Follow Us On

28

March

2024

Thursday

തിരുഹൃദയ വിചാരം: ജൂണിന്റെ പുണ്യം

തിരുഹൃദയ വിചാരം:  ജൂണിന്റെ പുണ്യം

ഹൃദയമില്ലാത്ത മനുഷ്യന്‍ എന്ന് ആരെക്കുറിച്ചെങ്കിലും പരാമര്‍ശമുണ്ടാകുന്നത് വളരെ മോശം തന്നെ. സഹൃദയന്‍’എന്നത് ഏറെ വിശാലാര്‍ത്ഥങ്ങളുള്ള പദമാണു താനും. ഹൃദയമില്ലാത്ത സൗഹൃദങ്ങളില്ലെന്നും വ്യക്തം. സുഹൃത്തുക്കളുണ്ടാകുന്നത് ഹൃദയമുള്ളതുകൊണ്ടാണെന്നതിന് ആ പദം തന്നെ സാക്ഷി. ഭൂമിയില്‍ ഹൃദയത്തിനുള്ള ഈ പ്രാധാന്യം തന്നെയാണ് ഈശോയുടെ തിരുഹൃദയ ഭക്തിയുടെയും ആധാരം.
ദൈവം ഹൃദയമാണ്
പഴയനിയമത്തില്‍ നിഴല്‍രൂപത്തില്‍ കണ്ട ദൈവഹൃദയത്തിന്റെ തെളിഞ്ഞരൂപമാണ് കുരിശില്‍ കണ്ടത്. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു”എന്ന് ഇസ്രായേല്‍ രാജ്യത്തെക്കുറിച്ചു പറഞ്ഞ കര്‍ത്താവ് (ജറെ. 31:20) ലോകത്തിനുവേണ്ടി തുടിക്കുന്ന തന്റെ ഹൃദയം കുരിശില്‍ പിളര്‍ത്തിക്കാണിച്ചു. ദൈവം സ്‌നേഹമാണ്” എന്നു കുറിച്ച വിശുദ്ധ യോഹന്നാന്‍ ശ്ലീഹ ദൈവം ഹൃദയമാണ്”എന്നു കൂടിയത്രേ പറഞ്ഞുവച്ചത്. അവസാനം വരെ സ്‌നേഹിച്ചു”എന്ന പ്രയോഗം (യോഹ. 13:1) അവസാനത്തുള്ളി രക്തവും ജലവും വരെ നല്‍കാനായി പിളര്‍ന്ന തിരുഹൃദയത്തിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്? യേശുവിന്റെ ജീവിതകാലം മുഴുവനും ഈ തിരുഹൃദയത്തിലെ സ്‌നേഹപ്രവാഹമാണു നാം കാണുന്നത്. രോഗശാന്തി വിവരണങ്ങളിലും പാപികളോടും നിരാലംബരോടുമുള്ള അവിടത്തെ കാരുണ്യത്തിലും ദൈവരാജ്യപ്രബോധനങ്ങളിലുമെല്ലാം തുടിച്ചു നില്ക്കുന്നത് ഈ തിരുഹൃദയമാണ്. ദൈവസ്‌നേഹത്തിന്റെ ഏറ്റവും മൂര്‍ത്തമായ രൂപമാണ് യേശുവിന്റെ തിരുഹൃദയം. ദൈവസ്‌നേഹത്തുടിപ്പിന്റെ തനിമയും സമഗ്രതയും വെളിവായത് ആ ഹൃദയത്തിലാണ്. സ്‌നേഹത്തിന്റെ ഇരിപ്പിടവും ഉറവിടവുമായി യേശുവിന്റെ തിരുഹൃദയത്തെ ആത്മീയാചാര്യന്മാര്‍ കണ്ടത് തികച്ചും വിശുദ്ധഗ്രന്ഥാധിഷ്ഠിതമായാണ്.
യോഹന്നാന്‍ ശ്ലീഹ സ്‌നേഹത്തിന്റെ ഗായകനായിട്ടാണ് പൊതുവേ അറിയപ്പെടുന്നത്. തന്റെ അന്ത്യനാളുകളില്‍ അയാള്‍ പറഞ്ഞ ഒരേ ഒരു വാക്ക് ‘സ്‌നേഹം’ എന്നതു മാത്രമായിരുന്നു. ശിഷ്യന്മാരോ ജനങ്ങളോ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് അയാളെ കൊണ്ടുപോകും; ജനക്കൂട്ടത്തിനു നടുവിലിരുത്തും. ജനം പറയും: “പിതാവേ ഞങ്ങളോട് ആ വാക്ക് പറയുക. ആ കണ്ണില്‍നിന്നും കണ്ണീര്‍ ധാരയായി ഒഴുകും. അയാള്‍ മന്ത്രിക്കും: “സ്‌നേഹം. യേശുവിന്റെ തൊട്ടടുത്ത കസേര തന്നെ തനിക്കു വേണമെന്നു നിര്‍ബന്ധബുദ്ധിയുണ്ടായിരുന്ന വി. യോഹന്നാന്‍ എങ്ങനെ സ്‌നേഹത്തിന്റെ പാട്ടുകാരനായി മാറി? തിരുവത്താഴമേശയില്‍, യേശുവിന്റെ അരികിലിരുന്ന് അവന്റെ മാറില്‍ തലചായ്ക്കാന്‍ യോഹന്നാന് സുവര്‍ണ്ണാവസരം ലഭിച്ചു. ആ മാറിന്റെ സ്‌നേഹോഷ്മളത യോഹന്നാനിലേക്ക് പ്രവഹിച്ചു. തിരുഹൃദയത്തിന്റെ സ്‌നേഹതാളം സ്വന്തമാക്കിയവന്റെ ഹൃദയവും സ്‌നേഹത്തികവില്‍ മിടിക്കാന്‍ തുടങ്ങി. അങ്ങനെയാണ് “യേശു സ്‌നേഹിച്ച ശിഷ്യന്‍” സ്‌നേഹഗായകനായി മാറിയത്. കാല്‍വരിയാത്രയിലും ഗാഗുല്‍ത്തായിലും മറ്റെല്ലാവരും ഓടിയൊളിച്ചപ്പോള്‍ സ്‌നേഹപാശബന്ധിതനായി ഈ പ്രിയശിഷ്യന്‍ മാത്രം കൂടെ നിന്നു. അനുഭവിച്ച സ്‌നേഹം അടര്‍ത്തി മാറ്റാനാവില്ലല്ലോ. തിരുഹൃദയത്തോടു ചേര്‍ന്നിരിക്കുന്നവര്‍ സഹൃദയരായി മാറും എന്നു മാത്രമല്ല, സ്‌നേഹഗായകരായിത്തീരും എന്നുകൂടി ഈ സംഭവം വ്യക്തമാക്കുന്നു.
ചരിത്രത്തിലൂടെ
യേശുവിന്റെ പീഡാസഹനങ്ങളോടും തിരുമുറിവുകളോടുമുള്ള ഭക്തി ശക്തിപ്പെട്ടത് 11, 12, 13 നൂറ്റാണ്ടുകളിലുണ്ടായ സന്ന്യാസ ജീവിതനവീകരണങ്ങള്‍ക്കും ക്ലെയര്‍വോയിലെ വി. ബര്‍ണാര്‍ദ്, അസീസിയിലെ വി. ഫ്രാന്‍സിസ് എന്നിവരുടെ തീക്ഷ്ണമായ പ്രവര്‍ത്തനങ്ങള്‍ക്കും വിശുദ്ധ നാട്ടില്‍നിന്നു തിരിച്ചെത്തിയ കുരിശു യുദ്ധക്കാരുടെ ഉണര്‍വുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അനുബന്ധമായാണ്. യേശുവിന്റെ തിരുമുറിവുകളോടുള്ള ഭക്തിയുടെ വികസിതരൂപമാണ് തിരുഹൃദയഭക്തി. “ക്രിസ്തുവിന്റെ പാര്‍ശ്വത്തിലെ പിളര്‍പ്പ് അവിടത്തെ നന്മയെയും ഹൃദയത്തിലെ സ്‌നേഹത്തെയും വെളിപ്പെടുത്തി” എന്ന് വിശുദ്ധ ബര്‍ണാര്‍ദ് കുറിച്ചുവച്ചു. തിരുഹൃദയസംബന്ധിയായ ആദ്യത്തെ ഗീതം ഒരു നോര്‍ബര്‍ട്ടൈന്‍ സന്ന്യാസിയായ വാഴ്ത്തപ്പെട്ട ഹെര്‍മന്‍ ജോസഫ് 13-ാം നൂറ്റാണ്ടില്‍ രചിച്ചതാണ്. വി. ലുട്ട്ഗാര്‍ഡെ, വി. മെറ്റില്‍ഡ, വി. ഗെര്‍ട്രൂഡ് എന്നിവര്‍ 13-ാം നൂറ്റാണ്ടിലെ തിരുഹൃദയ ഭക്തരാണ്. 16-ാം നൂറ്റാണ്ടുവരെ തികച്ചും വ്യക്തിഗതമായ ഭക്തിയായി അതു നിലനിന്നു. ഏതാനും ചില സന്ന്യാസസഭകളുടെ അധ്യാത്മികാഭ്യാസത്തിലും ഈ ഭക്തികാണപ്പെട്ടു. ഫ്രാന്‍സിസ്‌കന്‍സഭയില്‍ യേശുവിന്റെ പഞ്ചക്ഷതങ്ങളോട്, പ്രത്യേകിച്ച് പാര്‍ശ്വത്തിലെ മുറിവിനോട്, പ്രത്യേക ഭക്തിയുണ്ടായിരുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. വി. ബെനവന്തൂര്‍ ആണ് ഇക്കാര്യത്തില്‍ പ്രത്യേക സംഭാവന നല്‍കിയ വ്യക്തി. “ഈ മുറിവേറ്റ ഹൃദയത്തെ സ്‌നേഹിക്കാത്തത് ആരാണ്? ഇത്രയധികം സ്‌നേഹിക്കുന്നവനെ തിരികെ സ്‌നേഹിക്കാത്തത് ആരാണ്? എന്ന് അദ്ദേഹം കുറിച്ചു. 17-ാം നൂറ്റാണ്ടില്‍ ഈശോസഭാംഗങ്ങള്‍ തങ്ങളുടെ പുസ്തകങ്ങളുടെ പുറംചട്ടയിലും ദേവാലയങ്ങളുടെ മതിലുകളിലും തിരുഹൃദയത്തെ ചിത്രീകരിക്കുവാന്‍ തുടങ്ങിയത് ഭക്തിപ്രചാരണത്തിന് ആക്കം കൂട്ടി. ഈ ഭക്തിക്ക് ആദ്യമായി ദൈവശാസ്ത്രപരമായ അടിസ്ഥാനമിട്ടത് പോളണ്ടുകാരനായ ജസ്യൂട്ട് വൈദികന്‍ കാസ്പര്‍ ഡ്രുറ്റ്‌സ്ബിസ്‌കി തന്റെ മെത്താ കോര്‍ദിയും കോര്‍ യേസു (യേശുവിന്റ ഹൃദയം – ഹൃദയങ്ങളുടെ ലക്ഷ്യം) എന്ന ഗ്രന്ഥത്തിലൂടെയാണ്. ആദ്യമായി തിരുഹൃദയത്തിന്റെ തിരുനാള്‍ ആചരിച്ചത് ഷാന്‍ യൂഡ് എന്ന വൈദികന്റെ താല്പര്യത്തില്‍ ഫ്രാന്‍സിലെ റാന്‍സ് എന്ന സ്ഥലത്തുവച്ചാണ്. 1670 ഓഗസ്റ്റ് 31-ാം തീയതിയായിരുന്നു അത്.
വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കും തിരുഹൃദയഭക്തിയും
തിരുഹൃദയഭക്തിയുടെ ഇന്നത്തെ രൂപത്തിന് നാം കടപ്പെട്ടിരിക്കുന്നത് വി. മാര്‍ഗരറ്റ് മേരി അലക്കോക്കിനോടാണ്. 1673 ഡിസംബര്‍ 27-ാം തീയതിയാണ് ഫ്രാന്‍സിലെ പാരെ ല്‌മോണിയാല്‍ ബസിലിക്കയില്‍ വച്ച് തിരുഹൃദയത്തിന്റെ ആദ്യത്തെ ദര്‍ശനം അവര്‍ക്കുണ്ടായത്. സുവിശേഷകനായ വി. യോഹന്നാന്റെ തിരുനാള്‍ ദിനത്തിലെ ആ ദര്‍ശനത്തില്‍ ശ്ലീഹയെപ്പോലെ തന്റെ മാറില്‍ തലചായ്ക്കാന്‍ മര്‍ഗരീത്തയോട് ഈശോ ആവശ്യപ്പെട്ടു. തിരുഹൃദയഭക്തി ലോകമെങ്ങും പരക്കാനുള്ള തന്റെ ആഗ്രഹം അവിടന്ന് അവളെ അറിയിച്ചു. പിന്നീടുണ്ടായ വ്യത്യസ്ത ദര്‍ശനങ്ങളില്‍ ഒമ്പതു മാസാദ്യവെള്ളിയാഴ്ചകളില്‍ പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനെക്കുറിച്ചും ഈശോ അവള്‍ക്കു നിര്‍ദ്ദേശം നല്‍കി. ദിവ്യകാരുണ്യത്തിരുനാളിന്റെ അഷ്ടദിനങ്ങള്‍ക്കു ശേഷമുള്ള വെള്ളിയാഴ്ച പരിഹാരദിനമായി ആചരിക്കണമെന്നും അവിടന്നു കല്പിച്ചു.
തിരുഹൃദയഭക്തി ആചരിക്കുന്നവര്‍ക്ക് വി. മര്‍ഗരീത്ത മറിയത്തിലൂടെ 12 വാഗ്ദാനങ്ങള്‍ ഈശോ നല്‍കിയിട്ടുണ്ട്:
.   ജീവിതാന്തസിന് ആവശ്യമായ എല്ലാ കൃപകളും.
.  അവരുടെ കുടുംബങ്ങളില്‍ സമാധാനവും ഭിന്നിച്ചു നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് അനുരഞ്ജനവും.
.  ജീവിതവ്യഥകളില്‍ ആശ്വാസം.
.  ജീവിതകാലത്തും, പ്രത്യേകിച്ച് മരണ നിമിഷത്തിലും ആശ്രയം.
.  എല്ലാ സംരംഭങ്ങളിലും സ്വര്‍ഗീയാനുഗ്രഹം.
.  പാപികള്‍ക്ക് തിരുഹൃദയത്തില്‍ കരുണയുടെ ഉറവിടം കണ്ടെത്താനാകും.
.  മന്ദോഷ്ണരായ ആത്മാക്കള്‍ തീക്ഷ്ണതയുള്ളവരാകും.
.  തീക്ഷ്ണതയുള്ള ആത്മാക്കള്‍ മഹാപരിപൂര്‍ണതയിലേക്ക് ത്വരിതഗതിയില്‍ ഉയരും.
.  തിരുഹൃദയത്തിന്റെ രൂപം പ്രതിഷ്ഠിച്ചു വന്ദിക്കുന്നിടത്തെല്ലാം അനുഗൃഹീതമാകും; സ്വന്തം ശരീരത്തില്‍ ഈ രൂപം ധരിക്കുന്നവരുടെ ഹൃദയങ്ങളില്‍ അവിടത്തെ സ്‌നേഹത്തിന്റെ മുദ്രപതിക്കും. അവരിലുള്ള എല്ലാവിധ ക്രമരഹിത താല്പര്യങ്ങളും ഇല്ലാതാകും.
.  തിരുഹൃദയത്തോടു ഭക്തിയുള്ള വൈദികര്‍ക്ക് ഏറ്റവും കാഠിന്യമുള്ള ഹൃദയങ്ങളെയും സ്പര്‍ശിക്കാന്‍ വരം ലഭിക്കും.
.  ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുക ള്‍ അവിടത്തെ ഹൃദയത്തില്‍ ഒരിക്കലും മാഞ്ഞുപോകാത്തവിധം രേഖപ്പെടുത്തും.
. തുടര്‍ച്ചയായി ഒമ്പതു മാസാദ്യവെള്ളിയാഴ്ചകളില്‍ പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ ദൈവകോപത്തിലോ കൂദാശകള്‍ സ്വീകരിക്കാതെയോ മരിക്കുകയില്ല. അന്ത്യനിമിഷത്തില്‍ തിരുഹൃദയം അവരുടെ അഭയസ്ഥാനമായിരിക്കും.
കാലികം
1899-ല്‍ ലിയോ 13-ാമന്‍ പാപ്പ ലോകത്തെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചു. അന്നു മുതല്‍ സാമൂഹികവും കുടുംബപരവും വ്യക്തിപരവുമായ തിരുഹൃദയപ്രതിഷ്ഠ നടത്താന്‍ മാര്‍പാപ്പ നിരന്തരം ആഹ്വാനം ചെയ്യുന്നുണ്ട്. ലോകത്തിന്റെ നിരവധിയായ പാപങ്ങള്‍ക്കു പരിഹാരമായി ഈശോയുടെ തിരുഹൃദയത്തിനു പ്രാര്‍ത്ഥനകളും പരിഹാരക്രിയകളും ചെയ്യാന്‍ വിശ്വാസികളെ അവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 478-ാമത്തെ ഖണ്ഡികയില്‍ പീയൂസ് 12-ാമന്‍ പാപ്പയുടെ ‘ഹൗരിയേത്തിസ് ആക്വാസ്’എന്ന ചാക്രികലേഖനം ഉദ്ധരിക്കുന്നു: “(യേശു) നമ്മെയെല്ലാം മാനുഷികഹൃദയം കൊണ്ടാണ് സ്‌നേഹിച്ചത്. ഇക്കരണത്താല്‍, നമ്മുടെ പാപങ്ങളാലും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും കുത്തിത്തുറക്കപ്പെട്ട യേശുവിന്റെ തിരുഹൃദയം ആ സ്‌നേഹത്തിന്റെ മുഖ്യ അടയാളവും പ്രതീകവുമാണ് . . . ഈ സ്‌നേഹം കൊണ്ടാണ് ദിവ്യരക്ഷകന്‍ നിത്യ പിതാവിനെയും പക്ഷാഭേദം കൂടാതെ എല്ലാ മനുഷ്യരെയും നിരന്തരം സ്‌നേഹിക്കുന്നത്”.
അകലങ്ങളിലെ ദൈവത്തിന് ഹൃദയമുണ്ടോ എന്നറിയാന്‍ മാര്‍ഗമൊന്നുമില്ല. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളും ക്രൂരകൃത്യങ്ങളും ഹൃദയമില്ലാത്ത ഒരു ദൈവസങ്കല്പത്തിന്റെ പ്രതിഫലനങ്ങളല്ലാതെ മറ്റെന്താണ്? യേശുക്രിസ്തുവില്‍ ഹൃദയമുള്ള ദൈവത്തെയാണ് ലോകം പരിചയപ്പെട്ടത്. ഹൃദയമുള്ള ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ ഹൃദയമുള്ളവരായിത്തീരും. തിരുഹൃദയഭക്തി സവിശേഷമാം വിധം ആചരിക്കുന്ന ജൂണ്‍ മാസത്തില്‍ ഒരു ഹൃദയ പരിശോധന നടത്താം. ഹൃദയശാന്തതയും എളിമയുള്ള ഈശോയേ, ഞങ്ങളുടെ ഹൃദയം അങ്ങേ ഹൃദയം പോലെയാക്കണമേ.

 ഫാ. ജോഷി മയ്യാറ്റില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?