Follow Us On

22

July

2019

Monday

അനുഭവങ്ങള്‍ ചിന്തകള്‍

അനുഭവങ്ങള്‍ ചിന്തകള്‍

മുപ്പതുവര്‍ഷം ഗവണ്‍മെന്റ് സര്‍വീസില്‍ എഞ്ചിനീയര്‍ ആയിരുന്നു. 1992 അവസാനം റിട്ടയര്‍മെന്റ്. ഇപ്പോള്‍ വിശ്രമജീവിതം ആസ്വദിക്കുമ്പോള്‍ മുന്‍കാല അനുഭവങ്ങള്‍ ഓര്‍മകള്‍ വിടര്‍ത്തുന്നു. പ്രലോഭനങ്ങളില്‍ വീഴാതിരുന്നത് സ്വന്തം മിടുക്കുകൊണ്ടല്ല, ദൈവകൃപയാലത്രേ എന്നു വിശ്വസിക്കുന്നു.
കോട്ടയം നഗരത്തിന് സമീപമുള്ള ഏതാനും ഗ്രാമങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള പദ്ധതിക്ക് ലോകബാങ്കിന്റെ സഹായം ലഭിച്ചു. എസ്റ്റിമേറ്റ് റേറ്റില്‍നിന്ന് 130 ശതമാനം അധികറേറ്റിലാണ് ഒരു കോണ്‍ട്രാക്ടര്‍ക്ക് വര്‍ക്ക് ലഭിച്ചത്. ജലസംഭരണികളുടെയും പൈപ്പ് സ്ഥാപിക്കലിന്റെയും പണി ആരംഭിച്ചു. മീനച്ചിലാറിന്റെ തീരത്ത് ഇന്‍ടേക്ക് വെല്‍ നിര്‍മിക്കുന്നത് തുടങ്ങിയില്ല.
മൂന്നു പ്രാവശ്യം മുന്നറിയിപ്പ് നടത്തിയിട്ടും കോണ്‍ട്രാക്ടര്‍ പണി ആരംഭിച്ചില്ല. അല്‍പം സമയം തരണമെന്നും കിണറിന്റെ വ്യാസം ആറുമീറ്റര്‍ എന്നത് പത്തുമീറ്റര്‍ ആക്കുവാന്‍ നിര്‍ദേശം വരുമെന്നും കോണ്‍ട്രാക്ടര്‍ അറിയിച്ചപ്പോള്‍ സംശയം വര്‍ധിച്ചു. അടുത്ത ദിവസം ചീഫ് എഞ്ചിനീയര്‍ സ്ഥലം സന്ദര്‍ശിച്ചു. പമ്പുഹൗസില്‍ പമ്പുസെറ്റും മോട്ടറും കണ്‍ട്രോള്‍ ബോര്‍ഡും സ്ഥാപിക്കാന്‍ സ്ഥലം പോര. കിണര്‍ പത്തുമീറ്റര്‍ ആക്കുന്നതിന് പ്രൊപ്പോസല്‍ അയക്കണമെന്നും രേഖാമൂലം എന്നോട് ആവശ്യപ്പെട്ടു.
ഞാന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ആറുമീറ്റര്‍ എന്നായിരുന്നു. പണി തുടങ്ങിയപ്പോള്‍ പത്തുമീറ്റര്‍ ആക്കുന്നതിന് ആവശ്യപ്പെട്ടത് വമ്പിച്ച സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്ന് ഞാന്‍ മനസിലാക്കി. ആറുമീറ്റര്‍ വ്യാസമുള്ള പമ്പുഹൗസില്‍ മോട്ടറും പമ്പുസെറ്റും കണ്‍ട്രോള്‍ ബോര്‍ഡും സ്ഥാപിക്കാന്‍ കഴിയുമെന്ന് കാണിച്ച് പ്ലാന്‍ തയാറാക്കി കോട്ടയത്തുള്ള ഇലക്ട്രിക്കല്‍ സൂപ്രണ്ടിന് എഞ്ചിനീയറുടെ അറ്റസ്റ്റേഷന്‍ വാങ്ങി റിപ്പോര്‍ട്ട് ചെയ്തു. അതോടെ പുതിയ പ്രൊപ്പോസല്‍ അവസാനിച്ചു.
അടുത്ത ദിവസം കോണ്‍ട്രാക്ടര്‍ എന്റെ മുമ്പില്‍ വന്ന് സംസാരിച്ചു. കിണറിന്റെ വലുപ്പം കൂട്ടാന്‍ ആലോചിച്ചത് ചീഫ് എഞ്ചിനീയര്‍ ആയിരുന്നു. അതുവഴി കോണ്‍ട്രാക്ടര്‍ക്ക് ലഭിക്കുന്ന അധിക സാമ്പത്തിക നേട്ടം ലക്ഷങ്ങള്‍ വരും. കോണ്‍ട്രാക്ടറില്‍നിന്ന് വലിയ ഒരു തുക വാങ്ങിച്ചുകൊണ്ടാണ് ചീഫ് എഞ്ചിനീയര്‍ ഈ ആലോചന നടത്തിയത്. എന്റെ സഹകരണംകൂടി ലഭിച്ചിരുന്നെങ്കില്‍ നല്ലൊരു തുക എന്റെ കീശയിലും എത്തുമായിരുന്നു.
പ്രലോഭനത്തിന് വഴങ്ങിയില്ല. അടുത്ത ആഴ്ച എനിക്ക് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം ലഭിച്ചു. എങ്കിലും മനസിന്റെ സമാധാനം നഷ്ടമായില്ല. ദൈവത്തിന് സ്‌തോത്രം!

ജയിംസ് ഐസക് കുടമാളൂര്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?