Follow Us On

29

November

2020

Sunday

മരണത്തില്‍നിന്നും ജീവനിലേക്ക്…

മരണത്തില്‍നിന്നും ജീവനിലേക്ക്…

‘മരണത്തില്‍ നിന്നും അമ്മ തിരിച്ചുവന്നാല്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കും.’ മരണവക്കിലെത്തിയ അമ്മയെ കണ്ട് ഉറക്കെ കരഞ്ഞുകൊണ്ട് ആദ്യം ദൈവത്തിന് മുന്നില്‍ ഞാന്‍ വെച്ച ഡിമാന്റ് അതായിരുന്നു. ഒരുപക്ഷേ എന്റെ ജീവിതം മാറി മറിയുന്നത് ആ നിമിഷം മുതലായിരിക്കാം.
എന്റെ നിലവിളി കേട്ട് ദൈവം ഇറങ്ങിവന്ന സമയമാണത്. അന്നുമുതലാണ് ക്രിസ്തുവില്‍ ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങിയത്. ക്രിസ്തുവിനെക്കുറിച്ചും   ക്രൈസ്തവരെക്കുറിച്ചും തെറ്റായ കാര്യങ്ങളാണ് അതുവരെ ഞാന്‍ മനസിലാക്കിയിരുന്നത്. ക്രിസ്തു എന്തിനാണ് കുരിശിലേറിയത്? അവിടുന്ന് രക്ഷകനായിരുന്നെങ്കില്‍ സ്വയം രക്ഷപെടാന്‍ കഴിയുമായിരുന്നില്ലേ? ഇങ്ങനെയൊക്കെയാണ് ഞാന്‍ കുരിശുമരണത്തെക്കുറിച്ച് ചിന്തിച്ചിരുന്നത്. പലരോടും ഞാന്‍ എന്റെ സംശയങ്ങള്‍ ചോദിച്ചെങ്കിലും ശരിയായ ഉത്തരം ലഭിച്ചിരുന്നില്ല. രോഗിയാകുന്നതിന് മുമ്പ് അമ്മ സെന്‍ട്രല്‍ സര്‍വ്വേയിലാണ് ജോലി ചെയ്തിരുന്നത്. അമ്മയാണ് എന്നെ കോളജിലും ഷൂട്ടിംഗിനുമൊക്കെ അന്ന് കൊണ്ടുപോയിരുന്നത്.
അങ്ങനെ ജീവിതം സന്തോഷഭരിതമായി പോകുന്നതിനിടയിലാണ് ഒരു ദിവസം അമ്മക്ക് സുഖമില്ലാതാകുന്നത്. പരിശോധനക്ക് ശേഷം ആശുപത്രിയില്‍ പെട്ടെന്ന് അഡ്മിറ്റാകാനാണ് അവര്‍ നിര്‍ദേശിച്ചത്. അഡ്മിറ്റായ ഉടനെ നേരെ വെന്റിലേറ്ററിലേക്കാണ് അമ്മയെ കൊണ്ടുപോകുന്നത്. അമ്മക്ക് എന്താണ് രോഗമെന്ന് എനിക്ക് മനസിലായില്ല. സൗഖ്യം കിട്ടാന്‍ സ്റ്റിറോയ്ഡ് ഇഞ്ചക്ഷന്‍ ആവശ്യമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയെ രക്ഷപ്പെടുത്തണമെന്ന് മാത്രമായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതിനാല്‍ ഒന്നും ആലോചിക്കാതെ ഞങ്ങളത് സമ്മതിച്ചു.
അങ്ങനെ ചെയ്തതുകൊണ്ടാകാം അമ്മയുടെ കിഡ്‌നി പെട്ടെന്ന് പ്രവര്‍ത്തനരഹിതമായത്. തുടര്‍ന്ന് ഡയാലിസിസ് ചെയ്യേണ്ടി വന്നു. ഇതെല്ലാം മൂന്നാലു ദിവസത്തിനുള്ളില്‍ നടന്നതാണ്. അമ്മയുടെ ബോധം നഷ്ടപ്പെടുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തതോടെ ഞാന്‍ ഏറെ പരിഭ്രമിച്ചു,
എല്ലാ സഹായവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അപ്പോള്‍ ഞാന്‍. നാല്‍പ്പത്തേഴാം ദിവസം ഡോക്ടര്‍ പറഞ്ഞു, ഇനി മൂന്നുമണിക്കൂര്‍ മാത്രമേ അമ്മ ജീവനോടെ ഇരിക്കൂ എന്ന്. എത്രയും വേഗം ബന്ധുക്കളെ അറിയിക്കാനും ഓര്‍മിപ്പിച്ചു. ഞാന്‍ ഞെട്ടിപ്പോയി. ഓടിച്ചെന്ന് അമ്മയെ നോക്കി. അമ്മക്ക് ട്യൂബ് ഇന്‍ഫെക്ഷന്‍ ആയതുകൊണ്ട് രക്തം പുറത്തേക്ക് വമിച്ചുകൊണ്ടിരുന്ന കാഴ്ചയാണ് ഞാനപ്പോള്‍ കണ്ടത്. അമ്മ കണ്ണ് തുറന്നിരുന്നില്ല. എന്റെ അമ്മ നിത്യമായി അകലുകയാണെന്ന് എനിക്കുറപ്പായി.
അപ്പോള്‍ അടുത്ത് ഞാനും പപ്പയും മാത്രമേയുള്ളൂ. എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്ക് ഒരൂഹവുമില്ല. ആശുപത്രിയില്‍ ഐ.സി. യു വാര്‍ഡിന്റെ പുറത്ത് നിലവിളിച്ച് ഞങ്ങള്‍ കരഞ്ഞുകൊണ്ടിരുന്നപ്പോള്‍ ആ വഴി ഒരു സിസ്റ്റര്‍ വന്നു. അവര്‍ എന്റെ അടുത്തുവന്ന് പറഞ്ഞു, ‘നമ്മള്‍ ഓരോ രോഗത്തിനും ഓരോ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കാണുന്നുണ്ടല്ലോ. എന്നാല്‍ എല്ലാ രോഗവും സൗഖ്യപ്പെടുത്താന്‍ ക്രിസ്തുവിന് മാത്രമേ കഴിയൂ. അതിനാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുക. അമ്മ സുഖപ്പെടും.’ അങ്ങനെ ഞാന്‍ ബൈബിള്‍ വചനങ്ങള്‍ ഹൃദയത്തില്‍ വിശ്വാസപൂര്‍വം ഏറ്റുപറഞ്ഞ് പ്രാര്‍ഥിക്കാന്‍ തുടങ്ങി.
അത് എന്റെ വിശ്വാസം വര്‍ധിപ്പിച്ചു. അപ്പോഴാണ് ഡോക്ടര്‍ റൂമിലേക്ക് ഞങ്ങളെ വിളിപ്പിക്കുന്നത്. ഭയാശങ്കകളോടെയാണ് ഞങ്ങള്‍ അവിടേക്ക് ചെല്ലുന്നത്. എന്തായിരിക്കും അദേഹത്തിന് പറയാനുണ്ടാവുക? അമ്മയെ കാണാന്‍ ഡോക്ടര്‍ ഞങ്ങളെ അനുവദിച്ചു. ഹൃദയം നുറുങ്ങുന്ന വേദനയോടെ അവിടെ എത്തിയ ഞങ്ങള്‍ അമ്പരന്നു.
അമ്മ കണ്ണു തുറന്നുകിടക്കുന്നു, എന്നെ നോക്കി അമ്മ ചോദിച്ചു, ‘നമുക്ക് എപ്പോള്‍ വീട്ടില്‍ പോകാന്‍ കഴിയുമെന്ന്? വളരെ ക്രിട്ടിക്കലായ സാഹചര്യത്തില്‍ അമ്മയെ കണ്ട ഞങ്ങള്‍ക്ക് ഏതാനും മണിക്കൂറിനുളളില്‍ വന്ന മാറ്റം അദ്ഭുതപ്പെടുന്നതായിരുന്നു. അതെ, അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് ഞങ്ങള്‍ പിന്നീട് കണ്ടത്.
ഓരോ ദിവസവും അമ്മയുടെ നില ഏറെ പുരോഗമിച്ചു വന്നു. ഞാന്‍ വിശ്വസിക്കുന്നു, എന്റെ അമ്മയെ സുഖപ്പെടുത്തിയത് ക്രിസ്തുവാണെന്ന്…..

ഹാര്‍ഥി (തമിഴ് സിനിമാതാരം)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?