Follow Us On

29

March

2024

Friday

ഈശോയുടെ ഹൃദയതാളം

ഈശോയുടെ ഹൃദയതാളം

ദിവ്യകാരുണ്യ സന്നിധിയില്‍ ലയിച്ചിരിക്കുന്ന ഒരാള്‍ക്ക്  യേശുവിന്റെ ഹൃദയത്തോട് ചേര്‍ന്നുകിടന്ന വിശുദ്ധ  യോഹന്നാന് ലഭിച്ച സ്‌നേഹജ്വലനംതന്നെയാണ് കിട്ടുന്നത്.  സ്‌നേഹത്തിന്റെ, ശക്തിയുടെ, സൗഖ്യത്തിന്റെ മനം നുകരാന്‍ ചിറകിട്ടടിക്കുന്ന മനുഷ്യാത്മാവിന്റെ നോവുകള്‍  എല്ലാം അവിടെ പരിഹരിക്കപ്പെടുന്നു.

വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ കഴിഞ്ഞ് എട്ടാം ദിവസം ഈശോയുടെ തിരുഹൃദയ തിരുനാളാണ്. തിരുഹൃദയ തിരുനാളിന് പിറ്റേന്ന് പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയ തിരുനാളും. ഈ തിരുനാളുകള്‍ തമ്മിലുള്ള ബന്ധം ആലോചനാമൃതമാണ്.
യഥാര്‍ത്ഥത്തില്‍ ഈശോയുടെ തിരുഹൃദയമാണ് തിരുവോസ്തിയിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. അതെ, വിശുദ്ധ കുര്‍ബാനയിലൂടെ ഈശോ തന്റെ ഹൃദയം മുറിച്ചു നല്‍കുന്നു. മനുഷ്യഹൃദയത്തെ സക്രാരിയാക്കി മനുഷ്യഹൃദയങ്ങളില്‍ വസിക്കാന്‍.
പരിശുദ്ധ അമ്മയുടെ വിമലഹൃദയം ഈശോയുടെ ഹൃദയത്തോട് ചേര്‍ന്ന് മിടിക്കുന്ന ഹൃദയമാണ്. ഈശോ ഉദരത്തില്‍ വസിച്ച ഒമ്പതുമാസമോ ഈ ലോകത്തില്‍ മനുഷ്യനായി ജീവിച്ച നാളുകളിലോ മാത്രമല്ല ഇപ്പോഴും എപ്പോഴും ഈ രണ്ടു ഹൃദയങ്ങളും ചേര്‍ന്നിരിക്കുന്നു.
ഈശോയുടെ ഹൃദയതാളം ശ്രവിച്ചവര്‍ അനേകരുണ്ട്. യോഹന്നാന്റെ സുവിശേഷം ഒരു വാഗ്മയ ചിത്രം നല്‍കുന്നുണ്ട്. യേശുവിന്റെ മാറിടത്തില്‍ തല ചായിച്ചിരിക്കുന്ന പ്രിയശിഷ്യന്റെ ചിത്രം. നാം ശിശുക്കളായിരിക്കുമ്പോള്‍ അമ്മയുടെ ഹൃദയത്തുടിപ്പുകള്‍ താരാട്ടിന്റെ താളമായി അനുഭവിച്ചിട്ടുള്ളവരാണ്. യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ഹൃദയത്തോട് ചേര്‍ന്നിരുന്ന് ലോകത്തെ വീക്ഷിക്കുകയും ഈ അനുഭവം പങ്കുവയ്ക്കുകയുമാണ് ക്രിസ്തുശിഷ്യത്വം. ഈ തുറക്കപ്പെട്ട ഹൃദയം കണ്ട് തോമാശ്ലീഹായില്‍ ഉണ്ടായ മാറ്റം നാം ശ്രദ്ധിക്കണം. ഒരാഴ്ചയായി ആന്തരികമുറിവുകളില്‍ നൊമ്പരപ്പെട്ട് കഴിഞ്ഞവനാണ് തോമാശ്ലീഹാ. ശിഷ്യഗണത്തില്‍ ഗുരുവിനാല്‍ അവഗണിക്കപ്പെട്ടവനെന്നു കരുതി അസ്വസ്ഥനായി കഴിഞ്ഞ തോമാശ്ലീഹാ തുറക്കപ്പെട്ട വിലാപ്പുറം കണ്ടു. ഈ മുറിവുകള്‍ ഹൃദയത്തിന്റെ മുറിവുകളുടെ തുടര്‍ച്ചയാണെന്ന് തിരിച്ചറിഞ്ഞു. തുറക്കപ്പെട്ട ഹൃദയം തന്റെ മുറിവുകളെ സുഖപ്പെടുത്തി. മന്ദതയില്‍ ആണ്ടുപോയ ഹൃദയത്തെ ജ്വലിപ്പിച്ചു. ആറിത്തണുത്ത വിശ്വാസം രക്തസാക്ഷിത്വത്തിലേക്ക് നീങ്ങുന്ന വിശ്വാസപ്രഖ്യാപനമായി രൂപാന്തരപ്പെട്ടു.
വാക്കും കണ്ണീരും വിയര്‍പ്പും കര്‍മങ്ങളും ഹൃദയത്തിന്റെ പ്രകാശനമാണ്. ഹൃദയത്തിന്റെ നിറവില്‍നിന്നാണ് അധരം സംസാരിക്കുന്നത്. ഹൃദയഭാവങ്ങളാണ് ഇന്ദ്രിയങ്ങളിലൂടെ പ്രകടമാവുക. യേശുവിന്റെ വിടുതല്‍ നല്‍കുന്ന ജീവന്റെ വചനങ്ങള്‍ പുറപ്പെടുന്നത് ഹൃദയത്തില്‍നിന്നുതന്നെ. എല്ലാ സൗഖ്യവും രക്ഷയും ഒഴുകുന്നതും ഹൃദയത്തില്‍നിന്നാണ്. എല്ലാ ശക്തിയുടെയും ഉറവിടവും അവിടുത്തെ ഹൃദയമാണ്. എന്നില്‍നിന്ന് ശക്തി പുറപ്പെട്ടു എന്ന് രക്തസ്രാവക്കാരി സ്ത്രീയോട് യേശു പറഞ്ഞു. ‘അവനെ അടക്കിയിരിക്കുന്നത് എവിടെയാണ്’ എന്ന് ലാസറിന്റെ സഹോദരിമാരോടുള്ള ചോദ്യവും ഹൃദയത്തിന്റെ ആര്‍ദ്രതയില്‍നിന്നാണ് പുറപ്പെടുന്നത്. മറ്റുള്ളവരുടെ കണ്ണുനീരിനു മുമ്പില്‍ ഹൃദയം നുറുങ്ങുന്നു. വേദനിക്കുന്ന മനുഷ്യരുടെ ഹൃദയത്തോട് ചേര്‍ത്തുവച്ച ഹൃദയം. യേശുവിന്റെ ഹൃദയത്തിന്റെ സ്വഭാവിക കവിഞ്ഞൊഴുകലാണ് അവിടുത്തെ കണ്ണീര്‍. ‘യേശു കണ്ണീര്‍ പൊഴിച്ചു’ (യോഹ. 11:34).
യോഹന്നാന്റെ സുവിശേഷം 21-ാം അധ്യായത്തില്‍ ശിഷ്യരുടെ ദയനീയമായ ചിത്രമാണ് നാം കാണുന്നത്. രാത്രി മുഴുവന്‍ ഉറക്കമിളച്ച് അധ്വാനിച്ചും ശാരീരികമായി ക്ഷീണിച്ചും മാനസികമായി തളര്‍ന്നും കൂട്ടായ്മയുടെ ശക്തി ചോര്‍ന്നും കടപ്പുറത്ത് ഇരിക്കുന്ന ശിഷ്യരുടെ അടുത്തെത്തുന്ന ഉത്ഥിതന്‍ തന്റെ അരുമശിഷ്യന്മാര്‍ നിരാശതയുടെ തീരത്താണെന്ന് തിരിച്ചറിഞ്ഞ് അവരുടെ ശൂന്യമായ വലകള്‍ നിറച്ചു. കടപ്പുറത്ത് തീ കൂട്ടി പ്രഭാതഭക്ഷണം വിളമ്പുന്നു. ഇവിടെ ശാരീരികഭക്ഷണത്തിനപ്പുറത്ത് യേശുവിന്റെ ഹൃദയം അവര്‍ അനുഭവിച്ചിരിക്കണം. ചൂടുള്ള സ്‌നേഹത്തിന്റെ ശക്തി അവര്‍ രുചിച്ചു. വല നിറച്ച അത്ഭുതത്തിന്റെ പിന്നിലെ ശക്തിയും സ്‌നേഹാര്‍ദ്ര ഹൃദയത്തില്‍നിന്ന് പുറപ്പെടുന്നതാണ്. തുടര്‍ന്ന് യേശു അന്വേഷിക്കുന്നത് അവരുടെ സ്‌നേഹത്തിന്റെ ആഴമാണ്. ഇവരെക്കാള്‍ അധികമായി, എല്ലാ വ്യക്തിബന്ധങ്ങള്‍ക്കും ഉപരി പ്രപഞ്ചത്തിനും അപ്പുറത്ത് നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളെയുംകാള്‍ എന്നെ സ്‌നേഹിക്കുന്നുവോ. സ്‌നേഹമാണ് മാനദണ്ഡം.
സ്‌നേഹമെന്നത് ഹൃദയം പങ്കുവയ്ക്കല്‍തന്നെ. എന്റെ സ്‌നേഹഹൃദയത്തോട് നിന്റെ ഹൃദയം ചേര്‍ത്തുവയ്ക്കുമോ? എപ്പോഴും യേശു അന്വേഷിക്കുന്നത് ഇതാണ്. എല്ലാ അധികാരങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനം ആകേണ്ടതും ഇതുതന്നെ. എല്ലാ ദൈവരാജ്യ ശുശ്രൂഷകളുടെയും അടിത്തറ ഇവിടെയാണ്. ഹൃദയങ്ങള്‍ രൂപാന്തരപ്പെടുത്തുന്നത് പരിശുദ്ധാത്മാവാണ്. എന്റെ ഹൃദയം യേശുഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവ് പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ ഞാന്‍ പുറപ്പെടുവിക്കുന്നുവോ എന്നതാണ്. യഥാര്‍ത്ഥത്തില്‍ സ്‌നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍. ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, ആത്മസംയമനം, സൗമ്യത ഇവയെല്ലാം ഹൃദയത്തില്‍ നിറയുന്ന സ്‌നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ്.
വിശുദ്ധ മാര്‍ഗരെറ്റ് മേരി അലക്കോക്കിന് 1674-ല്‍ യേശു ഇപ്രകാരം വെളുപ്പെടുത്തി. ”ഇതാ മനുഷ്യനെ അനന്തമായി സ്‌നേഹിക്കുന്ന എന്റെ ഹൃദയം. ആ ഹൃദയത്തിലേക്ക് നിനക്ക് സ്വാഗതം. പക്ഷേ അതിനുമുമ്പ് നീ നിന്നെത്തന്നെ ദഹനബലിയായി തീര്‍ക്കണം. കാല്‍വനിസം, ജാന്‍സനിന്തൂസം എന്നിങ്ങനെയുള്ള അബദ്ധ ഉപദേശങ്ങളാല്‍ വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍നിന്നും വിശുദ്ധ കുര്‍ബാന സ്വീകരണത്തില്‍നിന്നും ഭയപ്പാടോടെ അകന്ന കാലഘട്ടം. ദൈവസ്‌നേഹം മനുഷ്യഹൃദയങ്ങളില്‍ തണുത്തുറഞ്ഞുപോയ പ്രതിസന്ധിയുടെ ഘട്ടം. ഈ പശ്ചാത്തലത്തില്‍ ദൈവത്തിന്റെ അപരിമേയമായുള്ള സ്‌നേഹത്തിലേക്കുള്ള വഴിവെളിച്ചമായിട്ടാണ് വിശുദ്ധ മാര്‍ഗരെറ്റ് മേരിയുടെ മുമ്പില്‍ സ്‌നേഹത്താല്‍ ജ്വലിക്കുന്ന സ്വന്തം ഹൃദയവുമായി ആര്‍ദ്രമായ ദുഃഖത്തോടെ അവിടുന്ന് പ്രത്യക്ഷനാകുന്നത്. കാര്‍ക്കശ്യമുള്ള ദൈവത്തിന്റെ നീതിനിര്‍വഹണത്തെപ്പറ്റിയുള്ള ഭയത്തില്‍ കഴിഞ്ഞിരുന്നവരില്‍ നെഞ്ചുകീറി നേരിനെ കാട്ടി സ്‌നേഹത്തിന്റെ ദൃശ്യമായ ആവിഷ്‌കാരമാണ് ക്രിസ്തു നടത്തിയത്.
1931 ഫെബ്രുവരി 22-ന് വിശുദ്ധ ഫൗസ്റ്റീനയ്ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ യേശുവിന്റെ ഹൃദയത്തില്‍നിന്ന് രണ്ട് രശ്മികള്‍ പ്രവഹിക്കുന്നത് ഫൗസ്റ്റീന കണ്ടു. ഒന്ന് ചുവന്നതും മറ്റേത് നേരിയ വെള്ളനിറം ഉള്ളതും. വെള്ള ആത്മാവിനെ വിശുദ്ധീകരിക്കുന്നതിന്റെയും ചുവപ്പ് ജീവന്‍ പ്രദാനം ചെയ്യുന്നതിന്റെയും അടയാളമാണെന്ന് ക്രിസ്തു വെളിപ്പെടുത്തി. അതായത് വെള്ളരശ്മി വിശുദ്ധ മാമോദീസയെയും ചുവപ്പ് നിത്യജീവന്‍ പകരുന്ന വിശുദ്ധ കുര്‍ബാനയെയും സൂചിപ്പിക്കുന്നു.
മനുഷ്യാവതാരത്തില്‍ വെളിവാക്കപ്പെട്ട സ്‌നേഹത്തിന്റെ പൂര്‍ണതയാണ് അവിടുത്തെ പിളര്‍ക്കപ്പെട്ട ഹൃദയം. മനുഷ്യമക്കളോടൊപ്പം വസിക്കുന്നതിലാണ് അവിടുത്തെ ആനന്ദം. വിശുദ്ധ കുര്‍ബാന സ്വീകരണത്തിലൂടെ അപ്പത്തിന്റെ രൂപത്തില്‍ അവിടുന്ന് നമ്മില്‍ വസിക്കുന്നു. സത്യമായും അവിടുത്തെ തിരുഹൃദയംതന്നെയാണ് വിശുദ്ധ കുര്‍ബാനയില്‍ മുറിച്ചു നല്‍കുന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എ.ഡി 750-ല്‍ ഇറ്റലിയിലെ ലാന്‍ജനോയില്‍ നടന്ന കുര്‍ബാന അത്ഭുതം വെളിപ്പെടുത്തുന്നത് ഈ സത്യമാണ്. ലാന്‍ജനോയിലെ സെന്റ് ലോന്‍ജിയൂസ് ദൈവാലയത്തിലാണ് ഈ അത്ഭുതം നടന്നത്. തന്നെപ്പോലൊരാള്‍ ‘ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു’ എന്ന് ഉരുവിടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ സത്താപരിണാമം നടക്കുമോ എന്ന് സംശയിച്ചുകൊണ്ടാണ് അന്ന് ബലിയര്‍പ്പിച്ച ബസിലിയന്‍ സന്യാസവൈദികന്‍ അപ്പവും വീഞ്ഞും ഉയര്‍ത്തിയത്. ഉടനടി അത് മാംസവും രക്തവുമായി രൂപാന്തരപ്പെട്ടു. കാലാകാലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ എല്ലാം ഇത് മനുഷ്യഹൃദയപേശിയാണെന്നായിരുന്നു തെളിഞ്ഞത്. 1220 വര്‍ഷം പഴക്കമുള്ള അത്ഭുത ദിവ്യകാരുണ്യം ശാസ്ത്രീയ പരിശോധനക്ക് 1970-ല്‍ വീണ്ടും വിധേയമാക്കി. 71-ല്‍ ശാസ്ത്രീയ പഠനങ്ങളുടെ റിസള്‍ട്ട് പുറത്തുവന്നു. മാംസം ഹൃദയപേശിയില്‍നിന്ന് മുറിച്ചെടുത്തതും രക്തം ജീവനുള്ള മനുഷ്യരക്തവും. ഇപ്പോഴും ധമനികളില്‍ പ്രവഹിക്കുന്ന രക്തംപോലെ പുതുമയുള്ള രക്തമെന്നായിരുന്നു പരിശോധനാഫലം. 1973-ല്‍ ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രജ്ഞന്മാരുടെ സംഘം വീണ്ടും പ്രത്യേക പഠനഗവേഷണം നടത്തി മേല്‍പ്പറഞ്ഞ കണ്ടെത്തലുകളെല്ലാം അവര്‍ ശരിവച്ചു. 1996 ഓഗസ്റ്റ് 18-ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ദൈവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന അത്ഭുതത്തെപ്പറ്റി നടത്തിയ ശാസ്ത്രീയപഠനവും തെളിയിച്ചത് ഹൃദയസ്പന്ദനത്തെ നിയന്ത്രിക്കുന്ന ഹൃദയപേശിയാണെന്നാണ്. ഇതുപോലെ എത്രയെത്ര കുര്‍ബാന അത്ഭുതങ്ങള്‍… ഒരു കാര്യം നാം ഉറപ്പായി മനസിലാക്കണം. ഇന്നും അള്‍ത്താരയില്‍ മുറിച്ചു നല്‍കുന്നത് യേശുവിന്റെ ഹൃദയംതന്നെയാണ്. ഓരോ വിശുദ്ധ കുര്‍ബാന സ്വീകരണവും ഹൃദയം ഹൃദയത്തോട് ചേര്‍ക്കുന്നതാണ്.
കര്‍ത്താവ് തന്റെ ഹൃദയം അയോഗ്യനും അശുദ്ധനുമായ എന്റെ കരങ്ങളില്‍ എന്നെ വിശ്വസിച്ചുകൊണ്ട് എടുത്തുനല്‍കുന്നുവെന്നുള്ള ഓര്‍മ ഓരോ ബലിയര്‍പ്പണത്തിലും എന്നെ വിറകൊള്ളിക്കുന്ന തിരിച്ചറിവാണ്. സ്‌നേഹപാരമ്യത്താല്‍ സക്രാരിക്കുള്ളില്‍ ഒതുങ്ങിയിരിക്കാന്‍ ആകാത്തതുകൊണ്ട് അവിടുന്ന് തന്റെ ഹൃദയമായി മുന്നില്‍വന്നു.
വിശുദ്ധ കുര്‍ബാനയിലൂടെയും ദിവ്യകാരുണ്യ ആരാധനയിലൂടെയും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആശ്വസിപ്പിക്കാനും ആശ്വസിപ്പിക്കപ്പെടാനും താന്‍ എത്രമാത്രം ദാഹിക്കുന്നുവെന്ന് അവിടുന്ന് വെളിപ്പെടുത്തി. ദിവ്യകാരുണ്യ സന്നിധിയില്‍ സ്വസ്ഥമായി മുട്ടുമടക്കി ആ സ്‌നേഹധാരയില്‍ ലയിച്ചിരിക്കുന്ന ഒരാള്‍ക്ക് യേശുവിന്റെ ഹൃദയത്തോട് ചേര്‍ന്നുകിടന്ന വിശുദ്ധ യോഹന്നാന് ലഭിച്ച സ്‌നേഹജ്വലനമാണ് കിട്ടുന്നത്. സ്‌നേഹത്തിന്റെ ശക്തിയുടെ സൗഖ്യത്തിന്റെ മനം നുകരാന്‍ ചിറകിട്ടടിക്കുന്ന മനുഷ്യാത്മാവിന്റെ നോവുകള്‍ എല്ലാം അവിടെ പരിഹരിക്കപ്പെടുന്നു.

ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?