വിളവ് ഏറെയുള്ള, വേലക്കാർ ചുരുക്കമായ ഇക്വഡോറിയൻ ഗ്രാമങ്ങളിലെ മിഷൻ അനുഭവങ്ങൾ പങ്കുവെക്കുന്നു, സി.എം.ഐ സഭയുടെ ഇക്വഡോർ മിഷനിൽ സേവനം ചെയ്യുന്ന ഫാ. ജോഷി കണ്ടത്തിൽ സി.എം.ഐ.
നാല് മുളങ്കുറ്റി കുത്തിവെച്ച് അതിനു മുകളിൽ പനയോല വാരിയിട്ട ഒരു ചായ്പ്പ്, മേശയുടെയും കസേരയുടെയും സ്ഥാനത്ത് വലിയകല്ലും മരക്കഷ്ണവും- പറഞ്ഞുവരുന്നത് ഇക്വഡോറിലെ ഗ്രാമാന്തരങ്ങളിലുള്ള മതബോധന ‘ക്ലാസ്മുറി’കളെക്കുറിച്ചാണ്. മതബോധന പഠനം സ്മാർട്ട് ക്ലാസ് മുറികളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന നമുക്കൊന്നും ഉൾക്കൊള്ളാനാവില്ല ഈ ഇക്വഡോറിയൻ യാഥാർത്ഥ്യങ്ങൾ.
സി.എം.ഐ സഭ ഇക്വഡോറിൽ മിഷനറി പ്രവർത്തനം ആരംഭിച്ചിട്ട് 12 വർഷം പൂർത്തിയാക്കുകയാണിപ്പോൾ. ഇക്കാലഘട്ടത്തിനിടയിൽ ഇക്വഡോറിലെ സഭയുടെ വിശ്വാസവളർച്ചയിൽ ചെറുതല്ലാത്ത പ്രവർത്തനങ്ങൾ നടത്താനായതിന്റെ അഭിമാനത്തിലാണ് ഞങ്ങൾ. രണ്ടു അതിരൂപതയിലും രണ്ട് രൂപതകളിലുമായാണ് സി.എം.ഐ സഭയിലെ വൈദികർ സേവനം ചെയ്യുന്നത്.
പരിമിതികൾ ഉണ്ടെങ്കിലും പ്രവർത്തനമേഖല വിസ്തൃതമാണെങ്കിലും മികവുറ്റ രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. രൂപതാ നേതൃത്വം ഏൽപ്പിച്ചിരിക്കുന്ന പല പ്രദേശങ്ങളിലും വൈദികരുടെ എണ്ണക്കുറവിനാൽ, തുടർച്ചയായ ബലിയർപ്പണം സാധിക്കുന്നില്ല എന്നത് കൂടുതൽ തീക്ഷണതയോടെ പ്രവർത്തിക്കാനുള്ള ഓർമപ്പെടുത്തലായാണ് ഞങ്ങൾ ഉൾക്കൊള്ളുന്നത്. ഇക്വഡോറിലെ ജനങ്ങളുടെ വിശ്വാസത്തിനുവേണ്ടിയുള്ള ദാഹവും അവിടത്തെ ദൗത്യത്തിന്റെ വെല്ലുവിളികളും മനസിലാക്കാൻ പോർത്തോവിയഹോ അതിരൂപതയിലെ ട്രിഗിജോ ഗ്രാമത്തിൽ അർപ്പിച്ച ദിവ്യബലിയെക്കുറിച്ച് പങ്കുവെക്കാം.
ഏകദേശം രണ്ടു മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് അവിടെ എത്തിയത്. മൊട്ടക്കുന്നുകളിൽ വെട്ടിയൊരുക്കിയതും കുത്തനെ കയറ്റിറക്കങ്ങളുമുള്ള കാട്ടുവഴികളിലൂടെയായിരുന്നു യാത്ര. പെരുമഴയിൽ ഒലിച്ചുപോയ വഴികളിലൂടെ വിദഗ്ദമായി ഡ്രൈവർ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയെങ്കിലും ഇടയ്ക്ക് വണ്ടി പണിമുടക്കി. പിന്നെ കൂടെയുള്ളവരുമായി ചേർന്ന്, അത്യവശ്യം കുർബാനക്കുള്ള സാധനങ്ങൾമാത്രം എടുത്ത് ചെളിനിറഞ്ഞ വഴികളിലൂടെ കാൽനടയായി അവിടുത്തെ കപ്പേളയിൽ എത്തിച്ചേർന്നു.
അവിടെ എത്തിചേർന്നപ്പോൾ യാത്രയിലുണ്ടായ കഷ്ടപ്പാടെല്ലാം മറന്നു. കാരണം, അവരുടെ കഷ്ടപാടിൽ നിന്നും ആ താഴ്‌വാരത്തിൽ സുന്ദരമായ ഒരു കപ്പേള ഈശോക്കുവേണ്ടി അവർ നിർമിച്ചിരിക്കുന്നു. അവരുടെ സ്വർഗീയ മധ്യസ്ഥൻ വിശുദ്ധ അന്തോനീസിന്റെ തിരുന്നാൾ ആഘോഷത്തിന്റെ ബലിയർപ്പണതിനാണ് എല്ലാവരും ഒന്നിച്ചു കൂടിയിരിക്കുന്നത്.
അന്നന്നപ്പത്തിനുള്ള അവരുടെ ജോലിയെല്ലാം മാറ്റിവച്ച് സർവരും ആ ചെറിയ കപ്പേളയിൽ എത്തിയിട്ടുണ്ട്. ദിവ്യബലി ഉള്ളതിനാൽ സമീപത്തെ ചെറിയ സ്‌കൂളിന് അവധി കൊടുത്തിരുന്നു. അതിനാൽ നിരവധി കുട്ടികളുമുണ്ട്. ഇതിനെല്ലാം കാരണം മറ്റൊന്നുമല്ല അവർക്ക് ആ വർഷത്തെ ആദ്യത്തെ ദിവ്യബലിയാണ് ലഭിക്കുന്നത്- പുതുവർഷാരംഭത്തിൽ അല്ലാത്ത ‘പുതുവർഷ’ കുർബാന!
അതിന്റ സന്തോഷം എല്ലാവരുടെയും മുഖത്തുണ്ട്. ഒരുമണിക്കൂർ നേരത്തെ കുമ്പസാരത്തിനുശേഷം വളരെ വലിയ സ്വരത്തിൽ പാടിയും പ്രാർത്ഥിച്ചുമുള്ള അവരുടെ ദിവ്യബലിയിലെ പങ്കാളിത്തം തന്നെ, ഞങ്ങൾ ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന ഏറ്റുപറച്ചിൽ തന്നെയായിരുന്നു. ദാഹിച്ചുവലഞ്ഞിരുന്നവന് തുള്ളിവെള്ളം കിട്ടിയതുപോലുള്ള ആശ്വാസം!
അനുദിനം ബലിയർപ്പണത്തിന് സൗകര്യം ഉണ്ടായിട്ടും അതിൽ പങ്കെടുക്കാൻ മടിക്കുന്നവർ കാണേണ്ട കാഴ്ച. ഞങ്ങൾ തിരിച്ചുപോരാൻ തയാറെടുക്കുമ്പോൾ, അവരുടെ മുഖഭാവം വായിച്ചെടുക്കാമായിരുന്നു: ‘പാദ്രെ , ഇനി എന്ന്?’ അതിന് ഒരു ഉറപ്പും കൊടുക്കാൻ ഞങ്ങൾക്കായില്ല. കാരണം, ഇതുപോലെ എത്തിപ്പെടാൻ പറ്റാത്ത അനേകം സമൂഹങ്ങൾ വേറെയുണ്ടെന്നുതന്നെ കാരണം. എങ്കിലും ഞങ്ങൾ മുന്നേറുകയാണ്, തമ്പുരാന്റെ വചനത്തിൽ പ്രത്യാശയർപ്പിച്ച്, ‘വിളവധികം വേലക്കാരോ ചുരുക്കം’.
Leave a Comment
Your email address will not be published. Required fields are marked with *