Follow Us On

18

April

2024

Thursday

നിരീശ്വരവാദികളുടെ ഉറക്കംകെടുത്തി ‘ജോർദാൻ പീറ്റേഴ്‌സൺ പ്രതിഭാസം’

നിരീശ്വരവാദികളുടെ ഉറക്കംകെടുത്തി   ‘ജോർദാൻ പീറ്റേഴ്‌സൺ പ്രതിഭാസം’

സച്ചിൻ എട്ടിയിൽ

ഇക്കാലഘട്ടത്തിൽ, പാശ്ചാത്യലോകത്തെ  നിരീശ്വരവാദികളുടെ ഉറക്കം കെടുത്തുന്നത് മതനേതാക്കളെക്കാൾ ഉപരി കാനഡയിലെ ടോറോണ്ടോ യൂണിവേഴ്‌സിറ്റിയിലെ ഡോ. ജോർദാൻ പീറ്റേഴ്‌സൺ എന്ന  പ്രൊഫസറാണ്. കാരണം, പാശ്ചാത്യ ലോകത്തെ വളർത്തിവലുതാക്കിയ  ക്രൈസ്തവവിശ്വാസത്തിന്റെ  ശക്തനായ കാവൽക്കാരനായി മാറിയിരിക്കുകയാണ് ഡോ. പീറ്റേഴ്‌സൺ. വിശ്വാസം സംരക്ഷിക്കുന്നതിൽമാത്രമല്ല, ക്രിസ്തുവിശ്വാസത്തിലേക്ക് ജനങ്ങളെ നയിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ.
 ആൽബർട്ടാ യൂണിവേഴ്‌സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിലും സൈക്കോളജിയിലും ബിരുദവും, മക്ഗിൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയ ജോർദാൻ പീറ്റേഴ്‌സന്റെ പ്രസംഗങ്ങൾ ദിനംപ്രതി യുട്യൂബിലൂടെയും നേരിട്ടും ശ്രവിക്കുന്നത് ലക്ഷക്കണക്കിനാളുകളാണ്. അദ്ദേഹം എഴുതിയ ’12 റൂൾസ് ഫോർ ലൈഫ്’ എന്ന ഗ്രന്ഥം ഇന്ത്യയിലുൾപ്പെടെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്.
നിങ്ങൾ ഒരു  ക്രൈസ്തവ വിശ്വാസിയാണോ? ഈ ചോദ്യം അദ്ദേഹത്തോട് ഉന്നയിച്ചാൽ, അതിന് നാമെല്ലാം പറയുംപോലെ ഞാൻ ഒരു ക്രൈസ്തവ വിശ്വാസിയാണ് എന്നായിരിക്കില്ല അദ്ദേഹത്തിന്റെ ഉത്തരം. മറിച്ച്, ക്രൈസ്തവ വിശ്വാസിയാണ് എന്ന് പറയുന്നതിനേക്കാൾ, ക്രൈസ്തവ വിശ്വാസം അനുസരിച്ച്  ജീവിക്കുന്നതിലാണ് പ്രസക്തിയെന്ന് അദ്ദേഹം പറയും.  അദ്ദേഹത്തിന്റെ  ബൈബിൾ പ്രഭാഷണങ്ങൾ  മില്യൺ കണക്കിനാളുകളാണ് യൂട്യൂബിൽ കാണുന്നത്. അതിൽ ഭൂരിപക്ഷവും യുവജനങ്ങളാണെന്നതാണ് ശ്രദ്ധേയം.
ജോർദാൻ പീറ്റേഴ്‌സൺ ബൈബിളിനെ ചരിത്രപരമായല്ല മറിച്ച്, ബൈബിളിൽ  പറഞ്ഞിരിക്കുന്ന സംഭവങ്ങൾക്ക് നിരവധി ആന്തരികാർത്ഥങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കും വിധമാണ് വ്യാഖ്യാനിക്കുന്നത്.  കത്തോലിക്കാസഭയിലല്ല ജനിച്ചതെങ്കിലും മനുഷ്യർക്ക് ലഭിക്കാൻ സാധിക്കുന്നതിൽവെച്ച് ഏറ്റവും യുക്തിപരമായ വിശ്വാസം കത്തോലിക്കാവിശ്വാസമാണെന്ന് ജോർദാൻ പീറ്റേഴ്‌സൺ പറഞ്ഞതും ഈയിടെയാണ്. അമേരിക്കയിലെ അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനുമായ  ഡെന്നീസ് പ്രേഗറുമായി നടത്തിയ അഭിമുഖത്തിലായിരുന്നു  ജോർദാൻ പീറ്റേഴ്‌സണിന്റെ ഇപ്രകാരം പറഞ്ഞത്.
ജോർദാൻ പീറ്റേഴ്‌സൺ  ഒരു പ്രൊട്ടസ്റ്റൻറ് കുടുംബത്തിലാണ് ജനിച്ചതെങ്കിലും പൂർണമായ സത്യമറിയാനുള്ള ഒരു യാത്രയിലാണ് അദ്ദേഹം. ഡെന്നീസ് പ്രേഗറുമായി നടത്തിയ അഭിമുഖത്തിൽ  ജോർദാൻ പീറ്റേഴ്‌സൺ  കത്തോലിക്കാ സഭയെ കുറിച്ച് പറഞ്ഞത് അതിനുള്ള ഒരു സാക്ഷ്യമാണ്. ഒരു ദൈവശാസ്ത്രജ്ഞൻ എന്ന നിലയിലോ ചരിത്രപരമായോ അല്ല അദ്ദേഹം ബൈബിളിനെ  വ്യാഖ്യാനിക്കുന്നത്, പക്ഷേ, അദ്ദേഹം ബൈബിൾ സംഭവങ്ങൾക്ക് നൽകുന്ന ആത്മീയവ്യാഖ്യാനങ്ങൾ  ഒട്ടനവധി പേരെ  ക്രൈസ്തവ വിശ്വാസത്തിലേക്ക്  ആകർഷിക്കുന്നുണ്ട്.
‘ഇൻട്രൊഡക്ഷൻ ടു ദ ഐഡിയ ഓഫ്  ഗോഡ്’ എന്ന തലക്കെട്ടിൽ, ബൈബിൾ  അടിസ്ഥാനമാക്കി അദ്ദേഹം നടത്തിയ ലെക്ചർ  40  ലക്ഷത്തിൽപ്പരം പേരാണ് ഇതുവരെ യൂട്യൂബിലൂടെ മാത്രം കണ്ടത്. പാശ്ചാത്യലോകം ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്  വളർച്ച പ്രാപിച്ചതെന്ന് ഉറക്കെ വിളിച്ചു പറയുന്ന ജോർദാൻ പീറ്റേഴ്‌സൺ ഇന്ന് നിരീശ്വരവാദികളുടെ കണ്ണിലെ കരടായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ!   നിരീശ്വരവാദികളുടെ ലെക്ചറുകൾ  കേൾക്കാൻ തടിച്ചുകൂടിയിരുന്ന  അനേകായിരങ്ങൾ വിശിഷ്യാ, യുവജനങ്ങൾ ഇന്ന് ജോർദാൻ പീറ്റേഴ്‌സൺ പ്രതിഭാസത്തിനു പുറകെയാണെന്നുകൂടി അറിയണം.
ക്രൈസ്തവവിശ്വാസമാണ്  പാശ്ചാത്യ ലോകത്തിന്റെ വളർച്ചയ്ക്ക് അടിസ്ഥാനമിട്ടതെന്ന് ജോർദാൻ പീറ്റേഴ്‌സൺ പറയുമ്പോൾ  നിരീശ്വരവാദികൾ വല്ലാതെ അസ്വസ്ഥരാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ക്രൈസ്തവവിശ്വാസത്തിന് എതിരായ ഭ്രൂണഹത്യയും സ്വവർഗ്ഗ ലൈംഗികതയെയും എൽ.ജി.ബി.ടി ചിന്താഗതികളെയും  ജോർദാൻ പീറ്റേഴ്‌സൺ യുക്തിഭദ്രമായി തന്നെ എതിർക്കുന്നു. ‘വേർഡ് ഓൺ ഫയർ’ കാത്തലിക്  മിനിസ്ട്രിയുടെ സ്ഥാപകൻകൂടിയായ ലോസ്ആഞ്ചലസ് ഓക്സിലറി ബിഷപ്പ് റോബർട്ട് ബാരനടക്കം നിരവധി ക്രൈസ്തവനേതാക്കൾ, ജനങ്ങളെ ആകർഷിക്കാനായുള്ള പീറ്റേഴ്‌സണിന്റെ കഴിവിനെ വളരെയധികം പ്രശംസിക്കുന്നു.
എന്തിരുന്നാലും ജോർദാൻ പീറ്റേഴ്‌സൺ പ്രതിഭാസം പാശ്ചാത്യലോകത്ത്  വലിയൊരു ചലനം സൃഷ്ടിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. ബിഷപ്പ് റോബർട്ട് ബാരൻ പറയുന്നതുപോലെ, ‘സത്യത്തെ പൂർണമായും മനസിലാക്കാനുള്ള ഒരു യാത്രയിലാണ് ജോർദാൻ പീറ്റേഴ്‌സൺ. ഒരുപക്ഷെ, ഈ യാത്രയിൽ പൂർണമായ  സത്യം അടങ്ങിയിരിക്കുന്ന കത്തോലിക്കാ വിശ്വാസം അദ്ദേഹം സ്വീകരിച്ചെങ്കിൽ അദ്ഭുതപ്പെടാനില്ല.’
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?