Follow Us On

08

August

2020

Saturday

ദ ലാംഗ്വേജ് ഓഫ് ഗോഡ്‌

ദ ലാംഗ്വേജ് ഓഫ് ഗോഡ്‌

ശാസ്ത്രവും വിശ്വാസവും ഒന്നിച്ചുപോകുമോ? ശാസ്ത്രത്തിന് വിരുദ്ധമല്ലേ വിശ്വാസം? ചോദ്യങ്ങള്‍ക്ക് ഒരുപക്ഷേ ശാസ്ത്രത്തോളം പഴക്കമുണ്ടാകാം. എന്നാല്‍, അവയ്ക്ക് കൃത്യമായ മറുപടിയുണ്ട് ഡോ. ഫ്രാന്‍സിസ് എസ്. കോളിന്‍സ് എന്ന ലോകപ്രശസ്ത ജനിതക ശാസ്ത്രജ്ഞന്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടറായ ഡോ. കോളിന്‍സ് ഒരുകാലത്ത് തികഞ്ഞ നിരീശ്വരവാദിയായിരുന്നു.

ലോകം ഏറെ ആദരവോടെ കാണുന്ന ശാസ്ത്രകാരന്മാരില്‍ ഒരാളാണ് ഡോ. ഫ്രാന്‍സിസ് എസ്. കോളിന്‍സ്. മനുഷ്യന്റെ ജനിതകഘടനയെക്കുറിച്ചുള്ള ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളാണ് ഡോ. കോളിന്‍സിനെ പ്രശസ്തിലേക്ക് ഉയര്‍ത്തിയത്. ആ സംഭാവനകളെ മാനിച്ച് അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പ്രസിഡന്റിന്റെ ഫ്രീഡം മെഡല്‍ നല്‍കിയാണ് രാജ്യം ആദരിച്ചത്. വിശ്വാസമെന്നത് ബുദ്ധിയില്ലാത്തവര്‍ കാട്ടിക്കൂട്ടുന്ന ഏര്‍പ്പാടുകളാണെന്ന് പറഞ്ഞിരുന്ന ഭൂതകാലവും ഡോക്ടര്‍ക്ക് സ്വന്തം. എന്നാല്‍ സത്യം തിരിച്ചറിഞ്ഞപ്പോള്‍ അത് ഉച്ചത്തില്‍ വിളിച്ചുപറയാന്‍ അദ്ദേഹത്തിന് മടിയില്ല. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടറെ നോമിനേറ്റു ചെയ്യുന്നത് അമേരിക്കന്‍ പ്രസിഡന്റാണ്.
വാഷിംഗ്ടണ്‍ പോസ്റ്റിന്റെ നിരീക്ഷണം
പദവിയുടെയും അറിവിന്റെയും തലത്തില്‍ ഉയര്‍ന്നുനില്ക്കുമ്പോഴും മറുവശത്ത് തന്റെ വിശ്വാസവും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു എന്നതാകാം ഡോ. കോളിന്‍സിനെ മറ്റുപലരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. ദൈവമാണ് തന്നെ ശാസ്ത്രത്തിന്റെ വഴികളിലേക്ക് നയിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. പരമമായ സത്യം തേടിയുള്ള യാത്രയാണ് വിശ്വാസമെന്ന് പറയുന്ന ഡോ. കോളിന്‍സ്, ജീവിതത്തിന്റെ അര്‍ത്ഥം പറഞ്ഞുതരാന്‍ ശാസ്ത്രത്തിന് ഒരിക്കലും കഴിയില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. 2009 മുതല്‍ വത്തിക്കാന്റെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സിലെ അംഗമാണ് ഈ ശാസ്ത്രജ്ഞന്‍.
”അനുമാനങ്ങളും ധാരണകളുമല്ലേ, ശാസ്ത്രജ്ഞന്‍ പരിശോധിക്കുന്നത്. ക്രൈസ്തവന്‍ എന്ന നിലയില്‍ എല്ലാം വിശ്വാസത്തില്‍ കേന്ദ്രീകൃതമാണ്. എങ്ങനെയാണ് വ്യത്യസ്ത ധ്രുവങ്ങളെ സംയോജിപ്പിക്കാന്‍ കഴിയുന്നത്?” ഡോ. കോളിന്‍സ് ഏറ്റവും കൂടുതല്‍ പ്രാവശ്യം മറുപടി പറഞ്ഞ ചോദ്യം ഇതായിരിക്കാം. ”സയന്‍സും വിശ്വാസവും വ്യത്യസ്ത ധ്രുവങ്ങളല്ല. സത്യം തേടിയുള്ള യാത്രയിലെ വ്യത്യസ്ത വഴികളാണ് സയന്‍സും വിശ്വാസവും. ഈ ലോകം എങ്ങനെയാണ് ചലിക്കുന്നതെന്ന് സയന്‍സ് പറയുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്ഥം പറഞ്ഞുതരുകയാണ് വിശ്വാസം.” ആര്‍ക്കും മനസിലാകുന്ന ലളിതമായ ഭാഷയിലാണ് ഉത്തരം.
2009 ജൂലൈ എട്ടിന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടറായി ഡോ. കോളിന്‍സിനെ നോമിനേറ്റു ചെയ്തത് സെനറ്റ് ഏകകണ്ഠമായിട്ടാണ് അംഗീകരിച്ചത്. പ്രഖ്യാപനം വന്നപ്പോള്‍ വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രത്തില്‍ വന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമായിരുന്നു. ”ജനിതക ശാസ്ത്രവും വിശ്വാസവും തമ്മില്‍ യോജിച്ചുപോകുന്നതല്ലെന്നും വിശ്വാസത്തിന് വിരുദ്ധമാണെന്നും ചിന്തിക്കുന്നവരെയും വിശ്വാസികള്‍ക്ക് അവിടെ സാധ്യതകളുണ്ടെന്ന് ചിന്തിക്കുന്നവരെയും ഒന്നിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ നിയമനം.” ഡോ. കോളിന്‍സിന്റെ ജീവിതം അടുത്തുനിന്ന് വീക്ഷിച്ചിട്ടുള്ള റിപ്പോര്‍ട്ടര്‍ ഡേവിഡ് ബ്രൗണ്‍ ആയിരുന്നു അഭിപ്രായപ്രകടനം നടത്തിയത്. 2017 ജൂണ്‍ ആറിന് ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്, ഡോ. കോളിന്‍സ് ആ പദവിയില്‍ തുടരുമെന്നായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും പ്രസിഡന്റുമാരും മാറിയാലും ഡോ. കോളിന്‍സിന്റെ കാര്യത്തില്‍ അമേരിക്കയ്ക്ക് ഒരേ മനസാണ് എന്നറിയുമ്പോള്‍ ആ രാജ്യം ഈ ശാസ്ത്രജ്ഞന് കല്പിക്കുന്ന പ്രാധാന്യം വ്യക്തമാകും.
ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍
ശാസ്ത്രജ്ഞനാണെങ്കിലും അക്ഷരങ്ങളുടെ ലോകവും ഇദ്ദേഹത്തിന് വഴങ്ങും. സയന്‍സ്, വൈദ്യശാസ്ത്രം, വിശ്വാസം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഡോ. കോളിന്‍സിന്റെ ഏറ്റവും ശ്രദ്ധേയമായ പുസ്തകമാണ് ‘ദ ലാംഗ്വേജ് ഓഫ് ഗോഡ്: എ സയന്റിസ്റ്റ് പ്രസന്റ്‌സ് എവിഡന്‍സ് ഫോര്‍ ബിലീഫ്.’ ഡോ. കോളിന്‍സിനെപ്പോലെ ഒരാളുടെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പുസ്തകം അദ്ദേഹത്തിന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ടതാകാനാണ് സാധ്യത. എന്നാല്‍, ഈ പുസ്തകം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. തന്റെ ക്രിസ്തീയ വിശ്വാസം ലോകത്തിന്റെ മുമ്പില്‍ ഏറ്റുപറയുകയായിരുന്നു ഇതിലൂടെ എന്നു പറഞ്ഞാല്‍ തെറ്റില്ല.
ആ വിശ്വാസത്തിന്റെ പുറത്ത് ദൈവം കയ്യൊപ്പ് ചാര്‍ത്തി എന്ന് നിസംശയം പറയാം. അതിന്റെ തെളിവാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ പുസ്തകം ഇടംപിടിച്ചത്. പുസ്തകത്തിന് പ്രായശ്ചിത്വത്തിന്റെ തലംകൂടിയുണ്ട്. നിരീശ്വരവാദത്തിന്റെ ഭൂതകാലത്തെ വിശ്വാസംകൊണ്ട് കഴുകി വിശുദ്ധീകരിക്കുന്നു. രോഗിയുടെ ചോദ്യമാണ് ഡോക്ടറെ വിശ്വാസത്തിലേക്ക് നയിച്ചത്. ഡോ. കോളിന്‍സ് മെഡിക്കല്‍ കോളജില്‍ പഠിക്കുമ്പോള്‍ നിരവധി രോഗങ്ങള്‍കൊണ്ട് ക്ലേശിച്ചിരുന്ന ഒരു സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു, സഹനങ്ങളെ പുഞ്ചിരിയോടെ നേരിടാന്‍ ശക്തിപ്പെടുത്തുന്നത് തന്റെ വിശ്വാസമാണെന്ന്. എന്നിട്ട്, ഡോക്ടറുടെ നിരീശ്വരവാദത്തെ പൊളിച്ചടുക്കുന്ന ചോദ്യങ്ങളും അവര്‍ നിരത്തി.
മാന്യനായിരുന്ന അദ്ദേഹം സാധാരണക്കാരിയായ അവരുടെ ചോദ്യങ്ങളെ പരിഹാസത്തോടെ തള്ളിക്കളഞ്ഞില്ല. കൃത്യമായ മറുപടി നല്‍കണമെന്ന ആഗ്രഹത്തോടെ അന്വേഷണം ആരംഭിച്ചു. ഭാവിയില്‍ സമാനമായ ചോദ്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും അദ്ദേഹത്തിന് തോന്നിയിരിക്കാം. ആ സമയത്ത് ഉത്തരംമുട്ടരുതെന്ന നിര്‍ബന്ധവും ഉണ്ടായിരുന്നിരിക്കണം. ദൈവം പ്രവര്‍ത്തിക്കുന്ന വഴികള്‍ മനുഷ്യബുദ്ധിക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറം ആയിരിക്കുമെന്ന് ഓര്‍മിപ്പിക്കുന്നതുപോലെ ആയിരുന്നു പിന്നീട് നടന്ന സംഭവങ്ങള്‍. ദൈവം ഇല്ലെന്നു തെളിയിക്കാനുള്ള തെളിവുകള്‍ അന്വേഷിച്ചുനടന്ന ഡോക്ടര്‍ ഒടുവില്‍ തികഞ്ഞ വിശ്വാസിയായി മാറി. ഉത്തരങ്ങള്‍ തേടിയുള്ള അന്വേഷണം ഡോക്ടറെ വിശ്വാസിയാക്കി മാറ്റി എന്നുപറയുന്നതാകും കൂടുതല്‍ ശരി. എന്നാല്‍, സത്യം തിരിച്ചറിഞ്ഞപ്പോള്‍ അത് ഉറക്കെ പറയാന്‍ തയാറായി എന്നതാണ് ഡോ. കോളിന്‍സിനെ വ്യത്യസ്തനാക്കുന്ന ഘടകം.
കെമിസ്ട്രിയോട് വിട
ഫ്‌ളെച്ചര്‍ കോളിന്‍സിന്റെയും മാര്‍ഗരറ്റിന്റെയും നാല് മക്കളില്‍ ഇളയവനായി 1950 ഏപ്രില്‍ 14-ന് വിര്‍ജീനിയിലായിരുന്നു ജനനം. ചെറിയ ഫാമിന്റെ ഉടമസ്ഥരായിരുന്നു മാതാപിതാക്കള്‍. കെമിസ്റ്റാകുക എന്നതായിരുന്നു ഹൈസ്‌കൂള്‍ കാലത്തെ ആഗ്രഹം. ആ സമയത്തും ബയോളജിയോട് താല്പര്യം ഉണ്ടായിരുന്നു. 1970-ല്‍ വിര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍നിന്നും കെമിസ്ട്രിയില്‍ ഡിഗ്രി നേടി. നാല് വര്‍ഷത്തിനുശേഷം ഫിസിക്കല്‍ കെമിസ്ട്രിയില്‍ പി.എച്ച്.ഡിയും. ഈ സമയത്താണ് മെഡിക്കല്‍ സയന്‍സിനെക്കുറിച്ച് ഗൗരവമായി ആലോചിക്കാന്‍ തുടങ്ങിയത്. ആരോഗ്യ മേഖലയിലേക്ക് മാറിയാലോ എന്ന ചിന്ത ഉണ്ടായി. പ്രിയപ്പെട്ട അധ്യാപകനുമായി വിഷയം ചര്‍ച്ച ചെയ്തു. കോളിന്‍സിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞിരുന്ന അധ്യാപകന്‍ ആഗ്രഹത്തെ പ്രോത്സാഹിപ്പിച്ചു. ആ തിരഞ്ഞെടുപ്പ് ശരിയായിരുന്നു എന്നതിന് ചരിത്രം സാക്ഷി.

ദൈവം ഇല്ലെന്നു തെളിയിക്കാന്‍ നടത്തിയ അന്വേഷണം ഡോക്ടറെ വിശ്വാസിയാക്കി മാറ്റി. ശാസ്ത്രജ്ഞനാണെങ്കിലും അക്ഷരങ്ങളുടെ ലോകവും ഇദ്ദേഹത്തിന് വഴങ്ങും. സയന്‍സ്, വൈദ്യശാസ്ത്രം, വിശ്വാസം തുടങ്ങിയ മേഖലകളെ  കേന്ദ്രീകരിച്ച് നിരവധി  പുസ്തങ്ങള്‍ എഴുതിയിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ പുസ്തകമാണ് ‘ദ ലാംഗ്വേജ് ഓഫ് ഗോഡ്: എ സയന്റിസ്റ്റ് പ്രസന്റ്‌സ് എവിഡന്‍സ് ഫോര്‍ ലൈഫ്.’ ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഈ പുസ്തകം ഇടംനേടിയിരുന്നു.

താമസിയാതെ ചാപ്പല്‍ ഹില്ലിലുള്ള നോര്‍ത്ത് കരോളിന യൂണിവേഴ്‌സിറ്റിയില്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ ചേര്‍ന്നു. ഈ കാലങ്ങളില്‍ തികഞ്ഞ നിരീശ്വരവാദിയായിരുന്നു കോളിന്‍സ്. മെഡിക്കല്‍ കോളജിലെ പഠനകാലത്താണ് കോളിന്‍സിന്റെ ജീവിതം മാറിമറിഞ്ഞത്. ആശുപത്രി വാര്‍ഡില്‍ കിടന്ന സാധാരണക്കാരി ഉയര്‍ത്തിയ സംശയങ്ങള്‍ക്കുള്ള ഉത്തരം തേടിയുള്ള യാത്ര ആരംഭിച്ചത് അവിടെനിന്നുമായിരുന്നു.
ദൈവം എനിക്ക് പ്രത്യേക മിഷന്‍ ഏല്പിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രവും വിശ്വാസവും ഒരുമിച്ചുകൊണ്ടുപോകുന്നതിന് ഡോ. കോളിന്‍സ് നല്‍കുന്ന മറുപടി. നിരവധി ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ കഴിഞ്ഞതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, ദൈവം അതിലേക്ക് തന്നെ കൈപിടിച്ചു നടത്തുകയായിരുന്നു എന്നാണ്. മനുഷ്യശരീരത്തിന്റെ അടിസ്ഥാന ഘടകമായ ഡിഎന്‍എ-യെ ദൈവത്തിന്റെ ഭാഷ എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കുന്നത്. ദൈവാന്വേഷണത്തിന്റെ രണ്ടു വഴികളായിട്ടാണ് ശാസ്ത്രത്തെയും സയന്‍സിനെയും അദ്ദേഹം നിരീക്ഷിക്കുന്നത്. ശാസ്ത്രം പ്രകൃതിയെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ വിശ്വാസം അതിലും ഗഹനമായ ജീവിതത്തിന്റെ അര്‍ത്ഥമാണ് തേടുന്നതെന്നാണ് ഡോ. കോളിന്‍സ് പറയുന്നത്.
”ശാസ്ത്രജ്ഞരില്‍ വലിയൊരു വിഭാഗം ദൈവവിശ്വാസികളാണ്. എന്നാല്‍, പലരും വിശ്വാസത്തിന്റെ മേഖലയില്‍ നിശബ്ദത പാലിക്കുകയാണ്. ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതില്‍ സയ ന്‍സിന് വലിയ പങ്കുവഹിക്കാനുണ്ട്. രോഗങ്ങള്‍, ഭൂമിയുടെ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സയന്‍സാണ് ലോകത്തെ നയിക്കേണ്ടത്. എന്നാല്‍, ഭൗതീകതയില്‍ മാത്രം കേന്ദ്രീകരിച്ച് മുമ്പോട്ടുപോകുന്നത് അപകടകരമാണ്.”
രണ്ട് സര്‍വേകള്‍
ഭൗതീകവാദം മനുഷ്യന്റെ ആത്മീയതയെ തകര്‍ക്കുമെന്നാണ് ഡോ. കോളിന്‍സ് പറയുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ചൈനയിലെ സ്ഥിതിഗതികളും തെളിവുകളായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എല്ലാ ദിവസവും രാവിലെ പ്രാര്‍ത്ഥനയോടെയാണ് തന്റെ ദിവസം ആരംഭിക്കുന്നതെന്ന് പറയുന്നതില്‍ ഇദ്ദേഹത്തിന് അഭിമാനക്കുറവില്ല. തന്റെ ഓഫീസ് ടേബിളില്‍ ബൈബിള്‍ വച്ചിട്ടുണ്ട്. ദൈവവുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ഇദ്ദേഹം പറയുന്നു. എല്ലാ അറിവുകളും ദൈവത്തില്‍നിന്നാണ് വരുന്നത്. ശാസ്ത്രീയ മുന്നേറ്റങ്ങളുടെ പേരില്‍ ദൈവത്തെ തള്ളിപ്പറയാന്‍ ശ്രമിക്കരുതെന്നാണ് ഈ ലോകപ്രശസ്ത ശാസ്ത്രജ്ഞന് പുതിയ തലമുറയോട് പറയാനുള്ളത്.
ദൈവാലയത്തിലും ലാബോറട്ടറിയിലും ദൈവത്തെ കണ്ടെത്താന്‍ കഴിയണമെന്നാണ് ഈ ശാസ്ത്രജ്ഞന്‍ പറയുന്നത്. ആത്മീയത പ്രവര്‍ത്തനമേഖലകളില്‍ നിറഞ്ഞുനില്ക്കണമെന്നും ജീവിതത്തിന്റെ ഭാഗമാണെന്നുമുള്ള നിരീക്ഷണത്തില്‍നിന്നുമാണ് ആ വാക്കുകള്‍. ദൈവാലയത്തില്‍നിന്നും പുറത്തുവരുമ്പോഴും വിശ്വാസി നയിക്കേണ്ടത് അസാധാരണമായ ജീവിതമായിരിക്കണമെന്നാണ് ഡോ. കോളിന്‍സിന്റെ അഭിപ്രായം. ശാസ്ത്രം വളര്‍ന്നതനുസരിച്ച് ശാസ്ത്രജ്ഞരുടെ വിശ്വാസം നഷ്ടപ്പെട്ടു എന്നുള്ള വാദങ്ങള്‍ ഉയരുമ്പോള്‍ അതു തെറ്റാണെന്നു കണക്കുകള്‍ നിരത്തിയാണ് അദ്ദേഹം മറുപടി പറയുന്നത്. 1917 ലും 1997 ലും അമേരിക്കയില്‍ നടന്ന രണ്ട് സര്‍വേകളാണ് അതിന് ഉപയോഗിക്കുന്നത്. അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ വിശ്വാസത്തെ മുന്‍നിര്‍ത്തിയായിരുന്നു സര്‍വേ. ആ രണ്ട് സര്‍വേകളുടെയും റിസല്‍ട്ട് ഏതാണ്ട് സമാനമായിരുന്നു. 40 ശതമാനം ശാസ്ത്രജ്ഞരും ഉറച്ച ദൈവവിശ്വാസികളാണ് എന്നായിരുന്നു സര്‍വേ ഫലം.
ദൈവമെന്ന സത്യത്തെതേടിയുള്ള യാത്രയായിട്ടാണ് ഡോ. കോളിന്‍സ് വിശ്വാസത്തെ നിര്‍വചിക്കുന്നത്. ശാസ്ത്രത്തിന് അതൊരിക്കലും കണ്ടെത്താനാവില്ലെന്നും അദ്ദേഹം പറയുന്നു.

ജോസഫ് മൈക്കിള്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?