Follow Us On

23

November

2020

Monday

കുട്ടിയുടെ ജീവിതം പൊളിച്ച് പണിയാനിടയായത്…

കുട്ടിയുടെ ജീവിതം പൊളിച്ച് പണിയാനിടയായത്…

വലിയ മാനസികവ്യഥയോടെയാണ് ഏകമകനുമായി ജോസും ജാന്‍സിയും (പേരുകള്‍ യഥാര്‍ത്ഥമല്ല) എന്റെ മുമ്പിലേക്കു വന്നത്. വളരെ ഗുരുതരമായ പ്രശ്‌നമാണ് അവര്‍ അഭിമുഖീകരിക്കുന്നതെന്ന് മുഖഭാവങ്ങളില്‍നിന്നുതന്നെ വ്യക്തമാണ്.
കുട്ടിയെ മാറ്റിനിര്‍ത്തി ദമ്പതികള്‍ അവരുടെ പ്രശ്‌നമെന്തെന്നു പറഞ്ഞു. അവരുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചുവര്‍ഷമായി. അവരുടെ മകന് ഇപ്പോള്‍ മൂന്നര വയസ്. അവനെ എല്‍.കെ. ജി.യില്‍ ചേര്‍ത്തു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂളിലെ അധ്യാപിക ഇവരെ സ്‌കൂളില്‍ വിളിപ്പിച്ചു. അവരുടെ മകന്‍ മറ്റു കുട്ടികളുടെ ബാഗില്‍നിന്നു പല സാധനങ്ങളും മോഷ്ടിക്കുന്നു. അധ്യാപിക പറഞ്ഞതു സത്യമാണെന്ന് അവര്‍ക്കറിയാം. ഇക്കാര്യത്തിന് പലതവണ കുട്ടിയെ വഴക്കുപറയുകയും അടിക്കുകയുമൊക്കെ ചെയ്തിട്ടും അവന്റെസ്വഭാവം മാറിയില്ല.
പലരെയും കാണിച്ചിട്ടും സുഖപ്രാപ്തിയില്ലാതെ നിരാശയോടെ കഴിയുമ്പോഴാണ് ഒരു കുടുംബ സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രാര്‍ത്ഥനയ്ക്കും കൗണ്‍സലിങ്ങിനായി എന്റെയടുത്തു വരുന്നത്.
പെട്ടെന്ന് തോന്നിയ ബോധ്യത്തില്‍ ഞാനവരോടു ചോദിച്ചു. ‘നിങ്ങളില്‍ ആരാണ് ചതിയന്‍, വഞ്ചകന്‍ എന്നൊക്കെ പങ്കാളിയെ വിളിക്കുന്നത്?’
ഇതുകേട്ടയുടന്‍, ഭര്‍ത്താവ് ചാടിയെണീറ്റു. ‘കിടപ്പുമുറിയില്‍ കടന്നാല്‍ ഈ രണ്ടു വാക്കുകള്‍ ഉപയോഗിച്ചുമാത്രമേ ഇവളെന്നെ വിളിക്കാറുള്ളൂ.’
സങ്കടത്തോടെ ജാന്‍സി പറഞ്ഞു: ‘വീട്ടിലെ ഓമനപ്പുത്രിയായിട്ടാണ് ഞാന്‍ വളര്‍ന്നത്. വിവാഹസമ്മാനമായി വലിയൊരു തുക നല്‍കിയാണ് എന്നെ വിവാഹം കഴിപ്പിച്ചത്. വിവാഹം കഴിഞ്ഞ്, ഒന്നു രണ്ടാഴ്ചകള്‍ക്കുശേഷമാണ് ജോസിന്റെ കഴുത്തിലുള്ള ശാസ്ത്രക്രിയയുടെ അടയാളത്തെക്കുറിച്ച് ചോദിച്ചത്.’
‘എന്റെ സാറേ, ഉള്ള കാര്യം സത്യസന്ധമായി ഞാനിവളോടു പറഞ്ഞു’ ജോസ് ഇടയ്ക്കുകയറി പറഞ്ഞു. ‘എന്റെ കഴുത്തില്‍, തലയ്ക്കടുത്തായി ട്യൂമര്‍ ഉണ്ടായിരുന്നു. ആ ട്യൂമര്‍ ശസ്ത്രക്രിയചെയ്തു നീക്കി. അതിനൊപ്പം റേഡിയേഷന്‍ ചികിത്സയും നടത്തി. റേഡിയേഷന്റെ പരിണിതഫലമാണ് പല്ലുകള്‍ ദ്രവിച്ചത്. ഇതു ഞാന്‍ പറഞ്ഞുതീരുംമുമ്പേ, കള്ളന്‍, ചതിയന്‍ ഈ രോഗം മറച്ചുവച്ചുകൊണ്ടാണ് നിങ്ങളെന്നെ കല്യാണം കഴിച്ചത്. നിങ്ങള്‍ എന്റെ ജീവിതം നശിപ്പിച്ചു. നിങ്ങളൊരു വഞ്ചകനാണ് എന്നൊക്കെ ഇവള്‍ ആക്രോശിച്ചു. അന്നുമുതല്‍ ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം മുഴുവന്‍ കിടപ്പുമുറിയില്‍ കടന്നാല്‍ ഇവളെന്നെ അങ്ങനെയാണ് വിളിക്കുന്നത്.’
ഒന്നര വര്‍ഷത്തിനുശേഷം അവര്‍ക്കൊരു കുഞ്ഞ് ജനിച്ചു. ആ കുഞ്ഞാണ് ഇപ്പോള്‍ ക്ലെപ്‌റ്റോമാനിയാ രോഗിയായത്. ഞാന്‍ ജാന്‍സിയോട് പറഞ്ഞു. ‘ഇനി നിനക്കു ചെയ്യാനാകുന്നത് ഇത്രയുള്ളൂ, ഈ ദിവസംമുതല്‍ നിന്റെ ഭര്‍ത്താവുകേള്‍ക്കേ, ഇദ്ദേഹം ചതിയനല്ല, കള്ളനല്ലായെന്ന് ഉറക്കെ പറയുക.’
അവള്‍ അപ്പോള്‍ത്തന്നെ പ്രാര്‍ത്ഥനാപൂര്‍വം പറഞ്ഞുകൊണ്ടിരിക്കേ കുഞ്ഞിനെ വിളിപ്പിച്ചു, അമ്മ അച്ഛനോട് പറയുന്ന വാക്കുകള്‍ അവന്‍ കേട്ടു. രണ്ടാഴ്ചയ്ക്കുശേഷം അവര്‍ ഫോണില്‍ പറഞ്ഞു. ‘കര്‍ത്താവ ഞങ്ങളെ അനുഗ്രഹിച്ചു. അവന്റെ സ്വഭാവം പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും വലിയ മാറ്റമുണ്ട്.’
‘പ്രാര്‍ത്ഥനാപൂര്‍വം മുന്നോട്ട് പോയാല്‍ കുഞ്ഞ് പൂര്‍ണമായും ഈ രോഗത്തില്‍നിന്നു സുഖം പ്രാപിക്കും’ ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി.
അഞ്ചോ ആറോ മാസങ്ങള്‍ക്കുശേഷം, ഈ കുഞ്ഞ് മറ്റുള്ളവരുടെ വസ്തുക്കള്‍ ഒന്നും എടുക്കാതെയായി. അതോടൊപ്പംഅവരുടെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായി. ജാന്‍സിക്ക് അധ്യാപികയായി ജോലി കിട്ടി. ജോസിന്റെ ബിസിനസില്‍ പുരോഗതിയുണ്ടായി. അധികം വൈകാതെ ഒരു പെണ്‍കുഞ്ഞിനെക്കൂടി നല്‍കി കര്‍ത്താവ് അവരെ അനുഗ്രഹിച്ചു.
തിന്മയുടെ വാക്കുകള്‍ പൈശാചിക സാന്നിധ്യമായും നന്മയുള്ള വാക്കുകള്‍ അനുഗ്രഹമായും നമ്മുടെ ജീവിതത്തിലേക്ക് തിരികെവരും. അതുകൊണ്ടുതന്നെ നമ്മുടെ വാക്കുകള്‍ സൂക്ഷിച്ചും ശ്രദ്ധിച്ചുംമാത്രം പറയുക. ആത്മീയമായ നിറവോടുകൂടെ നമ്മള്‍ പറയുന്ന വാക്കുകള്‍ അനുഗ്രഹദായകമാകും.

പ്രഫ. സി.ജെ ബാബു
(പ്രഫസര്‍, (റിട്ട.) സെന്റ് തോമസ് കോളജ്,  തൃശൂര്‍)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?