Follow Us On

18

November

2019

Monday

ക്ഷമിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍…

ക്ഷമിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍…

ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: വീടുപണിത് അതില്‍ വസിക്കുവിന്‍; തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചു ഫലങ്ങളനുഭവിക്കുവിന്‍. വിവാഹം കഴിച്ചു സന്താനങ്ങള്‍ക്കു ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത് (ജറെമിയാ 29 : 4-6).
കടബാധ്യതകളില്‍ മനസുതകര്‍ന്ന നാളുകളിലൂടെയാണ് സാജന്‍ കടന്നുപോയത്. സ്വന്തമായുണ്ടായിരുന്ന അഞ്ചുസെന്റ് സ്ഥലംവിറ്റ്, കടബാധ്യത തീര്‍ക്കാനും വാടകവീട്ടിലേക്കു താമസം മാറാനുമുള്ള ചിന്തകളുമായി അദേഹം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പലരോടും ആ നാളുകളില്‍ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു. ഇതേ നിയോഗവുമായാണു ഒരുദിവസം അദേഹം തൃശൂരിലുള്ള കത്തോലിക്കാ കരിസ്മാറ്റിക് പ്രാര്‍ത്ഥനാക്കൂട്ടായ്മയിലേക്കു ചെന്നത്.
അവിടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ കൗണ്‍സിലര്‍ ചോദിച്ചു: ”നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പരാജിതനായ മുഖത്തോടെയാണല്ലോ കുടുംബനാഥനെ കാണുന്നത്. എന്താണങ്ങനെ?”
തങ്ങളുടെ കുടുംബപശ്ചാത്തലവും പ്രാര്‍ത്ഥനയ്ക്കും കൗണ്‍സിലിംഗിനുമായി വരാനുണ്ടായ കാരണവും സാജന്‍ അദ്ദേഹത്തോട് ചുരുക്കിപ്പറഞ്ഞു.
സമ്പന്നമായ കുടുംബപശ്ചാത്തലത്തിലായിരുന്നു സാജന്റെ ജനനം. ഒരു സഹോദരിയാണുള്ളത്. സഹോദരിയുടെയും തുടര്‍ന്നു സാജന്റെയും വിവാഹം ആര്‍ഭാടമായി മാതാപിതാക്കള്‍ നടത്തി. കുടുംബസാഹചര്യങ്ങള്‍ സമ്പന്നമായിരുന്നെങ്കിലും അതിനുമപ്പുറത്തായിരുന്നു സാജന്റെ മാതാപിതാക്കളുടെ യാത്ര. അത് ബിസിനസുകളുടെ തകര്‍ച്ചയ്ക്കു കാരണമാക്കി മാറ്റി. കടംപെരുകിയപ്പോള്‍, വീടും സ്ഥലവും കടക്കാര്‍ കൈയേറി. സ്വന്തം നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാത്ത സാഹചര്യമായപ്പോള്‍ അകലെയൊരു നാട്ടില്‍, വാടകവീട്ടിലേക്കു താമസംമാറി. എന്നിട്ടും മാതാപിതാക്കള്‍ ആഡംബരഭ്രമവും ധൂര്‍ത്തുമവസാനിപ്പിക്കാന്‍ തയാറായില്ല. എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം ഈ ധൂര്‍ത്താണെന്ന കുറ്റപ്പെടുത്തലുകള്‍ സാജന്റെ ഭാഗത്തുനിന്നുണ്ടായപ്പോള്‍, മാതാപിതാക്കളും മകനുംതമ്മില്‍ പിണങ്ങി. മകനെ ഇനി ജീവിതത്തിലൊരിക്കലും തങ്ങള്‍ക്കാവശ്യമില്ലെന്ന്, മാതാപിതാക്കള്‍ അസന്നിഗ്ദ്ധമായി പറഞ്ഞപ്പോള്‍ സാജന്‍ ഭാര്യയുടെ വീട്ടിലേക്കു താമസം മാറി.
അധികംവൈകാതെ വിദേശജോലി തരപ്പെട്ടതിനാല്‍ ഭാര്യയെയും രണ്ടു മക്കളേയും ഭാര്യവീട്ടില്‍നിറുത്തി, സാജന്‍ വിദേശത്തേക്കു പോയി.
നാട്ടില്‍ അഞ്ചുസെന്റു സ്ഥലംവാങ്ങാന്‍ വിദേശജോലിയില്‍നിന്നുള്ള വരുമാനംകൊണ്ടായെങ്കിലും വീട്ടിത്തീര്‍ക്കാനാവാത്ത കുറെയേറെ കടബാധ്യതകള്‍ അപ്പോഴുമുണ്ടായിരുന്നു. കടബാധ്യത തീര്‍ക്കണമെങ്കില്‍ ഉള്ള സ്ഥലം വില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന നിലയിലേക്കെത്തി. സ്ഥലംവിറ്റു കടംവീട്ടുകയും ഭാര്യയേയും മക്കളേയും ഭാര്യവീട്ടില്‍നിന്നും വാടകവീട്ടിലേക്കു മാറ്റിത്താമസിപ്പിക്കുകയുംചെയ്യുക എന്ന ഉദ്ദ്യേശത്തോടെയാണ്, ഇത്തവണ സാജന്‍ വിദേശത്തുനിന്ന് അവധിക്കു വന്നിട്ടുള്ളത്.
പതിവുപോലെ പ്രാര്‍ഥനക്കിടയില്‍ ദൈവിക സന്ദേശം സ്വീകരിക്കാന്‍ കൗണ്‍സിലര്‍ വിശുദ്ധ ഗ്രന്ഥം തുറന്നു. ജറമിയ പ്രവാചകന്റെ പുസ്തകത്തിലെ 29-ാം അധ്യായം നാലുമുതല്‍ ആറുവരെയുള്ള വചനങ്ങളിലൂടെ കര്‍ത്താവു സംസാരിച്ചു.
‘ജറുസലെമില്‍നിന്നു ബാബിലോണിലേക്ക് അടിമകളായി ഞാനയച്ച സകലരോടും ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: വീടുപണിത് അതില്‍ വസിക്കുവിന്‍; തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചു ഫലങ്ങളനുഭവിക്കുവിന്‍ (ജറെ.29:46).
‘കൈവശമുള്ള സ്ഥലംവിറ്റു വാടകവീട്ടിലേക്കു മാറുന്നതിനുപകരം അവിടെ വീടുവച്ചു താമസിക്കാനാണു കര്‍ത്താവാവശ്യപ്പെടുന്നത്.’ കൗണ്‍സിലര്‍ പറഞ്ഞു.
‘പക്ഷേ, എങ്ങനെ? കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ മാര്‍ഗ്ഗമില്ലാത്തപ്പോള്‍ എങ്ങനെയാണു വീടുപണിയുക?’ സാജന്‍ ചോദിച്ചു.
മറുപടിയായി അദ്ദേഹം മറ്റൊരു ചോദ്യമാണുന്നയിച്ചത്. ”നിന്റെ ദൈവമായ കര്‍ത്താവുതരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക” (പുറ.20:12) എന്നാണു നാലാമത്തെ കല്പന.
മാതാപിതാക്കളുമായ ബന്ധം ഇഴയറ്റുപോയ കാര്യം സാജന്‍ വിഷമത്തോടെ കൗണ്‍സിലറോട് പറഞ്ഞു.
‘ഇന്നുതന്നെ നിങ്ങള്‍പോയി അവരെക്കാണണം. അവര്‍ പ്രകോപനപരമായി സംസാരിച്ചാലും നിങ്ങള്‍ സ്‌നേഹത്തോടെ പെരുമാറണം. നിങ്ങള്‍ ഇതുമാത്രംചെയ്ത്, നിങ്ങളുടെ കടബാദ്ധ്യതകള്‍ കര്‍ത്താവിനെയേല്പിക്കുക. നിരന്തരം പ്രാര്‍ത്ഥിക്കുക. എങ്കില്‍ ഇന്നുകിട്ടിയ വചനത്തിലൂടെ നല്കിയ വാഗ്ദാനം കര്‍ത്താവു പാലിക്കും.’
അദ്ദേഹത്തിലൂടെ കര്‍ത്താവു നല്‍കിയ സന്ദേശം, സാജനും ഭാര്യയും ഹൃദയപൂര്‍വ്വം സ്വീകരിച്ചു. അപ്പോള്‍ സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും 70 കിലോമീറ്ററകലെ, മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലേക്ക് അന്നുതന്നെ പോകാന്‍ അവര്‍ തീരുമാനിച്ചു. മാതാപിതാക്കള്‍ക്കു രണ്ടാള്‍ക്കും രണ്ടുമൂന്നു ജോഡി വസ്ത്രങ്ങളും എല്ലാവര്‍ക്കും അത്താഴത്തിനാവശ്യമായ ഭക്ഷണവും വാങ്ങിയാണു അവിടെയെത്തിയത്. മാതാപിതാക്കളില്‍നിന്നു വലിയ പൊട്ടിത്തെറിയും ദേഷ്യപ്പെടലുമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അങ്ങനെയുള്ള രോഷപ്രകടനങ്ങളോ പഴിചാരുന്ന സംസാരമോ ഉണ്ടായില്ലെന്നുമാത്രമല്ല, മാതാപിതാക്കള്‍ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. അന്ന് അത്താഴംകഴിച്ച്, അവിടെയുറങ്ങി. പിറ്റേന്ന്, വളരെ സന്തോഷത്തോടെയാണ് സാജന്‍ മാതാപിതാക്കളോടു യാത്രപറഞ്ഞത്.
അന്നുമുതല്‍ കുടുംബപ്രാര്‍ത്ഥനാവേളയില്‍ കര്‍ത്താവു നല്‍കിയ വചനം (ജറെമിയാ 29 : 4-6) ഏറ്റു പറഞ്ഞുകൊണ്ടു സാജനും കുടുംബവും പ്രാര്‍ത്ഥിച്ചു തുടങ്ങി. അവധിക്കാലം കഴിഞ്ഞ്, സാജന്‍ ഗള്‍ഫിലേക്കു മടങ്ങുമ്പൊഴും കാര്യങ്ങളെല്ലാം പഴയപടിതന്നെയായിരുന്നു. കടബാധ്യത മാറ്റമില്ലാതെ തുടര്‍ന്നു. ബിന്ദുവും മക്കളും ബിന്ദുവിന്റെ വീട്ടില്‍ത്തന്നെകഴിഞ്ഞു. എന്നാല്‍ സാജന്റെ മാതാപിതാക്കളുമായുള്ള പിണക്കംമാറിയതും കര്‍ത്താവു നല്‍കിയ പ്രത്യാശാപൂര്‍ണമായ വചനം പറഞ്ഞുകൊണ്ടു ദിവസവും പ്രാര്‍ത്ഥിച്ചു തുടങ്ങിയതും മനസില്‍ പുതിയൊരു പ്രത്യാശയും സന്തോഷവും സമാധാനവും നല്‍കി.
കര്‍ത്താവിന്റെ വഴികള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിലുമെത്രയോ വ്യത്യസ്തമാണ്! കുറച്ചു നാളുകള്‍ക്കുശേഷം ബിന്ദുവിന്റെ കുടുംബത്തില്‍നടന്ന ഭാഗഉടമ്പടിയുടെ ഭാഗമായി പത്തു സെന്റു സ്ഥലം ബിന്ദുവിനു ലഭിച്ചു. സെന്റിനു മുന്നുലക്ഷം രൂപ നിരക്കില്‍ ആ സ്ഥലംവാങ്ങാന്‍ ബന്ധുക്കളിലൊരാള്‍ തയ്യാറായി. കടബാധ്യതകള്‍ പൂര്‍ണമായി തീര്‍ക്കുവാനും സാജന്‍ നേരത്തേ വാങ്ങിയിരുന്ന അഞ്ചു സെന്റു സ്ഥലത്ത്, രണ്ടായിരം ചതുരശ്രയടി വലിപ്പമുള്ള നല്ലൊരു വീടു നിര്‍മ്മിക്കാനും ആ പണമുപകരിച്ചു.
”സന്തോഷത്തോടെ പുതിയ വീട്ടിലേക്കു മാറിയ ഞങ്ങള്‍ക്ക് കര്‍ത്താവിന്റെ കൃപയാല്‍ ഒരാണ്‍കുഞ്ഞുകൂടെ പിറന്നു. രണ്ടാമത്തെ മകന്റെ ആദ്യകുര്‍ബാന സ്വീകരണവും പുതിയ വീട്ടില്‍വച്ചു നടന്നു. മക്കള്‍ മിടുക്കരായി പഠിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പു് കര്‍ത്താവു സന്ദേശമായി നല്‍കിയ വചനം ഇന്നും കുടുംബപ്രാര്‍ത്ഥനയില്‍ പറഞ്ഞു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.”
മാതാപിതാക്കളുമായി പിണക്കത്തില്‍ കഴിയുന്ന മക്കള്‍ക്കുവേണ്ടിയും കടബാദ്ധ്യതകളാല്‍ ഞെരുങ്ങുന്നവര്‍ക്കുവേണ്ടിയുമാണ്, സാജന്‍ ഈ അനുഭവം പറഞ്ഞത്.
കുറ്റം ആരുടെ ഭാഗത്തായാലും അതു കണക്കിലെടുക്കേണ്ടാ, മാതാപിതാക്കളുമായി രമ്യതയില്‍ക്കഴിയുക. അവര്‍ക്കായി നിരന്തരം പ്രാര്‍ത്ഥിക്കുക. നിങ്ങളേയും നിങ്ങളുടെ തലമുറകളേയും കര്‍ത്താവനുഗ്രഹിക്കും. നിങ്ങളുടെ ജീവിതത്തിലെ തകര്‍ച്ചകളെ കര്‍ത്താവു് ഉയര്‍ച്ചകളാക്കിമാറ്റും.
കര്‍ത്താവു നല്‍കുന്ന വചനംപറഞ്ഞു വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക. നമ്മുടെ ബാദ്ധ്യതകള്‍ അവിടുന്നേറ്റെടുക്കും.

 ജോജോ ആലപ്പുഴ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?