Follow Us On

22

February

2024

Thursday

സുവിശേഷദൗത്യവുമായി ആഫ്രിക്കന്‍ മണ്ണില്‍

സുവിശേഷദൗത്യവുമായി  ആഫ്രിക്കന്‍ മണ്ണില്‍

ഇന്ത്യയില്‍ മിഷനറിയായി സേവനമനുഷ്ഠിച്ച പരിചയമാണ് സിസ്റ്റര്‍ കാര്‍മ്മലിനെ ആഫ്രിക്കയിലെത്തിച്ചത്. ഇപ്പോള്‍ കറുത്തമുത്തുകള്‍ക്കൊപ്പം കാല്‍ നൂറ്റാണ്ട് പിന്നിടുന്നു…

ആഫ്രിക്കയിലെ വളക്കൂറുള്ള മണ്ണില്‍ ദൈവവചനവിത്തുകള്‍ വിതയക്കുന്ന ദൗത്യവുമായി സിസ്റ്റര്‍ കാര്‍മ്മല്‍ മഠത്തിപറമ്പില്‍ ആഫ്രിക്കന്‍ മിഷനിലെത്തിയിട്ട് 25 വര്‍ഷം. ഡോട്ടേര്‍സ് ഓഫ് സെന്റ് പോള്‍ സഭാംഗമായ സിസ്റ്റര്‍ കാര്‍മ്മല്‍ തന്റെ സമര്‍പ്പണത്തിന്റെ 25-ാം വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് ആഫ്രിക്കന്‍ മിഷന്‍ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചശേഷമാണ് സിസ്റ്റര്‍ കാര്‍മ്മല്‍ ആഫ്രിക്കയിലെത്തുന്നത്.
1993 ല്‍ ലോകത്ത് തങ്ങളുടെ സാന്നിധ്യമില്ലാത്ത രാജ്യങ്ങളില്‍ പുതിയ ‘ഭവനങ്ങള്‍ തുറക്കുന്നതിന്റെ ‘ഭാഗമായിട്ടായിരുന്നു ഡോട്ടേര്‍സ് ഓഫ് സെന്റ് പോള്‍ ആഫ്രിക്കയില്‍ മിഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. അതിന്റെ ഭാഗമായി അംഗോള, ചൈന, ചെക്ക് റിപ്പബ്ലിക്, ഡോമിനിക്കന്‍ റിപ്പബ്ലിക്, ഐവറി കോസ്റ്റ്, പരാഗ്വെ, റൊമാനിയ, റഷ്യ, സൗത്ത് ആഫ്രിക്ക, വിയറ്റ്‌നാം, സാംബിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഡോട്ടേര്‍സ് ഓഫ് സെന്റ് പോള്‍ പുതിയ മിഷനുകള്‍ തുറന്നു. മിഷനറിയാകാന്‍ താല്പര്യമുള്ളവരോട് ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഭാനേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ സിസ്റ്റര്‍ കാര്‍മ്മല്‍ തിരഞ്ഞെടുത്തത് സാംബിയ ആയിരുന്നു. ലോക ഭൂപടം നോക്കിയാണ് താന്‍ സാംബിയ കണ്ടെത്തിയതും ആഫ്രിക്കയിലേക്ക് പോകാനുള്ള ആഗ്രഹം കൊണ്ടാണ് ആഫ്രിക്ക തിരഞ്ഞെടുത്തതെന്നും സിസ്റ്റര്‍ കാര്‍മ്മല്‍ അനുസ്മരിച്ചു. സെന്റ് പോളിനെപ്പോലെ വചനത്തിന്റെ വിത്തുവിതയ്ക്കാന്‍ ലോകമെങ്ങുംപോകുവാനുള്ള തീക്ഷണതയായിരുന്നു തന്റെ ഉള്ളിലുണ്ടായിരുന്നതെന്ന് സിസ്റ്റര്‍ കാര്‍മ്മല്‍ പറയുന്നു.
ആത്മീയ കാര്യങ്ങളില്‍ ആഫ്രിക്കന്‍ ജനതയ്ക്ക് വലിയ ദാഹമാണ്. ദൈവവചനത്തിനായി അവര്‍ ദാഹിക്കുന്നു. അവരുടെ ദാഹം കാണുമ്പോള്‍ അവര്‍ക്കുവേണ്ടി കൂടുതല്‍പ്രവര്‍ത്തിക്കാന്‍ ആഗ്രഹം തോന്നുന്നു. ഇപ്പോള്‍ ആഫ്രിക്കയിലുള്ള ബുക്ക് സെന്ററിലാണ് സിസ്റ്റര്‍ കാര്‍മ്മല്‍ ജോലിചെയ്യുന്നത്. പുസ്തകങ്ങളിലൂടെ ദൈവവചനം പങ്കിടുകയാണ് ഡോട്ടേര്‍സ് ഓഫ് സെന്റ് പോള്‍. പുസ്തകശാലകള്‍ ജീവന്റെയും വെളിച്ചത്തിന്റെയും സെന്ററുകളായി മാറിക്കഴിഞ്ഞതായി സിസ്റ്റര്‍ കാര്‍മ്മല്‍ അനുസ്മരിക്കുന്നു.
ആഫ്രിക്കയിലെ ജനങ്ങള്‍ മിഷനറിമാരെ സ്വാഗതം ചെയ്യുന്നവരാണ്. വളരെ ഉദാരമാതികളും ദയാലുക്കളും സഹകരണമനോഭാവമുള്ളവരുമാണ്. ഒരുമൈല്‍ പോകാനാഗ്രഹിക്കുന്നവരോടുകൂടി രണ്ടുമൈല്‍ പോകുന്നവരാണ് അവര്‍. ബൈബിളും ആത്മീയ പുസ്തകങ്ങളും ആഫ്രിക്കന്‍ ജനതയക്ക് സമ്മാനിക്കുന്നത് ഈ ബുക്ക് സെന്ററുകളാണ്. തങ്ങളുടെ സാന്നിധ്യമില്ലെങ്കില്‍ ഇവിടുത്തെ പലരാജ്യങ്ങളിലും അവര്‍ക്ക് ബൈബിളോ, ആത്മീയ പുസ്തകങ്ങളോ ലഭിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്ന് സിസ്റ്റര്‍ കാര്‍മല്‍ പറയുന്നു. സാംബിയയിലാണ് സിസ്റ്റര്‍ കാര്‍മ്മല്‍ ആദ്യം എത്തിച്ചേര്‍ന്നത്. പിന്നീട് കെനിയയിലും ടാന്‍സാനിയയായിലും നൈജീരിയയിലും സേവനവുമായി എത്തി.
കെനിയയിലെ ജനദുരിതം
കെനിയയില്‍ ധാരാളം ചേരിപ്രദേശങ്ങളാണുള്ളത്. ചേരികളില്‍ ഓരോന്നിലും ഒരു ലക്ഷത്തിലേറെ ആളുകള്‍ താമസിക്കുന്നു. ചോര്‍ന്നൊലിക്കുന്ന ഭവനങ്ങള്‍, തകര്‍ന്ന സമ്പദ്‌വ്യവസ്ഥയുടെ ഫലമായി വഴിമുട്ടിയ ജീവിതങ്ങള്‍, ഭക്ഷണത്തിനും വസ്ത്രത്തിനുമായി ശരീരം വില്‍ക്കുന്നവര്‍ ഇവരെ സഭ അനുകമ്പയോടെയാണ് കാണുന്നത്. ഇവര്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എച്ച്.ഐ.വി ബാധിച്ചവര്‍ക്കായുള്ള ഭവനങ്ങള്‍ തുടങ്ങിയവ പല സന്യാസസഭകളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
കെനിയയിലെ ലൈംഗികസദാചാരം തീരെ താഴ്ന്നതാണ്. സ്വഭവനത്തിലായിരിക്കുമ്പോള്‍ താന്‍ പ്രസവിക്കുന്ന കുഞ്ഞിനെ വിവാഹശേഷം അവിടെ വല്യമ്മയ്ക്കും വല്യപ്പനുമായി ഉപേക്ഷിച്ചുപോകുന്ന പതിവാണുള്ളത് എന്നത് നമ്മെ അത്ഭുതപ്പെടുത്തും! ഇതൊരു വലിയ സാമൂഹ്യപ്രശ്‌നമായി രൂപപ്പെട്ടിട്ടുണ്ട്. പിന്നീട് ഈ കുട്ടി വളര്‍ന്നു വരുമ്പോള്‍ അക്രമത്തിന്റെയും പിടിച്ചുപറിയുടെയും ലോകത്ത് എത്താനുള്ള സാധ്യത കൂടുതലാണ്.
ഇത്തരത്തില്‍ തെരുവില്‍ എത്തപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സഭകളുണ്ട്. ഇപ്പോള്‍ തന്നെ നിരവധി കുട്ടികള്‍ സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നു. ഇവിടെ വീടുകള്‍ ഉണ്ടാക്കുന്നത് വളരെ പ്രത്യേകത നിറഞ്ഞതാണ്. വീടുകളുടെ മേല്‍ക്കൂര അലുമിനിയം ഷീറ്റോ, പുല്ലോ മറ്റോ ആയിരിക്കും. ഭിത്തി കാട്ടുകമ്പുകള്‍ വച്ച് കെട്ടും. അതിനുശേഷം മണ്ണ് കുഴച്ച് അതില്‍ എറിഞ്ഞു പിടിപ്പിക്കും. സ്ഥലമെല്ലാം സര്‍ക്കാരിന്റെ കൈയിലാണ്. പാട്ടത്തിനാണ് സര്‍ക്കാര്‍ സ്ഥലം കൊടുക്കുന്നത്.
ക്രിസ്മസ് ആഘോഷസമയമാണ്. ആഡംബരപൂര്‍ണമല്ലെങ്കിലും അവരുടേതായ ഉത്സാഹതിമിര്‍പ്പ് ഇവര്‍ക്കുണ്ട്. പള്ളിയില്‍ എത്തി കുര്‍ബാനയില്‍ പങ്കെടുക്കും. വൈകിട്ട് എട്ടുമണിക്ക് കുര്‍ബാന തുടങ്ങിയാല്‍ 12 മണിക്കാണ് കുര്‍ബാന തീരുന്നത്. യൗസേപ്പിതാവും മാതാവും ഉണ്ണീശോയും ഒക്കെയായി വേഷമിട്ട് ഇവര്‍ പള്ളിയ്ക്കകത്ത് നില്‍ക്കാറുണ്ട്. കുര്‍ബാനയുടെ പാട്ടുകള്‍ എല്ലാവരും ഉച്ചത്തില്‍ ആലപിക്കും. സംഗീതം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.
ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്നറിയാത്തവര്‍, ആധുനിക സംസ്‌കാരത്തിന്റെ വെള്ളിവെളിച്ചം എത്തിനോക്കാത്തവര്‍, തെരുവില്‍ അലഞ്ഞ് നടക്കുന്നവര്‍, സ് കൂള്‍ വിദ്യാഭ്യാസ കാലത്തെ കുത്തഴിഞ്ഞ ജീവിതത്തിലൂടെ പ്രസവിക്കുന്നവര്‍, എയ്ഡ്‌സ് പിടിപെടുന്നവര്‍, അതെ ആഫ്രിക്ക നമ്മെ വിളിക്കുന്നു ദൈവസ്‌നേഹത്തിന്റെ വാഹകരാകുവാന്‍.

ആത്മീയ കാര്യങ്ങളില്‍ ആഫ്രിക്കന്‍ ജനതയ്ക്ക് വലിയ ദാഹമാണ്. ദൈവവചനത്തിനായി അവര്‍ ദാഹിക്കുകയാണ്.  അവരുടെ ദാഹം കാണുമ്പോള്‍ അവര്‍ക്കുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക്  തോന്നുന്നു. ഇപ്പോള്‍  ആഫ്രിക്കയിലുള്ള ബുക്ക് സെന്ററിലാണ് സിസ്റ്റര്‍ കാര്‍മ്മല്‍ ജോലിചെയ്യുന്നത്.  വചനപ്രഘോഷണമല്ല,  പുസ്തകങ്ങളിലൂടെ  ദൈവവചനം പങ്കിടുകയാണ് ഡോട്ടേര്‍സ് ഓഫ് സെന്റ്  പോളിന്റെ ചൈതന്യം.

മരിച്ച വീട്ടിലെ ആഘോഷം
ആഘോഷങ്ങളില്‍ പ്രധാനം തീറ്റയും കുടിയുമാണ്. മരിച്ചയാളുടെ വീട്ടില്‍ വന്നുകൂടുന്നവരെല്ലാം തിന്നാനും കുടിക്കാനുമുള്ളവ സ്വന്തം വീട്ടില്‍ നിന്നും കൊണ്ടുവരും. ബിയര്‍ കൂടാതെ ഒരുതരം പന ചെത്തിയെടുക്കുന്ന കള്ളുമുണ്ടാകും. ഈ അവസരങ്ങളില്‍ ഉണ്ടാക്കുന്ന വിശേഷഭക്ഷണങ്ങളിലൊന്നാണ് ‘അച്ചു’. ഈ അച്ചു ഉണ്ടാക്കുന്നത് നമുക്ക് പരിചിതമായ ചേമ്പും പച്ചവാഴക്കയും കൊണ്ടാണ്. ചേമ്പും വാഴക്കയും പുഴുങ്ങി തൊലി കളഞ്ഞ് നന്നായി അരച്ചെടുക്കും. എന്നിട്ട് വലിയ ബോളുകളാക്കി വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞുവയ്ക്കും. ഓരോ ബോളുകളാണ് വിളമ്പുന്നത്. പ്ലേറ്റില്‍ വച്ച് ഇല പൊളിച്ചു കളഞ്ഞശേഷം ആ ബോളിന്റെ നടുവില്‍ കുഴിച്ച് അത് ഒരു പാത്രം പോലെയാക്കും. ഇതിലേക്ക് ഒരു പ്രത്യേക സൂപ്പ് ഒഴിക്കുന്നു. ഒരു കോപ്പയില്‍ കറി പകര്‍ന്നതുപോലെയിരിക്കും ഇത്. കറി വളരെ പ്രത്യേകതയുള്ളതാണ്. കാംഗ്വ എന്ന പേരുള്ള ഒരുതരം കല്ല് വെള്ളത്തിലിട്ട് കുതിര്‍ന്ന് കഴിയുമ്പോള്‍ നന്നായി അരച്ചെടുക്കുന്നു. പിന്നെ അതില്‍ റെഡ് ഓയില്‍ എന്നു പേരുള്ള മഞ്ഞ നിറത്തിലുള്ള സസ്യ എണ്ണ ചേര്‍ത്ത് തിളപ്പിക്കുന്നു. ഇതിലേക്ക് പശുവിന്റെ ഉണക്കിയ തൊലി രോമം കളഞ്ഞ് മുറിച്ചിടും. ഇതില്‍ നല്ല എരിവുള്ള ഒരിനം ഉരുണ്ട മുളകും ഇട്ടിരിക്കും. ആവശ്യക്കാര്‍ക്ക് ഇത് പൊട്ടിച്ച് എരിവ് കൂട്ടാവുന്നതാണ്.
കോപ്പയുടെ രൂപത്തിലുള്ള ചേമ്പ് വേവിച്ചത് ചൂണ്ടുവിരല്‍കൊണ്ട് മുകള്‍വശം മുതല്‍ തോണ്ടി സൂപ്പില്‍ മുക്കി കഴിക്കുന്നു. മറ്റൊരു ഭക്ഷണം ‘വാട്ടര്‍ ഫുഫുവും ഏരോ’യുമാണ്. ഇതും നമുക്ക് പരിചിതമായ വിഭവം കൊണ്ടാണുണ്ടാക്കുന്നതെങ്കിലും നമുക്ക് ഭക്ഷിക്കാന്‍ കഴിയില്ല.
കപ്പ പൊളിച്ച് വലിയ പാത്രത്തില്‍ നിറച്ച വെള്ളത്തിലിട്ട് മൂന്നു നാലു ദിവസം വയ്ക്കും. അപ്പോഴേക്കും ഇത് നന്നായി ചീഞ്ഞ് കഴിഞ്ഞിരിക്കും. പിന്നെ വെള്ളം ഒഴിച്ചുകളഞ്ഞ് ഈ കപ്പ കൈകൊണ്ട് ഞെരടി പൊടിച്ചു കുഴയ്ക്കുന്നു. അസഹ്യമായ ദുര്‍ഗന്ധമായിരിക്കും അപ്പോഴതിന്. പൊടിച്ച കപ്പ, പായയിലോ മറ്റോ നിരത്തിയിട്ട് ദിവസങ്ങളോളം നന്നായി ഉണക്കുന്നു. ഉണങ്ങിയ കപ്പ ആവശ്യാനുസരണം പിന്നീട് എടുത്ത് വെള്ളമൊഴിച്ച് തിളപ്പിച്ച് കുറുക്കിയെടുക്കും. ചൂടു കുറയുമ്പോള്‍ ദീര്‍ഘ ചതുരാകൃതിയില്‍ പുട്ടിന്റെ നീളത്തിലുള്ള അപ്പംപോലെ പരത്തിയെടുക്കും. ഇത് ഓരോന്ന് വീതം വിളമ്പും. ഇതിനുള്ള കറിയാണ് ഏരോ.
നമ്മുടെ നാട്ടിലെ വെറ്റിലപോലെയുള്ള ഒരു ഇലയാണ് ഏരോ. വെറ്റിലയേക്കാള്‍ അല്പംകൂടി ഘനമുണ്ടിതിന്. കാട്ടില്‍നിന്ന് കിട്ടുന്ന ഈ ഇല പറിച്ച് ഉണങ്ങിവച്ചിരിക്കും. ഇത് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാനും കിട്ടും. ഈ ഇല അരിഞ്ഞ് വെള്ളമൊഴിച്ച് വേവിക്കും. പശുവിന്‍ തൊലിയും മുളകും ഉപ്പും റെഡ് ഓയിലും ആവശ്യാനുസരണം ഇതില്‍ ചേര്‍ക്കും. അവിയല്‍ പരുവത്തില്‍ വെള്ളം വറ്റുമ്പോള്‍ വാങ്ങി കപ്പ അപ്പവും ചേര്‍ത്ത് കഴിക്കുന്നു. ചീഞ്ഞ് അഴുകിയ കപ്പയുടെ ദുര്‍ഗന്ധം നമുക്ക് സഹിക്കാന്‍ കഴിയില്ല. പക്ഷേ, അവര്‍ അതീവ രുചിയോടെ ഇത് ആസ്വദിച്ചു കഴിക്കുന്നു.
ഇതുപോലുള്ള മറ്റു വിചിത്ര കൂട്ടുകള്‍കൊണ്ടുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളാണ് കോണ്‍ചാഫ്, ഫുഫു ജെമജെമ, കോക്കി തുടങ്ങിയവയൊക്കെ. പാമ്പ്, ഈയല്‍, ചാണകപ്പുഴു പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തിന്നും ബിയര്‍ കുടിച്ചും, മരിച്ചയാളെ അടക്കുംവരെ അടിപൊളി ആഘോഷമാണ്. പള്ളിയിലെ സെമിത്തേരിയിലാണ് അടക്കുന്നതെങ്കില്‍ ആചാരപരമായ ദൈവാലയകര്‍മങ്ങള്‍ക്കുശേഷം ബന്ധുക്കളും മറ്റും ശവമടക്കിയ കുഴിക്കു ചുറ്റുംകൂടി നൃത്തമാടുകയും ഒന്നിച്ച് പാടുകയും ചെയ്യും.
ഏറെ പ്രത്യേകതകളുള്ള ആഫ്രിക്കന്‍ ജനതയുടെ ആചാരാനുഷ്ഠാനങ്ങള്‍ പലതും അവരുടെ അന്ധവിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അവയോടുള്ള അവരുടെ മനോഭാവം മാറ്റുക എളുപ്പമല്ല. അതുകൊണ്ടുതന്നെ അവര്‍ ക്രിസ്ത്യാനികളായിത്തീരുമ്പോഴും അടിസ്ഥാനപരമായി ആഫ്രിക്കക്കാരായി തുടരുന്നു. ആ സംസ്‌കാരത്തോട് അനുരൂപണം പ്രാപിക്കുന്നതിന് നമുക്ക് പരിമിതികളുണ്ട്.
എന്നിട്ടും ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുവരികയാണ് ആഫ്രിക്കയില്‍. കത്തോലിക്കാ സഭാംഗങ്ങളായിത്തീരുന്നവരുടെ എണ്ണവും ശ്രദ്ധേയമാണ്. 2009-ല്‍ 158 ദശലക്ഷം കത്തോലിക്കരാണുണ്ടായിരുന്നത്. 2022 അവസാനത്തോടെ കത്തോലിക്കരുടെ എണ്ണം 230 ദശലക്ഷമായി ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോട്ടയം ജില്ലയിലാണ് സിസ്റ്റര്‍കാര്‍മ്മലിന്റെ ജനനം. 11 മക്കളില്‍ ഏഴുപേരും യേശുവിന്റെ മുന്തിരിത്തോപ്പിലെ വേലക്കാരാണ്.
ക്രിസ്തുവിനും അവിടുത്ത ജനങ്ങള്‍ക്കും വേണ്ടി ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുക. അങ്ങനെയാണെങ്കില്‍ ഒരിക്കലും ദുഖിക്കേണ്ടിവരില്ല. ക്രിസ്തുവിനുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നത് ഉചിതമാണ്. അവിടുന്ന് നമ്മെ സന്തോഷത്തിലും ദുഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിുലം കൈപിടിച്ചു നടത്തിക്കൊള്ളും.
സുവിശേഷത്തിനുവേണ്ടി ജീവന്‍ അര്‍പ്പിച്ചവരാണ് ഡോട്ടേര്‍സ് ഓഫ് സെന്റ് പോള്‍. ജീവന്‍ പരിപോഷിപ്പിക്കുവാന്‍ അപ്പം എന്നതുപോലെ മനുഷ്യര്‍ക്ക് ദൈവത്തിനും സത്യത്തിനും വേണ്ടിയുള്ള ദാഹം ശമിപ്പിക്കുവാന്‍ സുവിശേഷമാകുന്ന അപ്പവും ആവശ്യമാണെന്നു തിരിച്ചറിഞ്ഞവരാണ് ഈ സഭയിലെ അംഗങ്ങള്‍.
സഭാസ്ഥാപകനായ വാഴ്ത്തപ്പെട്ട ഫാ. അല്‍ബെറിയോണ്‍ തന്റെ സഭാംഗങ്ങളോട് പറഞ്ഞത് മതത്തെക്കുറിച്ച് മാത്രം പറഞ്ഞാല്‍ പോരാ. എല്ലാകാര്യങ്ങളെക്കുറിച്ചും ക്രൈസ്തവരീതിയില്‍ പറയണമെന്നായിരുന്നു. അദേഹത്തിന്റെ ആശയങ്ങളെ സഭ പിന്തുടര്‍ന്നുപോരുന്നു.

 

 ജോര്‍ജ് കൊമ്മറ്റം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?