപ്പിക്കും എന്നാണ് കര്‍ത്താവ് പറഞ്ഞത്. വാക്യങ്ങള്‍ ടെലിഫോണിലൂടെ വായിച്ചു കേള്‍പ്പിച്ചു. അദ്ദേഹം ശാന്തനായി. ആ വാക്യങ്ങളിലെ വാഗ്ദാനങ്ങള്‍ തുടര്‍ന്നുള്ള ദിനങ്ങളില്‍ നിറവേരുന്നതും കണ്ടു. ദിവ്യകാരുണ്യം സംസാരിക്കും, സത്യം.
ജോര്‍ജ് പനയക്കലച്ചന്‍ പറഞ്ഞ ഒരു സംഭവം പറയാം. യുവഭര്‍ത്താവ് ഭാര്യയുമായി ഉടക്കി. കോപം വന്നപ്പോള്‍ ഭാര്യയെ ഒന്നു തല്ലി. തെറ്റിപ്പോയെന്ന് അയാള്‍ക്കും തോന്നി. അനുരജ്ഞനത്തിനു ചെന്നിട്ട് ഭാര്യ അടുക്കുന്നില്ല. അവന്‍ അച്ചനെ കാണാന്‍ വന്നു. അച്ചന്‍ എല്ലാം കേട്ടു. പിന്നീട് ചോദിച്ചു. നിന്റെ ഭാര്യയെ ആരാണ് നിനക്ക് തന്നത്? കാര്‍ന്നോന്മാരു കണ്ടുപിടിച്ചതാ, അവന്‍ പറഞ്ഞു. അവര്‍ കണ്ടു പിടിച്ചതേ ഉള്ളു. ദൈവമാണ് സമ്മാനമായി അവളെ നിനക്കു തന്നത്. അതുകൊണ്ട് നീ അവളെ തല്ലിയപ്പോള്‍ വേദനിച്ചത് സമ്മാനം തന്നവനാണ്. അവളുമായി അനുരജ്ഞനപ്പെടണമെങ്കില്‍ ആദ്യം ഈശോയോട് മാപ്പുപറയുക. അവന്‍ പോയി. ദിവ്യകാരുണ്യത്തിന്റെ മുമ്പിലിരുന്നു. ഓരോന്ന് ഓര്‍ത്തപ്പോള്‍ അവന്‍ കരഞ്ഞു. ഒരു മണിക്കൂറിലധികം അവനവിടെ ഇരുന്നു. പിന്നെ എഴുന്നേറ്റു വീട്ടിലേക്കു മടങ്ങി. വീട്ടില്‍ ചെല്ലുമ്പോള്‍ വാതില്ക്കല്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഭാര്യ. രണ്ടാഴ്ചയോളമായി അവനെ കണ്ടാല്‍ വെട്ടുപോത്തിനെപോലെ തലവെട്ടിച്ചു പോയിരുന്നവള്‍. കണ്ടപാടെ അവള്‍ കൈയില്‍ പിടിച്ചു ചോദിച്ചു. ”എവിടെ പോയതായിരുന്നു ഇത്ര നേരം?” അവന്‍ സത്യം പറഞ്ഞു. ”എന്നാല്‍ പറഞ്ഞേച്ചു പോകരുതായിരുന്നോ? ബാക്കിയുള്ളവള്‍ തിന്ന തീ…” അവള്‍ ആ തോളില്‍ ചാരി നിന്ന് പറഞ്ഞു. നീ ഈശോയെ ആരാധിക്കുമ്പോള്‍ അവന്‍ വീട്ടില്‍ മാനസാന്തരം വരുത്തുന്നു.
സൗഖ്യത്തിന്റെ അപ്പം
മിശ്രവിവാഹത്തിലൂടെ ക്രിസ്ത്യാനിയെ വിവാഹം കഴിച്ച ഹിന്ദുവായ സര്‍ക്കാര്‍ ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും അവര്‍ക്കു മക്കളുണ്ടായില്ല. അവള്‍ പ്രാര്‍ത്ഥനയും നേര്‍ച്ചകാഴ്ചകളുമായി മുന്നോട്ടുപോയി. ഒരിക്കല്‍ അവള്‍ സ്വപ്‌നം കണ്ടു. ഒരു ദേവത അവളെ വിളിക്കുന്നു. എന്റെ പക്കല്‍ വാ. ഞാന്‍ കുഞ്ഞിനെ തരാം. ദേവതയുടെ കിരീടത്തില്‍ കുരിശ് ഉണ്ടായിരുന്നതുകൊണ്ട് അത് ക്രൈസ്തവ ദേവതയാണെന്ന് അവള്‍ മനസിലാക്കി.
ആരാണ് ആ ദേവത എന്നു ചോദിച്ചപ്പോള്‍ ഭര്‍ത്താവ് തട്ടിക്കയറി. ക്രിസ്ത്യാനികള്‍ക്കു ഒരു ദൈവം മാത്രം, ദേവതയില്ല. അവര്‍ അന്വേഷണം തുടര്‍ന്നു. ചിത്രം വേളങ്കണ്ണി മാതാവിന്റേതാണെന്ന് അവള്‍ കൂട്ടുകാരില്‍നിന്നും മനസിലാക്കി. അവര്‍ ഭര്‍ത്താവിനെയും കൂട്ടി വേളാങ്കണ്ണിക്കു പോയി. കടലില്‍ കുളിച്ച് പള്ളിയിലെത്തി, അവള്‍ സ്വപ്‌നത്തില്‍ കണ്ട രൂപം അവിടെ. അവള്‍ രൂപത്തില്‍ നോക്കി നിന്നു. പള്ളിയില്‍ വിശുദ്ധ കുര്‍ബന നടക്കുന്നു. കുര്‍ബാന സ്വീകരണ സമയമായി. ദേവത അവളോട് പറഞ്ഞു. ഇതാണ് സൗഖ്യം തരുന്ന അപ്പം. നീ പോയി സ്വീകരിക്കുക. അവള്‍ വിശ്വാസത്തോടെ ദിവ്യകാരുണ്യം സ്വീകരിച്ചു. അന്നേക്ക് കൃത്യം 10-ാം മാസത്തില്‍ അവള്‍ കുഞ്ഞിന് ജന്മം നല്‍കി. അവരുടെ ഭര്‍ത്താവ് പറഞ്ഞ സാക്ഷ്യമാണിത്.
ദിവ്യകാരുണ്യ നാഥനുമായി ബന്ധത്തിലാകുവാന്‍, മിണ്ടി മിണ്ടി പ്രണയത്തിലാകുന്ന വഴി പനക്കലച്ചന് പറഞ്ഞു കൊടുത്തത് അച്ചന്റെ അടുത്തു പ്രാര്‍ത്ഥനയ്ക്കു വന്ന കുട്ടിയാണ്. മൊബൈലിലൂടെ ഉണ്ടായ അവളുടെ പ്രണയം ഇല്ലാതാക്കനാണ് മാതാപിതാക്കള്‍ അച്ചന്റെ അടുത്ത് അവളെ കൊണ്ടുവന്നത്. കുശലം പറഞ്ഞു തുടങ്ങിയ അച്ചന്‍ ചോദിച്ചു. ”എങ്ങനാ പയ്യന്‍ കാണനൊക്കെ?”
”അതിനു ഞാന്‍ കണ്ടിട്ടില്ലച്ചോ.” അവള്‍ പറഞ്ഞു. ”മൊബൈലിലുടെ മിണ്ടി മിണ്ടി പ്രണയത്തിലാതാ.” അതു കേട്ടപ്പോള്‍ അച്ചനു തോന്നി ഇത് ആത്മീയ ബന്ധത്തിലും നല്ലതാണല്ലോ. പിന്നീട് യുവാക്കള്‍ക്ക് ക്ലാസെടുക്കുമ്പോള്‍ അച്ചന്‍ ഇക്കഥയും മാര്‍ഗവും വിവരിച്ചു. കുട്ടികള്‍ ചിരിച്ചു. മടങ്ങുമ്പോള്‍ ഒരു യുവാവ് അച്ചനോട് പറഞ്ഞു. അച്ചന്‍ പറഞ്ഞ കഥയില്‍ പ്രശ്‌നമുണ്ട്. മൊബൈലിലൂടെ സംസാരിക്കുമ്പോള്‍ ആളെ കണ്ടില്ലെങ്കിലും മറുതലക്കല്‍ നിന്നും മറുപടി വരും. സക്രാരിയുടെ മുന്നില്‍ പോയിരുന്ന് മിണ്ടിയാലോ അച്ചാ.. അതു പലരുടെയും പ്രശ്‌നമാണ്. അച്ചന്‍ സമ്മതിച്ചു. മോനെ ലോകാവസാനംവരെ മനുഷ്യര്‍ പറയാന്‍ പോകുന്നതെല്ലാം കണ്ട് ദൈവം ഉത്തരം നേരത്തെ തയാറാക്കി തന്നിട്ടുണ്ട്, ബൈബിള്‍. നിന്റെ വിഷയം പറഞ്ഞു കഴിഞ്ഞ് ബൈബില്‍ തുറക്കുക ഉത്തരം കിട്ടിയിരിക്കും…
ഈ പ്രണയ രീതിയുടെ ഉപസാകനായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍. ഇത്തിരി സമയം കിട്ടിയാല്‍ അദ്ദേഹം ഓടി സക്രാരിയുടെ മുന്നിലെത്തും. അവിടിരുന്ന് ഒറ്റയ്ക്ക് ഉച്ചത്തില്‍ പാടും, വര്‍ത്തമാനം പറയും. കര്‍ദിനാള്‍ ജിയോവാനി കോപ്പ പാപ്പയെക്കുറിച്ച് പറഞ്ഞ ഒരു സംഭവം. 1995-ല്‍ പാപ്പ ചെക്കോസ്ലോവാക്യ സന്ദര്‍ശിക്കുന്നു. മെത്രാന്മാര്‍ക്കൊപ്പം അത്താഴം കഴിഞ്ഞ് പാപ്പ കിടക്കാന്‍ പോയി. കുറേ കഴിഞ്ഞപ്പോള്‍ വത്തിക്കാനില്‍നിന്നും സ്റ്റേറ്റ് സെക്രട്ടറി വിളിക്കുന്നു. പാപ്പയെ മുറിയില്‍ വിളിച്ചിട്ടു കിട്ടുന്നില്ല. എവിടെ എന്നാണ് ചോദ്യം. അദ്ദേഹത്തിന് അത്യാവശ്യമായി സംസാരിക്കണം. സംഘാടകര്‍ ഓടി പാപ്പയുടെ മുറിയില്‍ എത്തി. ഇല്ല അവിടെ പാപ്പയില്ല, കമ്മ്യുണിസ്റ്റ് ഗറില്ലകള്‍ തട്ടിക്കൊണ്ടു പോയിരിക്കുമോ? ഞെട്ടിപ്പോയി സംഘാടകര്‍. പരിഭ്രാന്തരായി അവര്‍ ചിതറിയോടി. ഒരാള്‍ ചാപ്പിലില്‍ ചെന്നു. അപ്പോഴുണ്ട് അവിടെ മുട്ടില്‍ നിന്നു പോളിഷ് ഭാഷയില്‍ പാട്ടുപാടുകയാണ് അദ്ദേഹം.
പാപ്പയുടെ പരിപാടികളുടെ നടത്തിപ്പുകാരനായിരുന്ന (മാസ്റ്റര്‍ ഓഫ് സെറിമണിസ്) ഫാ. കോണ്‍റാഡ് ക്രജെവസ്‌കി പറയുന്നു. ഓരോ വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പും ജോണ്‍ പോള്‍ രണ്ടാമന്‍ വൈദികന്റെ മുമ്പില്‍ മുട്ടുകുത്തിനിന്ന് കുമ്പസാരിച്ചിരുന്നു എന്ന്. ദിവ്യകാരുണ്യ സ്വീകരണത്തെക്കുറിച്ച് അലക്‌സാട്രിയായിലെ വിശുദ്ധ സിറില്‍ പറഞ്ഞത് പാപ്പ ഇടയ്ക്കിടെ പറയുമായിരുന്നു. ഉരുകിയ മെഴുകില്‍ ഉരുകിയ മെഴുകു ചേര്‍ന്നാല്‍ രണ്ടും ഒന്നാകുന്നതുപോലെ ഈശോയുടെ ശരീര രക്തങ്ങള്‍ സ്വീകരിക്കുന്നവര്‍ അവിടുത്തോട് ഒന്നാകും.
ദിവ്യകാരുണ്യത്തെ ആരാധിക്കുന്ന വൈദികര്‍ക്ക് പുതിയ പന്തക്കുസ്താ നല്‍കാന്‍ ഈശോ ആഗ്രഹിക്കുന്നതായി ‘ഇന്‍ സിനു യേസു’ എന്ന പുസ്തകത്തില്‍ പറയുന്നു. വിശുദ്ധ കുര്‍ബാനയുടെ നിശബ്ദ ആരാധനയിലൂടെയാണ് ഈ അനുഭവം കൈവരുന്നത്. ഈശോ വൈദികരോട് പറയുന്നു: ”നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനുള്ള തയാറെടുപ്പാകണം. ദിവസവും ദിവ്യകാരുണ്യം സ്വികരിക്കുന്ന നിങ്ങള്‍ അതില്‍നിന്നും ലഭിക്കാവുന്ന ശക്തിയുടെ വളരെ കുറച്ചുപോലും സ്വന്തമാക്കുന്നില്ല. എല്ലാം സമ്മാനിക്കാനായി അവിടുന്നു കാത്തിരിക്കുന്നു.” കടന്നു ചെല്ലാം, ആരാധിക്കാം, അത്ഭുതത്തോടെ ചോദിക്കാം. ദിവ്യകാരുണ്യമേ അങ്ങ് ആരാണ്?

ടി.ദേവപ്രസാദ്

 

കൂടുതൽ ദിവ്യകാരുണ്യ അനുഭവങ്ങൾ വായിക്കാം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?